Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇതുതാൻടാ പൊലീസ് ! മാലിന്യകൂമ്പാരത്തിൽ ഉപേക്ഷിച്ച ദേശീയപതാകയ്ക്ക് സല്യൂട്ടടിച്ച് യശസ് ഉയർത്തിയ പൊലീസുകാരന് അഭിനന്ദനപ്രവാഹം; മറുനാടൻ വാർത്ത വൈറലായതോടെ ഹിൽ പാലസ് സ്റ്റേഷനിലെ അമലിന് നിലയ്ക്കാത്ത സന്ദേശങ്ങൾ

ഇതുതാൻടാ പൊലീസ് ! മാലിന്യകൂമ്പാരത്തിൽ ഉപേക്ഷിച്ച ദേശീയപതാകയ്ക്ക് സല്യൂട്ടടിച്ച് യശസ് ഉയർത്തിയ പൊലീസുകാരന് അഭിനന്ദനപ്രവാഹം; മറുനാടൻ വാർത്ത വൈറലായതോടെ ഹിൽ പാലസ് സ്റ്റേഷനിലെ അമലിന് നിലയ്ക്കാത്ത സന്ദേശങ്ങൾ

അഖിൽ രാമൻ

കൊച്ചി: മാലിന്യകൂമ്പാരത്തിൽ ഉപേക്ഷിച്ച ദേശീയപതാകയ്ക്ക് ആദരവ് നൽകി കേരളാ പൊലീസിന്റെയും രാജ്യത്തിന്റെയും അഭിമാനമായി മാറിയ പൊലീസുകാരൻ ഇവിടെ ഹിൽപ്പാലസ് പൊലീസ് സ്റ്റേഷനിൽ തിരക്കിലാണ്. അഭിനന്ദനപ്രവാഹം സോഷ്യൽ മീഡിയയിലും നേരിട്ടും വന്ന് കൊണ്ടിരിക്കുകയാണ്. ദേശീയപതാക മാലിന്യത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടപ്പോൾ അത് അറിഞ്ഞ് എത്തിയ പൊലീസ് സംഘത്തിലുണ്ടായിരുന്ന അമൽ എന്ന ഈ പൊലീസുകാരൻ പതാകയെ സല്യൂട്ട് ചെയ്യുകയും തൽക്ഷണം തന്നെ മാലിന്യത്തിൽ നിന്നും പതാകകൾ എടുത്ത് മാറ്റുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും അമലിന്റെ ആദരവും മറുനാടൻ പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് അമലിന് അഭിനന്ദനപ്രവാഹത്തിന്റെ ഒഴുക്ക് ആരംഭിച്ചത്. പൊലീസുകാരനും മാതൃകാ പ്രവർത്തിക്കും അഭിനന്ദനം എന്നറിയിച്ച് മറുനാടൻ വാർത്തയ്ക്ക് കമന്റുകൾ വന്ന് നിറഞ്ഞു.

വാർത്ത വൈറലായതോടെ ഫോൺവിളികളും മേസേജുകളും ലഭിച്ച് തുടങ്ങി. രാവിലെ ഡി.സി.പി കേരളാ പൊലീസിന്റെയും കൊച്ചി പൊലീസ് വിഭാഗത്തിന്റെയും അഭിനന്ദനം അമലിനെ അറിയിച്ചു. മറ്റുള്ളവർക്ക് മാതൃകയാകുന്ന ഇത്തരം പ്രവർത്തികൾ സേനയ്ക്ക് മാറ്റ് കൂട്ടുമെന്നും ഡി.സി.പി പറഞ്ഞു. ഉച്ചയ്ക്ക് 1 മണിക്ക് ഡ്യൂട്ടിക്ക് കയറേണ്ട അമലിനെ രാവിലെ തന്നെ സ്റ്റേഷനിലേക്ക് ഡി.സി.പി വിളിച്ചു വരുത്തുകയും 8.30 ന് വയർലെസ് വഴി അഭിനന്ദനം അറിയിക്കുകയുമായിരുന്നു. പിന്നീട് സിനിമാസംവിധായകനും മുൻസൈനികനുമായ മേജർരവി നേരിട്ട് എത്തി അഭിനന്ദിക്കുകയും തന്റെ സോഷ്യൽമീഡിയാ പേജിലൂടെ സന്തോഷം പങ്കിടുകയും ചെയ്തു. പൊതുപ്രവർത്തകരും നാട്ടുകാരും നേരിലും ഫോണിലും വിളിച്ച് സന്തോഷം പങ്ക് വെയ്ക്കുന്നുണ്ട്. മേജർ രവിയുടെ ഭാര്യ രാവിലെ തന്നെ വിളിച്ചിരുന്നു. ഫോഴ്സിന്റെ അംഗീകാരവും പാരിതോഷികവും രാവിലെ എസ്.എച്ച്.ഓ ഗോപകുമാർ കൈമാറി.



എറണാകുളം പുത്തൻകുരിശ് സ്വദേശിയാണ് അമൽ. പരേതനായ പൊതുപ്രവർത്തകൻ കാരുണ്യപത്മം തറപ്പാട്ട് വീട്ടിൽ കരുണാകരന്റെയും പത്മാവതിയുടെയും മകനാണ്. ഭാര്യ അഞ്ചു പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥയാണ്. ഏഴാംക്ലാസ് വിദ്യാർത്ഥിയായ നന്ദകിഷോർ, അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ നവനീത എന്നിവർ മക്കളാണ്. 2006 ലാണ് നവീകരിച്ച ബാച്ചിലെ പൊലീസ് ട്രെയിനിങ് പൂർത്തിയാക്കി ജോലിയിലേക്ക് പ്രവേശിക്കുന്നത്. തുടർന്ന് കളമശ്ശേരി എ.ആർ ക്യാമ്പ്, തൃക്കാക്കര പൊലീസ് സ്റ്റേഷൻ, കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ, പെരുമ്പാവൂർ, ഇടപ്പള്ളി എന്നിവിടങ്ങളിൽ ട്രാഫിക്കിലും ഇപ്പോൾ രണ്ട് വർഷമായി ഹിൽപ്പാലസ് പൊലീസ് സ്റ്റേഷനിലും സേവനം അനുഷ്ഠിക്കുകയാണ്. പ്രവൃത്തിയും വാർത്തയും വൈറൽ ആയത് അറിഞ്ഞിരുന്നില്ല. ഡ്യൂട്ടി കഴിഞ്ഞ് രാത്രി വീട്ടിൽ എത്തിയപ്പോഴാണ് വാർത്ത വന്ന വിവരം അറിയുന്നത്. ഇന്നലെ മകളുടെ പിറന്നാളായിരുന്നു. ആ ദിവസം തന്നെ തന്റെ പ്രവർത്തി രാജ്യത്തിന് അഭിമാനകരമായ സംഭവമായി മാറിയത് കൂടുതൽ സന്തോഷം എന്ന് അമൽ മറുനാടനോട് പറഞ്ഞു.

ചൊവ്വാഴ്ച പുലർച്ചെയാണ് ഇരുമ്പനം കടത്തു കടവ് റോഡിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നിന്നുള്ള മാലിന്യക്കൂമ്പാരത്തിനിടയിൽ ദേശീയപതാകൾ കണ്ടെത്തിയത്. കോസ്റ്റ് ഗാർഡ് യൂണിഫോമുകളും സുരക്ഷാ കവചകങ്ങളും പഴകിയ മറ്റ് സാധന സാമഗ്രികളുമായിരുന്നു മാലിന്യത്തിലുണ്ടിയരുന്നത്. സമീപവാസികൾ വിവരം കോസ്റ്റ്ഗാർഡിനെയും പൊലീസിനെയും അറിയിച്ചു. തൊട്ടു പിന്നാലെ ഹിൽപാലസ് പൊലീസ് സ്ഥലത്തെത്തുകയും പതാകകൾ മാലിന്യത്തിൽ നിന്നും പൊലീസ് വാഹനത്തിലേക്ക് മാറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ഇതിനിടയിലാണ് അമലിന്റെ സല്യൂട്ട് ഉണ്ടായത്. സംഭവം അറിഞ്ഞ് എത്തിയ അമൽ ആദ്യം തന്നെ നിവർന്ന് നിന്ന് കൈമടക്കി ഒരു സല്യൂട്ട്. പിന്നെ മാലിന്യത്തിൽ നിന്നും പതാകകൾ എടുക്കാൻ തുടങ്ങി.

എടുത്ത പതാകകൾ മടക്കുന്നതിനിടയിൽ കൗൺസിലർ വരട്ടെ, കോസ്റ്റ്ഗാർഡ് ടീം വന്നിട്ട് എടുക്കാം എന്നൊക്കെ പറഞ്ഞവരോട് 'ഇല്ല ഇത് ഇങ്ങനെയിടാൻ പറ്റില്ല രാജ്യത്തിന്റെ ദേശീയപതാക ഇങ്ങനെ കിടന്നാൽ തന്നെ നമുക്ക് അപമാനമാണ്' എന്നിങ്ങനെ പറഞ്ഞിട്ട് ആദരവോടെ അവിടെ മാലിന്യത്തിനുള്ളിൽ കിടന്ന ദേശീയപതാകകൾ വൃത്തിയായി മടക്കി എടുത്ത് വാഹനത്തിനുള്ളിലേക്ക് വച്ചു. ഈ ദൃശ്യങ്ങളും സംഭാഷണങ്ങളുമാണ് മറുനാടൻ പുറത്ത് വിട്ടതും ജന ശ്രദ്ധ നേടിയതും. ദേശീയപതാക മാലിന്യത്തിൽ കിടന്നു എന്ന രാജ്യത്തിന് അപമാനകരമായ വാർത്തക്കിടയിലും ദേശീയപതാകയുടെ അഭിമാനമുയർത്തി തന്റെ വാക്കുകളിലൂടെയും പ്രവൃത്തിയിലുടെയും മാതൃകയാകുകയായിരുന്നു അമൽ. രാജ്യസ്‌നേഹിയായ,രാജ്യത്തിന്റെ അഭിമാനമായ ചിഹ്നങ്ങളെ ആദരിക്കുന്ന ഏത് ഒരു ഭാരതീയനും ഈ ദൃശ്യങ്ങൾ കണ്ടാൽ മനസ് കൊണ്ട് ഒരു സല്യൂട്ട് അമലിന് നൽകും.

കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ചയാണ് ഇത്തരം ഒരു സംഭവത്തിനിടയായതെന്ന് പൊലീസ് പറയുന്നു. ദേശീയ പതാകയോട് അനാദരവ് കാട്ടിയ സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം സംഭവത്തിൽ കോസ്റ്റ്ഗാർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാലിന്യം നീക്കാൻ ഏൽപ്പിച്ച കരാറുകാനാണ് വഴിയരികിൽ മാലിന്യം തള്ളിയത് എന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ കരാറുകാരൻ ദേശീയ പതാകയും കോസ്റ്റ് ഗാർഡ് പതാകയും എങ്ങനെ കിട്ടി എന്നാണ് അന്വേഷിക്കുന്നത്. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് വിവരം ലഭിച്ചു.

പഴക്കമുള്ള പതാകകൾ നശിപ്പിക്കുവാൻ കേന്ദ്ര ഗവൺമെന്റ് പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. തീർത്തും ഉപയോഗിക്കാനാകാത്ത വിധം മോശമായാൽ പതാകയെ അതിന്റെ അന്തസ്സിനു യോജിച്ച വിധം നിർമ്മാർജ്ജനം ചെയ്യണം. മണ്ണിൽ മറവു ചെയ്യുകയോ കത്തിച്ചു കളയുകയോ ചെയ്യണമെന്നാണ് ഇന്ത്യൻ പതാക നിയമത്തിൽ പറഞ്ഞിരിക്കുന്നത്. വൃത്തിയായി മടക്കി തടിപ്പെട്ടിയിലാണ് മറവ് ചെയ്യേണ്ടത്. അതു പോലെതന്നെ കത്തിക്കുമ്പോഴും മടക്കി മരക്കഷ്ണങ്ങൾക്കു മുകളിൽ വച്ചു വേണം തീ കൊളുത്താൻ. അങ്ങനെയുള്ളപ്പോഴാണ് വൃത്തിഹീനമായ സാധനങ്ങൾക്കിടയിൽ ദേശീയ പതാകകൾ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP