Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'ആ പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നി'; എം.എം. മണിക്കെതിരായ പരാമർശത്തിൽ ന്യായീകരണമില്ല; തെറ്റ് തെറ്റായി കാണുന്നു'; നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കെ സുധാകരൻ

'ആ പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നി'; എം.എം. മണിക്കെതിരായ പരാമർശത്തിൽ ന്യായീകരണമില്ല; തെറ്റ് തെറ്റായി കാണുന്നു'; നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കെ സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുന്മന്ത്രി എം.എം. മണിയെ അധിക്ഷേപിച്ചതിൽ ഖേദം പ്രകടിപ്പിച്ച് കെപിസിസി. അധ്യക്ഷൻ കെ. സുധാകരൻ. മണിയെ കുറിച്ച് താൻ നടത്തിയ പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നിയെന്നും പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ നടത്തിയ പ്രതികരണമാണെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ സുധാകരൻ വ്യക്തമാക്കി. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും. തെറ്റിനെ തെറ്റായി തന്നെ കാണുന്നുവെന്നും യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും സുധാകരൻ കുറിപ്പിൽ പറയുന്നു.

മഹിളാ കോൺഗ്രസ് മാർച്ചിൽ ചിമ്പാൻസിയുടെ മുഖം വെട്ടിമാറ്റി എം.എം. മണിയുടെ മുഖചിത്രം പതിപ്പിച്ച കട്ടൗട്ട് പ്രദർശിപ്പിച്ചിരുന്നു. മണിയെ ചിമ്പാൻസിയാക്കി ചിത്രീകരിച്ച നടപടിയിൽ മഹിളാ കോൺഗ്രസ് മാപ്പുപറഞ്ഞുവെങ്കിലും മണിയെ വംശീയമായി അധിക്ഷേപിച്ച് സുധാകരൻ വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു. മണിയുടെ രൂപം അതുതന്നെയല്ലെ എന്നായിരുന്നു മഹിളാ കോൺഗ്രസ് മാർച്ചിനെ പിന്തുണച്ച് സുധാകരൻ ചോദിച്ചത്.

മണിയുടെ മുഖവും ചിമ്പാൻസിയുടെ മുഖവും ഒന്നുപോലെയാണെന്നും ഒറിജിനല്ലാതെ കാണിക്കാൻ പറ്റുമോ എന്നും സുധാകരൻ ചോദിച്ചിരുന്നു. അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു. സ്രഷ്ടാവിനോടല്ലേ പോയി പറയേണ്ടതെന്നും സുധാകരൻ പറഞ്ഞിരുന്നു. ചിമ്പാൻസിയുടെ ശരീരത്തിൽ എം എം മണിയുടെ മുഖം ചേർത്തുള്ള മഹിളാ കോൺഗ്രസ് പ്രതിഷേധത്തോടായിരുന്നു കെ സുധാകരന്റെ പരാമർശം. സംഭവത്തിൽ മഹിളാ കോൺഗ്രസ് മാപ്പ് പറഞ്ഞത് അവരുടെ മാന്യതയും തറവാടിത്തവും കൊണ്ടാണ്. മണിക്കിതൊന്നും ഇല്ലല്ലോ എന്നും സുധാകരൻ ചോദിച്ചിരുന്നു.

മഹിളാ കോൺഗ്രസ് ഇന്ന് രാവിലെ നടത്തിയ നിയമസഭാ മാർച്ചിലാണ് എം എം മണിയെ അധിക്ഷേപകരമായി ചിത്രീകരിച്ചത്. മണിയെ ചിമ്പാൻസിയായി ചിത്രീകരിച്ചുള്ള കട്ടൗട്ടുമായാണ് മഹിളാ കോൺഗ്രസുകാർ എത്തിയത്. ചിമ്പാൻസിയുടെ ചിത്രത്തിൽ എം എൽ എയുടെ മുഖം വെട്ടി ഒട്ടിച്ചായിരുന്നു അധിക്ഷേപം. മണിക്കെതിരെ മോശമായ പരാമർശങ്ങളടങ്ങിയ മുദ്രാവാക്യം വിളികളുമുണ്ടായി. വിവാദമായതോടെ പ്രവർത്തകർ കട്ടൗട്ട് ഒളിപ്പിച്ചു. ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പാതിവഴിക്ക് മടങ്ങുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ മഹിളാ കോൺഗ്രസ് പിന്നീട് മാപ്പ് പറയുകയായിരുന്നു.

കെ സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്നത്തെ പത്രസമ്മേളനത്തിൽ നടത്തിയൊരു പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോൾ തോന്നി. ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോൾ, പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും. തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP