Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാം ജൂണിൽ തീർക്കണമെന്ന് നിർദ്ദേശിച്ചത് മുഖ്യമന്ത്രി; നിസ്സാര കാര്യങ്ങൾ പറഞ്ഞ് നടപടി നീട്ടിക്കൊണ്ടു പോയത് നേതാക്കളുടെ അതിബുദ്ധി; ജൂലൈയിൽ ഇപിയിലൂടെ സ്ഥാപിച്ചെടുത്തത് സർക്കാരിനെ അശോകൻ വകവയ്ക്കുന്നില്ലെന്ന വാദം; വനിതാ നേതാവിന് കഴക്കൂട്ടം ആഗ്രഹിച്ചപ്പോൾ കാട്ടക്കട കൊടുത്ത തന്ത്രവും ഫലിച്ചില്ല; അശോക് തെറിച്ച കഥ

എല്ലാം ജൂണിൽ തീർക്കണമെന്ന് നിർദ്ദേശിച്ചത് മുഖ്യമന്ത്രി; നിസ്സാര കാര്യങ്ങൾ പറഞ്ഞ് നടപടി നീട്ടിക്കൊണ്ടു പോയത് നേതാക്കളുടെ അതിബുദ്ധി; ജൂലൈയിൽ ഇപിയിലൂടെ സ്ഥാപിച്ചെടുത്തത് സർക്കാരിനെ അശോകൻ വകവയ്ക്കുന്നില്ലെന്ന വാദം; വനിതാ നേതാവിന് കഴക്കൂട്ടം ആഗ്രഹിച്ചപ്പോൾ കാട്ടക്കട കൊടുത്ത തന്ത്രവും ഫലിച്ചില്ല; അശോക് തെറിച്ച കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വൈദ്യുത ബോർഡിൽ നിന്നും ബി അശോകിനെ പുറത്താക്കിയതിന് പിന്നിൽ ഓഫീസേഴ്‌സ് അസോസിയേഷന്റെ തന്ത്രപരമായ ഇടപെടലുകൾ. എല്ലാ പ്രശ്‌നവും ജൂണിൽ അവസാനിപ്പിക്കുമെന്ന് കെ എസ് ഇ ബി ചെയർമാനായ ബി അശോക് സർക്കാരിനോട് പറഞ്ഞിരുന്നു. ഇത് നീട്ടിക്കൊണ്ടു പോയതിന് പിന്നിൽ അശോകാണെന്ന് സർക്കാർ വൃത്തങ്ങളെ ബോധ്യപ്പെടുത്തിയാണ് മാറ്റം ഓഫീസേഴ്‌സ് അസോസിയേഷൻ സാധ്യമാക്കുന്നത്. ഇനി കെ എസ് ഇ ബിയിൽ എല്ലാം തങ്ങൾക്ക് തീരുമാനിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഓഫീസേഴ്‌സ് അസോസിയേഷൻ. അസോസിയേഷൻ നേതാക്കളെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് അശോകിന്റെ സ്ഥാന ചലനത്തിനും കാരണം.

മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് തീരുമാനം എടുത്തത്. വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടിയെ പോലും ചർച്ചകൾക്ക് വിളിച്ചില്ല. ഇതിന് പിന്നിൽ സിപിഎമ്മിലെ ചില മുതിർന്ന നേതാക്കളായിരുന്നു. ആദ്യം സിഐടിയുവിന്റെ ചുമതലയുള്ള എളമരം കരീമിനെ കൂടെ നിർത്തിയായിരുന്നു അശോകിനെതിരായ നീക്കങ്ങൾ. എന്നാൽ എളമരത്തിന് പിണറായിയെ സ്വാധീനിക്കാൻ കഴിയുമോ എന്ന സംശയം വന്നതോടെ  എ വിജയരാഘവൻ എന്ന പോളിറ്റ് ബ്യൂറോ അംഗത്തെ കണ്ട് എല്ലാം പറഞ്ഞു. അതിന് ശേഷം ഇടതു കൺവീനർ ഇപി ജയരാജനുമായി അടുത്തു. ഇപിയുടെ നീക്കങ്ങലാണ് അശോകിന് സ്ഥാനം പോകാൻ കാരണം.

നിയമവും ചട്ടവും നോക്കി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനാണ് ബി അശോക്. സെക്രട്ടറി പദവി കിട്ടിയ ശേഷം ഏതാണ് ആറോളം സ്ഥലം മാറ്റം. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ആവശ്യ പ്രകാരമാണ് കെ എസ് ഇ ബിയിൽ അശോകിനെ നിയമിച്ചത്. എല്ലാ അധികാരവും മന്ത്രി ചെയർമാന് നൽകുകയും ചെയ്തു. ഇതിനിടെയാണ് യൂണിയനുകളുമായുള്ള ഏറ്റുമുട്ടൽ. എല്ലാവരേയും ജോലി എടുപ്പിക്കാനുള്ള നീക്കമാണ് ഓഫീസേഴ്‌സ് അസോസിയേഷനുമായി തെറ്റാൻ കാരണം. നേതാവായ സുരേഷ് കുമാർ സിപിഎമ്മിലെ പ്രധാന നേതാക്കളുമായി അടുപ്പമുള്ള വ്യക്തിയായിരുന്നു. സുരേഷ് കുമാറിനെതിരെ അശോകൻ തിരിഞ്ഞതോടെ പ്രശ്‌നം തുടങ്ങി.

പിന്നെ സമരങ്ങളായി. ഇതിനിടെ സർക്കാർ പലവട്ടം ഇടപെട്ടു. ബോർഡ് യോഗത്തിലേക്ക് തള്ളിക്കയറിയവർക്കെതിരെ അശോക് നടപടി എടുത്തു. ഇതിന് പിന്നാലെ മൂന്ന് പേരെ സസ്‌പെന്റ് ചെയ്തു. സിപിഎം ഇടപെട്ട് സസ്‌പെൻഷൻ സ്ഥലം മാറ്റമാക്കി. പ്രശ്‌ന പരിഹാരം ജൂണിന് മുമ്പ് സാധ്യമാക്കണമെന്ന് അശോകിനോട് സമ്മതിച്ചു. ജൂണിന് മുമ്പ് അച്ചടക്ക നടപടികളിൽ തീരുമാനം ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി നേരിട്ട് കെ എസ് ഇ ബി ചെയർമാനെ അറിയിച്ചതായാണ് സൂചന. ഈ വിഷയത്തിൽ അശോക് ഗുരുതര വീഴ്ച വരുത്തിയെന്ന് സർക്കാരിനെ തെറ്റിധരിപ്പിക്കാൻ ആയതാണ് യൂണിയനുകൾക്ക് വീണ്ടും മുൻതൂക്കം കിട്ടാൻ കാരണം.

സുരേഷ് കുമാറിനെ പെരിന്തൽമണ്ണയ്ക്കും വനിതാ നേതാവ് ജാസ്മിൻ ബാനുവിനെ സീതത്തോട്ടേക്കുമായിരുന്നു അശോക് സ്ഥലം മാറ്റിയത്. ഒത്തുതീർപ്പ് ചർച്ചകളിൽ വനിതാ നേതാവിന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം നൽകി. കാട്ടക്കടയിലായിരുന്നു നിയമനം. എന്നാൽ കഴക്കൂട്ടമാണ് വനിതാ നേതാവ് ആഗ്രഹിച്ചത്. എന്നാൽ വൈദ്യുത ബോർഡ് ഉൾപ്പെടുന്ന സെക്ഷനിൽ ജാസ്മിൻ ബാനുവിനെ നിയമിക്കാൻ അശോക് തയ്യറായില്ല. യൂണിയൻ പ്രവർത്തനം പുതു തലത്തിൽ എത്താതിരിക്കാൻ അവരെ കാട്ടക്കടയിൽ തന്നെ നിലനിർത്തി. ജാസ്മിൻ ബാനുവാണ് ഇടതു നേതാക്കളുമായി യൂണിയന് വേണ്ടി ചർച്ചകൾ നടത്തിയത്.

തൊഴിലാളി നേതാക്കളുമായുള്ള പ്രശ്‌നം ജൂണിന് മുമ്പ് അവസാനിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം അശോക് അവഗണിച്ചുവെന്ന് അവർ വിശദീകരിച്ചു. അതിൽ സാങ്കേതികമായി സത്യവും ഉണ്ട്. എന്നാൽ അച്ചടക്ക നടപടിയുമായി സഹകരിക്കാതെ കെ എസ് ഇ ബിയിലെ തൊഴിലാളി നേതാക്കളാണ് ഇത് വൈകിപ്പച്ചത്. ചെറിയ കാര്യങ്ങൾ പറഞ്ഞ് അവർ അച്ചടക്ക നടപടികൾ നീട്ടിക്കൊണ്ടു പോയി. ഫലത്തിൽ ഇവരുടെ സ്ഥലമാറ്റത്തിൽ തീരുമാനം എടുക്കാൻ വൈദ്യുത ബോർഡ് ചെയർമാന് കഴിയാത്ത സ്ഥിതി വന്നു. ഇതിന് മുഖ്യമന്ത്രിക്ക് മുമ്പിൽ ചെയർമാന്റെ വീഴ്ചയായി വരുത്തി തീർത്തു. അങ്ങനെ ചെയർമാനെ മാറ്റാനുള്ള നീക്കത്തിൽ യൂണിയൻ വിജയിച്ചു.

മന്ത്രിസഭാ യോഗത്തിൽ ഇതു സംബന്ധിച്ച ചർച്ചകൾ ഉണ്ടായില്ല. യോഗത്തിന് ശേഷം വൈദ്യുത മന്ത്രിയോട് മുഖ്യമന്ത്രി തന്റെ നിലപാട് അറിയിച്ചു. തന്നെ ധിക്കരിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റുന്നതായും അറിയിച്ചു. ഇതിനെ മന്ത്രിയും എതിർത്തില്ല. അങ്ങനെ അശോകന്റെ മാറ്റത്തിൽ തീരുമാനമായി. കൃഷിവകുപ്പ് സെക്രട്ടറിയായാണു അശോകിന്റെ പുതിയ നിയമനം. പകരം, ജലവിഭവ പ്രിൻസിപ്പൽ സെക്രട്ടറി ഡോ: രാജൻ എൻ. ഖോബ്രഗഡെയെ കെ.എസ്.ഇ.ബി. ചെയർമാനായി നിയമിച്ചു. കെ.എസ്.ഇ.ബി. ചെയർമാൻ പദവി പ്രിൻസിപ്പൽ സെക്രട്ടറിയുടേതിനു തുല്യമാക്കിയാണു മാറ്റം.

കെ.എസ്.ഇ.ബി. ചെയർമാൻ പദവിയിൽ ഒരുവർഷം തികയ്ക്കാനിരിക്കേയാണ് അശോകിനെ മാറ്റിയത്. ബോർഡിൽ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ പേരിൽ ഈവർഷം ആദ്യംമുതൽ ചെയർമാനും ജീവനക്കാരുടെ സംഘടനകളും തുറന്നപോരിലായിരുന്നു. തുടക്കത്തിൽ ഇടതുമുന്നണി ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും കഴിഞ്ഞ ഏപ്രിലോടെ തർക്കം രൂക്ഷമായി. മുൻകൂർ അനുമതിയില്ലാതെ അവധിയെടുത്തതിന്റെ പേരിൽ, സിപിഎം. അനുകൂല സർവീസ് സംഘടനയായ കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്റെ നേതാവായ ഉദ്യോഗസ്ഥയ്ക്കെതിരേ നടപടിയെടുത്തതായിരുന്നു കാരണം.

തുടർന്ന്, ബോർഡ് ആസ്ഥാനത്തു ദിവസങ്ങളോളം സമരം നടന്നു. ചെയർമാന്റെ ഓഫീസിലേക്കു തള്ളിക്കയറാൻ ശ്രമിച്ച ജീവനക്കാർക്കെതിരേയും നടപടിയുണ്ടായി. അന്നുതന്നെ ചെയർമാനെ മാറ്റണമെന്ന് ആവശ്യമുയർന്നെങ്കിലും സർക്കാർ വഴങ്ങിയില്ല. പ്രശ്നങ്ങൾ ഏറെക്കുറേ ആറിത്തണുത്ത ഘട്ടത്തിലാണ് ഇപ്പോഴത്തെ സ്ഥാനചലനം. മുൻസർക്കാരിന്റെ കാലത്തെ ഭൂമി ഇടപാടുകളെക്കുറിച്ചും ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് ഔദ്യോഗികവാഹനം ദുരുപയോഗം െചയ്തതിനെക്കുറിച്ചും സാമൂഹികമാധ്യമത്തിൽ ചെയർമാന്റെ പ്രതികരണം വിവാദമായിരുന്നു. ഇതിനെതിരേ അസോസിയേഷനും മുന്മന്ത്രി എം.എം. മണിയും രംഗത്തെത്തിയതോടെ ചെയർമാൻ പോസ്റ്റ് പിൻവലിച്ചു.

ബോർഡ് ആസ്ഥാനത്തെ സമരം ഒത്തുതീർക്കുന്നതിന്റെ ഭാഗമായി സസ്പെൻഷൻ നടപടി ഉപേക്ഷിച്ചെങ്കിലും േനതാക്കളെ സ്ഥലംമാറ്റിയത് അസോസിയേഷനെ ചൊടിപ്പിച്ചു. ശോകിനെതിരേ സിഐ.ടി.യു. നേതൃത്വം രംഗത്തുവന്നപ്പോൾ ഐ.എ.എസ്. അസോസിയേഷൻ അദ്ദേഹത്തെ ശക്തമായി പിന്തുണച്ചിരുന്നു. മുന്മന്ത്രി എം.എം. മണിയും സിഐ.ടി.യു. നേതാവ് ആനത്തലവട്ടം ആനന്ദനും അശോകിനെതിരേ പരസ്യമായി പ്രതികരിച്ചപ്പോഴും സർക്കാർ അദ്ദേഹത്തെ കൈവിട്ടിരുന്നില്ല.

കെ.എസ്.ഇ.ബി ചെയർമാൻ പടിയിങ്ങും മുമ്പ് യൂണിയൻ നേതാക്കന്മാർക്ക് മറ്റൊരു പണി കൂടി നൽകി ഉത്തരവിക്കിയെന്നും വാദമുണ്ട്. യൂണിയൻ നേതാക്കൾക്കുള്ള യൂണിയൻ പ്രൊട്ടക്ഷനിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ ഉത്തരവ് എന്നായിരുന്നു വാർത്തകൾ. യൂണിയൻ പ്രൊട്ടക്ഷൻ ഇനി അതാത് ജില്ലകളിൽ മാത്രമായിരിക്കുമെന്നാണ് ഉത്തരവ്. അച്ചടക്ക നടപടി നേരിട്ടവർക്ക് മുമ്പുണ്ടായിരുന്ന സ്ഥലത്തേക്ക് തിരിച്ചു വരാനാകില്ലെന്ന് സാരം. എന്നാൽ ഇതെല്ലാം നേരത്തെ തന്നെ നിലവിലുള്ള ചട്ടങ്ങളാണ്. ഇതിനെ ജനറൽ ട്രാൻസഫറിലേക്ക് കൂടി ഉൾപ്പെടുത്തുകയായിരുന്നു ഇപ്പോൾ. ഈ തീരുമാനം ഏഴിന് വൈദ്യുത ബോർഡ് എടുത്തതുമാണ്.

അതിനിടെ കെ.എസ്.ഇ.ബി. ചെയർമാൻ ഡോ. ബി. അശോകിനെ മാറ്റിയതിനു പിന്നിൽ രാഷ്ട്രീയസമ്മർദമാണെന്ന ആരോപണം നിഷേധിച്ചെങ്കിലും, നടപടിയിൽ പരോക്ഷമായി നീരസം പ്രകടിപ്പിച്ച് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി രംഗത്തു വന്നു. മിടുക്കനായ ഉദ്യോഗസ്ഥനെ വകുപ്പിൽനിന്നു മാറ്റാൻ താൻ ആവശ്യപ്പെടുമോയെന്നായിരുന്നു മാധ്യമങ്ങേളാട് അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ, സ്ഥലംമാറ്റം സ്വാഭാവികമാെണന്നും സമ്മർദം മൂലമല്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP