Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വടക്കൻ ഒഡിഷക്കും സമീപപ്രദേശത്തിനും മുകളിലായി ന്യൂനമർദ്ദം; അടുത്ത 48 മണിക്കൂറിൽ ഗുജറാത്ത് തീരത്ത് ഒരു ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യത; സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായ മൺസൂൺ പാത്തി ജൂലൈ 17 മുതൽ വടക്കോട്ടു നീങ്ങിയേക്കും; അടുത്ത അഞ്ചു ദിവസവും വ്യാപക മഴ മുന്നറിയിപ്പ്; ദുരിതപ്പെയ്ത്തിൽ വിറച്ച് കേരളം

വടക്കൻ  ഒഡിഷക്കും സമീപപ്രദേശത്തിനും  മുകളിലായി  ന്യൂനമർദ്ദം; അടുത്ത 48 മണിക്കൂറിൽ ഗുജറാത്ത് തീരത്ത് ഒരു ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യത; സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായ മൺസൂൺ പാത്തി ജൂലൈ 17 മുതൽ വടക്കോട്ടു നീങ്ങിയേക്കും; അടുത്ത അഞ്ചു ദിവസവും വ്യാപക മഴ മുന്നറിയിപ്പ്; ദുരിതപ്പെയ്ത്തിൽ വിറച്ച് കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ഒഡിഷക്കും സമീപപ്രദേശത്തിനും മുകളിലായി ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. കൂടാതെ അടുത്ത 48 മണിക്കൂറിൽ ഗുജറാത്ത് തീരത്ത് ഒരു ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്ന മൺസൂൺ പാത്തി ജൂലൈ 17 മുതൽ വടക്കോട്ടു സഞ്ചരിക്കാൻ സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു. ഇതോടെ കേരളത്തിൽ മഴ കെടുതി തുടരുമെന്ന് ഉറപ്പായി. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്.

നാളെ (ജൂലൈ 15)രാത്രി 11.30 വരെ വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരളതീരത്ത് 3.5 മുതൽ 4.0 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുമുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം തുടങ്ങിയ മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.

ഇന്നും നാളെയും കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിലും തെക്ക് കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിലും തമിഴ്‌നാട് തീരം, അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആന്ധ്രാപ്രദേശ് തീരം അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഈ സാഹചര്യത്തിൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിലും മുന്നറിയിപ്പുള്ള മറ്റ് പ്രദേശങ്ങളിലും ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ കനത്ത മഴയാണ്. ഇന്നലെ അർദ്ധരാത്രി മുതൽ മഴ തുടരുകയാണ്. കക്കയം അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ ഒരു ഷട്ടർ ഇന്നലെ രാത്രി 8 മണിയോടെ 15 സെന്റീമീറ്റർ ഉയർത്തിയിരുന്നു. ഷട്ടർ ഉയർത്തി വെള്ളം തുറന്ന് വിടുന്നതിനാൽ കുറ്റ്യാടി പുഴയിൽ ജലനിരപ്പ് ഉയരാൻ ഇടയുണ്ട്. തീരവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി. ജില്ലയിൽ കടലും പലയിടത്തും പ്രക്ഷുബ്ധമായതിനാൽ മത്സ്യ തൊഴിലാളികളും ജാഗ്രത പാലിക്കണം.

കോഴിക്കോട് കോവൂരിൽ കാറ്റിൽ കെട്ടിടത്തിന്റെ മേൽക്കൂര പറന്നു പോയി. തൊട്ടടുത്ത ഇലക്ടിക് ലൈനുകളിൽ തട്ടി നിൽക്കുകയാണിപ്പോൾ കോഴിക്കോട് താമരശേരി ചുങ്കത്ത് രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരം വീണ് മേൽക്കൂര തകർന്നു. പനംതോട്ടത്തിൽ ടി പി സുബൈറിന്റെ വീടിന് മുകളിലേക്കാണ് സമീപത്തുള്ള മരം വീണത്. രാവിലെ 8.30 ഓടെ യായിരുന്നു അപകടം. അട്ടപ്പാടിയിലും കനത്തമഴയാണ്. മണ്ണാർക്കാട് ആനക്കട്ടി റോഡിൽ മരംവീണു. ഗതാഗതം ഭാഗികമായി തടസപ്പെട്ടു.വൈദ്യുതി ലൈനും തകർന്നു.അഗളി ചെമ്മണ്ണൂർ ക്ഷേത്ര പരിസരത്ത് വൻ മരം വീടിന് മുകളിൽ വീണു. വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.വീട്ടിൽ ഒൻപത് പേരുണ്ടായിരുന്നെങ്കിലും ആളപായമില്ല.

കോഴിക്കോട് താമരശേരി ചുങ്കത്തും രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരം വീണ് മേൽക്കൂര തകർന്നു. പനംതോട്ടത്തിൽ ടി.പി സുബൈറിന്റെ വീടിന് മുകളിലേക്കാണ് സമീപത്തുള്ള മരം വീണത്.രാവിലെ 8.30 ഓടെയായിരുന്നു അപകടം. സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 12 ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഈ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎം വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

2018, 2019, 2020, 2021 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP