Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീണ വിജയന്റെ കമ്പനിയുടെ ഔദ്യോഗിക രേഖകളിലുള്ളത് എക്സാലോജിക്കിൽ സ്വഭാവികതയ്ക്ക് അപ്പുറമുള്ള ബിസിനസുകൾ ഇല്ലന്ന വസ്തുത; ശതകോടികളുടെ ലാഭമില്ലാത്ത കമ്പനിയുടെ പ്രതിമാസ വരുമാനം വെറും 10 ലക്ഷം രൂപയിൽ താഴെ; എക്സലോജിക്കിന്റെ അവകാശി കമലാ വിജയനും; പിണറായിയുടെ മകൾ മിനിസ്ട്രി ഓഫ് കമ്പിനി അഫയേഴ്സിന് സമർപ്പിച്ച രേഖകൾ പറയുന്ന കഥ

വീണ വിജയന്റെ കമ്പനിയുടെ ഔദ്യോഗിക രേഖകളിലുള്ളത് എക്സാലോജിക്കിൽ സ്വഭാവികതയ്ക്ക് അപ്പുറമുള്ള ബിസിനസുകൾ ഇല്ലന്ന വസ്തുത; ശതകോടികളുടെ ലാഭമില്ലാത്ത കമ്പനിയുടെ പ്രതിമാസ വരുമാനം വെറും 10 ലക്ഷം രൂപയിൽ താഴെ; എക്സലോജിക്കിന്റെ അവകാശി കമലാ വിജയനും; പിണറായിയുടെ മകൾ മിനിസ്ട്രി ഓഫ് കമ്പിനി അഫയേഴ്സിന് സമർപ്പിച്ച രേഖകൾ പറയുന്ന കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ബാംഗ്ലൂർ ആസ്ഥാനമാക്കി 2014ലാണ് ഐ ടി കമ്പിനി തുടങ്ങിയത്. എക്സാലോജിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പിനി 2014ൽ വീണ ആരംഭിക്കുമ്പോൾ വെറും ഒരു ലക്ഷം രൂപ മാത്രമായിരുന്നു മൂലധനം. 2014ൽ ആംരഭിച്ച കമ്പിനിക്ക് 2015ൽ വരുമാനമേ ഉണ്ടായില്ല. 2016 ആയപ്പോൾ 2570187 രൂപ വരുമാനമായി കിട്ടി. 2017ലത് ഇരട്ടിയോളം എത്തി അതായത് 4413912 രൂപ ലഭിച്ചു. 2018 ആയപ്പോൾ 10046462 രൂപയിലെത്തി വീണയുടെ കമ്പിനിയുടെ പ്രതിവർഷ വരുമാനം.

2019ൽ അത് 11120032 രൂപയായി ഉയർന്നു. പിന്നീട് കോവിഡ് വന്നതോടെ വരുമാനത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായത്. 2020ൽ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് പകുതിയായി കുറഞ്ഞു.അതായത് 5240678രൂപ. 2021ലത് 2423729രൂപയായി കുറഞ്ഞു. വീണയുടെ കമ്പിനിയെ സംബന്ധിച്ച് ആരോപണങ്ങളും ആക്ഷേപങ്ങളും ഉയരുന്നതിനിടെയാണ് കമ്പിനിയുടെ വരുമാനം സംബന്ധിച്ച കണക്കുകൾ മറുനാടൻ മലയാളി പുറത്തു വിടുന്നത്. മിനിസ്ട്രി ഓഫ് കമ്പിനി അഫയേഴ്സിന് വീണ സമർപ്പിച്ച വിവരങ്ങളാണ് മറുനാടൻ മലയാളിക്ക് ലഭിച്ചത്. 2022ലെ വരുമാനം സംബന്ധിച്ച കണക്ക് ഇതു വരെ സമർപ്പിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

മറ്റു പാർട്നർമാരൊന്നും ഇല്ലാത്ത കമ്പിനിയുടെ അവകാശിയായി നിശ്ചയിച്ചിരിക്കുന്നത് കമലാ വിജയനെയാണ്. ഭർത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസ് അവകാശി അല്ലെന്നതും ശ്രദ്ധേയമാണ്. അസ്വാഭാവികമായ ഇടപാടുകളോ ലാഭമുണ്ടാക്കലോ ഒന്നും ഈ രേഖകൾ പരിശോധിച്ചാൽ കാണാനാകുന്നില്ലെന്നതാണ് വസ്തുത. കമ്പിനി തുടങ്ങുന്ന സമയത്ത് വീണ 50 ലക്ഷം രൂപ ബാംഗ്ളൂരിലെ തന്നെ ധനലക്ഷ്മി ബാങ്കിൽ നിന്നും വായപ് എടുത്തു. അത് ജൂൺ 2021ൽ അടച്ചു തീർത്തതായും രേഖകളിൽ ഉണ്ട്. ഈ തുക എവിടെ നിന്ന് കിട്ടിയെന്നത് ഈ രേഖകളിൽ കാണിച്ചിട്ടില്ല.

2014 ൽ എക്‌സാലോജിക് രൂപീകരിച്ചപ്പോൾ വീണയുടെ വിലാസമായി നല്കിയിരിക്കുന്നത് എ കെ ജി സെന്ററിന്റേതാണ്. ഏ കെ ജി സെന്ററിലെ ഫ്ളാറ്റിൽ താമസിച്ചിരുന്നപ്പോൾ എടുത്ത ബാങ്ക് പാസ് ബുക്കാണ് അഡ്രസിനുള്ള പ്രൂഫായി നല്കിയത്. സ്പിംങ്ളർ കമ്പിനിയുമായി മുഖ്യമന്ത്രിയുടെ മകളുടെ കമ്പിനിക്ക് ബന്ധമുണ്ടോ എന്ന തരത്തിൽ പ്രചരണങ്ങൾ വരികയും പി ടി തോമസ് എം എൽ എ 2020 ൽ ഇത് സംബന്ധിച്ച് ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ ശതകോടികളുടെ വരുമാനമൊന്നും നേടിയിട്ടില്ലന്നാണ് ചാർട്ടർഡ് അക്കൗണ്ടന്റ് വഴി മിനിസ്ട്രി ഓഫ് കമ്പിനി അഫയേഴ്സിന് വീണ നല്കിയ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

അതേസമയം അന്ന് ആരോപണം വന്നപ്പോൾ ചന്നെ എക്സാ ലോജിക് കമ്പിനിയുടെ വെബ് സൈറ്റ് അപ്രത്യക്ഷമായത് വാർത്തകളിൾ നിറഞ്ഞിരുന്നു. പിന്നീട് അടിമുടി മാറ്റം വരുത്തിയാണ് എക്സാ ലോജിക്കിന്റെ പുതിയ വൈബ്സൈറ്റ് പ്രവർത്തനം തുടങ്ങിയത്. 2014ൽ ആരംഭിച്ച കമ്പിനിയുടെ ഇതുവെരയുള്ള ട്രാക്ക് റെക്കോർഡുകളൊന്നും പുതിയ വെബ്സൈറ്റിൽ ഉണ്ടായിരുന്നില്ല. മാനേജിങ് ഡയറക്ടർ ഉൾപ്പെടെ ആരുടെയും പേരു വിവരങ്ങളും ഉൾപ്പെടുത്തിയില്ല. ഈ നിയമസഭാ സമ്മേളനത്തിലാണ് വീണാ വിജയന്റെ എക്സാ ലോജിക് കമ്പിനി വീണ്ടു ചർച്ചയാവുന്നത്. വീണാവിജയന്റെ കമ്പിനിയുടെ മെന്റർ പി ഡബ്ള്യൂ സി ഡയറക്ടർ ജേക്ക് ബാലകുമാർ ആണെന്ന് മാത്യു കുഴൽ നാടൻ ആരോപിച്ചിരുന്നു.

സ്പിംങ്ളർ വിവാദവുമായി ചേർത്തുവച്ചാണ് ആരോപണം ഉന്നയിച്ചത് .എന്നാൽ ഇത് പച്ചക്കള്ളമെന്ന് ആക്ഷേപിച്ച് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ തള്ളിക്കളഞ്ഞു. അസംബന്ധ ആരോപണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ക്ഷോഭത്തോടെയുള്ള പ്രതികരണം. പറഞ്ഞതിൽ ഉറച്ചുതന്നെനിൽക്കുന്നുവെന്നുംഅസംബന്ധമെങ്കിൽ മുഖ്യമന്ത്രി തെളിയിക്കണമെന്നും മാത്യു കുഴൽനാടൻആവിശ്യപ്പെട്ടിരുന്നു. തുടർന്നാണ്, ജെയ്ക് ബാലകുമാർ എക്സാലോജിക് സ്ഥാപകർക്കു മെന്റർ (മാർഗദർശി) ആണെന്നു പരാമർശിക്കുന്ന രേഖ വെബ് ആർക്കൈവ്സിൽനിന്നു വീണ്ടെടുത്ത് കുഴൽനാടൻ വാർത്താസമ്മേളനത്തിൽ ഹാജരാക്കിയത്. തെറ്റാണെങ്കിൽ തന്നെ പ്രതിയാക്കി കേസെടുക്കാനും വെല്ലുവിളിച്ചു.

ജെയ്ക് കമ്പനിയുടെ മെന്ററാണെന്ന കുറിപ്പ് സൈറ്റിൽനിന്ന് 2020 മെയ്‌ 20നുശേഷം അപ്രത്യക്ഷമായെന്നും 2020 ജൂൺ 20നു സൈറ്റ് വീണ്ടും ലഭ്യമായപ്പോൾ അതിൽ കുറിപ്പ് ഉണ്ടായിരുന്നില്ലെന്നും കുഴൽനാടൻ ആവർത്തിച്ചു. 2020 മെയ്‌ 20 ലേതായി കമ്പനി സൈറ്റിൽ ചിത്രം സഹിതം കാണുന്ന 3 കൺസൽറ്റന്റുമാരിൽ ഒരാൾ ജെയ്ക്കാണ്. അതേസമയം, ഒളിക്കാൻ ഒന്നുമില്ലെങ്കിൽ സൈറ്റിൽ നിന്നും ഈ വിവരം എന്തിനാണ് മാറ്റിയതെന്നാണ് മാത്യൂ കുഴൽനാടൻ ചോദിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളുടെ വ്യക്തിജീവിതത്തെ ബാധിക്കുന്ന ഒന്നും പറഞ്ഞിട്ടില്ല. വീണയുടെ കമ്പനിക്ക് ജെയ്ക് ബാലകുമാറുമായി ബന്ധമുണ്ടെന്നാണു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. വെബ്സൈറ്റിലുള്ളത് പച്ചക്കള്ളമാണെങ്കിൽ കേസുകൊടുക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും മാത്യൂ കുഴൽനാടൻ പത്രസമ്മേളനത്തിൽ ചോദിച്ചു.

2020 മെയ്‌ 20 വരെ ജെയ്ക്ക് മെന്ററാണെന്ന വിവരം വെബ്സൈറ്റിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഇത് നീക്കം ചെയ്തു. ഈ വിവരം മാറ്റിയതെന്തിനെന്നു പറയാനുള്ള ആർജവം മുഖ്യമന്ത്രിക്കുണ്ടോ? സ്വപ്ന സുരേഷിനെ സെക്രട്ടറിയേറ്റിൽ അല്ലെങ്കിൽ സർക്കാരുമായി ബന്ധപ്പെട്ട് നിയമനം നടത്തിയത് പ്രൈസ് വാട്ടർ കൂപ്പേഴ്സ് എന്ന കൺസൾട്ടൻസി കമ്പനിയാണെന്ന്ത് നിഷേധിക്കാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. 107 തവണ വെബ്സൈറ്റ് അപ്ഡേഷൻ നടത്തിയിട്ടുണ്ട്.

സ്വർണക്കടത്ത് കേസ് ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ എക്സാലോജിക് എന്ന കമ്പനിയുടെ വെബ്സൈറ്റ് ലഭ്യമല്ലാതായി. പിന്നീട് മാറ്റങ്ങൾ വരുത്തിയതിന് ശേഷമാണ് ഇത് വീണ്ടും ലഭ്യമായിത്തുടങ്ങിയതെന്നും മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP