Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിതാവിന്റെ മൃതദേഹം മകനറിയാതെ സംസ്‌കരിച്ചു; നാട്ടുകാർ അറിയുന്നത് ശവസംസ്‌കാരത്തിനുള്ള സാധനങ്ങളുമായി വണ്ടി എത്തിയപ്പോൾ; തടയാൻ ശ്രമിച്ചവർക്ക് നേരെ മൺവെട്ടി വീശി ആക്രമണവും അസഭ്യവും; കെഎസ് ആർടി സി വനിതാ കണ്ടക്ടറിന്റെത് ദുരൂഹത നിറയ്ക്കും ഇടപെടൽ; തഴവയിലെ ഭാസ്‌കര പിള്ളയ്ക്ക് സംഭവിച്ചത് എന്ത്?

പിതാവിന്റെ മൃതദേഹം മകനറിയാതെ സംസ്‌കരിച്ചു; നാട്ടുകാർ അറിയുന്നത് ശവസംസ്‌കാരത്തിനുള്ള സാധനങ്ങളുമായി വണ്ടി എത്തിയപ്പോൾ; തടയാൻ ശ്രമിച്ചവർക്ക് നേരെ മൺവെട്ടി വീശി ആക്രമണവും അസഭ്യവും; കെഎസ് ആർടി സി വനിതാ കണ്ടക്ടറിന്റെത് ദുരൂഹത നിറയ്ക്കും ഇടപെടൽ; തഴവയിലെ ഭാസ്‌കര പിള്ളയ്ക്ക് സംഭവിച്ചത് എന്ത്?

അഖിൽ രാമൻ

കൊല്ലം: അച്ഛന്റെ മരണവിവരം മകനെ അറിയിക്കുകയോ മൃതശരീരം കാണിക്കുകയോ ചെയ്തില്ല. വിവരമറിഞ്ഞ് അയാൾ എത്തുമ്പോൾ പിതാവ് ഗ്യാസ്ഫർണസിനുള്ളിൽ എരിഞ്ഞടങ്ങി കഴിഞ്ഞിരുന്നു. സംസ്‌കാരം തടയാൻ ശ്രമിച്ച പൊതുപ്രവർത്തകർക്ക് നേരേ കൈയറ്റ ശ്രമവും അസഭ്യ വർഷവും ഉണ്ടായി. കരുനാഗപ്പള്ളി തഴവ കുതിരപ്പന്തി കാവിന്റെ വടക്കതിൽ വീട്ടിൽ ഭാസ്‌കരപിള്ളയുടെ ശവസംസ്‌കാര ചടങ്ങുകളിലാണ് കേട്ട് കേൾവി പോലുമില്ലാത്ത ഈ സംഭവങ്ങൾ അരങ്ങേറിയത്.

തഴവ കുതിരപ്പന്തി ചന്തയിൽ വ്യാപാരിയായിരുന്ന ഭാസ്‌കരപിള്ളയുടെ വീട്ടിലേക്ക് ശവസംസ്‌കാരകർമ്മങ്ങൾ ചെയ്യുന്ന സാധനങ്ങളുമായി ഒരുമിനിലോറി കയറി ചെല്ലുമ്പോഴാണ് നാട്ടുകാർ അമ്പരന്നത്. മിക്കസമയവും പൂട്ടിയിട്ടിരിക്കുന്ന ഗേറ്റും വലിയ മതിലുമുള്ള കാവിന്റെ വടക്കതിൻ വീടിന്റെ മുന്നിൽ ഇതോടെ പരിസരവാസികളായ ഏതാനും പേർ കൂടാൻ തുടങ്ങി. ചിലർ അകത്ത് കയറി വിവരം തിരക്കിയപ്പോഴാണ് രാവിലെ 5 മണിക്ക് ഭാസ്‌കരപിള്ള മരിച്ചുഎന്ന വിവരം അറിയുന്നത്. അടക്കം ഉച്ചയ്ക്ക 12 മണിക്ക് ആണത്രെ. അപ്പോൾ സമയം 10 മണി കഴിഞ്ഞിരുന്നു. ഭാസ്‌കരപിള്ളയുടെ മകൻ ഗോപാലപിള്ളയുടെ ഭാര്യകരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ വനിതാ കണ്ടക്ടറായ പ്രിയയും രണ്ട് പെൺമക്കളുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ഗോപാലകൃഷ്ണപിള്ള ഭാര്യ പ്രിയയുമായി ദാമ്പത്യപ്രശ്നത്തെ തുടർന്ന് മാറി താമസിക്കുകയാണ്.

നാട്ടുകാരിൽ ചിലർ ഫോൺ ചെയ്തതിനേ തുടർന്ന് മുൻഗ്രാമപഞ്ചായത്ത് അംഗങ്ങളും സാമൂഹിക പ്രവർത്തകരും അടങ്ങുന്ന കുറേ ആളുകൾ കൂടി സംഭവസ്ഥലത്തെക്ക് എത്തി. സാധാരണയായി ഈ പ്രദേശത്ത് മരണാന്തരകർമ്മങ്ങൾ നടത്തുന്നത് സാമൂദായികസംഘടനകളുടെ നേതൃത്വത്തിലാണ്. ഇവിടെ മരിച്ച ഭാസ്‌കരപിള്ള അംഗമായിരിക്കുന്ന എൻ.എസ്.എസ് കരയോഗത്തിന്റെ ഭാരവാഹികളേയോ അംഗങ്ങളെയോ പരിസരവാസികളേയോ കാണാനില്ല. ഏകമകനായ ഗോപാലകൃഷ്ണപിള്ളയേയും സംഭവസ്ഥലത്തത്ത് കാണുന്നില്ല. നാട്ടുകാർക്ക് സംശയം തോന്നി ആരോ ഗോപാലപിള്ളയെ ഫോണിൽ വിളിച്ചു.

ഇത് ഒന്നുമറിയാതെ ഗോപാലകൃഷ്ണപിള്ള കൊല്ലത്ത് നിന്നും തന്റെ താമസസ്ഥലമായ ചവറയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഫോൺ വന്നപ്പോഴാണ് ഗോപാലകൃഷ്ണപിള്ള അച്ഛന്റെ മരണവിവരം അറിയുന്നത്. താൻ വരികയാണ് എന്ന് ഗോപാലകൃഷ്ണപിള്ള ഫോൺ വിളിച്ച ആളിനോട് പറഞ്ഞു. ഗോപാലകൃഷ്ണപിള്ള എത്തുന്നു എന്നറിഞ്ഞ നാട്ടുകാർ പ്രിയയോട് ഗോപാലകൃഷ്ണപിള്ള വന്നിട്ടെ മൃതദേഹം ചിതയിൽ വെക്കാവു എന്ന് പറയുകയും അവർ അത് വകവെയ്ക്കാതെ മൃതദേഹം ചിതയിലേക്ക് എടുക്കാൻ ബഹളം വെച്ചു.

തുടർന്ന് പ്രിയ ആ വാർഡിലെ ഗ്രാമപഞ്ചായത്ത് അംഗം വത്സലയെ ഫോണിൽ വിളിച്ച് അങ്ങോട്ട് വരുവാൻ ആവിശ്യപ്പെട്ടു. സമയം 11.45 മണിയോടു കൂടിയാണ് ഗ്രാമപഞ്ചായത്ത്അംഗം വത്സല കാവിന്റെ വടക്കതിൽ വീട്ടിൽ എത്തിയത്. വത്സലയെ കണ്ടതോടെ പ്രിയ അവരെ വിളിച്ച് കൊണ്ട് ചെന്ന് മൃതദേഹം കാണിച്ചു. അതിന് ശേഷം ചിതയിലേക്ക് ബോഡി എടുക്കുവാൻ അവിടെ നിന്ന തന്റെ സഹോദരനോടും മറ്റുമായി പറഞ്ഞു. ഭാസ്‌കരപിള്ളയുടെ മകൻ വന്നോ അയാൾ വന്നിട്ടേ മൃതദേഹം സംസ്‌കരിക്കാവു എന്ന് താൻ പ്രിയയോട് പറഞ്ഞതായി വത്സല മറുനാടനോട് പറഞ്ഞു.

തന്റെ ഭർത്താവായ ഗോപാലകൃഷ്ണപിള്ള മരിച്ച ഭാസ്‌കരപിള്ളയുടെ മകൻ അല്ല എന്നും അതിനാൽ അയാളെ മൃതദേഹം കാണിക്കേണ്ട കാര്യമില്ലെന്നും പ്രിയ പഞ്ചായത്ത് മെമ്പറോടു പറഞ്ഞു. ഇത് പറയുന്നതിനിടയിൽ മൃതദേഹം പ്രിയയുടെ സഹോദരനും മക്കളും ചേർന്ന് ചിതയിലേക്ക് എടുത്തു. എന്നാൽ ഇത് കണ്ട് തഴവ ഗ്രാപഞ്ചായത്തിലെ മുൻഗ്രാമപഞ്ചായത്ത് അംഗങ്ങളായ സലിം അമ്പീത്തറ, രവി എന്നിവർ ചേർന്ന് മൃതദേഹം സംസ്‌കരിക്കുന്നത് തടയാൻ ശ്രമിച്ചു.

ഇതോടെ പ്രിയ അസഭ്യം പറഞ്ഞ് കൊണ്ട് കയ്യിലുണ്ടായിരുന്ന മൺവെട്ടി ഇവർക്ക് നേരേ വീശി. മാന്യമായി പെരുമാറണം എന്ന് നാട്ടുകാരും പൊതുപ്രവർത്തകരും ആവിശ്യപ്പെട്ടെങ്കിലും പ്രിയ അസഭ്യം പറയുന്നത് തുടരുകയായിരുന്നു. തർക്കം നടക്കുന്നതിനിടയിൽ പ്രിയയുടെ മക്കൾ ചേർന്ന് ചിതയ്ക്ക് തീ കൊളുത്തി. ശവസംസ്‌കാര ചടങ്ങുകൾ ചെയ്യുവാനായി എത്തിയ കുടജാദ്രീ ഗ്യാസ് ഫർണസ് ദഹനചൂള എന്ന കമ്പിനി തൊഴിലാളികളോട് ചിതയ്ക്ക് തീ കൊളുത്തരുത് എന്ന് നാട്ടുകാർ പറഞ്ഞിട്ടും അവർ അത് ചെയ്തത് കൂടുതൽ കാശ് വാങ്ങിയിട്ടാണ് എന്നും കുടജാദ്രീ ഉടമയും തൊഴിലാളികളും ഈ കുറ്റത്തിന് കൂട്ടു നിൽക്കുകയായിരുന്നു അതിനാൽ അവരേയും കേസിൽ പ്രതി ചേർക്കണമെന്ന് നാട്ടുകാർ ആവിശ്യപ്പെടുന്നു.

മുന്നിൽ തടഞ്ഞ് നിൽക്കുന്നത് ഒരു സ്ത്രീ ആയതിനാലും കത്തിച്ച ചിത അണയ്ക്കുന്നത് മൃതദേഹത്തെ അപമാനിക്കുന്നതിന് തുല്യമായതിനാലും നാട്ടുകാർക്കും പൊതുപ്രവർത്തകർക്കും ചിത കത്തുന്നത് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. വിവരം അറിയിച്ച് ഓച്ചിറ പൊലീസ് സ്റ്റേഷനിലേക്കും മണപ്പള്ളി പൊലീസ് എയിഡ് പോസ്റ്റിലേക്കും നാട്ടുകാർ ഫോൺ ചെയ്തിരുന്നു. എന്നാൽ അവർ വേണ്ട രീതിയിൽ ഇതിനോട് പ്രതികരിച്ചില്ല എന്ന് നാട്ടുകാർ പറയുന്നു. പത്ത് മിനിറ്റ് മാത്രം മതി മണപ്പള്ളി പൊലീസ് എയിഡ് പോസ്റ്റിൽ നിന്നും കുതിരപ്പന്തി കാവിന്റെ വടക്കതിൽ വീട്ടിലെക്ക് എത്താൻ എന്നാൽ പൊലീസ് ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയില്ല.

മൂന്ന് ജീപ്പടക്കമുള്ള വാഹനങ്ങൾ ഉണ്ടായിരിന്നിട്ടും ഓച്ചിറ പൊലീസും വേണ്ട രീതിയിൽ പ്രവർത്തിച്ചില്ല. ചിത കത്തി തീരാറായപ്പോഴാണ് രണ്ട് പൊലീസുകാർ ബൈക്കിൽ ഇവിടെക്ക് എത്തിയത്. വന്ന പൊലീസുകാർ ആകട്ടെ പ്രിയക്ക് അനുകൂലമായിട്ടാണ് നിലപാട് എടുത്തത് എന്നും, പൊലീസിനെ പൊലും നിയന്ത്രിക്കാൻ കഴിയുന്ന ഏതോ ഒരാൾ പ്രിയയുടെ കൂടെ ഉണ്ട് എന്നും, അവർ നേരത്തെ തന്നെ പൊലീസിനെ കയ്യിലെടുത്തു എന്നും നാട്ടുകാർ ആരോപിക്കുന്നു.

ചിത കത്തി തീർന്നതിന് ശേഷമാണ് ഭാസ്‌കരപിള്ളയുടെ മകൻ ഗോപാലകൃഷ്ണപിള്ളക്ക് എത്തി ചേരാൻ സാധിച്ചത്. പിതാവിന്റെ ചിതക്കരുകിൽ വിങ്ങി പൊട്ടി നിസഹായനായി നിന്നു അയാൾ. 2017 ൽ പ്രിയ തന്നെ ശാരീരികമായി ഉപദ്രവിച്ച് വീട്ടിൽ നിന്നും ഇറക്കി വിട്ടയാതും, തന്റെ വസ്തുക്കൾ അവർ കയ്യേറി എന്നെ വീട്ടിൽ നിന്നും അടിച്ചിറക്കി വിട്ടതായും, കൂടുതൽ കളിച്ചാൽ പെൺമക്കളെ ഉപദ്രവിച്ചു എന്ന് ആരോപിച്ച് തന്റെ പേരിൽ കേസ് കൊടുക്കും എന്ന് പ്രിയ ഭീഷണിപ്പെടുത്തിയിട്ടുള്ളതായും ഗോപാലകൃഷ്ണപിള്ള മറുനാടനോട് പറഞ്ഞു.

മൂന്ന് വീട് തന്റെ പാരമ്പര്യമായി കിട്ടിയതെങ്കിലും നാൽപ്പത് സെന്റ് തന്റെ പേരീൽ കരം അടയ്ക്കുന്നണ്ട് എങ്കിലും വാടകമുറിയിൽ കഴിയുകയാണ് ഈ മനുഷ്യൻ. തഴവ കുതിരപ്പന്തി ബി.ജെ.എസ്.എം ഹയർ സെക്കന്ററി സ്‌ക്കൂളിൽ ലാബ് അസിസ്റ്റന്റായി ജോലി ഉണ്ടായിരുന്ന ഗോപാലകൃഷ്ണപിള്ള ആദ്യാത്മിക പ്രവർത്തനങ്ങൾക്ക് വേണ്ടി ജോലി ഉപേക്ഷിക്കുകയായിരുന്നു. ഭാഗവതപാരയണവും അഖണ്ഡനാമജപവും നടത്തി കിട്ടുന്ന തുശ്ചമായ തുകയാണ് പാരമ്പര്യമായി ലക്ഷകണക്കിന് രൂപയുടെ മൂല്യമുള്ള ഇയാളുടെ ഇപ്പോഴത്തെ ഏക വരുമാനമാർഗ്ഗം.

കൊല്ലം പായിക്കട റോഡിൽ മെത്തവ്യാപാരിയാരുന്ന കുതിരപ്പന്തി കാവിന്റെ വടക്കതിൽ രാമചന്ദ്രപിള്ളയും കുതിരപ്പന്തി ചന്തയിൽ വ്യാപാരം നടത്തിയിരുന്ന ഭാസ്‌കരപിള്ളയും സഹോദരന്മാരായിരുന്നു. പഴയകാലരീതി അനുസരിച്ച് ഇവർ രണ്ട് പേരും ചേർന്നാണ് പത്മാവതിയമ്മ എന്ന ഗോപാലകൃഷ്ണ പിള്ളയുടെ മാതാവിനെ സംരക്ഷിച്ചിരുന്നത്. പത്മാവതി അമ്മ എട്ട് പ്രസവിച്ചു എങ്കിലും കുട്ടികൾ അകാലത്തിൽ മരിച്ചു പോയിരുന്നു. ഒൻപതാമത്തെ പുത്രനായിട്ടാണ് ഗോപാലകൃഷ്ണപിള്ള ജനിക്കുന്നത്.

സഹോദരന്മാരായ രണ്ട് പിതാക്കന്മാരാണ് ഗോപാലകൃഷ്ണപിള്ളയേ വളർത്തിയത്. ഇതാണ് ഇപ്പോൾ മരിച്ച ഭാസ്‌കരപിള്ള ഗോപാലകൃഷ്ണപിള്ളയുടെ പിതാവ് അല്ല അതിനാൽ അയാളെ മൃതദേഹം കാണിക്കുകയോ കർമ്മം ചെയ്യിക്കുകയോ ചെയ്യേണ്ട എന്ന് പ്രിയ പറയുന്നത്. എന്നാൽ ഗോപാലകൃഷ്ണപിള്ളക്ക് ബന്ധം ഇല്ലെങ്കിൽ പിന്നെ അയാളുടെ ഭാര്യയായ പ്രിയയ്ക്ക് എന്താണ് ഭാസ്‌കരപിള്ളയുമായുള്ള ബന്ധം എന്ന് നാട്ടുകാർ ചോദിക്കുന്നു. ഇതെല്ലാം സ്വത്ത് തട്ടി എടുക്കാനുള്ള പ്രിയയുടെ തന്ത്രമാണ് എന്നും ഭാസ്‌കരപിള്ളയുടെ സഹോദരനായിരുന്ന രാമചന്ദ്രൻപിള്ള മരിച്ചപ്പോഴും പ്രിയ ഇതേ വാദങ്ങൾ ഉയർത്തി ഗോപാലകൃഷ്ണപിള്ളയെ ശവസംസ്‌കാരചടങ്ങുകളിൽ പങ്കെടുക്കുന്നത് തടഞ്ഞിരുന്നു.

എന്നാൽ അന്നത്തെ പൊലീസ് അസിസ്റ്റൻസ് കമ്മീഷണർ ഇടപെട്ടാണ് ഗോപാലകൃഷ്ണപിള്ളയെ ചടങ്ങിൽ പങ്കെടുപ്പിച്ചത് എന്ന് നാട്ടുകാരും ഗോരാലകൃഷ്ണപിള്ളയും ചേർന്ന് സംസ്ഥാനപൊലീസ് മേധാവിക്ക് അയച്ച പരാതിയിൽ ആരോപണമുണ്ട്. ഭാസ്‌കരപിള്ളയുടെ മരണവും സംഭവങ്ങളും ഞെട്ടലുണ്ടാക്കി എന്ന് തഴവ കുതിരപ്പന്തി ചന്തയിലെ പിള്ളയുടെ സഹപ്രവർത്തകരായിരുന്ന വ്യാപാരികൾ മറുനാടനോട് പറഞ്ഞു. നാട്ടിലെ എല്ലാവർക്കും പ്രിയങ്കരനും സാമൂഹിക രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന ഭാസ്‌കരപിള്ള വ്യാപാരി വ്യവസായ സംഘടയുടെ തലപ്പത്തും പ്രവർത്തിച്ചിട്ടുണ്ട്.

ഇത്തരത്തിൽ സജീവമായിരുന്ന ഒരാളെ സമൂഹവും ബന്ധുക്കളും അറിയാതെ മറവ് ചെയ്തത് മനുഷത്വരഹിതവും ദുരൂഹത നിറഞ്ഞതുമാണെന്ന് കുതിരപ്പന്തിയിലെ വ്യാപരികൾ ആരോപിക്കുന്നു. അതേസമയം ഗോപാലകൃഷ്ണപിള്ള കുടംബത്തിൽ നിന്ന് അകന്ന് നിൽക്കുകയാണ്. മരണവിവരം അറിയിച്ചിട്ടും സംസ്‌കരിക്കുന്ന സമയം കഴിഞ്ഞാണ് ഗോപാലകൃഷ്ണപിള്ള സ്ഥലത്ത് എത്തിയത്. അയാൾക്ക് പരാതിയില്ലെന്ന് പൊലീസിന് സ്റ്റേറ്റ്മെന്റ് തന്നിട്ടുണ്ട് എന്ന് ഓച്ചിറ പൊലീസ് മറുനാടനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP