Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മെഡിസെപ് നടപ്പാക്കാതെ സർക്കാർ ആശുപത്രികളും; ആരോഗ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള തിരുവനന്തപുരം മെഡിക്കൽ കോളജിലും മെഡിസെപ് ആനുകൂല്യം ലഭ്യമാക്കിയിട്ടില്ല; വൻകിട സ്വകാര്യ ആശുപത്രികളും കൂട്ടത്തോടെ മെഡിസെപ്പിൽ നിന്നും വിട്ടു നിന്നതോടെ ആകെ കുഴഞ്ഞു മറിഞ്ഞ നിലയിൽ പദ്ധതി

മെഡിസെപ് നടപ്പാക്കാതെ സർക്കാർ ആശുപത്രികളും; ആരോഗ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള തിരുവനന്തപുരം മെഡിക്കൽ കോളജിലും മെഡിസെപ് ആനുകൂല്യം ലഭ്യമാക്കിയിട്ടില്ല; വൻകിട സ്വകാര്യ ആശുപത്രികളും കൂട്ടത്തോടെ മെഡിസെപ്പിൽ നിന്നും വിട്ടു നിന്നതോടെ ആകെ കുഴഞ്ഞു മറിഞ്ഞ നിലയിൽ പദ്ധതി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആകെ കുഴഞ്ഞു മറിഞ്ഞ നിലയിൽ. പദ്ധതിയുമായി സഹകരിക്കാത്ത അവസ്ഥയിലാണ് പ്രമുഖ സ്വകാര്യ ആശുപത്രികൾ. ഇത് കൂടാതെ സർക്കാർ ആശുപത്രികളിലും ഈ പദ്ധതി നടപ്പിലാക്കാൻ സാധിച്ചില്ലെന്ന അവസ്ഥയാണുള്ളത്. ആരോഗ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള സർക്കാർ ജീവനക്കാരും പെൻഷൻകാരും ഏറെ ആശ്രയിക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളജിൽ മെഡിസെപ് ആനുകൂല്യം ലഭ്യമാക്കിയിട്ടില്ല.

മെഡിക്കൽ കോളജിലെ സൂപ്പർ സ്‌പെഷ്യൽറ്റി വിഭാഗത്തിൽ കാര്യമായി പണം ചെലവിട്ടാണു രോഗികൾ ചികിത്സ തേടുന്നത്. എല്ലാ സർക്കാർ ആശുപത്രികളിലും മെഡിസെപ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്ന സർക്കാർ പ്രഖ്യാപനം വിശ്വസിച്ചു ചികിത്സയ്‌ക്കെത്തിയവരെ ആനുകൂല്യം ഇപ്പോൾ കിട്ടില്ല എന്നറിയിച്ചു മടക്കി വിടുകയാണ്. വൻകിട സ്വകാര്യ ആശുപത്രികൾ കൂട്ടത്തോടെ വിട്ടുനിൽക്കുന്ന ജില്ല കൂടിയാണ് തിരുവനന്തപുരം. അതിനാൽ മെഡിക്കൽ കോളജാണ് മെഡിസെപ് ഇൻഷുറൻസ് ഉള്ളവരുടെ മുഖ്യ ആശ്രയം.

എല്ലാ ഗവ. ആശുപത്രികൾക്കും മെഡിസെപ് ഇൻഷുറൻസ് കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനവും സോഫ്റ്റ്‌വെയറും ഇൻഷുറൻസ് കമ്പനി ലഭ്യമാക്കിയിരുന്നു. ഒട്ടേറെ ജില്ലാ ആശുപത്രികളും ഇപ്പോഴും മെഡിസെപ് സ്വീകരിച്ചു തുടങ്ങിയിട്ടില്ല. അതേസമയം കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളജുകൾ മെഡിസെപ് അംഗീകരിച്ചു തുടങ്ങി.

അതേസമയം മെഡിസെപ് വിഷയം ഇന്നലെ സഭയിലും സജീവമായിരുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിഷയം സഭയിൽ ഉന്നയിച്ചത്. ജീവനക്കാരുടെ താൽപര്യങ്ങളെ പൂർണമായും വഞ്ചിക്കുന്നതാണു മെഡിസെപ് പദ്ധതിയെന്നു ശ്രദ്ധക്ഷണിക്കലിൽ രമേശ് ചെന്നിത്തല ആരോപിച്ചു. 6 വർഷമായി ശ്രമം തുടങ്ങിയ പദ്ധതി ഒരു മുന്നൊരുക്കവും ഇല്ലാതെയാണു നടപ്പാക്കിയത്. 700 കോടി രൂപ ഇൻഷുറൻസ് കമ്പനിക്കു കൈമാറിയിരിക്കുകയാണ്.

പ്രശസ്തമായ ഒരു ആശുപത്രിയും പട്ടികയിൽ ഇല്ല. ഉള്ളതു മിക്കതും കണ്ണാശുപത്രികളാണ്. ഇവിടെയാണോ കാൻസറിന് ചികിത്സ നടത്തേണ്ടത്? പല ആശുപത്രികളുടെയും പേരു ജനം കേൾക്കുന്നതു തന്നെ ആദ്യമായാണ്. പ്രതിമാസം 500 രൂപ വച്ച് 6000 രൂപ ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും വാങ്ങിയിട്ട് 5,664 രൂപ മാത്രമാണ് ഇൻഷുറൻസ് കമ്പനിക്കു നൽകുന്നത്. ബാക്കി 336 രൂപ സർക്കാർ അടിച്ചെടുക്കുകയാണ്. 12 ലക്ഷം പേരിൽ നിന്നായി ആകെ 40 കോടി രൂപ സർക്കാർ എടുക്കുന്നു. ഇതു മെഡിസെപ്പല്ല, മേടിക്കൽസെപ്പാണെന്നും ചെന്നിത്തല ആരോപിച്ചു.

എന്നാൽ. മെഡിസെപ് പദ്ധതിക്കു കീഴിൽ എംപാനൽ ചെയ്യപ്പെട്ട ആശുപത്രികളിൽ അനുഭവപ്പെടുന്ന പ്രശ്‌നങ്ങൾ ബാലാരിഷ്ടതയായി കണക്കാക്കിയാൽ മതിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ മറുപടി നൽകി. ഏതെങ്കിലും പ്രയാസങ്ങൾ ജീവനക്കാർക്കോ പെൻഷൻകാർക്കോ ഉണ്ടായാൽ അതു പരിഹരിക്കാൻ ത്രിതല പരാതി പരിഹാര സംവിധാനം രൂപീകരിച്ചിട്ടുണ്ട്. മെഡിക്കൽ റീഇംബേഴ്‌സ്‌മെന്റ് സംവിധാനം മാത്രമുണ്ടായിരുന്ന സാഹചര്യത്തെ അപേക്ഷിച്ച് എത്രയോ ഇരട്ടി പേർക്കു മെഡിസെപ്പിലൂടെ ആരോഗ്യ പരിരക്ഷ ലഭിക്കും.

മുൻപ് ഉണ്ടായിരുന്ന റീഇംബേഴ്‌സ്‌മെന്റ് സൗകര്യം അതുപോലെ തുടരും. പെൻഷൻകാർക്കു നിലവിൽ നൽകിവരുന്ന മെഡിക്കൽ അഡ്വാൻസ് തുടർന്നും ലഭ്യമാക്കും. മറ്റ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ അംഗമാകാൻ ഒരു കുടുംബത്തിന് ഏറ്റവും കുറഞ്ഞത് പ്രതിവർഷം 10,000 രൂപ മുതൽ 12,000 രൂപ വരെ ആവശ്യമുണ്ട്. 50 വയസ്സു കഴിഞ്ഞാൽ പ്രീമിയം തുക 25,000 രൂപയിൽ അധികമാകും. എന്നാൽ മെഡിസെപ്പിനു കീഴിൽ 6,000 രൂപ മാത്രമാണു ചെലവ് മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP