Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭർത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യം; വിവാഹമോചനം ആവശ്യപ്പെടാൻ തക്കതായ കാരണം'; ഹർജിക്കാരന് വിവാഹമോചനം അനുവദിച്ച് മദ്രാസ് ഹൈക്കോടതി

'ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭർത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യം; വിവാഹമോചനം ആവശ്യപ്പെടാൻ തക്കതായ കാരണം'; ഹർജിക്കാരന് വിവാഹമോചനം അനുവദിച്ച് മദ്രാസ് ഹൈക്കോടതി

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭർത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാണെന്ന് മദ്രാസ് ഹൈക്കോടതി. ഭാര്യ താലി ധരിക്കാത്തത് ഭർത്താവിന് മാനസികാഘാതത്തിന് കാരണമായേക്കാമെന്നും വിവാഹ മോചനം ആവശ്യപ്പെടാൻ മതിയായ കാരണമാണെന്നും കോടതി നിരീക്ഷിച്ചു. വിഷയം ചൂണ്ടിക്കാട്ടി കോടതി ഹർജിക്കാരനായ ഒരു പുരുഷന് ഇതിന്റെ പേരിൽ വിവാഹമോചനം അനുവദിക്കുകയും ചെയ്തു.

ജസ്റ്റിസുമാരായ വി എം വേലുമണി, എസ് സൗന്തർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ വിചിത്രമെന്ന് തോന്നുന്ന വിധി പുറപ്പെടുവിച്ചത്. ഈറോഡിലെ ഒരു മെഡിക്കൽ കോളേജിൽ പ്രൊഫസറായി ജോലി ചെയ്യുന്ന സി. ശിവകുമാറായിരുന്നു ഹർജിക്കാരൻ.

2016 ജൂൺ 15 -ന് ഒരു കുടുംബ കോടതി അദ്ദേഹത്തിന് വിവാഹമോചനം നിഷേധിച്ചിരുന്നു. കോടതിയുടെ ഈ തീരുമാനം റദ്ദാക്കാൻ ആവശ്യപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. വിവാഹത്തിൽ ഏറ്റവും പവിത്രമായി കണക്കാക്കുന്ന ഒന്നാണ് താലി, പിരിഞ്ഞു കഴിഞ്ഞ കാലയളവിൽ ഭാര്യ താലി ഊരി മാറ്റിയെന്നും ഭർത്താവ് കോടതിയിൽ ആരോപിച്ചു. ഭാര്യ ഇക്കാര്യം കോടതിയിൽ സമ്മതിക്കുകയും ചെയ്തു. എന്നാൽ, താൻ താലി കൈയിൽ തന്നെ സൂക്ഷിച്ച്, മാല മാത്രമാണ് അഴിച്ചു മാറ്റിയതെന്ന് ഭാര്യ വിശദീകരിച്ചു.

താലി കെട്ടുന്നത് നിർബന്ധമല്ലെന്നും, അതിനാൽ ഭാര്യ അത് നീക്കം ചെയ്തു എന്ന് വാദിച്ചാൽ കൂടി, ദാമ്പത്യ ബന്ധത്തെ അത് ബാധിക്കില്ലെന്നും ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 7 പരാമർശിച്ചു കൊണ്ട് ഭാര്യയുടെ അഭിഭാഷകൻ കോടതിയിൽ സമർത്ഥിച്ചു. എന്നാൽ ഇത് കേട്ട കോടതിക്ക് പറയാനുള്ളത് മറ്റൊന്നായിരുന്നു. വിവാഹ വേളയിൽ താലി കെട്ടുന്നത് അനിവാര്യമായ ഒരു ചടങ്ങാണെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് എന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

കോടതി രേഖയിൽ ഭാര്യ താലി അഴിച്ചുമാറ്റിയതായി പറയുന്നുവെന്നും, സ്വന്തം ഇഷ്ടപ്രകാരമാണ് മാല ഊരി ലോക്കറിൽ സൂക്ഷിച്ചതെന്നും കോടതി പറഞ്ഞു. എന്നാൽ ഒരു ഹിന്ദുവായ സ്ത്രീ ഭർത്താവ് ജീവിച്ചിരിക്കുന്നിടത്തോളം കാലം താലി കഴുത്തിൽ നിന്ന് ഊരാറില്ലെന്നും, അയാളുടെ മരണശേഷം മാത്രമാണ് താലി ഊരുന്നതെന്നും കോടതി പറഞ്ഞു.

ഒരു സ്ത്രീയുടെ കഴുത്തിലെ താലി ദാമ്പത്യ ജീവിതത്തിന്റെ തുടർച്ചയെ സൂചിപ്പിക്കുന്നുവെന്നും കോടതി കൂട്ടിച്ചേർത്തു. അതുകൊണ്ട് തന്നെ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ താലി ഊരി മാറ്റിയ ഭാര്യയുടെ നടപടി അങ്ങേയറ്റം ക്രൂരമാണെന്നും, ഭർത്താവിന്റെ വികാരങ്ങളെ അത് വ്രണപ്പെടുത്തുന്നതാണെന്നും ബെഞ്ച് പറഞ്ഞു.

താലി നീക്കം ചെയ്യുന്നതോടെ വിവാഹബന്ധം അവസാനിച്ചുവെന്ന് കരുതുന്നില്ലെങ്കിലും, ഭാര്യയുടെ ഈ പ്രവൃത്തി വ്യക്തമായ ചില സൂചനകൾ നൽകുന്നു. ലഭ്യമായ മറ്റ് പല തെളിവുകളും കൂടി നോക്കുമ്പോൾ, അനുരഞ്ജനത്തിനും, ദാമ്പത്യബന്ധം തുടരാൻ ഉദ്ദേശമില്ലെന്നതുമാണ് താലി ഊരി മാറ്റിയ ഭാര്യയുടെ പ്രവൃത്തി സൂചിപ്പിക്കുന്നതെന്ന് കോടതി പറഞ്ഞു. കൂടാതെ, പരസ്യമായി തന്റെ ഭർത്താവിനെതിരെ വിവാഹേതര ബന്ധങ്ങൾ ഭാര്യ ഉന്നയിച്ചിട്ടുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധികളുടെ വെളിച്ചത്തിൽ, ഭർത്താവിന്റെ സ്വഭാവത്തിൽ സംശയം തോന്നിയും വിവാഹേതര ബന്ധങ്ങളുടെ പേരിൽ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചും ഭാര്യ അയാളെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ജഡ്ജിമാർ പറഞ്ഞു. 2011 മുതൽ ഭർത്താവും, ഭാര്യയും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഈ കാലയളവിൽ ഭാര്യ വീണ്ടും ഒന്നിക്കാൻ എന്തെങ്കിലും ശ്രമങ്ങൾ നടത്തിയതായി രേഖകളിൽ തെളിവുകളൊന്നുമില്ല. ഭാര്യ തന്റെ പ്രവൃത്തിയിലൂടെ ഭർത്താവിനെ മാനസികമായി പീഡിപ്പിച്ചിരിക്കയാണ്. ഇത് കണക്കിലെടുത്ത്, ഹർജിക്കാരന് വിവാഹമോചനം അനുവദിക്കുകയാണെന്നും ബെഞ്ച് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP