Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൂട്ടുകാരന് രോഗമുള്ളതു കൊണ്ട് വിമാന യാത്രയിൽ കരുതൽ എടുത്തു; തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ടാക്‌സിയിൽ വീട്ടിലേക്ക് യാത്ര; പനി കലശലായപ്പോൾ ഓട്ടോയിൽ സ്വകാര്യ ആശുപത്രിയിൽ; വാനര വസൂരി സ്ഥീരീകരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ; ചികിൽസയിലുള്ളതുകൊല്ലത്തെ 35കാരൻ; അച്ഛനും അമ്മയും അടക്കം 11 പേർ നിരീക്ഷണത്തിൽ; ഇന്ത്യയിലെ ആദ്യ മങ്കി പോക്‌സ് കേരളത്തിൽ

കൂട്ടുകാരന് രോഗമുള്ളതു കൊണ്ട് വിമാന യാത്രയിൽ കരുതൽ എടുത്തു; തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ടാക്‌സിയിൽ വീട്ടിലേക്ക് യാത്ര; പനി കലശലായപ്പോൾ ഓട്ടോയിൽ സ്വകാര്യ ആശുപത്രിയിൽ; വാനര വസൂരി സ്ഥീരീകരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ; ചികിൽസയിലുള്ളതുകൊല്ലത്തെ 35കാരൻ; അച്ഛനും അമ്മയും അടക്കം 11 പേർ നിരീക്ഷണത്തിൽ; ഇന്ത്യയിലെ ആദ്യ മങ്കി പോക്‌സ് കേരളത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ മങ്കിപോക്‌സ് സ്ഥിരീകരിച്ചു. കൊല്ലത്തുള്ള യുവാവിനാണ് രോഗ ബാധ. യുഎഇയിൽ നിന്ന് നാട്ടിലെത്തിയപ്പോൾ തന്നെ അസുഖ ലക്ഷണം തുടങ്ങി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയ യുവാവിനെ സംശയം തോന്നി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. തുടർന്നുള്ള പരിശോധനയിൽ ഡോക്ടർമാർ മങ്കി പോക്‌സാകുമെന്ന് ഉറപ്പിച്ചു. അതിന് ശേഷം സാമ്പിൾ പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. സ്ഥിരീകരിക്കുകയും ചെയ്തു. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. 35 വയസ്സുള്ള ആൾക്കാണ് രോഗം. രോഗിക്ക് ആരോഗ്യ പ്രശ്‌നമൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

യുവാവിന്റെ അച്ഛനും അമ്മയും ടാക്‌സി ഡ്രൈവറും ഓട്ടോ ഡ്രൈവറും അടുത്ത് ബന്ധം പുലർത്തി. ഇവരെ നിരീക്ഷണത്തിലാക്കി. ഇതിനൊപ്പം വിമാനത്തിൽ യാത്ര ചെയ്ത 11 പേരെയും നിരീക്ഷണത്തിലാക്കി. കൊല്ലത്തെ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരേയും നിരീക്ഷിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ഈ യുവാവ് വിമാനത്തിൽ ഇറങ്ങിയത്. അതിന് ശേഷം കൊല്ലത്തേക്ക് പോകുകയായിരുന്നു. ഈ യുവാവുമായി അടുത്ത് ബന്ധം പുലർത്തിയവർ 21 ദിവസം വരെ നിരീക്ഷണത്തിൽ കഴിയണം. വൈറസ് ബാധ പുറത്തു വരാൻ വേണ്ടത് 21 ദിവസമാണ് എന്നതാണ് ഇതിന് കാരണം.

ചിക്കൻ പോക്‌സിന് സമാനമാണ് മങ്കി പോക്‌സിന്റേയും രോഗലക്ഷണങ്ങൾ. കുമിളയും പാടും പ്രത്യക്ഷപ്പെടുന്നതു മുതൽ 15 ദിവസത്തേക്ക് വൈറസ് രോഗിയുടെ ശരീരത്തിലുണ്ടാകും. മരണ നിരക്ക് വളരെ കുറവാണ്. ഇതാണ് ആശ്വാസം. അതിവേഗം പടരുകയുമില്ല. രോഗിയുമായി അടുത്തിടപ്പെട്ടാൽ മാത്രമേ വൈറസ് ബാധയുണ്ടാകൂ. എങ്കിലും യുവാവ് സഞ്ചരിച്ച സ്ഥലങ്ങളിൽ എല്ലാം നിരീക്ഷണം ശക്തമാക്കും. വിമാനത്താവളത്തിൽ നിന്ന് കൊല്ലത്തേക്ക് ടാക്‌സിയിലായിരുന്നു യാത്ര. വീട്ടിൽ നിന്ന് കൊല്ലത്തെ ആശുപത്രിയിലേക്ക് പോയത് ഓട്ടോറിക്ഷയിലും.

ഈ രോഗിയുടെ യുഎഇയിലുള്ള സുഹൃത്തിന് മങ്കി പോക്‌സ് സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ യുഎഇയിൽ നിന്ന് യാത്ര തിരിക്കുമ്പോൾ സംശയമുണ്ടായിരുന്നു. അതിനാൽ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിച്ചായിരുന്നു യാത്ര. വീട്ടിൽ എത്തിയപ്പോൾ തന്നെ പനിയുള്ളതു കൊണ്ട് ആശുപത്രിയിലും പോയി. ഇതാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എത്താൻ കാരണം.

കേരളത്തിൽ ഒരാൾക്ക് മങ്കിപോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാ?ഗ്രതാ നിർദ്ദേശം. പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർ?ദേശം. ഇതുസംബന്ധിച്ച് കേന്ദ്ര ആരോ?ഗ്യ മന്ത്രാലയ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. സംശയമുള്ള എല്ലാവരെയും പരിശോധനയ്ക്കും നിരീക്ഷണത്തിനും വിധേയമാക്കണമെന്ന് നിർദ്ദേശത്തിലുണ്ട്. പ്രത്യേകം ആശുപത്രി സൗകര്യം ഒരുക്കണമെന്നും കർശന പരിശോധന വേണമെന്നും കേന്ദ്രത്തിന്റെ നിർദ്ദേശമുണ്ട്. ആരോഗ്യ പ്രവർത്തകരിലും ഡോക്ടർമാരിലും അവബോധം ഉറപ്പുവരുത്തണം.

വ്യാഴാഴ്‌ച്ച വൈകീട്ടാണ് സംസ്ഥാനത്ത് ഒരാൾക്ക് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്ന് മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ ആൾക്കാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് രോഗിയുടെ സാമ്പിളുകൾ പരിശോധനയ്ക്കായി പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെ പരിശോധന ഫലം ലഭിച്ചു.

എന്താണ് മങ്കിപോക്‌സ്?

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ്. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി മങ്കിപോക്‌സിന്റെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ മങ്കിപോക്‌സ് ആദ്യമായി കണ്ടെത്തിയത്.

രോഗ പകർച്ച

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ കുരങ്ങുപനി വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മങ്കിപോക്‌സ് വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

പ്ലാസന്റ വഴി അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കിൽ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്‌സിനേഷൻ നിർത്തലാക്കിയതിനാൽ പൊതുജനങ്ങളിൽ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് മങ്കിപോക്‌സിനെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.

ലക്ഷണങ്ങൾ

സാധാരണഗതിയിൽ ഇൻകുബേഷൻ കാലയളവ് 6 മുതൽ 13 ദിവസം വരെയാണ്. എന്നാൽ ചില സമയത്ത് ഇത് 5 മുതൽ 21 ദിവസം വരെയാകാം. 2 മുതൽ 4 ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടു നിൽക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീർണതകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകൾ, ബ്രോങ്കോന്യുമോണിയ, സെപ്‌സിസ്, എൻസെഫലൈറ്റിസ്, കോർണിയയിലെ അണുബാധ എന്നിവയും തുടർന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീർണതകളിൽ ഉൾപ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.

ചികിത്സ

വൈറൽ രോഗമായതിനാൽ പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിനും, ദീർഘകാല പ്രത്യാഘാതങ്ങൾ തടയുന്നതിനും ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. വാക്‌സിനേഷൻ നിലവിലുണ്ട്

പ്രതിരോധം

അസുഖം ബാധിച്ച സമയത്തും, അവയുടെ മൃതശരീരങ്ങൾ കൈകാര്യം ചെയ്യുന്ന സമയത്തും വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പർക്കം ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങൾ എന്നിവയുമായുള്ള സമ്പർക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്പ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.

രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുൻകരുതലുകളെടുക്കണം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP