Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജയശങ്കറിനെതിരായ മുഖ്യമന്ത്രിയുടെ ക്ഷോഭം ഗുണകരമായത് ബിജെപിക്ക്; ആരുമധികം അറിയാതെ പോയ സന്ദർശനം രാജ്യം മുഴുവൻ അറിഞ്ഞു; പിണറായിയുടെ കടന്നാക്രമണം സ്വർണക്കടത്ത് വിഷയത്തിൽ വിദേശകാര്യമന്ത്രി അഭിപ്രായം പറഞ്ഞതിന് പിന്നാലെയും; മടിയിൽ കനമില്ലെന്ന് ആവർത്തിക്കുന്ന പിണറായി സ്വർണക്കടത്ത് വിവാദങ്ങളിൽ തീർത്തും അസ്വസ്ഥൻ!

ജയശങ്കറിനെതിരായ മുഖ്യമന്ത്രിയുടെ ക്ഷോഭം ഗുണകരമായത് ബിജെപിക്ക്; ആരുമധികം അറിയാതെ പോയ സന്ദർശനം രാജ്യം മുഴുവൻ അറിഞ്ഞു; പിണറായിയുടെ കടന്നാക്രമണം സ്വർണക്കടത്ത് വിഷയത്തിൽ വിദേശകാര്യമന്ത്രി അഭിപ്രായം പറഞ്ഞതിന് പിന്നാലെയും; മടിയിൽ കനമില്ലെന്ന് ആവർത്തിക്കുന്ന പിണറായി സ്വർണക്കടത്ത് വിവാദങ്ങളിൽ തീർത്തും അസ്വസ്ഥൻ!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന ഗുണകരമായത് ബിജെപിക്കാണ്. അധികമാരും അറിയാതിരുന്ന കേന്ദ്രമന്ത്രിയുടെ സന്ദർശനം രാജ്യം മുഴുവൻ ശ്രദ്ധിക്കുന്ന വിധത്തിലേക്ക് മാറുകയും ചെയ്തു. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ജയശങ്കർ നടത്തിയ പ്രസ്താവനക്ക് പിന്നാലെയാണ് മുഖ്യമന്ത്രി അദ്ദേഹത്തിനെതിരെ തിരിഞ്ഞത് എന്നതും ശ്രദ്ധേയമായി. ഇതോടെ വീണ്ടും രാഷ്ട്രീയ വിവാദങ്ങൾക്കും ഇടയാക്കി.

കുറച്ചുകാലമായി കേരളത്തിൽ കോൺഗ്രസും - സിപിഎമ്മും നേരിട്ടാണ് രാഷ്ട്രീയമായി ഏറ്റുമുട്ടുന്നത്. ബിജെപി ചിത്രത്തിൽ നിന്നു തന്നെ പുറത്തായിരുന്നു. ജയശങ്കറിന്റെ സന്ദർശനത്തിനെതിരെ മുഖ്യമന്ത്രി പ്രസ്താവനയുമായി രംഗത്തുവന്നതോടെ മാധ്യമങ്ങളിൽ എങ്കിലും ബിജെപിക്ക് കളം പിടിക്കാനായി എന്നതാണ് ശ്രദ്ധേയം. ഇത് സിപിഎമ്മും ബിജെപിയും തമ്മിൽ പുതിയ പോർമുഖം തുറന്നു. എങ്കിലും സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പിണരായി അശ്വസ്ഥനാണ് എന്ന് തെളിയിക്കുന്നത് കൂടിയായി മുഖ്യമന്ത്രിയുടെ ക്ഷോഭ പ്രകടനം.

സാധാരണഗതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ കേന്ദ്രമന്ത്രിമാരെയോ നേരിട്ടു വിമർശിക്കാത്ത സമീപനമാണു മുഖ്യമന്ത്രിയായ ശേഷം പിണറായി സ്വീകരിച്ചുവരുന്നത്. ഇതിന്റെ പേരിൽ പ്രതിപക്ഷത്തിന്റെ വിമർശനവും അദ്ദേഹം കേൾക്കാറുണ്ട്. അങ്ങനെയിരിക്കെയാണ് പാർട്ടി ഇടപെടും മുൻപേ ജയശങ്കറിന്റെ പര്യടനത്തിലെ അനിഷ്ടം മുഖ്യമന്ത്രി പ്രകടിപ്പിച്ചത്. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ജയശങ്കർ നടത്തിയ പ്രസ്താവനക്ക് പിന്നാലെയാണ് പിണറായിയുടെ അഭിപ്രായവും.

പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ ബിജെപിയുടെ പ്രവർത്തനങ്ങൾ ഉഷാറാക്കുന്നതിനാണ് ജയശങ്കർ ഇവിടെ 3 ദിവസം ചെലവിട്ടത്. അക്കൂട്ടത്തിൽ മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങൾ പരിശോധിച്ചു. കഴക്കൂട്ടം മേൽപാലത്തിൽ പോയപ്പോൾ അവിടെവച്ച് എടുത്ത ചിത്രമാണു മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ലോകത്തിലെ പല സംഭവവികാസങ്ങളിലും പങ്കുവഹിക്കാനുള്ള കേന്ദ്രമന്ത്രി പാലത്തിനു മുകളിൽ നിൽക്കുന്നതു കണ്ടപ്പോൾ ആശ്ചര്യം തോന്നിയെന്നു പിണറായി തുറന്നടിച്ചു. വികസനത്തിനുമേൽ രാഷ്ട്രീയം പ്രതിഷ്ഠിക്കരുതെന്നു ജയശങ്കർ തിരിച്ചടിച്ചു.

സ്വർണക്കടത്തു കേസിൽ നടക്കാൻ പാടില്ലാത്തതു പലതും നടന്നെന്നു തിരുവനന്തപുരം സന്ദർശനത്തിന്റെ ആദ്യ ദിവസം തന്നെ വിദേശകാര്യമന്ത്രി പ്രതികരിച്ചിരുന്നു. വൈകാതെ സത്യം പുറത്തുവരുമെന്നും പറഞ്ഞു. ഇതോടെ സിബിഐ അന്വേഷണത്തിന് സർക്കാർ ശുപാർശ ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷം നിയമസഭയിലും രംഗത്തെത്തി. സംസ്ഥാന സർക്കാരിനെ ഉന്നമിട്ടാണെന്നു കരുതാവുന്ന ജയശങ്കറിന്റെ ഈ പ്രതികരണമാണു മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചതെന്നു കരുതുന്നവരുണ്ട്.

കേന്ദ്രമന്ത്രിമാർ ദേശീയപാതയിലെ കുഴി എണ്ണാൻ കൂടി സമയം കണ്ടെത്തണമെന്ന നിയമസഭയിലെ പ്രതികരണവുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അന്തരീക്ഷം ചൂടാക്കി. പശതേച്ചു റോഡ് ഉണ്ടാക്കുന്നവരുടെ ഉപദേശം വേണ്ടെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ ഇതിനു മറുപടി നൽകി. ജയശങ്കറിനെതിരെ മുഖ്യമന്ത്രി തന്നെ രംഗത്തു വന്നതു ബിജെപി കേന്ദ്രങ്ങളെയും അമ്പരപ്പിച്ചു. അദ്ദേഹത്തിന്റെ തലസ്ഥാന സന്ദർശനം സർക്കാരിനെയും സിപിഎമ്മിനെയും അസ്വസ്ഥമാക്കി എന്ന വിലയിരുത്തലാണു ബിജെപിക്കുള്ളത്. എന്നാൽ, കേന്ദ്രമന്ത്രിമാരുടെ രാഷ്ട്രീയ ദൗത്യങ്ങൾ തുറന്നു കാണിക്കുക എന്ന കടമ നിർവഹിക്കുക തന്നെ ചെയ്യുമെന്നാണു സിപിഎം നേതാക്കൾ വ്യക്തമാക്കുന്നത്.

അതേസമയം ഇന്നലെ സഭയിലും ബിജെപിയാണ് മുഖ്യ എതിരാളിയെന്ന് സൂചിപ്പിച്ചായിരുന്നു പിണറായിയുടെ വാക്കുകൾ. മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ ബിജെപി കൂട്ടത്തോടെ വാരുമ്പോഴും കേരളത്തിൽ അവർക്കു പിടിച്ചു നിൽക്കാൻ കഴിയുന്നത് ഇടതുപക്ഷത്തിന്റെ കരുത്തു കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പിണറായി 1977ൽ നിയമസഭയിൽ എത്തിയത് ആർഎസ്എസ് വോട്ട് വാങ്ങിയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തിരിച്ചടിച്ചു.

ഒരു യുഡിഎഫുകാരനും ആർഎസ്എസ് വോട്ട് ഉപയോഗിച്ചു നിയമസഭയിൽ എത്തിയിട്ടില്ലെന്നും സതീശൻ പറഞ്ഞു. കണ്ണൂരിലെ ബോംബ് രാഷ്ട്രീയവുമായി ബന്ധപ്പെട്ടു സണ്ണി ജോസഫ് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയപ്പോഴാണ് ഇരുവരും ഏറ്റുമുട്ടിയത്. അനുമതി നിഷേധിച്ചതിനെ തുടർന്നു പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ബിജെപിക്കു കേരളത്തിൽ കരുത്താർജിക്കാൻ കഴിയാത്തത് ഇടതു മുന്നണിയുടെ കരുത്തു കൊണ്ടാണെന്നു മുഖ്യമന്ത്രി അവകാശപ്പെട്ടു. എൽഡിഎഫിനെ ദുർബലമാക്കാൻ കോൺഗ്രസിനെ സഹായിക്കുന്ന സമീപനമാണു ബിജെപിയും ആർഎസ്എസും സ്വീകരിക്കുന്നത്. ത്രിപുരയിൽ സിപിഎമ്മിനെ തകർക്കാൻ കോൺഗ്രസിനെയാണു ബിജെപി ഉപയോഗിച്ചത്. കണ്ണൂരിൽ സമാധാനം തകർക്കാൻ ശ്രമിക്കുന്നതു സിപിഎമ്മല്ല. കൂടുതൽ ആക്രമണം നടത്തുന്നത് ആർഎസ്എസ്, എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് എന്നിവരാണ്. അവരെക്കുറിച്ച് കോൺഗ്രസ് ഒന്നും പറയാത്തത് എന്താണ്. ഗ്രൂപ്പ് പോരിന്റെ ഭാഗമായി കോൺഗ്രസുകാർ സ്വന്തം പാർട്ടിക്കാരെ വകവരുത്തിയ കേസുകൾ ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ആർഎസ്എസിന്റെ വോട്ട് നേടി ജയിച്ചു നിയമസഭയിൽ എത്തിയ എംഎൽഎ അല്ലേ നിങ്ങൾ, എന്നിട്ടാണു ഞങ്ങളെ ഉപദേശിക്കുന്നത്' എന്നു വി.ഡി.സതീശൻ ഇതിനോടു രൂക്ഷമായി പ്രതികരിച്ചു. ആർഎസ്എസ് നേതാക്കളുമായി നിങ്ങൾ വേദി പങ്കിട്ടില്ലേ. കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതിപക്ഷത്തിനു മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് വേണ്ട. ബോംബ് ഉണ്ടാക്കുന്നതിനിടെ സ്‌ഫോടനത്തിൽ മരിച്ചവർ പാർട്ടിക്കു വേണ്ടി രക്തസാക്ഷികൾ ആയവരാണെന്നു സിപിഎം സെക്രട്ടറിയായിരിക്കെ പറഞ്ഞയാൾ മുഖ്യമന്ത്രിയായപ്പോൾ സ്റ്റഡി ക്ലാസ് എടുക്കുകയാണ്. അടിയന്തര പ്രമേയത്തിലെ വിഷയത്തിനു രണ്ടു വാചകത്തിൽ മറുപടി പറഞ്ഞ മുഖ്യമന്ത്രി പിന്നീടു വർഗീയതയ്‌ക്കെതിരായ സ്റ്റഡി ക്ലാസാണു നടത്തിയത്. യുഡിഎഫ് നിലനിൽക്കുന്നത് എൽഡിഎഫ് ഉള്ളതു കൊണ്ടാണെന്ന മഹത്തായ കണ്ടുപിടിത്തം അദ്ദേഹം നടത്തി.

ത്രിപുരയിൽ കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്ന് ഒരു സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തു. അവിടെ സിപിഎം മൂന്നാം സ്ഥാനത്താണ്. കൊൽക്കത്തയിൽ സിപിഎം ഓഫിസുകൾ ബിജെപി പിടിച്ചെടുത്തു. അവിടത്തെ പാർട്ടി നേതാക്കളൊക്കെ കേരളത്തിൽ റോഡ് പണിക്കു വരുന്നുണ്ട്. ബംഗാളിലും ത്രിപുരയിലും രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ നിങ്ങളുണ്ടോ എന്നു സതീശൻ ചോദിച്ചതോടെ ഭരണപക്ഷം ബഹളമുണ്ടാക്കി. സിപിഎം നേതാക്കൾ പ്രതിയാകുന്ന കേസിൽ മാത്രമല്ല, ആർഎസ്എസ്, എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിയാകുന്ന കേസുകളിൽ പോലും പ്രതികളെ പിടികൂടുന്നില്ലെന്നും സതീശൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP