Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുരങ്ങ് പനി: ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല; മാസ്‌കും സാനിറ്റൈസറും അടക്കം മുൻകരുതൽ വേണം; ആലപ്പുഴയിൽ സംശയിക്കപ്പെട്ട കേസ് നെഗറ്റീവ് ആണെന്നും മന്ത്രി വീണാ ജോർജ്

കുരങ്ങ് പനി: ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല; മാസ്‌കും സാനിറ്റൈസറും അടക്കം മുൻകരുതൽ വേണം; ആലപ്പുഴയിൽ സംശയിക്കപ്പെട്ട കേസ് നെഗറ്റീവ് ആണെന്നും മന്ത്രി വീണാ ജോർജ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എന്നാൽ കോവിഡ്-19 മായി ബന്ധപ്പെട്ട് സ്വീകരിച്ചു വരുന്ന മുൻകരുതൽ നടപടികൾ (മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവ) ഈ രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയും ശക്തമായി തുടരേണ്ടതാണ്. ഇക്കാര്യത്തിൽ പൊതുജാഗ്രത ഉണ്ടാകണം. ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും അതോടൊപ്പം ആശങ്കകൾ ദൂരീകരിക്കുന്നതിനും എംഎ‍ൽഎ മാരുടെ സഹകരണവും ഇടപെടലുകളും ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ഡോ. സുജിത്ത് വിജയൻ പിള്ള എംഎ‍ൽഎയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

ആലപ്പുഴയിൽ സംശയിക്കപ്പെട്ട കേസ് നെഗറ്റീവ് ആണ്. റിസൾട്ട് വന്നു. ആദ്യ കേസിന്റെ ഏറ്റവും അടുത്ത പ്രൈമറി കോൺടാക്ട് ആയ കുടുംബാംഗങ്ങളുടെ റിസൾട്ട് നെഗറ്റീവ് ആണ്. നിലവിൽ മങ്കിപോക്സ് സ്ഥിരീകരിച്ച രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു. കോൺടാക്ടിൽ ആർക്കും രോഗലക്ഷണങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

യൂറോപ്യൻ രാജ്യങ്ങളിൽ മങ്കിപോക്സ് എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം നൽകി നിരീക്ഷണം ശക്തമാക്കി. ആദ്യ പോസറ്റീവ് കേസിൽ നിന്നുള്ള സാമ്പിൾ പരിശോധനയിൽ West African Strain ആണ് വൈറസ് വിഭാഗം എന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് താരതമ്യേന പകർച്ച കുറവുള്ളതും മരണനിരക്ക് കുറവുള്ളതുമാണ്. മങ്കി പോക്സുമായി ബന്ധപ്പെട്ട എല്ലാ മുൻകരുതലുകളും ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നു.

പ്രധാന പ്രവർത്തനങ്ങൾ

· മങ്കിപോക്സുമായി ബന്ധപ്പെട്ട അഡൈ്വസറിയും നിർദ്ദേശങ്ങളും ജില്ലകൾക്ക് നൽകി.

· സംസ്ഥാന തല അഡൈ്വസറിയും സർവെയ്ലൻസ് ആക്ഷൻ പ്ലാനും തയാറാക്കി രോഗ നിരീക്ഷണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.

· രോഗം സംശയിക്കപ്പെട്ട വിവരം എസ്.എസ്.യു.വിൽ കിട്ടിയ ഉടൻ തന്നെ കൊല്ലം ജില്ലയിൽ അറിയിക്കുകയും രോഗനിരീക്ഷണവും, സമ്പർക്കമുള്ളവരെ കണ്ടെത്തുവാനുള്ള പ്രവർത്തനങ്ങളും തുടങ്ങി.

· എൻ.ഐ.വി. പൂനയിൽ നിന്നും രോഗസ്ഥിരീകരണ റിപ്പോർട്ട് ലഭിച്ച ഉടനെ തന്നെ റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.റ്റി) മീറ്റിങ് ചേർന്നു. മീറ്റിംഗിൽ സംസ്ഥാന മെഡിക്കൽ ബോർഡ് അംഗങ്ങൾ, 5 തെക്കൻ ജില്ലകളിൽ നിന്നുള്ള ഡി.എം.ഒ. മാർ, ഡി.എസ്.ഒ. മാർ, സംസ്ഥാന പൊതുജനാരോഗ്യ ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

· കുടുംബാംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, ടാക്സി, ഓട്ടോ ഡ്രൈവർമാർ, വിമാനത്തിൽ ഒപ്പം യാത്ര ചെയ്തവരെയും, കാബിൻക്രൂവിന്റെയും, എയർപോർട്ട് ജീവനക്കാരുടേയും വിവരങ്ങൾ എടുത്തുകൊണ്ട് പ്രൈമറി കോൺടാക്ടുകളെയും അല്ലാത്തവരെയും വേർതിരിച്ച് നിരീക്ഷണത്തിലാക്കി. സമ്പർക്കപ്പട്ടികയിൽ ഉള്ള എല്ലാവരെയും 21 ദിവസം കർശനമായി നിരീക്ഷിക്കുവാനും എല്ലാവരിലും രോഗലക്ഷണങ്ങളുടെ നിരീക്ഷണം നടത്തുവാനും ബന്ധപ്പെട്ട എല്ലാ ജില്ലകൾക്കും നിർദ്ദേശം നൽകി.

· ആശമാർ വഴി ഗൃഹസന്ദർശനം നടത്തി രോഗനിരീക്ഷണം നടത്തുവാനും നിർദ്ദേശം നല്കിയിട്ടുണ്ട്.

· സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരുടെയും രോഗ നിരീക്ഷണം ദിവസവും രണ്ടുതവണ ഫോണിലൂടെ നടത്തുന്നു. ലക്ഷണങ്ങൾ ഉള്ളവരെ ജില്ലയിലെ നിയുക്ത ആശുപത്രികളിലേക്ക് മാറ്റുകയും കർശനമായി ഐസൊലേഷനിൽ നിരീക്ഷിക്കുകയും ചെയ്യുന്നു.

· 4 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കുവാനുള്ള സംവിധാനം ഏർപ്പെടുത്തുകയുണ്ടായി. എല്ലാ ജില്ലകളിലും രോഗ ലക്ഷണങ്ങളുള്ളവരെ പ്രവേശിപ്പിക്കുവാനായി പ്രത്യേകം ആശുപത്രികൾ സജ്ജമാക്കിയിട്ടുണ്ട്. ഇവരുടെ സാമ്പിളുകൾ എൻ.ഐ.വി പൂണെയിലും, ആലപ്പുഴയിലെ എൻ.ഐ.വി ലാബിലും പരിശോധിക്കുവാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

· ജില്ലകളിൽ ഐസൊലേഷൻ സൗകര്യം ആശുപത്രികളിൽ തയാറാക്കിയിട്ടുണ്ട്. രോഗികളെയും സമ്പർക്കത്തിലുള്ളവരെയും ആശുപത്രികളിലേക്ക് മാറ്റുവാനായി പ്രത്യേക ആംബുലൻസ് സംവിധാനം ജില്ലകളിൽ ഒരുക്കിയിട്ടുണ്ട്. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്കു പരിശീലനം നൽകിയിട്ടുണ്ട്.

· പൊതുജനങ്ങളുടെ ആശങ്ക ഒഴിവാക്കുവാൻ ആവശ്യമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

· പനിയുള്ള എല്ലാ അന്താരാഷ്ട്രയാത്രക്കാർക്കും കോവിഡ് 19 പരിശോധനയും ആവശ്യമായ മറ്റുപരിശോധനകളും നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

· സംസ്ഥാന മാസ്സ്മീഡിയ വിഭാഗവും ജില്ലാ മാസ്സ്മീഡിയ വിഭാഗവും ബോധവത്കരണ സാമഗ്രികൾ തയാറാക്കുകയും സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു വരികയും ചെയ്യുന്നു.

· ദിശ കാൾസെന്റർ ടീമിലെ അംഗങ്ങൾക്ക് ബോധവൽക്കരണം നൽകി ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കു പരിശീലനം നൽകിയിട്ടുണ്ട്. തുടർപരിശീലനങ്ങളും നടത്തുന്നതാണ്.
· ത്വക്ക്രോഗ വിദഗ്ദ്ധർ, ആയുഷ് ഡോക്ടർമാർ തുടങ്ങിയവർക്കും ബോധവൽക്കരണം നൽകി.

· എല്ലാ ജില്ലകളിലെയും ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ബോധവത്കരണം നൽകി.
· രോഗലക്ഷണങ്ങൾ ഉള്ള അന്താരാഷ്ട്രയാത്രക്കാർ ഉൾപ്പെടയുള്ളവർക്കായി 14 ജില്ലകളിലും ഐസൊലേഷൻ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ഐസൊലേഷനിൽ ഉള്ള രോഗിക്ക് പനിവന്നാൽ മങ്കിപോക്സ് പരിശോധനയ്ക്കൊപ്പം കോവിഡ് പരിശോധന കൂടി നടത്തുവാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.

· എയർപോർട്ട് നിരീക്ഷണം, രോഗസാധ്യത കൂടുതലുള്ള രാജ്യങ്ങളിൽ നിന്നും എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരിലെ രോഗലക്ഷണങ്ങളുടെ പരിശോധന എന്നിവ ഊർജ്ജിതമാക്കിയിട്ടുണ്ട്.

· എയർപോർട്ട് നിരീക്ഷണത്തിനായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

· സംസ്ഥാനതലത്തിൽ രോഗ നിരീക്ഷണത്തിനായി ഒരു കൺട്രോൾ റൂം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. നോഡൽ ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.ജില്ലാതലത്തിൽ കൺട്രോൾ റൂം തുടങ്ങുവാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.

· രോഗസാധ്യത കൂടുതലുള്ള ഇമിഗ്രേഷൻ വിഭാഗം, ബാഗേജ് കൈകാര്യം ചെയ്യുന്ന ജീവനക്കാർ തുടങ്ങിയവരുടെ സമ്പർക്ക വിവരങ്ങൾ ശേഖരിക്കുവാൻ എയർപോർട്ട് അഥോറിറ്റിയെ അറിയിച്ചിട്ടുണ്ട്.

· സമ്പർക്കപ്പട്ടികയിലുള്ളവരുടെ ലക്ഷണങ്ങൾ നിരീക്ഷിക്കുവാനും 21 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ജില്ലാ അധികാരികളെ അറിയിക്കുവാനും അവരുടെ നിർദ്ദേശപ്രകാരം ഐസൊലേഷൻ സൗകര്യമുള്ളിടത്തേക്കു മാറുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

· വിമാനത്തിലുണ്ടായിരുന്ന മറ്റു സംസ്ഥാനങ്ങളിലെ (തമിഴ്‌നാട്) യാത്രക്കാരുടെ അതാത് സംസ്ഥാനങ്ങളെയും സെൻട്രൽ സർവയലൻസ് യൂണിറ്റിനെയും അറിയിച്ചിട്ടുണ്ട്.

· സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മങ്കിപോക്സ് ബാധിച്ചതായി സംശയിക്കുന്നതും സാധ്യതയുള്ളതുമായ രോഗികളുടെ ഐസോലേഷൻ, സാമ്പിൾ കളക്ഷൻ പരിശോധന, ചികിൽസ, കോൺടാക്ട് ട്രേസിങ് തുടങ്ങിയവ സംബന്ധിച്ചുള്ള വിശദമായ Standard Operating Procedure (SOP) പുറപ്പെടുവിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.

· എല്ലാ സർക്കാർ സ്വകാര്യ ആശുപത്രികളും ആരോഗ്യപ്രവർത്തകരും ഈ എസ്.ഒ.പി പിന്തുടരണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ മങ്കിപോക്സ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ജൂലൈ 16 ന് കേന്ദ്ര സംഘം കേരളത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ആരോഗ്യ വകുപ്പ് സ്വീകരിച്ച നടപടികളിൽ അവർ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP