Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പലനാൾ കള്ളം പറഞ്ഞ് ഇരുട്ടിനെ വാഴ്‌ത്താൻ ശ്രമിക്കുന്നവർ സത്യം എന്തെന്ന് അറിയണം... ഇനി നിയമ പോരാട്ടം; എകെജി സെന്റർ ആക്രമിച്ചവരെ കണ്ടെത്താൻ ലോക്കൽ സെക്രട്ടറിക്ക് താൽപ്പര്യമില്ലേ? സത്യത്തെ പരാതിയിൽ മുക്കി മറയ്ക്കാൻ ഐപി ബിനു; അക്രമികളെ കണ്ടെത്താൻ സിബിഐ എത്തുമോ?

പലനാൾ കള്ളം പറഞ്ഞ് ഇരുട്ടിനെ വാഴ്‌ത്താൻ ശ്രമിക്കുന്നവർ സത്യം എന്തെന്ന് അറിയണം... ഇനി നിയമ പോരാട്ടം; എകെജി സെന്റർ ആക്രമിച്ചവരെ കണ്ടെത്താൻ ലോക്കൽ സെക്രട്ടറിക്ക് താൽപ്പര്യമില്ലേ? സത്യത്തെ പരാതിയിൽ മുക്കി മറയ്ക്കാൻ ഐപി ബിനു; അക്രമികളെ കണ്ടെത്താൻ സിബിഐ എത്തുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എകെജി സെന്ററിന് പടക്കം എറിഞ്ഞിട്ട് ആഴ്ച രണ്ടായി. പ്രതികളെ പൊലീസ് കണ്ടെത്തുന്നില്ല. ഇതിൽ സിപിഎമ്മുകാർ പോലും സമ്മർദ്ദമോ പരാതിയോ കൊടുക്കുന്നില്ല. അതിനിടെ എന്തുകൊണ്ടാണ് അന്വേഷണം നിശ്ചലമായതെന്ന വാർത്ത നൽകിയ മറുനാടൻ മലയാളിയെ പ്രതിയാക്കാൻ ശ്രമം. എകെജി സെന്റർ അക്രമ കേസിലെ പ്രതികളെ പിടിക്കാത്ത പൊലീസിനെതിരെ പ്രതിഷേധിക്കാത്തവരാണ് പുതിയ പരാതിയുമായി രംഗത്ത് വന്നത്.

ഐപി ബിനുവാണ് കേസുമായി എത്തിയിരിക്കുന്നത്. എകെജി സെന്ററിന് മുന്നിൽ പടക്കം എറിയുന്ന സമയത്ത് രണ്ട് ബൈക്കുകൾ എത്തിയിരുന്നു. ഇതിൽ ഒന്നിലുള്ള ആൾ പടക്കം എറിഞ്ഞു. മറ്റേ ആൾ വേഗതയിൽ ഓടിച്ചു പോയി. ഇയാളെ പൊലീസ് തിരിച്ചറിഞ്ഞു. ഫോൺ പരിശോധനയിൽ അസ്വാഭാവികമായി ചിലതു കണ്ടു. ഇതോടെ കേസ് അന്വേഷണം തീർന്നുവെന്നതായിരുന്നു വാർത്ത. ഇയാളുടെ ഫോണിലേക്ക് ഐപി ബിനു വിളിച്ചിരുന്നു എന്നതായിരുന്നു മറുനാടൻ വാർത്ത. ഇതിനൊപ്പം സിപിഎം ബന്ധമുള്ളവരാണോ ബോംബ് എറിഞ്ഞതെന്ന സംശയവും ചർച്ചയാക്കി. ഇതിന് പിന്നാലെയാണ് ഐപി ബിനു കേസു കൊടുത്തത്. ഇക്കാര്യം ഫെയ്‌സ് ബുക്കിലൂടെ ഐപി ബിനു തന്നെ അറിയിക്കുകയും ചെയ്തു.

ഐപി ബിനുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

പ്രിയപ്പെട്ട സുഹൃത്തുക്കളെ സഖാക്കളെ

കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ മാധ്യമം എന്റെ പേര് പരാമർശിച്ച് ഒരു വാർത്ത കൊടുത്തിരുന്നു . അവാസ്തവങ്ങൾ നിരത്തി പൊതു പ്രവർത്തകനായ എന്നെ താറടിച്ച് കാണിക്കുന്ന തരത്തിലായിരുന്നു വാർത്ത്. അതിനെതിരെ നിയമ നടപടി അല്ലാതെ മറ്റ് മാർഗമില്ല. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും ഡിജിപിക്കും ആ മാധ്യമത്തിനെതിരെ പരാതി കൊടുത്തു. സത്യം ജയിക്കണം, നിയമം പുലരണം അതാണ് ഓരോ കമ്മ്യൂണിസ്റ്റും ആഗ്രഹിക്കുന്നത്. എന്നെ പഴി ചാരാനും എന്നെ പ്രതി ചേർക്കാനും വെമ്പുന്നവർ ഉണ്ടാകാം. അതൊന്നു മല്ല പ്രശ്‌നം, ഇല്ലാക്കഥ മെനഞ്ഞ് സന്തോഷിക്കുന്നവർ നിയമത്തെ പേടിക്കണം, പലനാൾ കള്ളം പറഞ്ഞ് ഇരുട്ടിനെ വാഴ്‌ത്താൻ ശ്രമിക്കുന്നവർ സത്യം എന്തെന്ന് അറിയണം, ഇനി നിയമ പോരാട്ടം..
അഭിവാദ്യങ്ങൾ
നിങ്ങളുടെ സ്വന്തം
ഐ.പി ബിനു

അതിനിടെ കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മറുനാടൻ പുറത്തു വിട്ട വാർത്തയിലെ സംശയങ്ങളാണ് ഇത്തരമൊരു നീക്കത്തിന് കാരണം. സിബിഐ അന്വേഷണ ആവശ്യം കോടതിയിൽ ഉയർത്താനും സാധ്യത ഏറെയാണ്. സിപിഎം സംസ്ഥാന സമിതി ഓഫീസ് ആക്രമണവുമായി തനിക്ക് ബന്ധമില്ലെന്ന് സിപിഎം ജനറൽ ആശുപത്രി ലോക്കൽ കമ്മറ്റി സെക്രട്ടറി ഐപി ബിനു നേരത്തെ അറിയിച്ചിരുന്നു. ഒരു online മാധ്യമം കഴിഞ്ഞ ദിവസം എനിക്കെതിരെ അപകീർത്തിപരമായ ഒരു വാർത്ത കൊടുക്കുകയുണ്ടായി. എ കെ ജി സെന്റർ ആക്രമണ കേസുമായി എനിക്ക് പങ്കുണ്ടെന്നാണ് ഈ മാധ്യമത്തിന്റെ ആരോപണം, അത് ശരിയല്ല ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു എന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിൽ ആദ്യം ഐപി ബിനു പറഞ്ഞത്. അതിന് ശേഷമാണ് പൊലീസിൽ കേസ് കൊടുക്കുന്നത്.

സിപിഎം സംസ്ഥാന സമിതി ഓഫീസായ എകെജി സെന്ററിലെ ആക്രമണവുമായി ബന്ധപ്പെട്ട് മറുനാടൻ എക്സ്‌ക്ലൂസീവായി വാർത്ത നൽകിയിരുന്നു. ഓഫീസ് ആക്രമണത്തിന് പിന്നിൽ രണ്ടു പേരാണെന്നും അന്വേഷണം അട്ടിമറിച്ചുവെന്നുമായിരുന്നു ആ വാർത്ത. അതിൽ ഐപി ബിനുവിന്റെ പേര് പരാമർശിച്ചിരുന്നു. എന്നാൽ അത് എകെജി സെന്റർ അക്രമണ കേസിൽ ഐപി ബിനുവിന് പങ്കുണ്ടെന്നായിരുന്നില്ല. മറിച്ച് പൊലീസ് തിരിച്ചറിഞ്ഞ രണ്ടു പേരിൽ ഒരാളുടെ ഫോണിലേക്ക് ആക്രമത്തിന് ശേഷം പുലർച്ചെ ഐപി ബിനുവിന്റെ നമ്പരിൽ നിന്നും ഫോൺ പോയിരുന്നുവെന്നായിരുന്നു. ഇത് മനസ്സിലായതോടെ പൊലീസ് കേസ് അന്വേഷണം അട്ടിമറിച്ചുവെന്നായിരുന്നു മറുനാടൻ വാർത്ത.

എകെജി സെന്ററിലെ ബോംബാക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഐപി ബിനുവും ഫെയ്സ് ബുക്കിൽ ഇട്ടിരുന്നു. ഇതിൽ മറുനാടൻ വാർത്തയിൽ പറയുന്ന ആദ്യ ബൈക്കുകാരന്റെ വരവും മറ്റും ചർച്ചയാകാതിരിക്കാൻ ശ്രദ്ധിക്കുന്ന തരത്തിലാണ് വീഡിയോ എത്തിയതെന്നും വ്യക്തമാണ്. എകെജി സെന്റർ ആക്രമണത്തിന് രണ്ടാഴ്ചയാവുകയാണ്. അപ്പോഴും യഥാർത്ഥ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടതിന് പിന്നിലെ ഫോൺ കോളുമായി ബന്ധപ്പെട്ട വാർത്ത മറുനാടൻ പുറത്തു വിട്ടത്. ഈ സാഹചര്യത്തിലാണ് എ കെ ജി സെന്റർ ആക്രമണ കേസുമായി എനിക്ക് പങ്കുണ്ടെന്നാണ് ഈ മാധ്യമത്തിന്റെ ആരോപണമെന്നും അത് ശരിയല്ല ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചുവെന്നും ഐപി ബിനു ഫെയ്സ് ബുക്ക് പ്രതികരണം നടത്തിയെന്ന് വേണം മനസ്സിലാക്കാൻ. എന്നാൽ മറുനാടൻ വിശദീകരിച്ച ഫോൺ വിളിയെ കുറിച്ച് ഐപി ബിനു വിശദീകരണത്തിൽ ഒന്നും പറയുന്നുമില്ല. അക്രമിയെ കണ്ടെത്താത്ത പൊലീസിനെ സിപിഎം ജനറൽ ആശുപത്രി ലോക്കൽ കമ്മറ്റി സെക്രട്ടറി വിമർശിക്കുന്നുമില്ലെന്നത് ശ്രദ്ധേയമാണ്.

വർഷങ്ങൾക്ക് മുമ്പ് ബിജെപി സംസ്ഥാന സമിതി ഓഫീസ് ആക്രമിച്ച കേസിലെ പ്രതിയാണ് ഐപി ബിനു. അന്ന് രാത്രി ബൈക്കിൽ വടിയുമായി എത്തി ഓഫീസ് തല്ലി തകർക്കുകയായിരുന്നു ഐപി ബിനു. പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ ഐപി ബിനുവിനെ രക്ഷിച്ചെടുക്കാൻ പ്രോകിസ്യൂഷൻ കോടതിയിൽ ഹർജി നൽകി. ഇത് കോടതി തള്ളിയ ദിവസമാണ് എകെജി സെന്റർ ആക്രമണം നടന്നതെന്നതും ശ്രദ്ധേയമാണ്. എകെജി സെന്റർ ആക്രമണത്തിലെ അന്വേഷണ അട്ടിമറിയിൽ എക്സ്‌ക്ലൂസീവ് വീഡിയോ അടക്കം നിർണ്ണായക വിവരങ്ങളാണ് മറുനാടൻ കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. അതിൽ ഒരിടത്തും ഐപി ബിനുവാണ് അക്രമം നടത്തിയതെന്ന് പറയുന്നില്ല. എന്നാൽ അക്രമത്തിൽ സംശയത്തിലുള്ള രണ്ടാമനെ പൊലീസ് വെറുതെ വിട്ടതിന് പിന്നിലെ സംശയങ്ങളും തെളിവുകളുമാണ് ചർച്ചയാക്കിയത്.

ജൂലൈ പതിനാലിന് മറുനാടൻ നൽകിയ വാർത്തയുടെ പൂർണ്ണ രൂപം ചുവടെ

എകെജി സെന്ററിലെ സിസിടിവിയിൽ പതിഞ്ഞ ആ അജ്ഞാതനെ തേടി പുലർച്ചെ എത്തിയത് സഖാവിന്റെ സെക്കന്റുകൾ നീളുന്ന ഫോൺ കോൾ! ബൈക്കിലെത്തിയ രണ്ടാമന്റെ പങ്ക് വ്യക്തമായിട്ടും അറസ്റ്റില്ല; ആളെ തിരിച്ചറിഞ്ഞെങ്കിലും പ്രാദേശിക നേതാവിന്റെ സൗഹൃദം സമ്മർദ്ദമായി; ബോംബെറിഞ്ഞയാൾ സിപിഎമ്മുകാരനോ? നിർണ്ണായക ദൃശ്യങ്ങൾ മറുനാടൻ പുറത്തു വിടുന്നു

തിരുവനന്തപുരം: എകെജി സെന്റർ ബോംബാക്രമണത്തിൽ നിർണ്ണായക വിവരങ്ങൾ പൊലീസിന് കിട്ടിയെങ്കിലും ഇതിനെ മറ്റൊരു 'സുകുമാരക്കുറുപ്പ്' കേസാക്കാൻ ഉന്നത ഇടപെടൽ. രണ്ടു ബൈക്കുകൾക്ക് ബോംബാക്രമണത്തിൽ പങ്കുണ്ട്. ആദ്യം ഒരു ബൈക്ക് എത്തുന്നു. സാഹചര്യം നിരീക്ഷിക്കുന്നു. പിന്നീട് തിരിച്ചു പോകുന്നു. അതിന് ശേഷം ഈ ബൈക്ക് വീണ്ടും എകെജി സെന്ററിന് മുമ്പിലൂടെ പോകുന്നു. അതിന് ശേഷമാണ് ബോംബേറ്. ഇതിൽ ബോംബ് എറിഞ്ഞ ആളിന് പിറകെ മാത്രമാണ് പൊലീസ് യാത്ര. ഇയാൾ എത്തിയത് ടിവി എസ് കമ്പനി ഇറക്കിയ മോഡൽ സ്‌കൂട്ടറിലാണ്. തിരുവനന്തപുരത്ത് ആയിരത്തിൽ താഴെ പേർക്കു മാത്രമേ ഈ ബൈക്ക് ഉണ്ടാകാനും സാധ്യതയുള്ളൂ. എന്നാൽ ഈ വഴിക്കൊന്നും പൊലീസിന് മുമ്പോട്ട് പോകാനാകുന്നില്ല. ഇതിന് കാരണം ആദ്യം സിസിടിവിയിൽ കാണുന്ന വ്യക്തിക്കുള്ള പാർട്ടി സൗഹൃദമാണ്.

ഇതുമായി ബന്ധപ്പെട്ട നിർണ്ണായക വീഡിയോ മറുനാടന് ലഭിച്ചു. എകെജി സെന്ററിലെ വീഡിയോ പൊലീസുകാർ പരിശോധിക്കുമ്പോൾ എടുത്ത വീഡിയോ ആണിത്. ഇതിൽ രണ്ടു പേരെ കുറിച്ചും അവരുടെ ബോംബ് എറിയുന്നതിലെ ബന്ധത്തെ കുറിച്ചുമെല്ലാം വിശദമായി പൊലീസുകാർ തന്നെ പറയുന്നുണ്ട്. ടിവിഎസിന്റെ സ്‌കൂട്ടറാണെന്നും വിശദീകരിക്കുന്നു. എന്നാൽ പൊലീസുകാർ കണ്ടെത്തിയ ഈ വിവരത്തിലേക്ക് അന്വേഷണം പോയില്ല. രണ്ടു പേർ സംഭവത്തിൽ പങ്കെടുത്തുവെന്ന് പറഞ്ഞ പൊലീസ് പിന്നീട് അതൊരു തട്ടുകടക്കാരനായിരുന്നു എന്നും വിശദീകരിച്ചു. വെള്ളം എടുക്കാൻ പോയ തട്ടുകടക്കാരൻ. എന്നാൽ ദൃശ്യത്തിലുള്ള ആളിന്റെ ഫോൺ റിക്കോർഡ് പരിശോധിച്ച പൊലീസ് ഞെട്ടി. ഈ തട്ടുകടക്കാരനെ പൊലീസ് കണ്ടെത്തും മുമ്പ് തന്നെ ആ ആളിന്റെ ഫോണിലേക്ക് ഒരു കോൾ പോയി. അതും അന്ന് രാവിലെ അഞ്ചു മണിക്ക്. സെക്കന്റുകൾ മാത്രം നീണ്ട ഫോൺ സംഭാഷണം. ഈ ഫോൺ സംഭാഷണം കണ്ടെത്തിയതോടെ ആ വഴിക്ക് അന്വേഷണം വേണ്ടെന്ന് ഉന്നത നിർദ്ദേശവും വന്നു.

കുന്നുകുഴിയിലെ മുൻ കൗൺസിലറും സിപിഎം ജനറൽ ആശുപത്രി ലോക്കൽ സെക്രട്ടറിയുമായി ഐപി ബിനുവാണ് ഇയാളെ വിളിച്ചിട്ടുള്ളത്. ബിജെപി ഓഫീസ് ആക്രമണക്കേസിലെ പ്രതിയാണ് ബിനു. എകെജി സെന്റർ ആക്രമിച്ച അന്നായിരുന്നു ബിജെപി ഓഫീസ് ആക്രമണ കേസിൽ നിർണ്ണായക വിധി കോടതിയിൽ നിന്നുണ്ടായത്. ഐപി ബിനുവിനെ വിചാരണയ്ക്ക് മുമ്പ് കുറ്റവിമുക്തനാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യമാണ് കോടതി തള്ളിയത്. എകെജി സെന്റർ ആക്രമിച്ചിട്ടും തൊട്ടടുത്ത് താമസിക്കുന്ന ഐപി ബിനു ഏറെ വൈകിയാണ് സ്ഥലത്ത് എത്തിയത്. പ്രതിഷേധങ്ങളുടെ മുന്നിൽ നിന്നതുമില്ല. ഇതെല്ലാം സംശയത്തിന് ഇടനൽകിയിരുന്നു. ഇതിനൊപ്പമാണ് ഇപ്പോൾ മറുനാടൻ പുറത്തു വിടുന്ന വീഡിയോയിലുള്ള ആളുമായി ഐപി ബിനുവിനുള്ള ബന്ധം ചർച്ചയാകുന്നതും. ഈ ഫോൺ കോളാണ് എകെജി സെന്റർ ആക്രമണത്തിലെ രണ്ടാമനിലേക്കുള്ള അന്വേഷണം വഴി തെറ്റിച്ചത്.

വീഡിയോയിലുള്ള രണ്ടാമനുമായി അടുത്ത സൗഹൃദം ഐപി ബിനുവിനുണ്ടെന്ന് വ്യക്തമായതായി പൊലീസിലെ ഉന്നതരും സമ്മതിക്കുന്നു. എന്നാൽ അന്വേഷണം മുമ്പോട്ട് കൊണ്ടു പോകാനും കഴിയുന്നില്ല. ഈ സാഹചര്യത്തിൽ എകെജി സെന്റർ ആക്രമണ കേസിലെ പ്രതിയും സുകുമാരക്കുറുപ്പിനെ പോലെ അപ്രത്യക്ഷനായി തന്നെ തുടരാനാണ് സാധ്യത. ഈ കേസിൽ സിപിഎമ്മിനും നിലവിൽ താൽപ്പര്യമില്ല. എകെജി സെന്റർ ആക്രമണത്തിൽ സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന് അറിവോ പങ്കാളിത്തമോ ഇല്ലെന്നതും വസ്തുതയാണ്. അതിന് അപ്പുറത്ത് പ്രാദേശിക തലത്തിലെ സിപിഎം അനുഭാവമുള്ളവർ ഈ കേസിൽ ഉൾപ്പെടാനുള്ള സാധ്യതയാണ് കൂടുതൽ. രണ്ടാമത്തെ ആളിനെ പിടിക്കാൻ അനുവദിച്ചിരുന്നുവെങ്കിൽ ബോംബ് എറിഞ്ഞ ആളിനേയും കണ്ടെത്താനാകുമായിരുന്നു. ഇതിന് കഴിയാത്തതാണ് അന്വേഷണം വഴിമുട്ടിച്ചത്.

നിർണ്ണായക വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ റിപ്പോർട്ട് ചുവടെ

തിരുവനന്തപുരത്തെ മിക്ക തട്ടുകടകളും രാത്രി പതിനൊന്ന് മണിവരെയാണ് പ്രവർത്തിക്കാറുള്ളത്. അതുകൊണ്ട് തന്നെ തട്ടുകടക്കാരനായ ബൈക്ക് യാത്രികൻ ആ സമയം അവിടെ എത്തിയതും ദുരൂഹമാണ്. സിസിടിവി ദൃശ്യത്തിൽ പൊലീസ് ഗൗരവത്തോടെ സംസാരിക്കുന്ന ആൾ തട്ടുകടക്കാരനാണോ എന്ന് വ്യക്തമല്ല. എന്നാൽ ആ വ്യക്തിയെ പൊലീസ് തിരിച്ചറിഞ്ഞുവെന്നാണ് ലഭിക്കുന്ന വ്യക്തമായ സൂചന. എകെജി സെന്ററിനുനേരെ ബോംബാക്രമണം നടന്നിട്ട് രണ്ടാഴ്ച ആവാറായി. അപ്പോഴും ഒന്നും തെളിയുന്നില്ല. ഇതിന് കാരണം അന്വേഷണ സംഘത്തിന് മേലുള്ള സമ്മർദ്ദമാണ്.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയം വിളിപ്പാടകലെയാണ്. ആ നിലയിൽ സെന്ററിന് നേരെ നടന്ന ബോംബേറ് സിപിഎം ഫ്ളാറ്റിന് നേരെകൂടി നടന്ന അക്രമമായി വ്യാഖ്യാനിക്കുന്നതിൽ തെറ്റില്ല. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും താമസിക്കുന്ന ഔദ്യോഗിക വസതികളും ഏറെയൊന്നും അകലെയല്ല. സംസ്ഥാന പൊലീസ് ഹെഡ് ക്വാർട്ടേഴ്സും മിനിറ്റുകൾക്കുള്ളിൽ എത്താനുള്ള ദൂരമേയുള്ളൂ. എന്നിട്ടും ബോംബെറിഞ്ഞ ആളിനെ പിടികൂടാൻ പൊലീസിന് സാധിച്ചില്ല.

ഭരിക്കുന്ന പാർട്ടിയുടെ ആസ്ഥാന മന്ദിരത്തിനുപോലും രക്ഷയില്ലാത്ത രീതിയിൽ അരാജകത്വവും അക്രമങ്ങളും അഴിഞ്ഞാടുകയാണ്. കേരളത്തിൽ അതീവ സ്ഫോടന ശേഷിയുള്ള ബോംബ് വന്ന് വീണപ്പോൾ പ്രദേശമാകെ കിടുങ്ങിയെന്നാണ് ശ്രീമതി ടീച്ചറും ഇപി ജയരാജനും വിശദീകരിക്കുന്നത്. രാത്രി 11.26ന് ബോംബ് സ്ഫോടനമുണ്ടായ ഉടനെതന്നെ സ്ഥലത്തെത്തിയ ഇപി ജയരാജന് യാതൊരു സംശയവുമുണ്ടായിരുന്നില്ല, അക്രമികൾ കോൺഗ്രസുകാരെന്ന് പറയാൻ. എന്നിട്ടും സംഭവമുണ്ടായി രണ്ടാഴ്ചയോടടുത്തിട്ടും പ്രതികളിൽ ഒരാളെയെങ്കിലും അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചില്ല.

ആഭ്യന്തര വകുപ്പ് ഭരിക്കുന്ന പിണറായി വിജയന് നാണക്കേടുണ്ടാക്കാൻ സിപിഎം തന്നെ ആസൂത്രണം ചെയ്ത പദ്ധതിയാണിതെന്നാമ് കോൺഗ്രസിന്റെ ആരോപണം. പിണറായി വിജയന്റെ ഭരണത്തിൽ നടന്നുവരുന്ന അഴിമതികൾക്കും സ്വജനപക്ഷപാതങ്ങൾക്കുമെതിരെ ഉയരുന്ന ജനരോഷത്തിന് തടയിടാൻ വേണ്ടിയാണ് എകെജി സെന്റർ ആക്രമണ തിരക്കഥ രചിച്ചത് എന്ന മറ്റൊരു വ്യാഖ്യാനവും പ്രതിപക്ഷം ഉയർത്തുന്നുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP