Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

55 ആണ്ട് പിന്നിട്ട ദേശീയ റിക്കോഡുമായി ഡോ. സെബാസ്റ്റ്യൻ നരിവേലി

55 ആണ്ട് പിന്നിട്ട ദേശീയ റിക്കോഡുമായി ഡോ. സെബാസ്റ്റ്യൻ നരിവേലി

സ്വന്തം ലേഖകൻ

പാലാ: അപൂർവ്വ റിക്കോഡുകളിൽ 55 ആണ്ടിന്റെ തിളക്കവുമായി ഡോ. വി.ജെ. സെബാസ്റ്റ്യൻ നരിവേലി. ലിംകാ ബുക്ക് ഓഫ് റിക്കോഡ്സ് - 2001 ൽ 'ഇന്ത്യാസ് യംഗസ്റ്റ് ലക്ചറർ' എന്ന് അംഗീകരിച്ച സെബാസ്റ്റ്യൻ നരിവേലി ഈ അസാധാരണതയിൽ കഴിഞ്ഞ ദിവസം 55 വർഷം പൂർത്തിയാക്കി. ഈ റെക്കാർഡ് ഇന്നേ വരെ മാറ്റിക്കുറിക്കാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ല. പതിനെട്ടാം വയസ്സിൽ പാലാ സെന്റ് തോമസ് കോളേജിലായിരുന്നു അദ്ധ്യാപന രംഗത്തെ ഈ അസാധാരണ അരങ്ങേറ്റം. കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി ഇപ്പോഴും ഡോ. നരിവേലി അദ്ധ്യാപനം തുടരുന്നു. ലോകമലയാളികളിൽ ഏറ്റം കുറഞ്ഞ പ്രായത്തിൽ ഡിഗ്രി കരസ്ഥമാക്കിയിട്ട് 57 വർഷം പൂർത്തിയാക്കി. ഇതിനിടെ 1965 മുതൽ 99 വരെ ''ഇന്ത്യയിലെ ഏറ്റം പ്രായം കുറഞ്ഞ ബിരുദധാരി'' എന്ന സ്ഥാനവും നേടി. പി.എസ്.സി. ഗൈഡുകൾ, ക്വെസ്റ്റ്യൻബാങ്ക്, ക്വിസ് മത്സരങ്ങൾ തുടങ്ങിയവയിൽ സജീവ ''സാന്നിധ്യ''മാണ് സെബാസ്റ്റ്യൻ.

കോട്ടയം ജില്ലയിൽ പാലായ്ക്ക് സമീപം കൊഴുവനാൽ ഗ്രാമത്തിൽ ഈറാനിമോസ് നരിവേലി - മേരിക്കുട്ടി ദമ്പതികളുടെ ഒമ്പതു മക്കളിൽ രണ്ടാമൻ പാഠ്യരംഗത്ത് ഹരിശ്രീ കുറിച്ചത് 3-ാം വയസ്സിൽ രണ്ടാം ക്ലാസിൽ. നാല്, അഞ്ച് ക്ലാസുകളിലെ പഠനം വീട്ടിൽ. കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് യു.പി. സ്‌കൂളിൽ 6-ാം ക്ലാസിൽ ചേരുമ്പോൾ വയസ് 6. തുടർന്ന് മുത്തോലി സെന്റ് ആന്റണീസ് ഹൈസ്‌കൂളിൽ നിന്ന് 12-ാം വയസ്സിൽ 11-ാം ക്ലാസ് പിന്നിട്ടു. ടീനേജിനു മുമ്പുതന്നെ പാലാ സെന്റ് തോമസ് കോളേജിൽ പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായി. തുടർന്ന് ബി.എ. 1965-67-ൽ സെന്റ് തോമസിലെ ഇംഗ്ലീഷ് എം.എ. പ്രഥമ ബാച്ചിൽ പ്രവേശനം. തിരുവനന്തപുരം സ്വദേശി ഡോ. ശിവരാമ സുബ്രമണ്യ അയ്യരായിരുന്നു സെന്റ് തോമസിൽ ഇംഗ്ലീഷ് എം.എ. ആദ്യ ബാച്ചുകളുടെ മുഴുസമയ കോ-ഓർഡിനേറ്റർ. തന്റെ പ്രിയ ശിഷ്യന് അദ്ദേഹം നൽകിയ പേര് ''പ്രോബ്ളം ചൈൽഡ്''.

സംസ്ഥാനത്ത് നിരവധി ജൂനിയർ കോളേജുകൾ തുടങ്ങുകയും പലതും അപ്ഗ്രേഡ് ചെയ്യപ്പെടുകയും ചെയ്ത 1964-69 കാലഘട്ടത്തിൽ, ഇംഗ്ലീഷ് എം.എ. ബിരുദധാരികൾക്ക ഏറെ ജോലി സാധ്യത ഉണ്ടായിരുന്നു. അങ്ങനെ ഒരപേക്ഷ പോലും എഴുതാതെ സെബാസ്റ്റ്യൻ ലക്ചററായി. പിൽക്കാലത്ത് ജോലി ചെയ്ത രണ്ടു സ്ഥാപനങ്ങളിലും ജോലിക്ക് അപേക്ഷിക്കേണ്ടി വന്നില്ല എന്ന അപൂർവ്വതയും പിന്നീട് സെബാസ്റ്റ്യനെ തേടിയെത്തി.

സെബാസ്റ്റ്യൻ നരിവേലി പല ക്ലാസുകളിലും തന്നെക്കാൾ പ്രായം കൂടിയ വിദ്യാർത്ഥികളെകണ്ട് അമ്പരന്നു. ഏറ്റം പ്രായം കുറഞ്ഞ സഹപാഠികളും നിരവധി മുൻവിദ്യാർത്ഥികളും റിട്ടയർ ചെയ്തിട്ടു നാലഞ്ചുവർഷംകൂടി സെബാസ്റ്റ്യൻ സർവ്വീസിൽ തുടർന്നത് പലർക്കും ജിജ്ഞാസ ഉളവാക്കിയിട്ടുണ്ട്.

ഇംഗ്ലീഷ് ബിരുദാനന്തര-ഗവേഷണ വിഭാഗം മേധാവിയായി പാലാ സെന്റ് തോമസിൽ നിന്ന് 2004-ൽ വിരമിച്ചു. 'ഏറ്റം എളിയവരിൽ ഒരുവൻ', 'അറ്റ് ദ് ടൈ്വലൈറ്റ് ഓഫ് എ. ഫ്റൂട്ട്ഫുൾ സെഞ്ച്വറി' എന്ന രണ്ടു പുസ്തകങ്ങൾ രചിച്ച ഡോ. നരിവേലി ദിനപത്രങ്ങളിലും ലേഖനങ്ങൾ രചിച്ചിട്ടുണ്ട്.

മൂവാറ്റുപുഴ നിർമ്മലാ കോളേജിലും പിന്നീട് പാലാ അൽഫോൻസാ കോളേജിലും കെമിസ്ട്രി പ്രൊഫസറായി വിരമിച്ച ത്രേസ്യാമ്മ ജേക്കബ് മാടപ്പള്ളിമറ്റം ആണ് സെബാസ്റ്റ്യൻ നരിവേലിയുടെ ഭാര്യ. രണ്ട് ആൺമക്കൾ: ബിപിൻ (ഇംഗ്ലണ്ട് ), ബോബി (ഓസ്‌ട്രേലിയ).


അഗതിമന്ദിരങ്ങളുടെ റേഷൻ വിഹിതം പുനഃ സ്ഥാപിക്കണം: മാണി സി കാപ്പൻ

പാലാ: അഗതി മന്ദിരങ്ങളുടെ റേഷൻ വിഹിതം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു മാണി സി കാപ്പൻ എം എൽ എ മുഖ്യമന്ത്രിക്കു നിവേദനം നൽകി. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ഓർഫനേജ് കൺട്രോൾ ബോർഡ് അംഗീകാരത്തോടെയും അല്ലാതെയും പ്രവർത്തിച്ചു വരുന്ന അഗതിമന്ദിരങ്ങൾക്കുള്ള റേഷൻ വിഹിതം സർക്കാർ നിറുത്തലാക്കിയത് ഈ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒരാൾക്ക് 5.60 നിരക്കിൽ 10 കിലോ അരിക്കും 4.15 രൂപ നിരക്കിൽ 5 കിലാ ഗോതമ്പുമായിരുന്നു റേഷൻ വിഹിതമായി ലഭിച്ചിരുന്നത്. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നതും ആരും ആശ്രയമില്ലാത്തവരും കുടുംബങ്ങളിൽ നിന്നും തിരസ്‌കൃതരായവർ, രോഗികൾ, വൃദ്ധർ, വികലാംഗർ, ലഹരിക്കടിമപ്പെട്ടവർ തുടങ്ങിയവരാണ് ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികളെന്ന് എം എൽ എ ചൂണ്ടിക്കാട്ടി. മറ്റു വരുമാന മാർഗ്ഗങ്ങളില്ലാതെ സുമനസുകളുടെ സഹകരണത്തോടെ പ്രവർത്തിച്ചു വരുന്ന സ്ഥാപനങ്ങൾ ഇതോടെ ദുരിതത്തിലായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വെട്ടിക്കുറച്ച റേഷൻ വിഹിതവ്യം മറ്റ് ആനുകൂല്യങ്ങളും അടിയന്തിരമായി പുനഃ സ്ഥാപിക്കണമെന്നും മാണി സി കാപ്പൻ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP