Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാളെ മുതൽ മുഖ്യമന്ത്രി നിരത്തിലൂടെ ചീറി പായുക കറുത്ത കിയ കാർണിവലിൽ; കേരള സ്റ്റേറ്റ് 1 ബോർഡ് ഘടിപ്പിച്ച വാഹനം പൊലീസിന് കൈമാറി; വാഹനത്തിന്റെ ഡീലർമാർ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് മൊമന്റോയും കൈമാറി; മന്ത്രിസഭയിൽ അബ്ദുറഹ്മാന് പിന്നാലെ മുഖ്യമന്ത്രിയും കിയയിൽ സവാരി പോകുമ്പോൾ അകമ്പടിയായി കറുത്ത ഇന്നോവകളും

നാളെ മുതൽ മുഖ്യമന്ത്രി നിരത്തിലൂടെ ചീറി പായുക കറുത്ത കിയ കാർണിവലിൽ; കേരള സ്റ്റേറ്റ് 1 ബോർഡ് ഘടിപ്പിച്ച വാഹനം പൊലീസിന് കൈമാറി; വാഹനത്തിന്റെ ഡീലർമാർ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് മൊമന്റോയും കൈമാറി; മന്ത്രിസഭയിൽ അബ്ദുറഹ്മാന് പിന്നാലെ മുഖ്യമന്ത്രിയും കിയയിൽ സവാരി പോകുമ്പോൾ അകമ്പടിയായി കറുത്ത ഇന്നോവകളും

സായ് കിരൺ

തിരുവനന്തപുരം: കൂടുതൽ സുരക്ഷ കണക്കിലെടുത്ത് ഇന്നോവ ക്രിസ്റ്റ വിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മുതൽ പുത്തൻ കിയാ കാർണിവെലിൽ ചീറി പായും. KL 01 CV 6683 എന്ന നമ്പരും കേരള സ്റ്റേറ്റ് 1 ബോർഡും ഘടിപ്പിച്ച വണ്ടി കിയാ ഡീലർമാരായ നെടുമ്പറമ്പിൽ ഓട്ടോക്രോപ് പൊലീസിന് കൈമാറി.

മുഖ്യമന്ത്രിയുടെ കാറ് ഡിജിപിയുടെ പേരിലാണ് രജിസ്റ്റർ ചെയ്യുന്നത്. ഇത് സംബന്ധിച്ച രേഖകൾ ഡീലർമാർ ഡിജിപി അനിൽകാന്തിന് കൈമാറി. ഇതോടൊപ്പം നെടുമ്പറമ്പിൽ ഓട്ടോ ക്രോപ്സ് അധികൃതർ കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് മൊമന്റോയും കൈമാറി. മറ്റ് സുരക്ഷാ സംവിധാനങ്ങൾ ക്രമീകരിച്ച ശേഷം പൊലീസിന്റെ ട്രയൽ റണ്ണും ഇന്ന് പൂർത്തിയായി. മറ്റു തടസങ്ങളില്ലെങ്കിൽ നാളെ മുതൽ ഉപയോഗിച്ച് തുടങ്ങുമെന്നാണ് വിവരം.

കഴിഞ്ഞമാസം 24നാണ് മുഖ്യമന്ത്രി പിണറായിക്ക് കിയാ കാർണിവെൽ വാങ്ങാൻ 33,31,000 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായത്. ഇതോടെ മന്ത്രിസഭയിലെ രണ്ടാമത്തെ ആളാണ് കിയാ കാർണിവൽ സ്വന്തമാക്കുന്നത്. കായികവകുപ്പ് മന്ത്രി അബ്ദുറഹ്മാൻ തന്റെ സ്വന്തം കിയാ കാറാണ് ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നത്. സർക്കാർ അധികാരത്തിലെത്തിയ ശേഷം മന്ത്രിമാർക്ക് കാർ അനുവദിച്ചെങ്കിലും അബ്ദുറഹ്മാൻ തന്റെ കിയാ കാർണിവെൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. വെള്ള കിയ കാർണിവെലാണ് അബ്ദുറഹ്മാന്റേത്‌.ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും കിയയിലേക്ക് മാറുന്നത്.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ പൈലറ്റ്, എസ്‌കോർട്ട് ചുമതലയുള്ള ഇന്നോവകളെല്ലാം കറുത്ത നിറത്തിലുള്ളതായിരിക്കും. മുഖ്യമന്ത്രിയുടെ എസ്‌കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി ടൊയോട്ടയുടെ മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ 62.46 ലക്ഷം രൂപ മുടക്കി വാങ്ങാൻ കഴിഞ്ഞ സെപ്റ്റംബറിൽ അനുമതി നൽകിയിരുന്നു. സർക്കാരിനുള്ള പ്രത്യേക നിരക്കിൽ 23,17,739 രൂപയ്ക്ക് ഇന്നോവ ക്രിസ്റ്റയും 32,21,750 രൂപയ്ക്ക് രണ്ട് ഇന്നോവ ക്രിസ്റ്റ ജി പ്ലസും വാങ്ങാൻ 55,39,309 രൂപ ചെലവഴിച്ചു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കായി ടാറ്റാ ഹാരിയർ വാങ്ങാൻ ഉദ്ദേശിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി.

തുടർന്നാണ് പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള കിയാ കാർണിവൽ വാങ്ങാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ എസ്‌കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി കറുത്ത നിറത്തിലെ മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ഒരു കിയാ കാർണിവലും ഉൾപ്പെടെ നാല് വാഹനങ്ങൾ 88,69,841 രൂപയ്ക്ക് വാങ്ങാൻ ഡി.ജി.പി അനുമതി തേടിയത്. വെള്ള ഇന്നോവ ക്രിസ്റ്റ കാറിൽനിന്ന് കറുത്ത ഇന്നോവയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര മാറ്റിയിട്ട് ഏറെക്കാലമായില്ല.

കെ.എൽ.01 സി.ടി 6683 രജിസ്ട്രേഷനിലെ ഫുൾ ഓപ്ഷൻ ക്രിസ്റ്റൽ ഷൈൻ ബ്ലാക്ക് ക്രിസ്റ്റയിലായിരുന്നു മുഖ്യമന്ത്രി യാത്ര ചെയ്തിരുന്നത്. ഇതുവരെയുള്ള മുഖ്യമന്ത്രിമാരെല്ലാം വെള്ള നിറമുള്ള കാറുകളിലാണ് യാത്ര ചെയ്തിരുന്നത്. ആദ്യമായാണ് കറുത്ത ഒന്നാംനമ്പർ സ്റ്റേറ്റ് കാർ സെക്രട്ടേറിയറ്റിന്റെ നോർത്ത് ബ്ലോക്കിനു മുന്നിൽ പ്രൗഢിയോടെ കിടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള കറുത്ത മേഴ്സിഡീസ് മെയ്ബാ എസ്650 കാറിലേക്ക് യാത്ര മാറ്റിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും കറുത്ത കാറിലേക്ക് ഔദ്യോഗിക യാത്രകൾ മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP