Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എനിക്ക് ഇൻഡിഗോക്കാർ പുരസ്‌കാരം തരേണ്ടതായിരുന്നു; അവരുടെ വിമാനത്തിന് ചീത്തപ്പേരില്ലാതാക്കിയത് ഞാനാണ്; സംഭവവുമായി ബന്ധപ്പെട്ട് ട്രോളിറക്കുന്നത് ചില മനോരോഗികൾ; കോൺഗ്രസ് എംപിമാർ കത്തയച്ചിട്ടാണ് തനിക്കെതിരെ നടപടിയെടുത്തത്; വിമാന വിലക്കിൽ വീണ്ടും ഇ പി ജയരാജൻ

എനിക്ക് ഇൻഡിഗോക്കാർ പുരസ്‌കാരം തരേണ്ടതായിരുന്നു; അവരുടെ വിമാനത്തിന് ചീത്തപ്പേരില്ലാതാക്കിയത് ഞാനാണ്; സംഭവവുമായി ബന്ധപ്പെട്ട് ട്രോളിറക്കുന്നത് ചില മനോരോഗികൾ; കോൺഗ്രസ് എംപിമാർ കത്തയച്ചിട്ടാണ് തനിക്കെതിരെ നടപടിയെടുത്തത്; വിമാന വിലക്കിൽ വീണ്ടും ഇ പി ജയരാജൻ

മറുനാടൻ മലയാളി ബ്യൂറോ

 

കണ്ണൂർ: ഇൻഡിഗോ വിമാനത്തിലെ അക്രമത്തിന്റെ പേരിൽ യാത്രാ വിലക്കു നേരിട്ടതിൽ പ്രതിഷേധ തുടർന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ വിമാന കമ്പനിയുടെ തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഇ പി ജയരാജൻ കത്തയച്ചത്. ഇൻഡിഗോയുടെ നിരോധനം തെറ്റാണ്, തിരുത്തണം. കോൺഗ്രസ് എംപിമാർ കത്തയച്ചിട്ടാണ് തനിക്കെതിരെ നടപടിയെടുത്തത്. തന്റെ നടപടികൊണ്ട് വിമാനക്കമ്പനിക്കു ഗുണമാണുണ്ടായത്. തനിക്കെതിരെ ട്രോളുണ്ടാക്കുന്നവർ ഭ്രാന്തന്മാരാണെന്നും ജയരാജൻ പറഞ്ഞു.

തങ്ങളുടെ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ അതിക്രമം നടക്കുന്നത് തടഞ്ഞ തനിക്ക് ഇൻഡിഗോ കമ്പനി പുരസ്‌കാരമാണ് തരേണ്ടിയിരുന്നതെന്നും എന്നാൽ മൂന്നാഴ്ചത്തെ യാത്ര വിലക്കാണ് അവർ തന്നതെന്നും ജയരാജൻ പറഞ്ഞു. ലാൻഡ് ചെയ്ത ഉടനെ പ്രതിഷേധക്കാർ മുഖ്യമന്ത്രിക്കെതിരെ ചാടിയപ്പോൾ രണ്ടു സീറ്റുകൾക്കിടയിൽ നിന്ന് താനാണ് അവരെ തടഞ്ഞതെന്നും വിമാന കമ്പനി തനിക്ക് വിലക്കേർപ്പെടുത്തിയെങ്കിൽ താൻ അവർക്കും വിലക്കേർപ്പെടുത്തിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മാധ്യമങ്ങളിൽ വാർത്ത കണ്ടാണ് തനിക്ക് വിലക്കേർപ്പെടുത്തിയ വിവരം അറിഞ്ഞതെന്നും നേരത്തെ തനിക്ക് അവരയച്ച കത്തിന് മറുപടി നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് പരിശോധിച്ച ശേഷമാണ് വിലക്കുള്ള വിവരം തിരിച്ചറിഞ്ഞതെന്നും ഇ.പി ചൂണ്ടിക്കാട്ടി. സംഭവവുമായി ബന്ധപ്പെട്ട് ട്രോളിറക്കുന്നത് ചില മനോരോഗികളാണെന്നും അദ്ദേഹം പരിഹസിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിവീഴ്‌ത്തിയതുമായി ബന്ധപ്പെട്ടാണ് ഇ.പി ജയരാജന് ഇൻഡിഗോ മൂന്നാഴ്ച യാത്രാവിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ മൂന്നാഴ്ചയല്ല ഇനി മേലിൽ ഇൻഡിഗോയുടെ വിമാനത്തിൽ കയറില്ലെന്നായിരുന്നു ഇ.പി ജയരാജന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്തതിനാണ് ജയരാജന് ഇൻഡിഗോ വിമാനങ്ങളിൽ രാജ്യത്തിനകത്തോ പുറത്തോ യാത്ര ചെയ്യുന്നതിനു മൂന്നാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയത്.

വിമാനത്തിൽ മുദ്രാവാക്യം മുഴക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ആർ.കെ.നവീൻകുമാർ, പി.പി.ഫർസീൻ മജീദ് എന്നിവർക്കു രണ്ടാഴ്ചത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തി. ഇവരുടെ അച്ചടക്കരഹിതമായ പെരുമാറ്റം 2017 ലെ സിവിൽ ഏവിയേഷൻ റിക്വയർമെന്റ് ഉത്തരവു പ്രകാരം ലെവൽ 1ൽ ഉൾപ്പെടുന്ന കുറ്റമാണ്.

യാത്രക്കാരെ കയ്യേറ്റം ചെയ്തുവെന്നത് അൽപം കൂടി ഗുരുതരമായ കുറ്റമായതിനാലാണു ജയരാജനു മൂന്നാഴ്ചത്തെ വിലക്ക്. ഇൻഡിഗോ വിലക്കിനെ ഇന്നലെ രൂക്ഷമായി വിമർശിച്ച ജയരാജൻ, താനോ കുടുംബമോ ഇനി ഒരിക്കലും ഇൻഡിഗോ വിമാനങ്ങളിൽ കയറില്ലെന്നു വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്ക് ഇൻഡിഗോ വിമാനം മാത്രമേ ഉള്ളൂവെന്നു ചൂണ്ടിക്കാട്ടിയപ്പോൾ, നടന്നു പോയാലും അവരുടെ വിമാനങ്ങളിൽ കയറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇ.പി ജയരാജനെ വിലക്കിയത് ഇൻഡിഗോ പുനഃപരിശോധിക്കണമെന്ന് സിപിഎം സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വസ്തുതകൾ പൂർണമായും പരിശോധിക്കാതെയാണ് ഇൻഡിഗോയുടെ നടപടി. മുഖ്യമന്ത്രിയെ പ്രതിഷേധക്കാർ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തടയുകയാണ് ജയരാജൻ ചെയ്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP