Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ആനി രാജ ഡൽഹിയിലല്ലേ ഉണ്ടാക്കൽ; നിയമസഭയിൽ അല്ലല്ലോയെന്ന് എം എം മണി; മോദിയും അമിത് ഷായും നോക്കിയിട്ട് ഭീഷണിപ്പെടുത്താൻ ആയില്ലെന്ന് ആനി രാജ; സംസാരിക്കുമ്പോൾ അന്തസുള്ള ഭാഷ ഉപയോഗിക്കണമെന്ന് കെകെ ശിവരാമൻ; കെകെ രമയെ അധിക്ഷേപിച്ചതിനെ ചൊല്ലി പോര് മുറുകുന്നു

'ആനി രാജ ഡൽഹിയിലല്ലേ ഉണ്ടാക്കൽ; നിയമസഭയിൽ അല്ലല്ലോയെന്ന് എം എം മണി; മോദിയും അമിത് ഷായും നോക്കിയിട്ട് ഭീഷണിപ്പെടുത്താൻ ആയില്ലെന്ന് ആനി രാജ; സംസാരിക്കുമ്പോൾ അന്തസുള്ള ഭാഷ ഉപയോഗിക്കണമെന്ന് കെകെ ശിവരാമൻ; കെകെ രമയെ അധിക്ഷേപിച്ചതിനെ ചൊല്ലി പോര് മുറുകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: കെ.കെ.രമ എംഎൽഎയ്ക്കെതിരെ നിയമസഭയിൽ എം എം മണി നടത്തിയ 'വിധവയായത് വിധി' പരാമർശത്തെച്ചൊല്ലി വാക്‌പോര് മുറുകുന്നു. വിവാദ പരാമർശത്തിനെതിരെ മുതിർന്ന സിപിഐ നേതാവ് ആനി രാജ നടത്തിയ പ്രതികരണത്തെ രൂക്ഷമായി വിമർശിച്ച മുന്മന്ത്രി എം.എം.മണിയുടെ പുതിയ പരാമർശങ്ങളാണ് വാക്‌പോരിലെത്തിച്ചത്.

ആനി രാജ തനിക്കെതിരെ നടത്തിയ പ്രസ്താവന വിഷയമാക്കുന്നില്ലെന്നായിരുന്നു എം.എം.മണി പറഞ്ഞത്. 'ആനി രാജ ഡൽഹിയിലാണല്ലോ ഉണ്ടാക്കൽ. കേരള നിയമസഭയിൽ അല്ലല്ലോ, നമ്മുടെ പ്രശ്‌നങ്ങൾ അറിയില്ലല്ലോ' എന്നും മണി പറഞ്ഞു.

ഇതിന് മറുപടിയുമായി ആനി രാജ രംഗത്തെത്തിയിരുന്നു. മണിയുടെ പ്രസ്താവന അത്യന്തം സ്ത്രീവിരുദ്ധവും അപലപനീയവുമാണെന്ന് അവർ പറഞ്ഞു. 'അവഹേളനം ശരിയോ എന്ന് മണിയെ ഉൾക്കൊള്ളുന്ന രാഷ്ട്രീയം ആലോചിക്കണം. കാലങ്ങളായി ഇടത് സ്ത്രീപക്ഷ രാഷ്ട്രീയ പ്രവർത്തനമാണ് ഡൽഹിയിൽ നടത്തുന്നത്. ഭീഷണിക്ക് വഴങ്ങില്ല. നരേന്ദ്ര മോദിയും അമിത് ഷായും നോക്കിയിട്ട് ഭീഷണിപ്പെടുത്താനായില്ല' ആനി രാജ പറഞ്ഞു.

സിപിഐ. നേതാവ് ആനി രാജയ്‌ക്കെതിരായ എം.എം. മണിയുടെ അധിക്ഷേപ പരാമർശത്തിൽ രൂക്ഷവിമർശനവുമായി സിപിഐ. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും രംഗത്തെത്തി. അങ്ങേയറ്റം മോശമായ പരാമർശമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പുലയാട്ടുഭാഷ അദ്ദേഹം നിരന്തരം ഉപയോഗിക്കുന്നു. അത് നാട്ടുഭാഷയാണെന്നും അദ്ദേഹം പച്ചയായ മനുഷ്യനാണെന്നുമുള്ള വ്യാഖ്യാനങ്ങൾ അങ്ങേയറ്റം തെറ്റാണെന്നും ശിവരാമൻ അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ എതിരാളികളെക്കുറിച്ച് വർത്തമാനം പറയുമ്പോൾ അന്തസുള്ള ഭാഷ ഉപയോഗിക്കണം. ആ പൊതുസംസ്‌കാരമാണ് കേരളത്തിൽ രൂപപ്പെട്ടിട്ടുള്ളത്. അതിനകത്ത് എല്ലാ രാഷ്ട്രീയക്കാരുടെയും സംഭാവനയുണ്ടാകും. പ്രത്യേകിച്ച് ഇടതുപക്ഷ രാഷ്ട്രീയം എല്ലാക്കാലത്തും ഉന്നതമായ ഒരു സാസ്‌കാരികബോധം പ്രകടിപ്പിക്കുന്നതാണ് - ശിവരാമൻ മാധ്യമങ്ങളോടു പ്രതികരിച്ചു.

കഴിഞ്ഞ ദിവസം, നിയമസഭയിൽ മണി നടത്തിയ 'വിധവയായത് വിധി' പരാമർശമാണ് സിപിഎം - സിപിഐ നേതാക്കളുടെ വാക്‌പോരിലേക്ക് എത്തിച്ചത്. ഒരു കമ്യൂണിസ്റ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണ് മണി നടത്തിയതെന്ന് ആനി രാജ വിമർശിച്ചിരുന്നു. അത്തരം പരാമർശങ്ങൾ പിൻവലിക്കുന്നതാണ് കമ്യൂണിസ്റ്റ് നടപടിയെന്നും മണിയെ നിയന്ത്രിക്കണോ എന്നു തീരുമാനിക്കേണ്ടത് അദ്ദേഹത്തിന്റെ പാർട്ടിയായ സിപിഎമ്മാണെന്നും ആനി രാജ പറഞ്ഞിരുന്നു.

ഇതിന് മറുപടിയുമായാണ് എം എം മണി ആനി രാജയ്ക്ക് എതിരെ വിമർശനം ഉയർത്തിയത്. 'അവർ അങ്ങനെ പറയും, അവർ ഡൽഹിയിലാണല്ലോ, ഇവിടെ അല്ലല്ലോ ഒണ്ടാക്കൽ. ഡൽഹിയിലാണല്ലോ. ഇവിടെ കേരള നിയമസഭയിൽ നമ്മൾ നേരിടുന്ന പ്രശ്നം നമുക്കല്ലേ അറിയൂ. ആനി രാജയ്ക്ക് എങ്ങനെ അറിയാനാണ്. ഇനി അവർ പറഞ്ഞാലും അതൊന്നും നമുക്ക് വിഷയമല്ല. ഞാൻ പറഞ്ഞത് ഇങ്ങനെ പറഞ്ഞതാ. സമയം കിട്ടിയാൽ നല്ല ഭംഗിയായി ഞാൻ പറയുകയും ചെയ്യുമായിരുന്നു. ഇനിയും പറയും.' എന്നായിരുന്നു മണിയുടെ പരാമർശം.

ആനി രാജയ്ക്ക് എതിരായ പരാമർശത്തിലാണ് കെ കെ ശിവരാമൻ കടുത്ത ഭാഷയിൽ തിരിച്ചടിച്ചത്. ഇടതുപക്ഷ രാഷ്ട്രീയം സ്ത്രീപക്ഷ രാഷ്ട്രീയം കൂടിയാണെന്നും ശിവരാമൻ ചൂണ്ടിക്കാട്ടി. 'നമ്മുടെ നാട്ടിലെ സ്ത്രീസമൂഹത്തിനതിരേ ഉയർന്നുവരുന്ന എല്ലാത്തരം ഹീനമായ നടപടികൾക്കെതിരേയും പൊതുസമൂഹത്തെ ഉയർത്തിക്കൊണ്ടുവരുന്ന ഒരു ജോലിയാണ് ഇടതുപക്ഷം ചെയ്തുകൊണ്ടിരിക്കുന്നത്.ഇടതുപക്ഷത്തിന്റേത് സ്ത്രീപക്ഷ രാഷ്ട്രീയവുമാണ്. മനുസ്മൃതിയുടെ അനുയായികൾ മണിയാശാൻ പറയുന്ന പോലെ പറഞ്ഞാൽ കുഴപ്പമില്ല. സ്ത്രീകളെ അടിമകളായി കാണുന്ന ഒരു ആശയസംഹിതയാണ് മനുസ്മൃതി. ആ മനുസ്മൃതിയുടെ പ്രചാരകനായി ഇത്തരം ഭാഷാപ്രയോഗങ്ങളിലൂടെ മണി മാറിയിട്ടുണ്ടോയെന്ന് തനിക്ക് അറിഞ്ഞുകൂട' - ശിവരാമൻ കൂട്ടിച്ചേർത്തു.

എം.എം. മണി നമ്മുടെ ഭാഷയ്ക്ക് തന്നെ ഒരു നിഘണ്ടു ഉണ്ടാക്കി കൊടുത്തിട്ടുണ്ടെന്ന് പറയാം. അത് തെമ്മാടി നിഘണ്ടുവാണ്, പുലയാട്ടുഭാഷയാണ്- ശിവരാമൻ വിമർശിച്ചു. അത് തിരുത്താനുള്ള ഇടപെടൽ സിപിഎം. നേതൃത്വത്തിൽനിന്നാണുണ്ടാവേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആനി രാജയെക്കുറിച്ച് പറഞ്ഞ ആ മര്യാദകെട്ട പ്രതികരണത്തോട് സിപിഎം. നേതൃത്വം എന്ത് നിലപാടാണ് എടുക്കുക എന്ന് വരുംദിവസങ്ങളിൽ അറിയാൻ കഴിയുമെന്നും ശിവരാമൻ പറഞ്ഞു.

വിഷയത്തിൽ പ്രതികരിച്ച് പ്രമുഖ മാധ്യമപ്രവർത്തകൻ റജിമോൻ കുട്ടപ്പൻ രംഗത്തെത്തി. എം എം മണിയുടെ അഭിപ്രായം കണക്കെടുത്താൽ ഇതെല്ലാം വിധി ആണോ സഖാക്കളേ എന്ന ചോദ്യവുമായാണ് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പ്. ഭാര്യ മരിച്ചു പോയ മുൻ പോളിറ്റ് ബ്യൂറോ അംഗമായ എസ്. രാമചന്ദ്രൻ പിള്ളയെ എം എം മണിയും കോടിയേരിയും പിണറായി വിജയനുമൊക്കെ 'വിഭാര്യൻ ' എന്നാണോ വിളിക്കുന്നത് അത് അദ്ദേഹത്തിന്റെ വിധിയാണോ എന്ന് തന്റെ കുറിപ്പിൽ അദ്ദേഹം ചോദിക്കുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

എം എം മണിയുടെ അഭിപ്രായം കണക്കെടുത്താൽ ഇതെല്ലാം വിധി ആണോ സഖാക്കളേ?
'ഒ?രു? ?മ?ഹ?തി? ?ഇ?പ്പോ?ൾ? ?പ്ര?സം?ഗി?ച്ചു?;? ?മു?ഖ്യ?മ?ന്ത്രി?ക്ക് ?എ?തി?രേ,? ?എ?ൽ ഡി എഫ് സർക്കാരിനെതിരെ, ഞാൻ പറയാം ആ മഹതി വിധവ ആയിപ്പോയി, അത് അവരുടെതായ വിധി. അതിന് ഞങ്ങളാരും ഉത്തരവാദികളല്ല ' എന്ന എം എം മണി സഭയിൽ കെ. കെ- രമക്കെതിരെ നടത്തിയ പ്രസ്താവന പിൻവലിക്കില്ലെന്നാണ് മണി, പിണറായി, കോടിയേരി തുടങ്ങിയ സി പി എം നേതാക്കൾ പറയുന്നത്. എങ്കിൽ ചില ചോദ്യങ്ങൾ നമുക്കും ചോദിക്കാം .....

1.ഭാര്യ മരിച്ചു പോയ മുൻ പോളിറ്റ് ബ്യൂറോ അംഗമായ എസ്. രാമചന്ദ്രൻ പിള്ളയെ എം എം മണിയും കോടിയേരിയും പിണറായി വിജയനുമൊക്കെ 'വിഭാര്യൻ ' എന്നാണോ വിളിക്കുന്നത്? അത് അദ്ദേഹത്തിന്റെ വിധിയാണോ?
2.അതുപോലെ മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഭാര്യ കെ.പി. ശാരദ ടീച്ചറെ 'വിധവ ' എന്നാണോ സഖാക്കൾ അഭിസംബോധന ചെയ്യുന്നത്? അത് അവരുടെ വിധിയാണോ?
3. സിനിമ സംവിധായ കനായ മുസാഫിർ അലി യിൽ നിന്ന് വിവാഹബന്ധം വേർപെടുത്തിയ പി.ബി. അംഗമായ ശ്രീമതി സുഭാഷിണി അലിയെ 'വിവാഹമോചിത' എന്നാണോ വിളിക്കേണ്ടത്? അത് അവരുടെ വിധിയാണോ?
4. ഡോ. നാത ദുവുരിയുമായുള്ള വിവാഹബന്ധത്തിൽ നിന്ന് 1996 ൽ ഡിവോഴ്‌സ് നേടിയ മുൻ മന്ത്രിയും സി പി എം കേന്ദ്ര കമ്മറ്റി അംഗവുമായ ഡോ. തോമസ് ഐസക്കിനെ സഖാവ് 'വിവാഹ മോചിതൻ ' എന്നാണോ വിളിക്കേണ്ടത്? അത് അദ്ദേഹത്തിന്റെ വിധിയാണോ?
5. ശ്രീമതി ഇന്ദ്രാണി മജുംദാറിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം സീമ ചിഷ്ടിയെ വിവാഹം ചെയ്ത സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ രണ്ടാം കെട്ടുകാരൻ എന്ന് വിളിക്കണോ? അത് അദ്ദേഹത്തിന്റെ വിധിയാണോ?
6. ആദ്യ ഭാര്യ ഡോ. സമീഹ സെയ്തലവിയുമായി ഡിവോഴ്‌സ് നേടിയ ശേഷം വീണ വിജയനെ വിവാഹം കഴിച്ച മുഹമ്മദ് റിയാസിനെ രണ്ടാം കെട്ടുകാരൻ എന്ന് വിളിക്കാമോ? അത് അദ്ദേഹത്തിന്റെ വിധിയാണോ?

ഞാൻ എന്താണേലും മേൽപ്പറഞ്ഞതെല്ലാം മണി കാണുന്ന പോലെ വിധി ആയി കാണില്ലാ. മറിച്ച് അവരുടെ വ്യക്തിപരമായ നഷ്ടത്തിൽ ഒപ്പം നിന്ന് അവരെ ആശ്വസിപ്പിക്കും. അവരുടെ സ്വകാര്യതയെ ബഹുമാനിക്കും.
മണിയുടെ ഭാഷ കടം എടുത്താൽ ഞാൻ അങ്ങോട്ട് ഒണ്ടാക്കാൻ പോകില്ലാ !

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP