Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാല് വിക്കറ്റ് വീഴ്‌ത്തി ഹാർദിക്ക്; മൂന്ന് വിക്കറ്റുമായി ചാഹൽ; നായകന്റെ ഇന്നിങ്‌സുമായി ബട്‌ലറും; മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 260 റൺസ് വിജയലക്ഷ്യം; തുടക്കത്തിലെ ശിഖർ ധവാൻ പുറത്ത്; ഇന്ത്യയ്ക്ക് ആദ്യവിക്കറ്റ് നഷ്ടമായി

നാല് വിക്കറ്റ് വീഴ്‌ത്തി ഹാർദിക്ക്; മൂന്ന് വിക്കറ്റുമായി ചാഹൽ; നായകന്റെ ഇന്നിങ്‌സുമായി ബട്‌ലറും; മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 260 റൺസ് വിജയലക്ഷ്യം; തുടക്കത്തിലെ ശിഖർ ധവാൻ പുറത്ത്; ഇന്ത്യയ്ക്ക് ആദ്യവിക്കറ്റ് നഷ്ടമായി

സ്പോർട്സ് ഡെസ്ക്

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരെ നിർണായകമായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് 260 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ക്യാപ്റ്റൻ ജോസ് ബട്ലറുടെ (60) ഇന്നിങ്സാണ് കരുത്തായത്. ഹാർദിക് പാണ്ഡ്യ നാല് വിക്കറ്റും യൂസ്വേന്ദ്ര ചാഹൽ മൂന്ന് വിക്കറ്റും വീഴ്‌ത്തി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ ഇരു ടീമുകളും ജയിച്ച് തുല്യ നിലയിലാണ്. ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.

മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. ഓപ്പണർ ശിഖർ ധവാൻ ഒരു റൺസ് എടുത്ത് പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ 12 റൺസ് നേടി ഓപ്പണർ ജേസൺ റോയ് നന്നായി തുടങ്ങിയെങ്കിലും തൊട്ടടുത്ത ഓവറിൽ കളി മാറി. രണ്ടാം ഓവറിൽ രണ്ട് വിക്കറ്റ് വീഴ്‌ത്തിക്കൊണ്ട് ബുംറയ്ക്ക് പകരം ടീമിലിടം നേടിയ മുഹമ്മദ് സിറാജ് കൊടുങ്കാറ്റായി. രണ്ടാം ഓവറിലെ മൂന്നാം പന്തിൽ ഓപ്പറായ ജോണി ബെയർസ്റ്റോയെ റൺസെടുക്കുംമുൻപ് സിറാജ് മടക്കി. സിറാജിന്റെ പന്തിൽ ബൗണ്ടറിനേടാൻ ശ്രമിച്ച ബെയർസ്റ്റോയുടെ ബാറ്റിന്റെ എഡ്ജിൽ തട്ടിയ പന്ത് ഉയർന്നുപൊന്തി. പകരക്കാരനായ ശ്രേയസ്സ് അയ്യർ ഇത് അനായാസം കൈയിലൊതുക്കി.

പിന്നാലെ വന്ന ജോ റൂട്ട് വീണ്ടും നിരാശപ്പെടുത്തി. റൺസെടുക്കുംമുൻപ് താരത്തെ സിറാജ് സ്ലിപ്പിൽ നിന്ന രോഹിത് ശർമയുടെ കൈയിലെത്തിച്ചു. ഇതോടെ ഇംഗ്ലണ്ട് 12 ന് രണ്ട് എന്ന നിലയിലേക്ക് വീണു. എന്നാൽ പിന്നീട് ക്രീസിലൊന്നിച്ച ജേസൺ റോയ്-ബെൻ സ്റ്റോക്സ് സഖ്യം വലിയ തകർച്ചയിൽ നിന്ന് ടീമിനെ രക്ഷിച്ചു. ഇരുവരും ചേർന്ന് ടീം സ്‌കോർ 50 കടത്തി. മികച്ച കൂട്ടുകെട്ടുമായി മുന്നേറിയെങ്കിലും ഹാർദിക് പാണ്ഡ്യയിലൂടെ ഇന്ത്യ തിരിച്ചടിച്ചു. ടീം സ്‌കോർ 66-ൽ നിൽക്കേ 31 പന്തുകളിൽ നിന്ന് 41 റൺസെടുത്ത ജേസൺ റോയിയെ മടക്കി ഹാർദിക് ഈ കൂട്ടുകെട്ട് പൊളിച്ചു.

പിന്നാലെ 29 പന്തുകളിൽ നിന്ന് 27 റൺസെടുത്ത ബെൻ സ്റ്റോക്സിനെ മികച്ച ഒരു ബൗൺസറിലൂടെ മടക്കി ഹാർദിക് ഇംഗ്ലണ്ടിനെ തകർച്ചയിലേക്ക് തള്ളിയിട്ടു. ഇതോടെ ഇംഗ്ലണ്ട് 74 ന് നാല് എന്ന സ്‌കോറിലേക്ക് വീണു. നാല് വിക്കറ്റ് വീണതോടെ നായകൻ ജോസ് ബട്ലറും ഓൾറൗണ്ടർ മോയിൻ അലിയും ക്രീസിലൊന്നിച്ചു. മികച്ച കൂട്ടുകെട്ടുമായി ഇരുവരും ടീമിനെ നയിച്ചു. ഇതോടെ ഇന്ത്യ പരുങ്ങലിലായി. അഞ്ചാം വിക്കറ്റിൽ അലിയും ബട്ലറും ചേർന്ന് 75 റൺസാണ് കൂട്ടിച്ചേർത്തത്. ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിന് ജീവൻ പകരുന്ന പ്രകടനമാണ് ഇവർ നൽകിയത്. ബൗളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഈ കൂട്ടുകെട്ട് പൊളിക്കാൻ രോഹിതിന് സാധിച്ചില്ല.

ഒടുവിൽ അതുവരെ ബൗൾ ചെയ്യാതിരുന്ന രവീന്ദ്ര ജഡേജയെ രോഹിത് പന്തേൽപ്പിച്ചു. അത് ഫലം കാണുകയും ചെയ്തു. തന്റെ ആദ്യ ഓവറിൽ തന്നെ മോയിൻ അലിയെ മടക്കി ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. 44 പന്തുകളിൽ നിന്ന് 34 റൺസെടുത്ത അലിയെ ജഡേജ ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു. അലി മടങ്ങിയിട്ടും ബട്ലർ ഫോം തുടർന്നു. വൈകാതെ താരം അർധസെഞ്ചുറി നേടി. 64 പന്തുകളിൽ നിന്നാണ് ബട്ലർ അർധശതകം കുറിച്ചത്. മോയിൻ അലിക്ക് പകരം വന്ന ലിയാം ലിവിങ്സ്റ്റൺ അതിവേഗം സ്്കോർ ഉയർത്തി. ബട്ലറും ലിവിങ്സ്റ്റണും 49 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.

എന്നാൽ ഹാർദിക് പാണ്ഡ്യയെ വീണ്ടും പന്തേൽപ്പിച്ച് രോഹിത് ഈ കൂട്ടുകെട്ടും പൊളിച്ചു. 31 പന്തുകളിൽ നിന്ന് 27 റൺസെടുത്ത ലിവിങ്സ്റ്റണെ ഹാർദിക് ജഡേജയുടെ കൈയിലെത്തിച്ചു. അതേ ഓവറിൽ തന്നെ ബട്ലറെയും മടക്കി ഹാർദിക് വീണ്ടും ഇംഗ്ലണ്ടിന് മേൽ സമ്മർദ്ദം ചെലുത്തി. 80 പന്തുകളിൽ നിന്ന് മൂന്ന് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 60 റൺസെടുത്ത ബട്ലറെയും ഹാർദിക് ജഡേജയുടെ കൈയിലെത്തിച്ചു. ബട്ലർ പുറത്താകുമ്പോൾ ഇംഗ്ലണ്ട് ഏഴുവിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് നേടിയത്.

ഇതോടെ ഇന്ത്യ പിടിമുറുക്കിയെന്ന് തോന്നിച്ചെങ്കിലും എട്ടാം വിക്കറ്റിൽ ഒന്നിച്ച ഡേവിഡ് വില്ലിയും ക്രെയ്ഗ് ഓവർട്ടണും എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. ഇരുവരും 48 റൺസാണ് എട്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഇതോടെ ഇംഗ്ലണ്ട് മാന്യമായ സ്‌കോറിലേക്ക് കുതിച്ചു. ഒടുവിൽ യൂസ്വേന്ദ്ര ചാഹലാണ് ഈ കൂട്ടുകെട്ട് തകർത്തത്. 15 പന്തുകളിൽ നിന്ന് 18 റൺസെടുത്ത വില്ലിയെ ചാഹൽ സൂര്യകുമാർ യാദവിന്റെ കൈയിലെത്തിച്ചു.

അവസാന ഓവറുകളിൽ ക്രെയ്ഗ് ഓവർട്ടൺ ചെറുത്തുനിന്നതോടെ ഇംഗ്ലണ്ട് സ്‌കോർ 250 കടന്നു. വൈകാതെ താരത്തെ ചാഹൽ കോലിയുടെ കൈയിലെത്തിച്ചു. 33 പന്തുകളിൽ നിന്ന് 32 റൺസാണ് ഓവർട്ടണിന്റെ സമ്പാദ്യം. പിന്നാലെ റീസ് ടോപ്ലിയെ ക്ലീൻ ബൗൾഡാക്കി ചാഹൽ ഇംഗ്ലണ്ട് ഇന്നിങ്സിന് തിരശ്ശീലയിട്ടു. ബ്രൈഡൺ കാഴ്സ് പുറത്താവാതെ (3) നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി ഹാർദിക് പാണ്ഡ്യ ഏഴോവറിൽ മൂന്ന് മെയ്ഡനടക്കം 24 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റെടുത്തു. ചാഹൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ സിറാജ് രണ്ടുവിക്കറ്റ് സ്വന്തമാക്കി. ശേഷിച്ച വിക്കറ്റ് ജഡേജ വീഴ്‌ത്തി. ഒരു മാറ്റവുമായിട്ടാണി ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ജസ്പ്രിത് ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജ് ടീമിലെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP