Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവാഹം വെറുമൊരു അഡ്ജസ്റ്റ്മെന്റാണ്; അതിൽ സ്നേഹമില്ല; പ്രണയമില്ല; ഒരു റൂട്ട് തയ്യാറാക്കി ആ വഴിയിലൂടെ മാത്രം പോകണം എന്നുപറഞ്ഞാൽ എന്തൊരു ബോറാണ്; വിവാഹ പരാജയങ്ങളെ ഇങ്ങനെ വിലയിരുത്തിയ നടൻ; അപ്പന്റെ മരണ ശേഷം കേസു പറഞ്ഞ് എല്ലാം തിരിച്ചുപിടിച്ച അമ്മ; മകനെ നടനാക്കിയും മമ്മിയുടെ വിജയം; തകരയും ആരവവും ചാമരവും മറക്കാതെ 'അമ്മ'യും; പ്രതാപ് പോത്തൻ ഓർമ്മകളിലേക്ക്

വിവാഹം വെറുമൊരു അഡ്ജസ്റ്റ്മെന്റാണ്; അതിൽ സ്നേഹമില്ല; പ്രണയമില്ല; ഒരു റൂട്ട് തയ്യാറാക്കി ആ വഴിയിലൂടെ മാത്രം പോകണം എന്നുപറഞ്ഞാൽ എന്തൊരു ബോറാണ്; വിവാഹ പരാജയങ്ങളെ ഇങ്ങനെ വിലയിരുത്തിയ നടൻ; അപ്പന്റെ മരണ ശേഷം കേസു പറഞ്ഞ് എല്ലാം തിരിച്ചുപിടിച്ച അമ്മ; മകനെ നടനാക്കിയും മമ്മിയുടെ വിജയം; തകരയും ആരവവും ചാമരവും മറക്കാതെ 'അമ്മ'യും; പ്രതാപ് പോത്തൻ ഓർമ്മകളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന് ആദരാഞ്ജലി അർപ്പിച്ച് താരസംഘടനയായ 'അമ്മ'. നരേൻ, റഹ്‌മാൻ, കനിഹ, റിയാസ്ഖാൻ തുടങ്ങിയ താരങ്ങൾ ചെന്നൈയിലെ അദ്ദേഹത്തിന്റെ ഫ്ളാറ്റിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ചെന്നൈയിൽ ഷൂട്ടിങ് ലൊക്കേഷനിൽ ആയിരുന്ന കനിഹയാണ് വിയോഗവാർത്ത അറിഞ്ഞ ഉടൻ പ്രതാപ് പോത്തന്റെ വസതിയിൽ എത്തിയത്. പിന്നാലെ മറ്റു താരങ്ങളുമെത്തി. അമ്മ സംഘടനയെ പ്രതിനിധീകരിച്ച് താരങ്ങൾ പ്രതാപ് പോത്തന്റെ ഭൗതികദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു.

ഇന്നലെ രാവിലെയാണ് പ്രതാപ് പോത്തനെ ചെന്നൈയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. അഭിനയ തിരക്കിനിടെയിലും പരന്ന വായന. ഊട്ടയിലെ സ്‌കൂളിലെ പഠനം പ്രതാപ് പോത്തനെ എല്ലാ അർത്ഥത്തിലും സ്വാധീനിച്ചിരുന്നു. യാദൃശ്ചികമായി അഭിനയിക്കാനെത്തിയ പ്രതാപ് പോത്തൻ ഭരതനെ ആരവത്തിൽ വിസ്മയിപ്പിച്ചു. ഇതിന് കാരണം തന്റെ വായനയുടേയും അറിവിന്റേയും കരുത്തായിരുന്നു. എങ്ങനെയാകണം നല്ലൊരു അഭിനേതാവെന്ന് വായനകളിലൂടെ പ്രതാപ് പോത്തൻ മനസ്സിലാക്കി. ഓർമകൾക്ക് മരണമില്ലെന്ന് പ്രഖ്യാപിച്ചാണ് പ്രതാപ് പോത്തൻ ആകസ്മികമായി വിടവാങ്ങുന്നത്. സ്വന്തം മുറിയിൽ മരിച്ചു കിടന്ന നടൻ. രണ്ട് വിവാഹങ്ങളും രണ്ട് വിവാഹ മോചനവും. പ്രതാപ് പോത്തന് ജീവിത്തിൽ നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.

നടി രാധികയായിരുന്നു ആദ്യ ഭാര്യ. എൺപതുകളിൽ തെന്നിന്ത്യൻ സിനിമയിൽ ആകെ ചർച്ചയായ പ്രണയ വിവാഹം. 1990ലാണ് പ്രതാപ് പോത്തൻ രണ്ടാമതും വിവാഹിതനാകുന്നത്. മുംബൈയിൽ റ്റാറ്റായുടെ ജനറൽ മാനേജർ ആയി പ്രവർത്തിച്ചിരുന്ന അമല സത്യനാഥ് ആയിരുന്നു വധു. ആ ബന്ധവും വിവാഹമോചനത്തിലാണ് അവസാനിച്ചത്. 'വിവാഹം വെറുമൊരു അഡ്ജസ്റ്റ്മെന്റാണ്. അതിൽ സ്നേഹമില്ല. പ്രണയമില്ല. ഒരു റൂട്ട് തയ്യാറാക്കി ആ വഴിയിലൂടെ മാത്രം പോകണം എന്നുപറഞ്ഞാൽ എന്തൊരു ബോറാണ്,'-കുടുംബ ബന്ധ തകർച്ചയെ കുറിച്ച് പ്രതാപ് പോത്തൻ തന്നെ മുമ്പ് പറഞ്ഞത് ഇങ്ങനെയാണ്.

അന്നത്തെ കാലത്തെ ഒരു ന്യൂജനറേഷൻ ലൈഫ്- സ്വന്തം വിവാഹജീവിതത്തെക്കുറിച്ച് ഒറ്റ വരിയിൽ പ്രതാപ് പോത്തൻ പറഞ്ഞത് ഇങ്ങനെയായിരുന്നു. രണ്ടു പ്രാവശ്യം വിവാഹിതനായെങ്കിലും അവ രണ്ടും വേർപിരിയലിൽ കലാശിച്ചു. തമിഴ് താരം രാധികയായിരുന്നു ആദ്യ ഭാര്യ. ആ ബന്ധം അധികകാലം നീണ്ടു നിന്നില്ല. രണ്ടു പേരും രണ്ടു വഴിക്ക് പിരിഞ്ഞു. പിന്നീട് ചലച്ചിത്രതാരം ശരത്കുമാറിനെ രാധിക വിവാഹം ചെയ്തു. പിന്നെ രണ്ടാം വിവാഹം. 2012ൽ അതും വേർ പിരിഞ്ഞു. അമല സത്യനാഥുമായുള്ള ആ വിവാഹത്തിൽ പ്രതാപിന് കേയ എന്നൊരു മകളുണ്ട്. 'രണ്ടു വ്യത്യസ്ത വ്യക്തികൾ ഒന്നിക്കുന്നു. പക്ഷേ പലപ്പോഴും അവർ ഒന്നിക്കുകയല്ല. ഒന്നാകാത്തിടത്തോളം ആ ബന്ധം തകരുകയല്ലാതെ മറ്റ് മാർഗ്ഗമില്ലല്ലോ. ഒന്നിക്കുവാനുള്ള പരീക്ഷണങ്ങളായിരുന്നു എന്റെ ബന്ധങ്ങൾ എല്ലാം. അതിലൊക്കെ പരാജയപ്പെടുകയും ചെയ്തു,' പ്രതാപ് പോത്തൻ പറഞ്ഞു.

പ്രതാപ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലെ നായികയായിരുന്നു രാധിക. 'മീണ്ടും ഒരു കാതൽ കഥൈ' എന്ന ചിത്രത്തിന്റെ നിർമ്മാണ സമയത്തായിരുന്നു ഇരുവരും പ്രണയത്തിലായതും വിവാഹം ചെയ്യാമെന്ന തീരുമാനത്തിലെത്തിയതും. 'എനിക്കു പ്രണയമായിരുന്നു രാധികയോട്. വിവാഹം കഴിക്കാമെന്ന് രണ്ടാളും ഒരുമിച്ച് തീരുമാനിച്ചു. ഞാനത് എല്ലാവരേയും അറിയിച്ചു. വീട്ടുകാർ സഹകരിച്ചില്ല. ഞാനൊരു തെറ്റാണ് ചെയ്തതെന്ന് അവർ എന്നെ കുറ്റപ്പെടുത്തി. രാധികയുടെ ആൾക്കാരും സഹകരിച്ചില്ല. ഞങ്ങൾ ഒറ്റയ്ക്ക് മുന്നോട്ടു പോയി. ഞങ്ങൾക്കു കുട്ടികളുണ്ടായില്ല. രണ്ടു വർഷം ഒന്നിച്ചു കഴിഞ്ഞു. പിന്നീട് ബന്ധം ഡ്രൈ ആയി. പ്രശ്‌നങ്ങളായി. ഒടുവിൽ വേർപിരിഞ്ഞു. ആ ബന്ധം തകർന്നതിൽ ഞങ്ങൾ രണ്ടുപേരും കുറ്റക്കാരാണ്. നിങ്ങൾക്കൊരാളെ മാത്രമായി കുറ്റപ്പെടുത്താനാകില്ല,'

അമ്മയോടായിരുന്നു കൂടുതൽ സ്‌നേഹം. പ്രതാപിന്റെ ഇരുപത്തൊൻപതാമത്തെ വയസ്സിലാണ് അമ്മ മരിക്കുന്നത്. അതോടെ താൻ തീർത്തും അനാഥനായെന്നാണ് പ്രതാപ് പറയാറുള്ളത്. 'ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന പപ്പ പാർട്ടിക്കാലത്ത് ഒളിവിലായിരുന്നപ്പോഴും, പപ്പയുടെ മരണശേഷവും പ്രശ്‌നങ്ങളൊന്നുമറിയിക്കാതെയാണ് മമ്മി ഞങ്ങളെ വളർത്തിയത്. നഷ്ടപ്പെട്ടതെല്ലാം നേടിയെടുക്കാൻ മമ്മിയാണ് കേസ്സിനു പോയത്. വർഷങ്ങൾ കഴിഞ്ഞെങ്കിലും കേസ് വിജയിക്കുകയും ചെയ്തു. ആ വിധി തീർച്ചയായും മമ്മിയുടെ മാത്രം വിജയമായിരുന്നു. എന്റെ കലാപരമായ കഴിവുകൾക്ക് പ്രോൽസാഹനം തന്നയാൾ മമ്മി മാത്രമായിരുന്നു. മമ്മി നന്നായി പിയാനോ വായിച്ചിരുന്നു. രുചികരമായി പാചകം ചെയ്യാൻ മമ്മിക്കറിയാമായിരുന്നു. വർണ്ണ തയ്യലുകളെല്ലാം വശമായിരുന്നു. മമ്മി മരിച്ചതോടെ ഞാൻ തീർത്തും അനാഥനാവുകായിരുന്നു,' പ്രതാപ് പോത്തന്റെ വാക്കുകൾ.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മുപ്പതോളം ചിത്രങ്ങൾ പ്രതാപ് പോത്തൻ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയ്ക്ക് പുറമെ പരസ്യകാലരംഗത്തും സജീവമായിരുന്നു. ആരവമാണ് ആദ്യമായി അഭിനയിച്ച സിനിമ. അവസാനം പുറത്തുവന്ന സിനിമ സിബിഐ 5 ആണ്. കലണ്ടർ, അയാളും ഞാനും തമ്മിൽ, 3 ഡോട്സ്, ആറു സുന്ദരിമാരുടെ കഥ, അരികിൽ ഒരാൾ, ഇടുക്കി ഗോൾഡ്, ലണ്ടൻ ബ്രിഡ്ജ്, ബാംഗ്ലൂർ ഡെയ്സ്, മുന്നറിയിപ്പ്, വേഗം, മറിയം മുക്ക്, അപ്പവും വീഞ്ഞും, കനൽ, എസ്ര, ഉയരെ, പച്ചമാങ്ങ, ഫോറൻസിക് തുടങ്ങിയവയാണ് അഭിനയിച്ച മറ്റു മലയാളം സിനിമകൾ. വ്യവസായി ആയിരുന്ന തിരുവല്ലയിലെ കുളത്തുങ്കൽ പോത്തന്റെയും പൊന്നമ്മ പോത്തന്റെയും മകനായി 1952 ഫെബ്രുവരി 15നാണ് പ്രതാപ് പോത്തൻ ജനിച്ചത്. ഊട്ടിയിലെ ലോറൻസ് സ്‌കൂൾ, മദ്രാസ് ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. കോളജ് പഠന കാലത്ത് നിരവധി നാടകങ്ങളിൽ അഭിനയിച്ചിരുന്നു. പഠന ശേഷം കുറച്ചുകാലം മുംബൈയിൽ ഒരു പരസ്യ ഏജൻസിയിൽ കോപ്പിറൈറ്ററായിരുന്നു പ്രതാപ് പോത്തൻ.

പിന്നീട് പല കമ്പനികളിലും ജോലി ചെയ്തു. അതിനു ശേഷമാണ് സിനിമയിലേക്കെത്തുന്നത്. മദ്രാസ് പ്ലയേഴ്സ് എന്ന തിയേറ്റർ ഗ്രൂപ്പിൽ അഭിനേതാവായിരുന്ന പ്രതാപ് പോത്തന്റെ അഭിനയ മികവ് കണ്ട് പ്രശസ്ത സംവിധായകൻ ഭരതൻ തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകി. 1978ലായിരുന്നു ആരവം ഇറങ്ങിയത്. 1979ൽ ഭരതന്റെ തന്നെ തകര, 1980ൽ ചാമരം എന്നീ സിനിമകളിൽ നായകനായി. അദ്ദേഹത്തിന്റെ അഭിനയം നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടി. തകരയിലെയും ചാമരത്തിലെയും അഭിനയത്തിന് 79-80 വർഷങ്ങളിൽ മികച്ച മലയാള നടനുള്ള ഫിലിം ഫെയർ പുരസ്‌ക്കാരം ലഭിച്ചു. 1980ൽ മാത്രം പത്തോളം സിനിമകളിൽ പ്രതാപ് പോത്തൻ അഭിനയിച്ചു.

നെഞ്ചത്തെ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, മൂഡുപനി, വരുമയിൻ നിറം സിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദർ സംവിധാനം ചെയ്ത വരുമയിൻ നിറം സിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ് ഇവയിൽ അവിസ്മരണീയമായത്. തുടർന്ന് 1987 വരെ നിരവധി മലയാള ചിത്രങ്ങളിൽ നായകനായും ഉപനായകനായും സ്വഭാവ നടനായുമെല്ലാം അദ്ദേഹം അഭിനയിച്ചു. 1992 വരെ തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു. കുറച്ചുകാലം സിനിമയിൽ നിന്നും മാറി ബിസിനസ്സ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം, ഗ്രീൻ ആപ്പിൾ എന്ന സ്വന്തം പരസ്യ കമ്പനിയും നടത്തിയിരുന്നു.

പ്രതാപ് പോത്തൻ ആദ്യം സിനിമാ സംവിധായകനാകുന്നത് തമിഴിലിലാണ്. 1985ൽ വീണ്ടും ഒരു കാതൽ കഥൈ എന്ന സിനിമയാണ് ആദ്യ സംവിധാനസംരംഭം. 1987ൽ ഋതുഭേദം സിനിമയുമായി മലയാളത്തിലും സംവിധായകനായി. 1988ൽ സംവിധാനത്തിനൊപ്പം അദ്ദേഹം തന്നെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും ഒരുക്കിയ ഡെയ്സി മലയാളത്തിൽ സൂപ്പർഹിറ്റായി. 1997ൽ മോഹൻലാലിനെയും ശിവാജി ഗണേശനെയും നായകന്മാരാക്കി ചെയ്ത ഒരു യാത്രാമൊഴി ആണ് മറ്റൊരു മലയാളം ഹിറ്റ്. ഏഴ് തമിഴ് സിനിമകളും സംവിധാനം ചെയ്തു. ഒരു ഇടവേളയ്ക്കുശേഷം പ്രതാപ് പോത്തൻ 1997ൽ തേടിനേൻ വന്തത് എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് 2005ൽ തന്മാത്രയിൽ അഭിനയിച്ചുകൊണ്ടാണ് മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. ശേഷം മലയാളത്തിലും തമിഴിലിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

2012ൽ മികച്ച വില്ലനുള്ള സൗത്ത്ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് 22 ഫീമെയിൽ കോട്ടയം സിനിമയിലെ അഭിനയത്തിന് ലഭിച്ചു.2014ൽ 'വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ' എന്ന സിനിമയിലെ അഭിനയത്തിന് കേരള സംസ്ഥാന അവാർഡ് ജൂറിയുടെ പ്രത്യേക പുരസ്‌കാരം ലഭിച്ചിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP