Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചന്ദ്രിക ദിനപത്രത്തിന്റെ ചുമതലക്കാരുടെ കെടുകാര്യസ്ഥതയും അഴിമതിയും വീണ്ടും ലീഗ് നേതൃത്വത്തിന് തലവേദന; വിരമിച്ച ജീവനക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇനിയും ലഭിച്ചില്ല; ജീവനക്കാരുടെ കുടിൽകെട്ടി സമരം 228 ദിവസം പിന്നിട്ടു; നാളെ ചേരുന്ന സംസ്ഥാന പ്രവർത്തക സമിതിയിലും ചന്ദ്രിക ചൂടുള്ള വിഷയമാകും

ചന്ദ്രിക ദിനപത്രത്തിന്റെ ചുമതലക്കാരുടെ കെടുകാര്യസ്ഥതയും അഴിമതിയും വീണ്ടും ലീഗ് നേതൃത്വത്തിന് തലവേദന; വിരമിച്ച ജീവനക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇനിയും ലഭിച്ചില്ല; ജീവനക്കാരുടെ കുടിൽകെട്ടി സമരം 228 ദിവസം പിന്നിട്ടു; നാളെ ചേരുന്ന സംസ്ഥാന പ്രവർത്തക സമിതിയിലും ചന്ദ്രിക ചൂടുള്ള വിഷയമാകും

ജംഷാദ് മലപ്പുറം

കോഴിക്കോട്: മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രിക ദിനപത്രത്തിന്റെ ചുമതലക്കാരുടെ കെടുകാര്യസ്ഥതയും അഴിമതിയും വീണ്ടും സംസ്ഥാന മുസ്ലിം ലീഗ് നേതൃത്വത്തിന് തലവേദനയാകുന്നു. നാളെ ചേരുന്ന സംസ്ഥാന പ്രവർത്തക സമിതി ചന്ദ്രികയിലെ അഴിമതി വിഷയത്തിൽ പ്രത്യേക ചർച്ച നടത്തും. ചന്ദ്രികയിൽ നിന്ന് വിരമിച്ച ജീവനക്കാർ കഴിഞ്ഞ 227 ദിവസമായി കോഴിക്കോട് ചന്ദ്രികയ്ക്ക് മുന്നിൽ കുടിൽ കെട്ടി സമരത്തിലാണ്. വിരമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും നിയമാനുസൃതമായി ലഭിക്കേണ്ട പി എഫ് ആനുകൂല്യവും ഗ്രാറ്റ് വിറ്റിയും ലഭ്യമാക്കത്തിൽ പ്രതിഷേധിച്ചാണ് ഇവരുടെ സമരം. ചന്ദ്രികയുടെ ആസ്ഥാനത്ത് ഇങ്ങനെയൊരു സമരം രൂപപ്പെട്ടതിൽ ഒരുവിഭാഗം നേതാക്കൾ കടുത്ത അമർഷത്തിലാണ്. ഈയിടെ സമരത്തിൽ പങ്കെടുക്കുന്നവരെ ലീഗ് നേതാവും മുൻ വിദ്യാഭ്യാസമന്ത്രിയുമായ നാലകത്ത് സൂപ്പി സന്ദർശിച്ചിരുന്നു.

ചന്ദ്രികയെ എൺപത് വർഷം പിന്നോട്ടടിപ്പിച്ച ഫിനാൻസ് ഡയറക്ടർ പി.എം എ സമീറിനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് ജീവനക്കാർ സ്ഥാപിച്ച ബോർഡ് ഇപ്പോഴും ചന്ദ്രികയ്ക്ക് മുന്നിലുണ്ട്. 2014 ൽ സമീർ ചുമതലയേറ്റതു മുതലാണ് ചന്ദ്രികയുടെ ശനിദശ തുടങ്ങിയതെന്നാണ് സമരം ചെയ്യുന്ന ജീവനക്കാർ പറയുന്നത്. ചന്ദ്രികയുടെ നവീകരണത്തിന് പല ഘട്ടങ്ങളിലായി പിരിച്ച കോടികൾ സമീർ സ്വന്തം ബി സിസ്സിൽ മുടക്കി ലാഭം കൊയ്യുകയാണെന്നാണ് സമരസമിതി നേതാക്കളുടെ ആരോപണം.

ഇക്കാര്യം രഹസ്യമായി ചില ലീഗ് നേതാക്കളും ശരിവെയ്ക്കുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കളെപ്പോലും നോക്കുകുത്തിയാക്കി ഫിനാൻസ് ഡയറക്ടർ തന്നിഷ്ട പ്രകാരം തീരുമാനമെടുത്ത് ചന്ദ്രിക കോഴിക്കോട് യൂണിറ്റ് അടച്ചുപൂട്ടാനാണ് ശ്രമിക്കുന്നതെന്ന് ചന്ദ്രിക ഗവേണിങ് ബോഡി അംഗമായ ഒരു പ്രമുഖ പാർട്ടി നേതാവ് പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ മകന്റെ ബിസിനസ്സ് പങ്കാളി കൂടിയായ ഫിനാൻസ് ഡയറക്ടർ ഈ അടുപ്പം മുതലെടുത്താണ് അദ്ദേഹത്തെ മറികടന്ന് സ്വന്തം ഇംഗിതം നടപ്പാക്കുന്നതെന്നും നേതാവ് പറഞ്ഞു. ഒടുവിൽ മറ്റൊരു റഊഫ് ആയി ഫിനാൻസ് ഡയറക്ടർ മാറുമെന്നും ഇദ്ദേഹം സൂചിപ്പിച്ചു.

ചന്ദ്രികയുടെ കട ബാധ്യതകൾ കുന്നു കൂട്ടി 'ബെടക്കാക്കി തനിക്കാക്കുന്ന ' തന്ത്രമാണ് ഫിനാൻസ് ഡയറക്ടർ സ്വീകരിക്കുന്നതെന്നാണ് സമരക്കാർ പറയുന്നത്. നഷ്ടങ്ങൾ പെരുപ്പിച്ച് കാണിച്ച് യൂണിറ്റുകൾ ഓരോന്നായി പൂട്ടിച്ച് സ്ഥല വിൽപ്പനയ്ക്ക് നിർബന്ധിതമാക്കുകയാണ് ഫിനാൻസ്ഡയറക്ടർ. ഇതിന് കോഴിക്കോട്ടെ ഗവേണിങ് ബോഡി എതിരാണ്. ഹദിയ ഫണ്ട് ക്വാട്ട തികയ്ക്കാത്ത വിഷയത്തിൽ കോഴിക്കോട്ടെ കമ്മിറ്റിക്കെതിരെ നടപടി സ്വീകരിക്കാൻ നേതൃത്വത്തെ പ്രേരിപ്പിച്ച് ചന്ദ്രിക ദിനപത്രത്തിന്റെ പൂർണ നിയന്ത്രണം കൈപ്പിടിയിലൊതുക്കാനും ഫിനാൻസ് ഡയറക്ടർ ചരടുവലിക്കുന്നുണ്ടെന്നാണ് ഗവേണിങ് ബോഡി അംഗങ്ങൾ കരുതുന്നത്.

വർഷങ്ങൾക്ക് മുമ്പ് അൻവർ സാദത്ത് ചന്ദ്രികയുടെ ജനറൽ മാനേജർ ആയിരുന്ന കാലത്ത് മൂന്ന് കോടി രൂപ മുക്കിയെന്നാരോപിച്ച് യൂത്ത് ലീഗ് സംസ്ഥാന സമിതിയിൽ കുഞ്ഞാലിക്കുട്ടിയുടേയും എം.കെ.മുഹീറിന്റെയും സാന്നിധ്യത്തിൽ ബഹളം നടന്നിരുന്നു. സമാനമായ സ്ഥിതിവിശേഷമാണ് ഇപ്പോഴും ചന്ദ്രികയിൽ. ഹദിയ ഫണ്ട് ചന്ദ്രികയിലെ ബാധ്യത തീർക്കുന്നതിന് ഉപയോഗിക്കാമെന്ന് പാർട്ടി ധാരണ ഉണ്ടാക്കിയിരുന്നു. എന്നാൽ അത് ഫിനാൻസ് ഡയറക്ടറെ ഏൽപ്പിക്കുന്നതിന് ഒരു വിഭാഗം നേതാക്കൾ എതിരാണ്.

പൊതു ജന മധ്യത്തിൽ ചന്ദ്രികയെയും പാർട്ടി നേതാക്കളെയും അപഹാസ്യരാക്കാൻ മാത്രമേ ഫിനാൻസ് ഡയറക്ടരുടെ പ്രവൃത്തി സഹായിക്കൂ എന്നാണ് ചില മുതിർന്ന നേതാക്കൾ പറയുന്നത്. എളുപ്പം പരിഹരിക്കാൻ കഴിയുന്ന വിഷയം സ്വന്തം ആജ്ഞാനുവർത്തികളെ നിയോഗിച്ച് വഷളാക്കാനാണ് ഫിനാൻസ് ഡയറക്ടർക്ക് താൽപ്പര്യം എന്നും നേതാക്കൾ പറയുന്നു. ചന്ദ്രികയുടെ വിവിധ യൂണിറ്റുകളിലെ പരസ്യ വിഭാഗവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ ക്രമക്കേട് നടക്കുന്നുണ്ട്;ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് സമരം ചെയ്യുന്ന ജീവനക്കാർ പറയുന്നത്.

അനേക കോടികൾ പി എഫ് വിഹിതം അടയ്ക്കാനുണ്ട്. തൊഴിലാളികൾ കൊടുത്ത കേസിൽ ഫിനാൻസ് ഡയറക്ടർ ജാമ്യത്തിലാണ്. മാസങ്ങൾ മുടങ്ങിക്കിടക്കുന്ന ശമ്പളം കൃത്യതയോടെ കൊടുത്തു തീർക്കാൻ മുതിർന്ന നേതാവ് ഇ .ടി മുഹമ്മദ് ബഷീറിന്റെ സാന്നിധ്യത്തിൽ ഫിനാൻസ് ഡയറക്ടറും തൊഴിലാളികളും ഒരു കരാറിൽ ഒപ്പിട്ടിരുന്നു. എന്നാൽ ഫിനാൻസ് ഡയാക്ടർ കരാർ പാലിക്കാതെ അത് പൊളിച്ചെന്നുമാണ് ജീവനക്കാരുടെ ആരോപണം. ചന്ദ്രിക കോഴിക്കോട് യൂണിറ്റ് അടച്ചുപൂട്ടുന്നതിന്റെ ഭാഗമായി ആഴ്ചപ്പതിപ്പ് നിർത്തലാക്കിക്കഴിഞ്ഞു. ഏതാനും മാസങ്ങൾക്കുള്ളിൽ കോഴിക്കോട്ടെ ആസ്ഥാനവും പൂട്ടാനാണ് പദ്ധതി.

കോഴിക്കോട്ടെ ലീഗ് നേതൃത്വം അടച്ചുപൂട്ടൽ പദ്ധതിക്കെതിരാണ്. പക്ഷേ അവരുടെ പ്രതിഷേധത്തിന് സംസ്ഥാന നേതൃത്വം വലിയ വില കൽപ്പിക്കുന്നില്ല. സാദിഖലി തങ്ങൾ എം.ഡി. സ്ഥാനം ഏറ്റെടുത്തെങ്കിലും കുന്നു കൂട്ടിയ ബാധ്യത പരിഹരിക്കാതെ ദൈനം ദിന കാര്യങ്ങളിൽ ഇടപെടാനാവില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയുമാണ്. ഈ അനുകൂല സാഹചര്യം മുതലാക്കിയാണ് ഫിനാൻസ് ഡയറക്ടറുടെ ചടുലനീക്കമെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP