Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെൻഷൻ മുടങ്ങുമെന്ന് ആരും സ്വപ്നം കാണേണ്ട'; സർക്കാരിന് വാക്ക് പാലിക്കാൻ ഉപദേശങ്ങൾ ആവശ്യമില്ലെന്ന് തോമസ് ഐസക്ക്

പെൻഷൻ മുടങ്ങുമെന്ന് ആരും സ്വപ്നം കാണേണ്ട'; സർക്കാരിന് വാക്ക് പാലിക്കാൻ ഉപദേശങ്ങൾ ആവശ്യമില്ലെന്ന് തോമസ് ഐസക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം മുടങ്ങില്ലെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും മുന്മന്ത്രിയുമായിരുന്ന ടിഎം തോമസ് ഐസക്ക്. കൃത്യമായി മുടക്കമില്ലാതെ പെൻഷൻ നൽകുമെന്നാണ് എൽഡിഎഫ് ജനങ്ങൾക്കു വാഗ്ദാനം ചെയ്തത്. പെൻഷൻ മുടങ്ങുമെന്ന് ആരും സ്വപ്നം കാണണ്ട. പാവങ്ങളുടെ പെൻഷൻ മുടക്കമില്ലാതെ നൽകുന്നത് കേരള സർക്കാരിന്റെ രാഷ്ട്രീയ മുൻഗണനയാണെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി.

കേരളത്തിലെ ക്ഷേമ പെൻഷൻ വിതരണം മുടങ്ങുമോ? മൂന്നു പത്രങ്ങളിൽ ഇതുസംബന്ധിച്ച് മുഖപ്രസംഗങ്ങൾ സമീപകാലത്ത് എഴുതിയിട്ടുണ്ട്. ക്ഷേമ പെൻഷനുകളുടെ പ്രാധാന്യം വിശദീകരിക്കാനും അത് മുടക്കമില്ലാതെ നൽകാൻ സർക്കാരിനെ ഉപദേശിക്കാനുമാണ് ഈ മുഖപ്രസംഗങ്ങൾ.ഇപ്പോൾ പെൻഷൻ പ്രതിമാസം 1600 രൂപയാണ്. ഇതിൽ യുഡിഎഫ് ഭരണങ്ങളുടെ സംഭാവന കേവലം 100-125 രൂപയാണ്. ബാക്കി മുഴുവൻ ഇടതുപക്ഷ സർക്കാരുകളുടെ ഭരണകാലത്ത് വരുത്തിയിട്ടുള്ള വർദ്ധനയാണ്.

യുഡിഎഫിന്റെ എല്ലാ ഭരണത്തിലും പെൻഷൻ കുടിശികയാക്കിയിട്ടേ ഭരണത്തിൽ നിന്നും ഇറങ്ങിയിട്ടുള്ളൂ. ഉമ്മൻ ചാണ്ടി ഭരണം അവസാനിച്ചപ്പോൾ ഒന്നരവർഷമായിരുന്നു കുടിശിക. കൃത്യമായി മുടക്കമില്ലാതെ പെൻഷൻ നൽകുമെന്നും പെൻഷൻ 1500 രൂപയാക്കി ഉയർത്തുമെന്നുമാണ് എൽഡിഎഫ് ജനങ്ങൾക്കു വാഗ്ദാനം ചെയ്തത്.

ആ വാഗ്ദാനം പാലിച്ചു. എൽഡിഎഫ് ഭരണകാലത്ത് കൃത്യമായി വിഷു, ഓണം, ക്രിസ്തുമസ് എന്നീ വിശേഷാവസരങ്ങളിൽ അതുവരെയുള്ള തുക മുടക്കമില്ലാതെ നൽകിവന്നു. കോവിഡ് കാലത്ത് ഇത് മാസാമാസം നൽകാനും തീരുമാനമായി. പെൻഷൻ വിതരണം ചെയ്യാൻ കേരള സ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയും സ്ഥാപിച്ചു.

എന്തിനു പ്രത്യേക കമ്പനി? ഒരുമാസത്തെ പെൻഷൻ നൽകുന്നതിന് 800 കോടിയിലേറെ രൂപ വേണം. ചില സന്ദർഭങ്ങളിൽ ഇത്ര ഭീമമായ തുക എടുക്കാൻ ഖജനാവിൽ ഉണ്ടായിയെന്നു വരില്ല. അത്തരം സന്ദർഭങ്ങളിൽ കമ്പനി മാർക്കറ്റിൽ നിന്ന് രണ്ടോ മൂന്നോ മാസത്തേയ്ക്ക് വായ്പയെടുത്ത് പെൻഷൻ വിതരണം നടത്തും. അതു സർക്കാർ ഏതാനും മാസത്തിനുള്ളിൽ പെൻഷൻ കമ്പനിക്കു തിരിച്ചു നൽകുകയും ചെയ്യും.

പെൻഷൻ വിതരണത്തെ സർക്കാരിന്റെ ദൈനംദിന വെയ്സ് ആൻ മീൻസ് കുരുക്കുകളിൽ നിന്ന് ഒഴിവാക്കുന്നതിന് ഒരുക്കിയ ഒരു സംവിധാനമാണ് ഇത്. ഇതിനെതിരായിട്ടാണു സി&എജി തിരിഞ്ഞിട്ടുള്ളത്.കഴിഞ്ഞ വർഷം കിഫ്ബിക്ക് എതിരായാണ് സി&എജി ചന്ദ്രഹാസം മുഴക്കിയത്. കിഫ്ബിയുടെ വായ്പകൾ സർക്കാരിന്റെ ഓഫ് ബജറ്റ് ബോറോയിങ് വായ്പകൾ ആണെന്നായിരുന്നു വിമർശനം.

ഇതു ചർച്ച ചെയ്ത് നിയമസഭ തന്നെ തള്ളിക്കളഞ്ഞു. ഓഫ് ബജറ്റ് ബോറോയിംഗിനു കൃത്യമായ നിർവ്വചനമുണ്ട്. ബജറ്റ് കണക്കിൽ ചെലവായി വകയിരുത്തിയിട്ടുള്ളതും എന്നാൽ മതിയായ വരുമാനം ഇല്ലാത്തതുകൊണ്ട് സർക്കാരിന്റെ മറ്റേതെങ്കിലും ഏജനസി വഴി വായ്പയെടുത്തു ചെലവ് നടത്തുന്നതിനെയാണ് ഓഫ് ബജറ്റ് ബോറോയിങ് എന്നു പറയുന്നത്.കിഫ്ബിയുടെ വായ്പ ആ ഗണത്തിൽപ്പെട്ടതല്ല. കിഫ്ബിയുടെ ചെലവുകൾ ബജറ്റ് ചെലവിന്റെ ഭാഗമല്ല. കിഫ്ബിക്ക് ഒരു ആന്വിറ്റിയായി നിശ്ചിത തുക വർഷംതോറും സർക്കാർ നൽകും. അതിന്റെ അടിസ്ഥാനത്തിൽ കിഫ്ബി ടെണ്ടർ വിളിച്ച് നടപ്പിലാക്കുന്ന പദ്ധതികൾക്കു വേണ്ടിയാണ് കിഫ്ബി വായ്പയെടുക്കുന്നത്. ഇതിന് എക്സ്ട്രാ ബജറ്റ് ബോറോയിങ് എന്നു പേര്.

കേന്ദ്ര പൊതുമേഖലാ സ്ഥാനങ്ങൾ എടുക്കുന്ന വായ്പകളെല്ലാം ഈ ഗണത്തിൽപ്പെടും. അതിനെ ഓഫ് ബജറ്റ് ബോറോയിങ് എന്നു പേരിട്ട് കേന്ദ്രസർക്കാരിന്റെ വായ്പയിൽ ഇന്നേവരെ ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിലും മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു തീരുമാനം ഇതുവരെ എടുത്തിട്ടില്ല. കിഫ്ബി വഴിയുള്ള അന്യാദൃശ്യമായ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ നടപടി.

ഈ വർഷിക ഓഡിറ്റ് റിപ്പോർട്ടിൽ കിഫ്ബിക്കെതിരായ ആരോപണങ്ങൾ ആവർത്തിക മാത്രമല്ല, പെൻഷൻ കമ്പനിക്ക് എതിരായി നിശിതവിമർശനവും ഉയർത്തിയിട്ടുണ്ട്. പെൻഷൻ കമ്പനി എടുക്കുന്ന വായ്പകളെ ഓഫ് ബജറ്റ് ബോറോയിംഗായി സി&എജി വിശേഷിപ്പിച്ചതിനെ എതിർക്കാനാവില്ല. 32000 കോടി രൂപ വായ്പ എടുത്തുവെന്നാണ് ആക്ഷേപം. എന്നാൽ ഇത് കടബാധ്യതകളുടെ നീക്കിബാക്കി അല്ലായെന്ന് ഓർക്കണം. ഓരോ വർഷവും എടുക്കുന്ന വായ്പകളുടെ നല്ലപങ്കും സർക്കാർ തിരിച്ചുകൊടുക്കും. പക്ഷേ സി&എജി അത് കണക്കാക്കാക്കാൻ തയ്യാറല്ല. പെൻഷൻ കമ്പനി എടുത്ത വായ്പ മുഴുവൻ സർക്കാരിന്റെ ഓഫ് ബജറ്റ് ബോറോയിംഗായിട്ടാണ് സി&എജി വകയിരുത്തിയിട്ടുള്ളത്.

കേന്ദ്രസർക്കാരിന്റെ ഓഫ് ബജറ്റ് ബോറോയിങ് കേന്ദ്രത്തിന്റെ വായ്പയിൽ സി&എജി ഉൾപ്പെടുത്താറുണ്ടോ? ഇല്ല. നിർമ്മലാ സീതാരാമൻ ധനമന്ത്രി ആയപ്പോൾ ആദ്യ ബജറ്റിൽ ഓഫ് ബജറ്റ് ബോറോയിങ് നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും അതുകൊണ്ട് ഇത്തരം വായ്പകളുടെ തുക ബജറ്റിന്റെ അനുബന്ധമായി പ്രസിദ്ധീകരിക്കുമെന്നും, പടിപാടിയായി ഇത്തരം വായ്പകൾ കുറയ്ക്കുമെന്നും പ്രഖ്യാപിച്ചു.

2021-22 വർഷത്തെ കേന്ദ്ര ബജറ്റെടുക്കൂ. അതിന്റെ ആറാമത്തെ അനുബന്ധം കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള 16 പദ്ധതികൾക്ക് ബജറ്റിനു പുറത്തുനിന്നും പണം കണ്ടെത്തുന്നതിന്റെ വിശദാംശങ്ങളാണ്. 2020-21ൽ 1.3 ലക്ഷം കോടി രൂപയാണ് ഇത്തരത്തിൽ കേന്ദ്രം സമാഹരിച്ചത് 2021-22-ൽ 30000 കോടി രൂപ ഇങ്ങനെ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. വർഷാവസാനം ആകുമ്പോൾ എത്രവരുമെന്ന് നമുക്ക് കാത്തിരുന്നു കാണാം. ഏതായാലും ഈ വരുമാനം വായ്പയായി കേന്ദ്ര സർക്കാരിന്റ ബജറ്റ് കണക്കിൽ കാണിച്ചിട്ടില്ല.

എന്നാൽ കേരളത്തിന്റെ ഓഫ് ബജറ്റ് ബോറോയിങ് മൊത്തമായി സംസ്ഥാന വായ്പയിൽ ഉൾപ്പെടുത്തുമെന്നാണ് കേന്ദ്രസർക്കാരിന്റെ തിട്ടൂരം. സംസ്ഥാന സർക്കാർ തിരിച്ചടച്ച പണത്തിനുപോലും ഇളവ് ലഭിക്കില്ലത്രേ. ഈയൊരു പശ്ചാത്തലത്തിൽ കേരള സർക്കാർ പെൻഷൻ കമ്പനി സംബന്ധിച്ച് ചില നടപടികൾ സ്വീകരിച്ചിരിക്കുകയാണ്.

സംസ്ഥാന സർക്കാരിന്റെ വെയ്സ് ആൻഡ് മീൻസ് സ്ഥിതിയിൽ പുതിയ സംഭവവികാസങ്ങൾ ചില വൈഷമ്യങ്ങൾ സൃഷ്ടിക്കുമെന്നുള്ളതു ശരിയാണ്. പക്ഷേ അതുകൊണ്ട് പെൻഷൻ മുടങ്ങുമെന്ന് ആരും സ്വപ്നം കാണണ്ട. കാരണം പാവങ്ങളുടെ പെൻഷൻ മുടക്കമില്ലാതെ നൽകുന്നത് കേരള സർക്കാരിന്റെ രാഷ്ട്രീയ മുൻഗണനയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP