Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഊട്ടിയിലെ വസ്തു കച്ചവടത്തിന് പോയ ബിസിനസ്സ് സുഹൃത്തുക്കൾ; പണവുമായി മടങ്ങുമ്പോൾ കാറിൽ തട്ടിക്കൊണ്ടു പോയി വെട്ടിക്കൊന്ന് കാട്ടിൽ ഉപേക്ഷിച്ചെന്ന് പ്രാഥമിക നിഗമനം; കൊല്ലപ്പെട്ടത് വരാപ്പുഴ വലിയവീട് ട്രാവൽസ് ഉടമയും കൂട്ടുകാരനും; ധർമ്മപുരിയിലേതു കൊലപാതകം; നെവിലും പൈയും സൗഹൃദ ചതിയുടെ ഇരകളോ?

ഊട്ടിയിലെ വസ്തു കച്ചവടത്തിന് പോയ ബിസിനസ്സ് സുഹൃത്തുക്കൾ; പണവുമായി മടങ്ങുമ്പോൾ കാറിൽ തട്ടിക്കൊണ്ടു പോയി വെട്ടിക്കൊന്ന് കാട്ടിൽ ഉപേക്ഷിച്ചെന്ന് പ്രാഥമിക നിഗമനം; കൊല്ലപ്പെട്ടത് വരാപ്പുഴ വലിയവീട് ട്രാവൽസ് ഉടമയും കൂട്ടുകാരനും; ധർമ്മപുരിയിലേതു കൊലപാതകം; നെവിലും പൈയും സൗഹൃദ ചതിയുടെ ഇരകളോ?

മറുനാടൻ മലയാളി ബ്യൂറോ

സേലം: ഊട്ടിയിലെ ഭൂമി വിറ്റ് മടങ്ങി വരികയായിരുന്ന രണ്ട് മലയാളികളെ തമിഴ്‌നാട് ധർമ്മപുരി ജില്ലയിലെ നല്ലമ്പള്ളി വനമേഖലയിലെ കൽക്കുവാരിക്ക് സമീപം ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.തിരുവനന്തപുരം കുന്നുകുഴി ഷൈൻവില്ലയിൽ ജോർജിന്റെ മകൻ നെവിൽ ജി. ക്രൂസ് (57), എറണാകുളം വരാപ്പുഴ വരാഹമൂർത്തി ക്ഷേത്രത്തിനുസമീപം വലിയവീട്ടിൽ പരേതനായ വിശ്വനാഥ പൈയുടെ മകൻ ശിവകുമാർ പൈ (50) എന്നിവരാണ് മരിച്ചത്.

എറണാകുളം വരാപ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് വിശ്വനാഥ പൈയുടെയും അലമേലുവിന്റെയും മകനാണ് വലിയവീട്ടിൽ ശിവകുമാർ. ഇന്നലെ വൈകിട്ടു നാലരയോടെ നല്ലമ്പള്ളി പുതനല്ലൂരിൽ തൊപ്പൂർ പെരിയഅല്ലി വനമേഖലയിലെ റോഡരികിൽ കണ്ടെത്തിയത്. വനത്തിലൂടെ കന്നുകാലികളെ മെയ്‌ക്കാൻ പോയവരാണ് മൃതദേഹങ്ങൾ കണ്ടത്. മൃതദേഹങ്ങൾ 10 മീറ്റർ അകലത്തിലായിരുന്നു. 100 മീറ്റർ അകലെ കേരള രജിസ്‌ട്രേഷൻ കാറും കണ്ടെത്തി. രണ്ടു പേരുടേയും ദേഹത്ത് ആഴത്തിലുള്ള മുറിവുകളുണ്ടെന്നു പൊലീസ് അറിയിച്ചു. വെട്ടി കൊലപ്പെടുത്തിയതെന്നാണ് സംശയം

കാറിന്റെ രജിസ്ട്രേഷൻ നമ്പറും, ഇരുവരുടെയും തിരിച്ചറിയൽ കാർഡും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലയാളികളാണെന്ന് വ്യക്തമായത്. തുടർന്ന് ബന്ധുക്കളെ അറിയിച്ചു. തിരുവനന്തപുരത്ത് എൻജിനീയറായിരുന്ന നെവിൽ നാല് ദിവസം മുമ്പാണ് സുഹൃത്തുക്കൾക്കൊപ്പം ഊട്ടിയിലേക്ക് തിരിച്ചത്. നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. മറ്റ് രണ്ടു പേരെ പൊലീസ് തേടുകയാണ്. ഇവർ സഞ്ചരിച്ച കാർ മൃതദേഹങ്ങൾക്കു സമീപത്തു തന്നെയുണ്ടായിരുന്നു. കോഴിക്കോട് മേപ്പയൂരിനടുത്ത ചെറുവണ്ണൂർ സ്വദേശിയുടെ പേരിലുള്ളതാണ് കാർ. ഇതു വാടകയ്ക്കു നൽകിയതാണെന്ന് ഉടമയുടെ ബന്ധുക്കൾ അറിയിച്ചു.

ശിവകുമാറും നെവിലും പങ്കാളിത്തത്തോടെ സേലത്ത് ബിസിനസ് നടത്തി വരികയായിരുന്നു. വരാപ്പുഴ വലിയവീട് ട്രാവൽസ് ഉടമയായ ശിവകുമാർ കോവിഡിനെത്തുടർന്നു പ്രതിസന്ധിയിലായതോടെയാണു സുഹൃത്തായ നെവിൽ ജി.ക്രൂസിനൊപ്പം ബിസിനസിലേക്കു തിരിഞ്ഞതെന്നും വസ്തുക്കച്ചവടം ഉൾപ്പെടെ ഇവർ ചെയ്തിരുന്നെന്നും പൊലീസ് പറയുന്നു. ഊട്ടിയിലേക്കെന്നു പറഞ്ഞാണു നെവിൽ വ്യാഴാഴ്ച തിരുവനന്തപുരത്തുനിന്നു പോയത്. എറണാകുളത്തുനിന്നു സുഹൃത്തുമായിട്ടാണു പോകുന്നതെന്നും അറിയിച്ചിരുന്നു. ബുധനാഴ്ച തിരിച്ചെത്തുമെന്നു കഴിഞ്ഞ ദിവസം ഭാര്യയോട് നെവിൽ വിളിച്ചു പറഞ്ഞിരുന്നു.

ഊട്ടിയിലെ വസ്തു വിൽക്കാനുള്ള കരാർ ഒപ്പിട്ടെന്നും തിങ്കളാഴ്ച പണം ലഭിക്കുമെന്നും നെവിൽ ഒരു സുഹൃത്തിനെ വിളിച്ചറിയിച്ചിരുന്നുവെന്നും ബന്ധുക്കൾക്കു വിവരം ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഏഴിനു സേലം ഓമല്ലൂർ ടോൾഗേറ്റിലൂടെ കാർ കടന്നുപോയ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഇരുവരെയും വാഹനത്തിനൊപ്പം തട്ടിക്കൊണ്ടുപോയി മറ്റൊരിടത്തെത്തിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആളൊഴിഞ്ഞ വനമേഖലയിലെത്തിച്ചു തള്ളിയിട്ടതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ഇരുവരും ഞായറാഴ്ച രാവിലെ എറണാകുളത്തു നിന്നു സേലത്ത് വന്നതാണ്. സേലം-ബെംഗളൂരു ദേശീയപാതയിൽ ധർമപുരി എത്തുന്നതിനുമുമ്പാണ് നല്ലപ്പള്ളി. ഇവിടെനിന്ന് രണ്ടു കിലോമീറ്റർ ഉള്ളിൽ വനമേഖലയിലുള്ള ക്രഷർ യൂണിറ്റിനു സമീപം രണ്ടിടത്തായാണ് മൃതദേഹം കിടന്നിരുന്നത്. ഊട്ടിയിൽ വർഷങ്ങൾക്ക് മുമ്പാണ് നെവിലും സുഹൃത്തുക്കളും ചേർന്ന് ഭൂമി വാങ്ങിയത്. ശിവകുമാർ പൈ ഞായറാഴ്ചയാണ് വീട്ടിൽ നിന്ന് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ ധർമ്മപുരി പൊലീസ് ബന്ധുക്കളെ വിളിച്ച് മരണവിവരം അറിയിച്ചു.

പതിന്നാല് വർഷം ഏലൂർ പഞ്ചായത്ത് പ്രസിഡന്റും ഫാക്ടിലെ റിട്ട. എൻജിനീയറും വരാപ്പുഴ ദുർഗ തിയേറ്റർ ഉടമയുമായിരുന്നു ശിവകുമാറിന്റെ പിതാവ് വിശ്വനാഥ പൈ. വരാപ്പുഴയിലെ പുരാതന തറവാട്ടുകാരാണ്. വലിയ തോതിൽ ഭൂസ്വത്തുക്കളുണ്ടായിരുന്നു. വലിയവീട്ടിൽ എന്ന പേരിൽ ശിവകുമാർ നടത്തിയിരുന്ന ട്രാവൽ ഏജൻസിക്ക് നിരവധി ബസുകളും ഉണ്ടായിരുന്നു. ഏതാനും വർഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. കോവിഡ് വന്നതോടെ സ്ഥിതി വളരെ മോശമായി. കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും ബിസിനസ് ബന്ധങ്ങളുണ്ട്. യാത്രകളും പതിവായിരുന്നു.

ശിവകുമാറിന്റെ ഭാര്യ: വിനീത. മക്കൾ: ദേവിപ്രിയ, വിഷ്ണുനാഥ്, വിജയ്‌നാഥ്, വിശ്വനാഥ്. അബുദാബിയിൽ സിവിൽ എൻജിനീയറായി 25 വർഷം ജോലി നോക്കിയിരുന്ന നെവിൽ 10 വർഷം മുൻപാണ് നാട്ടിലെത്തിയത്. ഭാര്യ: സുജ (ചങ്ങനാശേരി കണ്ടശേരി കുടുംബാഗം). ഇവർക്കു മക്കളില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP