Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാഗ്ലൂരിലേക്ക് കണ്ണൂരിൽ നിന്നുള്ള എളുപ്പവഴി; മാക്കുട്ടൻ റോഡിൽ ഗതാഗതം തടസ്സപ്പെടുന്നത് സ്ഥിരം കാഴ്ചയാവുന്നു; മണിക്കൂറുകളോളം ഗതാഗതം മുടങ്ങുന്നത് പതിവാകുമ്പോൾ

ബാഗ്ലൂരിലേക്ക് കണ്ണൂരിൽ നിന്നുള്ള എളുപ്പവഴി; മാക്കുട്ടൻ റോഡിൽ ഗതാഗതം തടസ്സപ്പെടുന്നത് സ്ഥിരം കാഴ്ചയാവുന്നു; മണിക്കൂറുകളോളം ഗതാഗതം മുടങ്ങുന്നത് പതിവാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂരിൽ നിന്ന് എളുപ്പത്തിൽ ബാംഗ്ലൂരിലേക്ക് പോകാൻ ആളുകൾ ഉപയോഗിക്കുന്ന ചുരമാണ് മാക്കൂട്ടം ചുരം. എന്നാൽ ഈ പ്രദേശത്ത് മണ്ണിടിച്ചലും മരം പൊട്ടിവീഴലും അപകടങ്ങളും കാരണം റോഡ് ഗതാഗതം തടസ്സപ്പെടുന്നത് സ്ഥിരം കാഴ്ചയായി മാറുകയാണ്. അന്തർ സംസ്ഥാന പാതയായ ഇരിട്ടി- കുടക് റോഡിൽ മാക്കൂട്ടം കാക്കത്തോടിന് സമീപം കൂറ്റൻ മരം വീണ് ഇതുവഴിയുള്ള വാഹന ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.

കാലവർഷം തുടങ്ങിയതിനു ശേഷം ഇതുവരെ ആറോളം മരങ്ങളാണ് ഈ ചുരം പാതയിൽ റോഡിലേക്ക് വീണത്. രാത്രികാലങ്ങളിലെ മറ്റും മരം വീഴുന്നതുമൂലം ഈ കാനന പാതയിൽ യാത്രക്കാർ മണിക്കൂറുകളോളമാണ് കുടുങ്ങിക്കിടക്കേണ്ടി വരുന്നത്. ഞായറാഴ്ച രാത്രി 8 മണിയോടെയാണ് കാക്കത്തോടിന് സമീപമുള്ള കൂറ്റൻ മരം റോഡിലേക്ക് വീഴുന്നത്. തലശ്ശേരി, കണ്ണൂർ ഭാഗങ്ങളിൽ നിന്നും നിരവധി ടൂറിസ്റ്റ് ബസ്സുകളടക്കം ബംഗളൂരുവിലേക്കും മറ്റും സർവീസ് നടത്തുന്ന സമയമായിരുന്നു ഇത്.

ഗതാഗതം തടസ്സപ്പെട്ടതോടെ ഇരു ഭാഗത്തുനിന്നും എത്തിയ ബസ്സുകൾ അടക്കമുള്ള ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങൾ റോഡിൽ കുടുങ്ങി. ഇരിട്ടിയിൽ നിന്നും എത്തിയ അഗ്‌നിശമനസേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. രാപ്പകലില്ലാതെ നിരന്തരം വാഹനങ്ങൾ കടന്നു പോകുന്ന ഈ പാതയിൽ ഏത് നിമിഷവും മറിഞ്ഞു വീഴാവുന്ന നിലയിൽ നിരവധി മരങ്ങൾ അപകടകരമായ അവസ്ഥയിലാണ് നിൽക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി ആറോളം മരങ്ങൾ റോഡിലേക്ക് വീണെങ്കിലും ഈ സമയങ്ങളിൽ റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ അപകടങ്ങൾ ഒഴിവാകുകയായിരുന്നു. ബ്രഹ്‌മഗിരി വനമേഖലയിൽ പെട്ട സ്ഥലമായതിനാൽ ഇത്തരം മരങ്ങൾ മുറിച്ചു മാറ്റുന്നതിലും കർണ്ണാടകാ വനം വകുപ്പധികൃതർക്ക് തടസ്സങ്ങളുണ്ട്. വൈദുതീകരിച്ച പാതയല്ലാത്തതിനാൽ വാഹനങ്ങൾ കടന്നു പോകുമ്പോഴുള്ള വെളിച്ചമല്ലാതെ രാത്രികാലങ്ങളിൽ മറ്റ് വെളിച്ചമൊന്നും 16 കിലോമീറ്ററിലേറെ വരുന്ന ഈ കാനന പാതയിലില്ല.

നിരവധി വളവുകളും ആഴമേറിയ കൊല്ലികളുമുള്ള പാതയിൽ എവിടെയെങ്കിലും ഒരപകടമുണ്ടായാൽ പുറം ലോകത്തെ അറിയിക്കാൻ മൊബൈൽ റേഞ്ച് ഇല്ലാത്തതും പലപ്പോഴും ദുരിതങ്ങൾ തീർക്കുകയാണ്. കർണ്ണാടകത്തിലെ ഹാസൻജില്ലയിലെ ചന്നരായപ്പട്ടണത്തുനിന്നും തുടങ്ങി ഹോൾനരസിപ്പൂർ - അർക്കൽഗുഡ് - കൊഡ്ളിപേട്ട - മടിക്കേരി - വീരാജ്‌പേട്ട വഴി കേരളാ - കർണ്ണാടക അതിർത്തിയിലെ മാക്കൂട്ടം കൂട്ടുപുഴ പാലത്തിന് സമീപം അവസാനിക്കുന്ന റോഡ് ദേശീയപാതയാക്കാൻ തത്വത്തിൽ തീരുമാനം എടുത്തിരുന്നെങ്കിലും മറ്റു നടപടികളൊന്നും ഇതുവരെ മുന്നോട്ടു പോയിട്ടില്ല.

മൈസൂർ - കുടക് എം പി പ്രതാപ് സിംഹക്ക് കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ഹൈവേ മന്ത്രി നിതിൻഗഡ്കരിയാണ് ഇതുസംബന്ധിച്ച ഉറപ്പു നൽകിയിരുന്നത്. 2018 നവംബറിൽ കർണ്ണാടകത്തിലെ ഹാസൻ - കുടക് ജില്ലകൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഈ പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് എം പി പ്രതാപ് സിംഹയും വീരാജ്‌പേട്ട എം എൽ എ കെ.ജി. ബൊപ്പയ്യയും നിവേദനം നൽകിയിരുന്നു.

ഈ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പാതയെ ദേശീയപാതയാക്കാനുള്ള നടപടി തത്വത്തിൽ അംഗീകരിച്ചിരിക്കുന്നത് . ഇതു സംബന്ധിച്ച് വിശദമായ പദ്ധതിരേഖയും റിപ്പോർട്ടും കേന്ദ്ര മന്ത്രിക്ക് കൈമാറിയിരുന്നു. ഈ പാത യാഥാർഥ്യമാവുകയാണെങ്കിൽ കേരളത്തിന്റെ വടക്കൻ ജില്ലകളായ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകൾക്ക് അത് ഏറെ പ്രയോജനം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP