Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാർ നീക്കം തങ്ങളുടെ വിജയമെന്ന് അവകാശപ്പെട്ട് ലീഗും സമസ്തയും; മുസ്ലിം സമുദായ താൽപര്യം സംരക്ഷിക്കുന്നത് തങ്ങളെന്ന ലീഗിന്റെ അവകാശത്തെ പിണറായി പൊളിച്ചടുക്കിയെന്ന് ഇടതുപക്ഷവും; സിപിഎമ്മിന്റെ ചൂണ്ടയിൽ സമസ്ത കൊത്തിയോ? വഖഫ് ബോർഡ് നിയമനത്തിലെ യു ടേണിന്റെ ക്രെഡിറ്റിനെ ചൊല്ലി തർക്കം

സർക്കാർ നീക്കം തങ്ങളുടെ വിജയമെന്ന് അവകാശപ്പെട്ട് ലീഗും സമസ്തയും; മുസ്ലിം സമുദായ താൽപര്യം സംരക്ഷിക്കുന്നത് തങ്ങളെന്ന ലീഗിന്റെ അവകാശത്തെ പിണറായി പൊളിച്ചടുക്കിയെന്ന് ഇടതുപക്ഷവും; സിപിഎമ്മിന്റെ ചൂണ്ടയിൽ സമസ്ത കൊത്തിയോ? വഖഫ് ബോർഡ് നിയമനത്തിലെ യു ടേണിന്റെ ക്രെഡിറ്റിനെ ചൊല്ലി തർക്കം

എം എ എ റഹ്മാൻ

കോഴിക്കോട്: ഏറെ നാളുകളായി ലീഗിനും സമസ്തക്കുമിടയിൽ പുകഞ്ഞുകൊണ്ടിരുന്ന വഖഫ് നിയമനം സംബ്ധിച്ച വിഷയത്തിൽ വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരിക്കേ അത് തങ്ങളുടെ വിജയമാണെന്ന് അവകശാപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വവും ഇ കെ വിഭാഗം സുന്നികളുടെ സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും രംഗത്ത്. ഇരു സംഘടനകളുടെയും നേതൃത്വമാണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ സിപിഎമ്മിന്റെ ചൂണ്ടയിൽ സമസ്ത കൊത്തിയെന്നു പറഞ്ഞാൽ മതിയാവില്ല, ആ ചൂണ്ട ഒട്ടാകെ അവർ വിഴുങ്ങിയിരിക്കുകയാണെന്നു വേണം ഇതിലൂടെ അനുമാനിക്കാൻ.

ഭാവിയിൽ മാറ്റി നിർത്തേണ്ടവരല്ല സിപിഎമ്മും ഇടതുപക്ഷവുമെന്ന തിരിച്ചറിവിലേക്കു സമസ്തയെ ഇത് എത്തിക്കുമെന്നും കഴുകന്റെ കണ്ണുള്ള സിപിഎം നേതൃത്വം കണക്കൂകൂട്ടുന്നു. എല്ലാ അർഥത്തിലും സമയസ്തക്കായി ഒരുമുഴം മുൻപേയെറിഞ്ഞ വടിയായി വേണം ഇതിനെ വിലയിരുത്താൻ. തങ്ങളുടെ നിലപാടിന് അനുസരിച്ച് സിപിഎം പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയെന്നത് ലീഗുമായുള്ള വിലപേശൽ തന്ത്രങ്ങളിൽ സമസ്തക്കും അതിന് നേതൃത്വം നൽകുന്ന ജിഫ്രി തങ്ങൾ ഉൾപ്പെടെയുള്ള നേതൃത്വത്തിനും കരുത്തുപകരുന്നത് കൂടിയാണ്.

സമുദായവുമായി ബന്ധപ്പെട്ട് ഉയരുന്ന വിഷയങ്ങളിൽ ലീഗില്ലാതെ തന്നെ സ്വന്തമായ നിലപാടെടുക്കാനും അത് ശരിയായിരുന്നെന്നു സമൂഹത്തെ ബോധ്യപ്പെടുത്താനും സമയസ്തക്ക് സാധിച്ചിരിക്കുന്നുവെന്നത് ചെറിയ കാര്യമല്ല. കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ തന്നെ ഇത് ഭാവിയിൽ വലിയ തിരുത്തലുകളിലേക്കും വഴിവെച്ചേക്കാം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സമസ്തയിൽനിന്നു പരിപൂർണ പിന്തുണ ലഭിക്കണമെന്നില്ലെങ്കിലും എൻ.എസ്.എസ് ഉൾപ്പെടെയുള്ളവ പറയുന്നപോലെ ഒരു സമദൂരത്തിലേക്കെങ്കിലും നീങ്ങിയാലും ഇടതുപക്ഷത്തിന് നേട്ടാമാവും. എല്ലാ അർഥത്തിലും സിപിഎമ്മിന്റെ ചൂണ്ടയിൽ സമസ്ത കൊത്തിയെന്നു പറഞ്ഞാൽ മതിയാവില്ല, ആ ചൂണ്ട ഒട്ടാകെ അവർ വിഴുങ്ങിയെന്നു വേണം ഇതിലൂടെ മനസ്സിലാക്കാൻ.

തങ്ങളുടെ സംയമനത്തിലൂന്നിയ നീക്കങ്ങളാണ് സമുദായത്തിന്റെ താൽപര്യങ്ങൾക്ക് അനുസരിച്ച് വിഷയത്തിൽ തീരുമാനമെടുക്കാൻ എൽ.ഡി.എഫ് നേതൃത്വത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രേരിപ്പിച്ചതെന്നാണ് സമസ്ത നേതാക്കളുടെ നിലപാട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പരസ്യമായ അവകാശവാദങ്ങൾ ഉന്നയിക്കാൻ ഇവർ തയ്യാറില്ലെങ്കിലും അവകാശവാദത്തിൽ ഉറച്ചുനിൽക്കുകയാണ് സമസ്ത. സമസ്തയുടെ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെയും സമസ്തയുടെയും വിജയമാണെന്ന് ഉറപ്പിക്കുന്നതിനുകൂടിയാണ് പ്രസിഡന്റിനെയും മറ്റ് ഭാരവാഹികളെയും ചർച്ചക്ക് ക്ഷണിച്ച് വിഷയം സമസ്തയുടെ താൽപര്യത്തിന് അനുസൃതമായി പരിഹരിച്ചിരിക്കുന്നതായി പിണറായി വിജയൻ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്. ഇതിലൂടെ ലീഗിന്റെ മുസ് ലിം സമുദായത്തിന്റെ സംരക്ഷകരാണ് തങ്ങളെന്ന അവകാശവാദത്തെ പൊതുജനമധ്യത്തിൽ പൊളിച്ചടക്കാനും പിണറായി വിജയനും സിപിഎം നേതൃത്വത്തിനും സാധിച്ചിരിക്കയാണ്.

സമസ്ത സ്വന്തം പത്രവുമായി മുന്നോട്ടുവന്നതിന് പിന്നിലും ലീഗുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും തങ്ങളുടെ വാർത്തകൾക്ക് ഇതര മുസ് ലിം സമുദായങ്ങൾക്ക് പ്രത്യേകിച്ചും മുജാഹിദ് വിഭാഗത്തിന് ലഭിക്കുന്ന പ്രാധാന്യവും സ്പേയ്സും കിട്ടുന്നില്ലെന്നും ബോധ്യപ്പെട്ടായിരുന്നു. സ്വന്തം പത്രത്തിലൂടെ ലീഗിനെയും അവരുടെ മുഖപത്രമായ ചന്ദ്രികയെയും ആശ്രയിക്കുന്നതിന് പരിഹാരം കണ്ട സമസ്ത നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ഈ വിജയം കൂടി തങ്ങളുടെ സ്വന്ത്രമായ നിലനിൽപ്പിനുള്ള അംഗീകാരം കൂടിയായി മാറുകയാണ്.

മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ച സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ നിന്ന് സമസ്ത പിന്മാറിയത് ലീഗ് നേതൃത്വത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ച സംഭവമായിരുന്നു. മുഖ്യമന്ത്രി നൽകിയ ഉറപ്പിലായിരുന്നു ആത്മഹത്യാപരമെന്നു പത്യക്ഷത്തിൽ ഏവരും കുറ്റപ്പെടുത്തുന്ന അത്തരം ഒരു തീരുമാനത്തിലേക്കു സമസ്ത എത്തിയത്. ഈ ഉറപ്പ് പാലിക്കപ്പെട്ടതോടെ സമസ്തക്കും അതിന്റെ നേതൃത്വത്തിനും പിണറായി സർക്കാറിലുള്ള വിശ്വാസം വർധിക്കും.

അതേസമയം വഖഫ് നിയമനം പി.എസ്.സിക്കു വിടുകയെന്ന എൽ ഡി എഫ് സർക്കാരിന്റ പ്രഖ്യാപിത നയത്തിൽനിന്നു മുഖ്യമന്ത്രിക്ക് പിന്മാറേണ്ടിവന്നത് തങ്ങൾ നിരന്തരമായി ഈ വിഷയത്തിൽ നടത്തിയ പ്രക്ഷോഭങ്ങളാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. സമസ്ത വിഷയത്തിൽ മൗനത്തിലൂടെ അവകാശവാദം ഉന്നയിക്കുമ്പോൾ ലീഗ് നേതൃത്വം ഇക്കാര്യം പരസ്യമായി പറയാനും തയാറാണ്. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിനെ കാന്തപുരം വിഭാഗം ഒഴികെയുള്ള മുസ്ലിം സംഘടനകൾ എതിർത്തത് രാഷ്ട്രീയമായി ഉപയോഗിക്കാൻ മുസ്ലിം ലീഗ് തീരുമാനിച്ചതോടൊണ് സർക്കാർ മറുനീക്കം തുടങ്ങിയത്.
സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളെ നേരിട്ട് വിളിച്ച് വിഷയം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെ ലീഗ് പ്രതിസന്ധിയിലായിലാവുകയായിരുന്നു. അതിനു തൊട്ടുപിന്നാലെയായിരുന്നു നിസ്‌കാരം ഉൾപ്പെടെയുള്ള ആരാധനക്കു മാത്രമായി ഉപയോഗിക്കേണ്ട പള്ളികളിൽ സർക്കാർ വിരുദ്ധ പ്രതിഷേധം നടത്താൻ സമസ്ത ഉണ്ടാവില്ലെന്ന് പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രഖ്യാപിച്ചത്.

ഇത് ലീഗ് നേതൃത്വത്തെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. അത്തരത്തിൽ ഒരു നീക്കം സമസ്തയിൽനിന്നുണ്ടാവുമെന്നു ലീഗ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ഇത്തരത്തിൽ ഒരു തീരുമാനത്തിന് പിന്നിൽ ജിഫ്രി തങ്ങളും സമസ്തയിലെ സിപിഎം അനുകൂലികളുമാണെന്ന ശക്തമായ പ്രചാരണവുമായി ലീഗ് മുന്നോട്ടു വന്നെങ്കിലും അതിനും പാർട്ടി വിചാരിച്ചത്ര കൈയടി ലഭിച്ചില്ല. സമുദായത്തിന്റെ പൊതുവികാരവും ഐക്യവും ജിഫ്രി തങ്ങൾ തകർത്തുവെന്നും സമസ്ത മുഖ്യമന്ത്രിയെ അന്ധമായി വിശ്വസിക്കുകയാണെന്നും അന്ന് വിമർശനമുണ്ടായി. എന്നാൽ തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണെന്ന് ബോധ്യപ്പെടുത്താൻ സമസ്ത നേതാക്കളുടെ സംയുക്ത വാർത്താ കുറിപ്പ് ഇറക്കി ഇത്തരം പ്രചാരണങ്ങളുടെ മുനയൊടിക്കുന്നതിനും കേരളം സാക്ഷിയായി.

മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് പ്രക്ഷോഭ പരിപാടികളിൽനിന്നു വിട്ടുനിൽക്കരുതെന്നും ലീഗിനൊപ്പം കൈകോർത്തു നീങ്ങണമെന്നും പല ലീഗ് നേതാക്കളും പരസ്യമായും മധ്യസ്ഥർ മുഖേനയും ജിഫ്രി തങ്ങൾ ഉൾപ്പെടെയുള്ളവരെ സമീപിച്ചിരുന്നു. സംസ്ഥാനത്തെ മിക്ക മുസ്ലിം സംഘടനകളും ലീഗിന്റെ നിലപാടിനൊപ്പമായിരുന്നു. മിക്ക വിഷയങ്ങളിലും വ്യത്യസ്തമായ അഭിപ്രായവുമായി രംഗത്തുവരുമെങ്കിലും അവസാനം കാന്തപുരം സുന്നി വിഭാഗം ഒഴികേയുള്ളവരെല്ലാം ലീഗിന്റെ നേതൃത്വത്തിന് കീഴിൽ അണിനിരക്കുന്നതാണ് കാണാറ്. മുസ്ലിം സമുദായത്തിന്റെ വിഷയം എന്നതിലുപരി അതിലുള്ള സംഘടനകളുടെ അഭിമാനപ്രശ്നമായ വിഷയം പ്രത്യേകിച്ച് ആ മതത്തിലെ ഏറ്റവും വലിയ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ പ്രശ്‌നം നേരിട്ട് ചർച്ച നടത്തി മുഖ്യമന്ത്രി പരിഹരിച്ചത് മുസ്ലിം ലീഗിന് ഒരിക്കലും പരിഹരിക്കാനാവാത്ത പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്. ഇതിന്റെ തുടർന്ന ചലനങ്ങൾ കേരള രാഷ്ട്രീയത്തിൽ വരും നാളുകളിൽ ഉണ്ടാവുമെന്ന് തീർച്ച.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP