Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യൂത്ത് കോൺഗ്രസിനുള്ളത് രണ്ട് ഔദ്യോഗിക ഗ്രൂപ്പുകൾ; ഒന്ന് ഭാരവാഹികളുടേതും മറ്റൊന്ന് നിർവ്വാഹക സമിതി അംഗങ്ങൾ ഉൾപ്പെട്ടതും; ആ ചാറ്റ് ചോർത്തിയത് നേതാക്കൾ തന്നെ; ചിന്തൻ ശിബരത്തിലെ പീഡനാരോപണത്തിൽ മധ്യപ്രദേശിലെ നേതാവ് എത്തി തെളിവെടുപ്പ് നടക്കുമ്പോൾ നേതൃത്വത്തിന് തലവേദനയായി മറ്റൊരു വിവാദം; ശബരിനാഥിനെ 'വധശ്രമ' കേസിൽ പ്രതിയാക്കുമോ?

യൂത്ത് കോൺഗ്രസിനുള്ളത് രണ്ട് ഔദ്യോഗിക ഗ്രൂപ്പുകൾ; ഒന്ന് ഭാരവാഹികളുടേതും മറ്റൊന്ന് നിർവ്വാഹക സമിതി അംഗങ്ങൾ ഉൾപ്പെട്ടതും; ആ ചാറ്റ് ചോർത്തിയത് നേതാക്കൾ തന്നെ; ചിന്തൻ ശിബരത്തിലെ പീഡനാരോപണത്തിൽ മധ്യപ്രദേശിലെ നേതാവ് എത്തി തെളിവെടുപ്പ് നടക്കുമ്പോൾ നേതൃത്വത്തിന് തലവേദനയായി മറ്റൊരു വിവാദം; ശബരിനാഥിനെ 'വധശ്രമ' കേസിൽ പ്രതിയാക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിൽ മുൻ എംഎൽഎ ശബരിനാഥിനെ പ്രതിക്കൂട്ടിലാക്കാൻ ആ വാട്‌സാപ്പ് ചാറ്റ് പുറത്തു വന്നതിന് പിന്നിൽ നേതാക്കൾക്കിടയിലെ ഭിന്നത. പാലക്കാട്ടെ ചിന്തൻ ശബിരത്തിൽ വനിതാ നേതാവിനെതിരെ നടന്ന അതിക്രമത്തിൽ ശക്തമായ നിലപാട് എടുത്തത് ശബരിനാഥാണ്. ശംഭു പാൽക്കുളങ്ങരയെ സസ്‌പെന്റ് ചെയ്തതിന് പിന്നിലും ശബരിയെ പോലുള്ള നേതാക്കളുടെ ഇടപെടലായിരുന്നു. ഈ വിവാദമാണ് വാട്‌സാപ്പ് ചാറ്റ് ചോർച്ചയ്ക്ക് കാരണമായത്.

യൂത്ത് കോൺഗ്രസിന് ഔദ്യോഗികമായി രണ്ട് ഗ്രൂപ്പുകളുണ്ട്. നിർവ്വാഹക സമിതി അംഗങ്ങളുള്ള ഒരണ്ണം. ഭാരവാഹികൾക്കായി മറ്റൊന്ന്. ഇതിൽ ഒന്നിൽ നിന്നാണ് ചാറ്റ് പുറത്തു പോയത്. ഇതിൽ ഒരു ഗ്രൂപ്പിൽ ശംഭു പാൽക്കുളങ്ങരയും ഉണ്ടായിരുന്നു. ശംഭുവിനെ ഈ ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയിരുന്നു. ചിന്തൻ ശിബിരത്തിലെ അതിക്രമ പരാതി പുറത്തു വന്ന സാഹചര്യത്തിൽ മറ്റ് അച്ചടക്ക നടപടികളും ചർച്ചയിലുണ്ട്. യുവതിയ്‌ക്കൊപ്പം നിന്ന നേതാവിനെ സസ്‌പെന്റ് ചെയ്യാനാണ് ആലോചന. ഈ സാഹചര്യത്തിൽ വാട്‌സാപ്പ് ചാറ്റ് പുറത്തു വന്നതിൽ യൂത്ത് കോൺഗ്രസ് ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്.

ശംഭു പാൽക്കുളങ്ങരയ്‌ക്കെതിരായ പരാതിയിൽ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം തെളിവെടുപ്പ് നടത്തുന്നുണ്ട്. രണ്ടു ദിവസമായി അന്വേഷണ സംഘം പലരുടേയും മൊഴി എടുത്തു. ഉത്തരേന്ത്യൻ നേതാക്കളാണ് അന്വേഷണം നടത്തുന്നത്. ശംഭു പാൽക്കുളങ്ങരയെ അതിവേഗം യൂത്ത് കോൺഗ്രസിൽ തിരിച്ചെടുക്കാനാണ് നീക്കം. ഇതിനിടെയാണ് ശംഭുവിനെതിരെ അതിശക്തമായ നിലപാട് എടുത്ത നേതാവിനെ പ്രതിക്കൂട്ടിലാക്കുന്ന ചാറ്റ് പുറത്തു വന്നത്. ഇതിന് പിന്നിൽ യൂത്ത് കോൺഗ്രസിലെ നേതാക്കൾ തന്നെ എന്നതാണ് വസ്തുത.

അതിനിടെ വാട്സ്ആപ്പ് ചാറ്റ് പ്രചരിക്കുന്ന പശ്ചാത്തലത്തിൽ പൊലീസിനോട് സഹകരിക്കുമെന്ന് കെ.എസ്. ശബരീനാഥൻ അറിയിച്ചു. ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. അവർക്ക് കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വാട്സ്ആപ്പ് ചാറ്റിന്റെ ആധികാരികത സംബന്ധിച്ച ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല. ഈ ചാറ്റ് വച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധ ഗൂഢാലോചന കേസിൽ ശബരിനാഥിനെ പ്രതിചേർക്കാൻ സാധ്യതയുണ്ട്. വിശദമായ നിയമോപദേശം തേടിയ ശേഷമേ തീരുമാനം പൊലീസ് എടുക്കൂ.

എന്നാൽ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് ശബരിനാഥ്. യൂത്ത് കോൺഗ്രസിന്റെ സംഘടനാപ്രവർത്തനത്തിന്റെ ഭാഗമായി നടന്ന സമരമാണ്. വളരെ സമാധാനപരമായി നിയമം പാലിച്ചുകൊണ്ട്, ഭരണഘടനാപരമായി ലഭിച്ചിട്ടുള്ള സംരക്ഷണം ഉപയോഗിച്ചുകൊണ്ട് ചെയ്തിട്ടുള്ള സമരം. യാതൊരു തരത്തിലുള്ള അക്രമമോ, സിപിഎം ആരോപിക്കുന്നതുപോലെ കൊലപാതക ശ്രമമോ ഒന്നുമില്ലാത്ത സമരമായിരുന്നുവെന്നും ശബരിനാഥ് പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ച രണ്ടു യുവാക്കൾക്കെതിരേ കേസെടുത്തു. അതിനെതിരേ കോടതിയുടെ നിലപാട് വന്നു. അവരിന്ന് ജ്യാമത്തിലാണ്. അതൊടൊപ്പം അവർ പൊലീസുമായി സഹകരിക്കുന്നുണ്ട്. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്നത് പോലെയോ, കെ.എസ്.ആർ.ടി.സിക്ക് മുന്നിൽ സമരം ചെയ്യുന്നത് പോലെയെയുള്ള സമാധാനപരമായ സമരം.

സർക്കാരും പൊലീസും എടുത്തിരിക്കുന്ന കേസിലാണ് വധശ്രമം എന്ന് പറയുന്നത്. അത് നിലനിൽക്കാത്തതുകൊണ്ടാണല്ലേ ഇൻഡിഗോയും ഡിജിസിഐയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെ യാത്രാവിക്ക് മാത്രം നൽകിയത്. വധശ്രമം ഉണ്ടായിട്ടില്ല എന്ന് ഇൻഡിഗോയുടെ റിപ്പോർട്ടിൽ വ്യക്തമാണെന്നും ശബരിനാഥൻ പറഞ്ഞു. പ്ലാൻ ചെയ്ത് നടത്തിയ പ്രതിഷേധമാണോ എന്ന് ചോദ്യത്തിനും ശബരിനാഥൻ മറുപടി പറയാതെ ഒഴുഞ്ഞുമാറി. ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കു നേരെയുണ്ടായ പ്രതിഷേധത്തിൽ നടപടി. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഇൻഡിഗോ രണ്ടാഴ്ചത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഫർസീൻ മജീദിനും നവീൻകുമാറിനുമാണ് വിലക്ക് യൂത്ത് കോൺഗ്രസുകാരെ വിമാനത്തിൽ തള്ളിമാറ്റിയ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെ മൂന്നാഴ്ചത്തേക്കാണ് വിലക്കിയത്. ആഭ്യന്തര, രാജ്യാന്തര യാത്രകൾക്ക് വിലക്ക് ബാധകമാണ്. ഇൻഡിഗോ വിമാനക്കമ്പനി നടത്തിയ ഇന്റേണൽ കമ്മീഷൻ അന്വേഷത്തിന് ശേഷമാണ് ഏവിയേഷൻ റൂൾസ് പ്രകാരം യാത്രാ വിലക്ക് ഏർപ്പെടുത്തിയത്.

വിമാനത്തിലുണ്ടായ നടപടിയിൽ ഇ.പി ജയരാജനെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് കാണിച്ച് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ഇൻഡിഗോ എയർലൈൻസിനും ഹൈബി ഈഡൻ എംപി കത്ത് നൽകിയിരുന്നു. വിലക്ക അറിയിപ്പ് ലഭിച്ചുവെന്ന് യൂത്ത്കോൺഗ്രസ് പ്രവർത്തകൻ ഫർസീൻ മജീദ് അറിയിച്ചു. ഇ.പി ജയരാജനെതിരെ പൊലീസ് കേസെടുത്തില്ലെങ്കിലും സത്യം പുറത്തുവന്നു. നീതിന്യായവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും ഫർസീൻ പറഞ്ഞു. ശബരിനാഥനെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ ഇ.പി ജയരാജനെതിരെ കേസെടുത്ത് ചോദ്യം ചെയ്യണമെന്നും അറസ്റ്റു ചെയ്യണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തെത്തിയ ഇൻഡിഗോ വിമാനത്തിലാണ് പ്രതിഷേധമുണ്ടായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദിനും നവീൻകുമാറിനും സുനിത് നാരായണനുമെതിരെ കേസ് എടുത്തപ്പോൾ ഇപിക്കുമെതിരെ കേസെടുക്കണമെന്നായിരുന്ന കോൺഗ്രസ് ആവശ്യം. എന്നാൽ ഈ ആവശ്യം മുഖ്യമന്ത്രി തള്ളുകയായിരുന്നു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഇ പി ജയരാജൻ തടയാനാണ് ശ്രമിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇപിക്കെതിരെ കോടതിയിലോ കസ്റ്റഡിയിലുള്ളപ്പോഴൊ പ്രതികൾ ആരോപണം ഉന്നയിച്ചിട്ടില്ല. പ്രതികൾ ചെയ്ത കുറ്റത്തിന്റെ ഗൗരവം കുറക്കാനാണ് ജയരാജനെതിരായ പരാതി എന്ന് ബോധ്യമായതിനാൽ കേസില്ലെന്നാണ് നിയമസഭയിൽ പിണറായി രേഖാമൂലം നൽകിയ മറുപടി. ഇ.പി ജയരാജനെതിരെ നിരവധി പേർ പരാതി നൽകിയെങ്കിലും പൊലീസ് തള്ളുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP