Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അനൂപ് ജേക്കബിനൊപ്പം അമ്മയും സഹോദരിയും; കേരളാ കോൺഗ്രസ് ജേക്കബ്ബിലെ പിളർപ്പ് ഭാവനാ സൃഷ്ടിയെന്ന് ഡെയ്‌സി ജേക്കബ്; 'ടിഎം ജേക്കബ് ഫോറത്തിന്' പിന്നിലും കുടുംബത്തിന് പങ്കില്ല; പിറവത്തെ എംഎൽഎയ്‌ക്കെതിരായ കുടുംബ നീക്കം വ്യാജ വാർത്ത; വിമതരെ പുറത്താക്കും; ജേക്കബിന്റെ പാർട്ടി പിളരില്ല

അനൂപ് ജേക്കബിനൊപ്പം അമ്മയും സഹോദരിയും; കേരളാ കോൺഗ്രസ് ജേക്കബ്ബിലെ പിളർപ്പ് ഭാവനാ സൃഷ്ടിയെന്ന് ഡെയ്‌സി ജേക്കബ്; 'ടിഎം ജേക്കബ് ഫോറത്തിന്' പിന്നിലും കുടുംബത്തിന് പങ്കില്ല; പിറവത്തെ എംഎൽഎയ്‌ക്കെതിരായ കുടുംബ നീക്കം വ്യാജ വാർത്ത; വിമതരെ പുറത്താക്കും; ജേക്കബിന്റെ പാർട്ടി പിളരില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ കോൺഗ്രസ് ജേക്കബിനെ അനൂപ് ജേക്കബ് തന്നെ നയിക്കും. പാർട്ടിയിലെ വിമതന്മാരെ എല്ലാം പുറത്താക്കാനാണ് നീക്കം. ടിഎം ജേക്കബിന്റെ കുടുംബം ഒറ്റക്കെട്ടായി മുമ്പോട്ട് പോകാനാണ് തീരുമാനം. പാർട്ടിയിൽ ഭിന്നതയുണ്ടെന്നും മകൻ അനുപ് ജേക്കബുമായി പ്രശ്‌നത്തിലുമാണെന്നത് വ്യാജ വാർത്തയാണെന്ന് ഡെയ്‌സി ജേക്കബും പറയുന്നു. പാർട്ടിയെ അടിമുടി അഴിച്ചു പണിത് പ്രശ്‌നക്കാരെ എല്ലാം ഒഴിവാക്കാനാണ് തീരുമാനം. കേരളാ കോൺഗ്രസ് ബിയിൽ നിന്ന് ജേക്കബിലേക്ക് എത്തിയ വി എസ് മനോജ് കുമാർ അടക്കമുള്ളവർക്കെതിരെ അച്ചടക്ക നടപടി വരും. എറണാകുളം ജില്ലയിലെ മുതിർന്ന നേതാവായ കെ.ജി. പുരുഷോത്തമനേയും മാറ്റും.

പിള്ളയുടെ പാർട്ടിയിൽ നിന്ന് എത്തിയ മനോജ് കുമാറാണ് പ്രശ്‌നങ്ങൾക്ക് പിന്നിലെന്നാണ് അനൂപ് ജേക്കബ് ഗ്രൂപ്പിന്റെ വിലയിരുത്തൽ. പാർട്ടിയിൽ പ്രശ്‌നങ്ങളുണ്ടാക്കി അമ്മയേയും മകനേയും തെറ്റിക്കാനാണ് ശ്രമിച്ചത്. എന്നാൽ ഒരു ഘട്ടത്തിൽ പോലും അതു വിജയിച്ചില്ലെന്നും അനൂപ് ജേക്കബ് അനുകൂലികൾ പറയുന്നു. ഇതിന് തെളിവായി പാർട്ടിയുമായി സഹകരിക്കുന്നില്ലെന്ന വാർത്തയെ ഡെയ്‌സി ജേക്കബ് തള്ളി പറഞ്ഞതും ചൂണ്ടിക്കാട്ടുന്നുണ്ട്. ടിഎം ജേക്കബിന്റെ മകൾ അനൂപ് ജേക്കബും വിമതരെ പിന്തുണയ്ക്കുന്നില്ലെന്നാണ് ജേക്കബിന്റെ കുടുംബത്തിൽ നിന്നുള്ള സൂചന.

കേരള കോൺഗ്രസ് (ജേക്കബ്) വർക്കിങ് പ്രസിഡന്റായി ഇനി താനില്ലെന്ന് ടി.എം. ജേക്കബിന്റെ ഭാര്യ ഡെയ്സി ജേക്കബ് നേതൃത്വത്തെ അറിയിച്ചു എന്ന തരത്തിൽ വാർത്ത എത്തിയിരുന്നു. ഒപ്പം പാർട്ടിയിലെ അസംതൃപ്തർ ജേക്കബിന്റെ മകൾ അമ്പിളി ജേക്കബിനെ രംഗത്തിറക്കി ബദൽ സംഘടനയ്ക്കു നീക്കം തുടങ്ങി എന്നായിരുന്നു റിപ്പോർട്ട്. ഇതിനിടെ, എറണാകുളം ജില്ലയിൽ നിന്നടക്കം പ്രവർത്തകരിൽ പലരും പാർട്ടി ബന്ധം ഉപേക്ഷിക്കാനുള്ള നീക്കത്തിലാണെന്നും വാർത്ത വന്നു. ഇതെല്ലാം നിഷേധിക്കുകയാണ് ഡെയ്‌സി ജേക്കബ്.

പാർട്ടിയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ ഉണ്ടെന്നുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ഡെയ്‌സി ജേക്കബ് തന്നെ അറിയിച്ചു. താനുള്ളപ്പെടെ പാർട്ടിയിലുള്ളവർ പാർട്ടി പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോവുകയാണ്. ടിഎം ജേക്കബ് ഫോറം എന്ന പേരിലുള്ള സംഘടനയ്ക്ക് താനുമായോ പാർട്ടിയുമായോ യാതൊരു ബന്ധവുമില്ലെന്ന് ഡെയ്‌സി ജേക്കബ് അറിയിച്ചു.

മറ്റു പല പാർട്ടികളും തെരഞ്ഞെടുപ്പിൽ നിഷ്പ്രഭരായപ്പോഴും അനൂപ് ജേക്കബിന് വിജയിച്ചുവരാനായത് യു.ഡി.എഫിൽ തന്നെ മതിപ്പുണ്ടാക്കിയിരുന്നു. അതിനിടയിലാണ് പാർട്ടിക്കുള്ളിൽനിന്നു പ്രശ്നങ്ങൾ തലപൊക്കി തുടങ്ങിയത് എന്ന തരത്തിലായിരുന്നു വാർത്ത. എറണാകുളം ജില്ലയിലെ ചില പ്രശ്നങ്ങളാണ് ആദ്യം തലപൊക്കിയത്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ. ആരോഗ്യപരമായ കാരണങ്ങളാൽ സ്ഥാനത്ത് തുടരാനാകില്ലെന്ന് അറിയിച്ചാണ് ഡെയ്സി ജേക്കബ് ആദ്യം മാറിനിന്നത്. ഈ കാരണം പറഞ്ഞു കുറേക്കാലമായി പാർട്ടിപരിപാടികളിലും പങ്കെടുത്തില്ലെന്നായിരുന്നു എന്നായിരുന്നു റിപ്പോർട്ട്. ഇതാണ് ഡെയ്‌സി ജേക്കബ് നിഷേധിക്കുന്നത്.

ഭാരവാഹികളെ തെരഞ്ഞെടുത്ത യോഗത്തിൽനിന്നുൾപ്പെടെ വിട്ടുനിന്നിട്ടും വർക്കിങ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നുവെന്നും വാർത്തയുണ്ടായിരന്നു. പിറവം നിയോജകമണ്ഡലത്തിലെ നഗരസഭാ മുൻ വൈസ് ചെയർപഴ്സൺ അയിഷാ മാധവൻ, എറണാകുളം ജില്ലയിലെ മുതിർന്ന നേതാവായ കെ.ജി. പുരുഷോത്തമൻ, പാർട്ടി ജനറൽ സെക്രട്ടറി വി എസ്. മനോജ്കുമാർ എന്നിവരുൾപ്പെടെ ഒരു വിഭാഗം പാർട്ടിയുമായി ഇടഞ്ഞുനിൽക്കുകയാണ്. ടി.എം. ജേക്കബ് ഫോറം എന്ന പേരിൽ സംഘടന രൂപീകരിച്ചു സമാന്തരപ്രവർത്തനവും തുടങ്ങി. ജേക്കബിന്റെ മകൾ അമ്പിളിയെ ഒപ്പം നിർത്തി ശക്തമായി മുന്നോട്ടുപോകാനാണ് ഇവരുടെ നീക്കമെന്നായിരുന്നു റിപ്പോർട്ട്. ഇതാണ് ടിഎം ജേക്കബിന്റെ കുടുംബം ഒന്നടങ്കം നിഷേധിക്കുന്നത്.

വി എസ്. മനോജ്കുമാറിന്റെ നേതൃത്വത്തിൽ ജോസ് കെ. മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസി(എം)ലേക്ക് പോകാനുള്ള നീക്കവും നടത്തുന്നുണ്ട്. യു.ഡി.എഫിന്റെ പിന്തുണ പൂർണമായും അനൂപ് ജേക്കബിനാണ്. മുന്നണിയുടെ എംഎ‍ൽഎ എന്ന നിലയിൽ യു.ഡി.എഫ് അദ്ദേഹത്തിന് മുന്തിയ പരിഗണന നൽകുമെന്ന് മുന്നണി വൃത്തങ്ങളും വ്യക്തമാക്കി. ഇതെല്ലാം വിമതർക്കും യുഡിഎഫിൽ സ്ഥാനമുണ്ടാകില്ലെന്ന സൂചനയാണ് നൽകുന്നത്. ഇതിനിടയിൽ യൂത്ത് ഫ്രണ്ട് (ജേക്കബ് ) തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജോണി മലയത്തിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടിയുടെ പ്രാഥമികാംഗത്വം ഉപേക്ഷിച്ചിരുന്നു.

ഭാരവാഹികളായ അനീഷ് എം ജി, കമൽരാജ് .എൻ, അനൂപ് മുളയറ, വിപിൻദാസ്, അതുൽ മോഹൻ, രാജേഷ് മലയിൻകീഴ്, സുഭാഷ് തുടങ്ങി 20 നിയോജകമണ്ഡലം, മണ്ഡലം ഭാരവാഹികളാണ് യൂത്ത് ഫ്രണ്ടിൽ നിന്നും കേരളാ കോൺഗ്രസിന്റെ (ജേക്കബ്) പ്രാഥമിക അംഗത്വത്തിൽനിന്നു രാജിവച്ചത്. എന്നാൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയവരാണ് ഇവരെന്നാണ് ഔദ്യോഗിക നേതൃത്വം പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP