Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാട്ടനയുടെ ആക്രമണത്തിൽ ആദിവാസിയുടെ മരണം: ജില്ലാ കളക്ടർ ആറളം ഫാമിലെത്തി ചർച്ചനടത്തി; പ്രദേശവാസികളുടെ പരാതികളിൽ ശാശ്വത പരിഹാരം കാണുമെന്ന് ഉറപ്പ് നൽകി

കാട്ടനയുടെ ആക്രമണത്തിൽ ആദിവാസിയുടെ മരണം: ജില്ലാ കളക്ടർ ആറളം ഫാമിലെത്തി ചർച്ചനടത്തി; പ്രദേശവാസികളുടെ പരാതികളിൽ ശാശ്വത പരിഹാരം കാണുമെന്ന് ഉറപ്പ് നൽകി

വൈഷ്ണവ് സി

ഇരിട്ടി: ആറളം ഫാം ഏഴാം ബ്ലോക്കിലെ താമസക്കാരനായ പി എ ദാമുവിനെ വ്യാഴാഴ്ച കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ ആറളം ഫാമിൽ എത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും ആദിവാസികളുമായും ചർച്ച നടത്തി. കളക്ടർ നേരിട്ട് എത്തണമെന്ന പ്രദേശവാസികളുടെ ആവശ്യത്തെ തുടർന്നാണ് സ്ഥലം സന്ദർശിച്ചത്.

രണ്ടു മണിക്കൂറിലധികം നീണ്ട തർക്കങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും ശേഷം കാട്ടാന ശല്യം അടക്കമുള്ള പ്രശ്‌നങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണാനാവശ്യമായ നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. കാട്ടാനയുടെ അക്രമത്തിൽ മരിച്ച ഏഴാം ബ്ലോക്കിലെ താമസക്കാരൻ പി. എ. ദാമുവിന്റെ മൃതദേഹവുമായി ഏഴ് മണിക്കൂറോളം ആദിവാസികൾ അടക്കമുള്ളവർ ഫാമിൽ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു.

ജില്ലാ കളക്ടർ നേരിട്ടെത്തി പുനരധിവാസ മേഖലയിലെ താമസക്കാരായ ആദിവാസികളുടെ പ്രശ്‌നങ്ങൾ പഠിക്കണമെന്നും അടിക്കടി കാട്ടാന അക്രമം മൂലം ഉണ്ടാകുന്ന മരണങ്ങൾക്ക് തടയിടാനാവശ്യമായ നടപടികൾ ഉണ്ടാകണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. മൃതദേഹം ഏഴുമണിക്കൂറോളം തടഞ്ഞുവെച്ച് പ്രതിഷേധിച്ചതോടെ സബ് കളക്ടറും എ ഡി എമ്മും ഇടപെട്ടതിനെത്തുടർന്ന് പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോകാൻ അനുവദിച്ചത്.

ജില്ലാ കളക്ടർ നേരിട്ടെത്തി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന ആവശ്യത്തെ തുടർന്നാണ് വെള്ളിയാഴ്ച എസ് ചന്ദ്രശേഖർ ആറളം ഫാമിലെത്തിയത്. ആറളം ഫാം 7ാം ബ്ലോക്കിൽ പ്രീമെട്രിക് ഹോസ്റ്റലിൽ ജനപ്രതിനിധികളുമായും പുനരധിവാസമേഖലയിലെ താമസക്കാരുമായും കളക്ടർ ചർച്ച നടത്തി. രൂക്ഷമായ ഭാഷയിലായിരുന്നു ജനപ്രതിനിധികളും താമസക്കാരും കളക്ടറും ഡി എഫ് ഓ യും അടങ്ങുന്ന ഉദ്യോഗസ്ഥ സംഘത്തെ വിമർശിച്ചത്. തുടർന്ന് താമസക്കാരുടെ ആവശ്യങ്ങൾ ശ്രദ്ധാപൂർവ്വം കേട്ട് നിന്ന കളക്ടർ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് ഉറപ്പ് നൽകി.

ആറളം ഫാമിൽ കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളിലെ കാടുകൾ വെട്ടിമാറ്റാനുള്ള നടപടികൾ ശനിയാഴ്ച മുതൽ തന്നെ ആരംഭിക്കാൻ തീരുമാനമാനിച്ചു. അടിയന്തരഘട്ടങ്ങളിൽ കാട്ടാനകളെ തുരത്താൻ നാല് വാഹനങ്ങൾ പുനരധിവാസ മേഖലയിൽ അനുവദിക്കും. താമസക്കാരുടെ ഭൂമി സംബന്ധമായ വിഷയങ്ങൾ പരിഹരിക്കാൻ ജില്ല കളക്ടർ നേരിട്ട് അടുത്ത മാസം ഫാമിനകത്ത് ക്യാമ്പ് സംഘടിപ്പിക്കാനും, ഫാമിനകത്തെ കാട്ടാനകളെ കാട്ടിലേക്ക് തുരത്തി വിട്ട് തിരികെ വരാതിരിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്നും ഇവർ ഉറപ്പ് നൽകി.

ഫാമിനകത്തെ അക്രമകാരിയായ കാട്ടാനയെ കണ്ടെത്തി പിടികൂടി ഫാമിനകത്ത് നിന്നും മാറ്റുവാനുള്ളനടപടി സ്വീകരിക്കുവാനും ആറളം ഫാമിൽ നിരന്തരം ഉണ്ടാവുന്ന വൈദ്യുതി തടസം ഒഴിവാക്കാൻ കെ എസ് ഇ ബി അധികൃതരോട് നിർദ്ദേശം നൽകാനും തീരുമാനിച്ചു. ഫാമിനകത്തെ മൊബൈൽ നെറ്റ് വർക്ക് റേഞ്ചിനായി സേവന ദാതാക്കൾക്ക് നിർദ്ദേശം നൽകാനും ,താൽക്കാലിക ഫെൻസിങ് അനുവദിക്കാനും ഇത് നിർമ്മിക്കാൻ അടിയന്തര നടപടി സ്വീകരിക്കാനും യോഗം തീരുമാനം കൈക്കൊണ്ടു.

യോഗത്തിൽ ജില്ലാ കളക്ടർക്ക് പുറമെ ഡിഎഫ്ഒ പി. കാർത്തിക്, ആറളം വൈൽഡ് ലൈഫ് വാർഡൻ വി. സന്തോഷ്‌കുമാർ, ഐടിഡിപി പ്രൊജക്ട് ഓഫീസർ സന്തോഷ് കുമാർ, ടിആർഡിഎം സൈറ്റ് മാനേജർ കെ. വി. അനൂപ്, കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയി കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ. പി. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. ശോഭ, ഷിജി നടുപറമ്പിൽ, ആറളം ഫാം മെമ്പർ മിനി ദിനേശൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മാർട്ടിൻ ജോർജ്, കെ. ശ്രീധരൻ, കെ. മോഹനൻ, കെ. ടി. ജോസ്, സക്കീർഹുസൈൻ, തോമസ് വർഗീസ്, കെ. കെ. ജനാർദ്ദനൻ, ബാബുരാജ് പായം, അജയൻ പായം, രാമചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP