Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബാക്ക് ഫുട്ടിലെ അപ്പർ കട്ട്; പിന്നെ കട്ട ഡിഫൻസിനൊപ്പം ഫ്‌ളിക്കും; മാറ്റിങ്ങ് വിക്കറ്റിൽ കുത്തി ഉയരുന്ന വേഗമേറിയ പന്തിനെ മെരുക്കിയതിനൊപ്പം ബൗണ്ടറിയും കടത്തി; ന്യൂബോളിലെ വീര്യത്തെ ശാന്തതയോടെ നേരിട്ട ഓപ്പണർ; ഓർമ്മയാകുന്നത് എഴുപതുകളിലെ കേരളാ ക്രിക്കറ്റിലെ വിശ്വസ്തൻ; ഒകെ രാംദാസ് കേരളാ ക്രിക്കറ്റിലെ ജെന്റിൽമാൻ

ബാക്ക് ഫുട്ടിലെ അപ്പർ കട്ട്; പിന്നെ കട്ട ഡിഫൻസിനൊപ്പം ഫ്‌ളിക്കും; മാറ്റിങ്ങ് വിക്കറ്റിൽ കുത്തി ഉയരുന്ന വേഗമേറിയ പന്തിനെ മെരുക്കിയതിനൊപ്പം ബൗണ്ടറിയും കടത്തി; ന്യൂബോളിലെ വീര്യത്തെ ശാന്തതയോടെ നേരിട്ട ഓപ്പണർ; ഓർമ്മയാകുന്നത് എഴുപതുകളിലെ കേരളാ ക്രിക്കറ്റിലെ വിശ്വസ്തൻ; ഒകെ രാംദാസ് കേരളാ ക്രിക്കറ്റിലെ ജെന്റിൽമാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒകെ രാംദാസ്.. കേരളാ ക്രിക്കറ്റിലെ ആദ്യ വിശ്വസ്തനായ ഓപ്പണർമാരിൽ ഒരാൾ. ഉയരക്കൂടുതലുള്ള കേരളാ ക്രിക്കറ്റിലെ മാന്യതയുടെ മുഖം. ഈ ബാറ്റ്‌സ്മാന്റെ പ്രധാന ആയുധം പ്രതിരോധവും ബാക്ക് ഫൂട്ടിലെ അപ്പർകട്ടും. ഇതു രണ്ടു വച്ച് അടിച്ചു കൂട്ടിയത് നിർണ്ണായക റണ്ണുകൾ. ക്രിക്കറ്റിനോടുള്ള പ്രണയം കാരണം മകന് ഇട്ടത് കപിൽ എന്ന പേരും. വിശ്വസ്ത ഓപ്പണർ എന്ന റോളിൽ കേരളത്തിന് വേണ്ടി എപ്പോഴും തിളങ്ങിയ താരമായിരുന്നു ഒ.കെ രാംദാസ്.

ന്യൂബോളുകളെ അനായാസം നേരിടാനുള്ള അദ്ദേഹത്തിന്റെ മികവിലൂടെ കേരളം മികച്ച സ്‌കോറുകൾ കണ്ടെത്തി. എഴുപതുകളിൽ മാറ്റ് ഇട്ട വിക്കറ്റിലായിരുന്നു മിക്ക മത്സരങ്ങളും. പേസ് ബൗളർമാർ കൂടുതൽ അപകടകാരികളായിരുന്നു അന്നെല്ലാം. ആ കാലഘട്ടത്തിലാണ് പിഴയ്ക്കാത്ത പ്രതിരോധവുമായി ഓപ്പണിങ്ങിൽ രാംദാസ് തിളങ്ങിയത്. 1970-71 സീസണിൽ രാംദാസും സൂരി ഗോപാലകൃഷ്ണനുമാണ് കേരളത്തിനുവേണ്ടി ഓപ്പൺ ചെയ്തത്. ഗോപാലകൃഷ്ണനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയർത്താൻ എന്നും രാംദാസിന് കഴിഞ്ഞു.

രാംദാസ്-ഗോപാലകൃഷ്ണൻ ജോഡി ഒരു സെഞ്ചുറി കൂട്ടുകെട്ടും അഞ്ച് അർധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തിയ ഈ ജോഡി കേരളാ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡിയാണ്. അക്കാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഓപ്പണർമാരായിരുന്നു ഇരുവരും. 1968-ൽ മൈസൂരിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലൂടെയാണ് രാംദാസ് കേരളത്തിനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് 1981 വരെ ടീമിന്റെ സ്ഥിരസാന്നിധ്യമായിരുന്നു. കർണാടകയ്ക്കെതിരായ അവസാന മത്സരം വരെ രാംദാസ് കേരളത്തിന്റെ ഓപ്പണറായി ബാറ്റുവീശി. ഒരു മത്സരത്തിൽ മാത്രമാണ് രാംദാസിന് ഓപ്പണറുടെ സ്ഥാനം നഷ്ടമായത്. അന്ന് പരിക്ക് കാരണമാണ് ആ കളി കളിക്കാൻ കഴിയാതെ പോയത്.

എസ് ബി ടിയുടേയും പ്രധാന ബാറ്റ്‌സ്മാനായിരുന്നു രാംദാസ്. കേരളാ ക്രിക്കറ്റിൽ എസ് ബി ടിയെ ഒന്നാം നമ്പർ ടീമാക്കി മാറ്റി. എസ് ബി ടിയുടെ സ്പോർട്സ് ഓഫീസർ പദവിയും വഹിച്ചു. അവിചാരിതമായാണ് രാംദാസ് ക്രിക്കറ്റിലേക്കെത്തുന്നത്. തലശ്ശേരിയിൽ ജനിച്ച രാംദാസ് കുട്ടിക്കാലം തൊട്ട് കായികരംഗത്തോട് അടുപ്പം കാണിച്ചിരുന്നു. എന്നാൽ ഫുട്ബോളും അത്ലറ്റിക്സുമായിരുന്നു ഇഷ്ടകായിക ഇനങ്ങൾ. മുംബൈയിൽ നിന്ന് വന്ന സഹോദരനാണ് ക്രിക്കറ്റിനെക്കുറിച്ച് രാംദാസിനോട് സംസാരിക്കുന്നത്. അത് കായിക ജീവിതം മാറ്റിമറിച്ചു.

ക്രിക്കറ്റ് അന്ന് പണക്കാരുടെ കളിയാണ്. എന്നിട്ടും ഈ കായിക ഇനത്തോട് അഭിനിവേശം പുലർത്തിയ രാംദാസ് ക്രിക്കറ്റ് പരിശീലനം ആരംഭിച്ചു. രണ്ട് വർഷം കൊണ്ട് അദ്ദേഹം കേരള ജൂനിയർ ക്രിക്കറ്റ് ടീമിലിടം നേടി. ആന്ധ്രാപ്രദേശിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച രാംദാസിന് കേരള സീനിയർ ടീമിലേക്കുള്ള ക്ഷണം ലഭിച്ചു. അങ്ങനെ 1968-ൽ കേരള ക്രിക്കറ്റ് ടീമിൽ എത്തി. സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശിയ രാംദാസ് ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിന്റെ വിശ്വസ്ത ഓപ്പണറായി മാറി. പിന്നീട് കേരള ക്രിക്കറ്റ് ടീമിന്റെ നായകനുമായി.

രഞ്ജി ട്രോഫി അന്ന് സോണുകളായി തിരിച്ചാണുണ്ടായിരുന്നത്. ദക്ഷിണ സോണിൽ കേരളത്തിനൊപ്പം തമിഴ്‌നാട്, മൈസൂർ, ഹൈദരാബാദ്, ആന്ധ്ര പ്രദേശ് തുടങ്ങിയ ടീമുകളാണുണ്ടായിരുന്നത്. മിക്കപ്പോഴും ഒരേ എതിരാളികളെ തന്നെയാണ് രാംദാസിന് നേരിടേണ്ടിവന്നത്. എന്നാലും മികച്ച പ്രകടനം തന്നയാണ് താരം പുറത്തെടുത്തത്. കേരളത്തിന് വേണ്ടി 11 അർധസെഞ്ചുറികളടക്കം 1700-ലധികം റൺസ് നേടിയ താരമാണ് രാംദാസ്. അതിൽ 90 ശതമാനം റൺസും പിറന്നത് രഞ്ജി ട്രോഫിയിൽ നിന്നാണ്. അതിൽ ഏറെ റൺസും ബാക് ഫുട്ടിലെ അപ്പർ കട്ട് സമ്മാനിച്ചതും.

ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ മാനേജരായി സേവനമനഷ്ഠിച്ചു. ബാങ്കിന്റെ ക്രിക്കറ്റ് ടീമിൽ കളിക്കാരനായും മാനേജരായുമെല്ലാം പ്രവർത്തിച്ചു. ക്രിക്കറ്റിൽ നിന്ന് വിരമിച്ചവരെ ചേർത്തുനിർത്തി നടത്തിയ വെറ്ററൻസ് പ്രീമിയർ ലീഗിലെ സ്ഥിരസാന്നിധ്യമായിരുന്നു രാംദാസ്. ട്വന്റി 20 ഫോർമാറ്റിൽ കളിച്ച ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞു. മലബാർ വാരിയേഴ്സ് എന്ന ടീമിനുവേണ്ടിയാണ് രാംദാസ് പാഡണിഞ്ഞത്.

കേരള ക്രിക്കറ്റ് അസോസിയേഷനുമായും അടുത്ത ബന്ധം പുലർത്തിയ രാംദാസ് സെലക്ഷൻ കമ്മിറ്റിയിലെ അംഗമായി പ്രവർത്തിച്ചു. പിന്നീട് സെലക്ഷൻ കമ്മിറ്റി ചെയർമാനായും സേവനമനുഷ്ഠിച്ചു. രഞ്ജി ട്രോഫി ക്രിക്കറ്റിൽ മാച്ച് റഫറിയായും കമന്റേറ്ററായുമെല്ലാം ഖ്യാതി നേടാനും അദ്ദേഹത്തിന് സാധിച്ചു. എന്നാൽ ക്രിക്കറ്റിലെ തെറ്റുകളെ അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ക്രിക്കറ്റ് അസോസിയേഷനുമായി പത്തു കൊല്ലമായി അത്ര നല്ല അടുപ്പത്തിലായിരുന്നില്ല രാംദാസ്.

സിനിമയിലെ സൂപ്പർ താരങ്ങൾ അണിനിരന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ രാംദാസ് കമന്റേറ്റററുടെ റോളിൽ തിളങ്ങി. ക്രിക്കറ്റുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിലും നിറഞ്ഞ താരമാണ് രാംദാസ്. സിലോണിനെതിരെ(ഇപ്പോഴത്തെ ശ്രീലങ്ക) കേരള ഇലവനു വേണ്ടിയും അദ്ദേഹം പാഡണിഞ്ഞു. അരങ്ങേറ്റ മത്സരത്തിൽ സംപൂജ്യനായി മടങ്ങിയ ഒ.കെ. കേരളത്തിന്റെ എക്കാലത്തെയും മികച്ച ഓപ്പണിങ് ബാറ്ററായി വളരുന്നതാണ് ക്രിക്കറ്റ് ആരാധകർ പിന്നീടു കണ്ടത്. 1968-69 ൽ മൈസൂരിനെതിരെയായിരുന്നു ഒ.കെ. രാംദാസ് ഫസ്റ്റ് ക്ലാസിൽ അരങ്ങേറിയത്.

കേരള ക്രിക്കറ്റിനു നവജീവൻ നൽകിയ 70 കളുടെ സംഭാവന കൂടിയാണ് രാംദാസ്. കരിയറിന്റെ തുടക്കത്തിൽ മാനൊർ ക്രിക്കറ്റ് ക്ലബ് അംഗം. എസ്എൻ കോളജ് ടീം അംഗമായിരിക്കേ തന്നെ രാംദാസ് പ്രാഗത്ഭ്യം തെളിയിച്ചു. കേരള, കാലിക്കറ്റ് സർവകലാശാലയ്ക്കായി 65 മുതൽ 70 വരെ കളിച്ചു. കാലിക്കറ്റ് സർവകലാശാല ടീം ക്യാപ്റ്റനായിരുന്നു. കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന കണ്ണൂർ ക്രിക്കറ്റ് ക്ലബ് 'സിസിസി'യിലൂടെയാണ് വളർന്നത്.

1968-69ലായിരുന്നു കേരള സീനിയർ ടീമിൽ രാംദാസെത്തുന്നത്. അന്ന് പ്രായം 20 വയസ്സുമാത്രം. ബാലൻ പണ്ഡിറ്റിന്റെ കീഴിൽ മൈസൂരിനെതിരെയായിരുന്നു അരങ്ങേറ്റം. ഫോർട്ട് കൊച്ചിൻ പരേഡ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടെസ്റ്റ് താരം വി. സുബ്രഹ്‌മണ്യനായിരുന്നു മൈസൂരിനെ നയിച്ചത്. നേരിട്ട അഞ്ചാം പന്തിൽ റണ്ണൊന്നുമെടുക്കാതെ ബോൾഡായാണ് രാംദാസ് ആദ്യ ഇന്നിങ്‌സിൽ പുറത്തായത്.

രണ്ടാമത്തെ ഇന്നിങ്സിൽ ആ പിഴവു തീർത്തു. ടീമിലെ ടോപ് സ്‌കോററായി. രണ്ടു റൺസ് അകലെ ആയിരുന്നു ആദ്യ അർധ സെഞ്ചറി നഷ്ടമായത്. 136 റൺസിനു കേരളം തോറ്റെങ്കിലും രാംദാസെന്ന താരത്തിന്റെ ഉദയമായിരുന്നു ആ മത്സരം. തമിഴ്‌നാടിനെതിരായ 83 റൺസ് ആണ് കരിയറിലെ മികച്ച സ്‌കോർ. 72-73 കാലത്ത് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലായിരുന്നു ആ പ്രകടനം.

വിജയവാഡ ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ 7879ൽ ആന്ധ്രക്കെതിരെ നേടിയ 80 റൺസ് മികച്ച രണ്ടാമത്തെ വ്യക്തിഗത സ്‌കോർ ആയി. ഇരുപതാമത്തെ മൽസരത്തിലായിരുന്നു 1,000 റൺസ് കടന്നത്. 1973ൽ ആന്ധ്രക്കെതിരെ കൊച്ചിൻ പ്രീമിയർ ടയേഴ്സ് ഓവലിലായിരുന്നു നാഴികക്കല്ല് പിന്നിട്ടത്. 1970 മുതൽ 73 വരെ മൂന്നു സീസൺ തുടർച്ചയായി ടോപ് സ്‌കോററായി. 1981 ൽ കളി മതിയാക്കി.

ടി.വി എസ്. മണിക്കു ശേഷം കേരളം കണ്ട മികച്ച ഓപ്പണറായാണ് രാംദാസ് അറിയപ്പെടുന്നത്. സ്ഥിരതയായിരുന്നു പ്രത്യേകത. ഒ.കെ.രാംദാസ് സുരി ഗോപാലകൃഷ്ണ സഖ്യം നേരിട്ടത് ആ കാലത്തെ പ്രഗദ്ഭരായ ബോളർമാരെ. ആറു സീസണിൽ 16 മൽസരങ്ങളിൽ ഇരുവരും ഒന്നിച്ച് കേരളത്തിനായി ഇന്നിങ്‌സ് തുറന്നു. മൂന്നു സെഞ്ചറിയും 13 അർധ സെഞ്ചറിയുമാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്.

ബ്രിജേഷ് പട്ടേൽ, ജി.ആർ.വിശ്വനാഥ്, സയ്യിദ് കിർമാനി, വൈ.ബി.ചന്ദ്രശേഖർ, ഇ.എ.പ്രസന്ന, എം.എൽ.ജയ്സിംഹ, പട്ടൗഡി, ആബിദ് അലി, അബ്ബാസ് അലി ബെയ്ഗ്, ഗോവിന്ദരാജ, ജയന്ത്ലാൽ, വെങ്കിട്ട് രാഘവൻ, കൃഷ്ണമാചാരി ശ്രീകാന്ത്, കല്യാണ സുന്ദരം, വി.വി.കുമാർ തുടങ്ങിയവർക്കെതിരെയൊക്കെയാണു രാംദാസ് കളിച്ചത്. എസ്‌ബിഐയുടെ ആഭ്യന്തര ടൂർണമെന്റിൽ ആബിദ് അലിയുടെ കീഴിൽ ഓൾ ഇന്ത്യാ ബാങ്ക് ക്രിക്കറ്റ് ടീമിൽ അംഗമായി. ബിഷൻസിങ് ബേദിക്കൊപ്പവും കളിച്ചു. മൻസൂർ അലി ഖാൻ പട്ടൗഡിക്കെതിരെയും ഈ ഓപ്പണർ കളിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP