Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജീപ്പിൽ നിന്നിറങ്ങിയ പാടേ നിവർന്ന് നിന്ന് ഒരുസല്യൂട്ട്; ആരും വരുന്നത് കാക്കാതെ ഒരുനിമിഷം പോലും വൈകാതെ, മാലിന്യ കൂമ്പാരത്തിൽ നിന്ന് ദേശീയ പതാകകൾ എടുത്ത് കരുതലോടെ കാത്ത് ഈ ഓഫീസർ; പിന്നീട് എടുക്കാമെന്ന് പറഞ്ഞവരോട് ദേശീയപതാക ഇങ്ങനെ കിടന്നാൽ തന്നെ നമുക്ക് അപമാനമെന്ന് സ്‌നേഹപൂർവം ശാസന; ഹിൽ പാലസ് സ്റ്റേഷനിലെ അമലിന് ബിഗ് സല്യൂട്ട്

ജീപ്പിൽ നിന്നിറങ്ങിയ പാടേ നിവർന്ന് നിന്ന് ഒരുസല്യൂട്ട്; ആരും വരുന്നത് കാക്കാതെ ഒരുനിമിഷം പോലും വൈകാതെ, മാലിന്യ കൂമ്പാരത്തിൽ നിന്ന് ദേശീയ പതാകകൾ എടുത്ത് കരുതലോടെ കാത്ത് ഈ ഓഫീസർ; പിന്നീട് എടുക്കാമെന്ന് പറഞ്ഞവരോട്  ദേശീയപതാക ഇങ്ങനെ കിടന്നാൽ തന്നെ നമുക്ക് അപമാനമെന്ന് സ്‌നേഹപൂർവം ശാസന; ഹിൽ പാലസ് സ്റ്റേഷനിലെ അമലിന് ബിഗ് സല്യൂട്ട്

അഖിൽ രാമൻ

കൊച്ചി: ദേശീയ പതാകകളും കോസ്റ്റ്ഗാർഡിന്റെ പതാകകളും വഴിയരികിലെ മാലിന്യ കൂമ്പാരത്തിൽ കണ്ടെത്തിയ സംഭവം മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. കോസ്റ്റ്ഗാർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ, ദേശാഭിമാനം തുടിക്കുന്ന ഒരുകാഴ്ചയാണ് കണ്ണിന് വിരുന്നാകുന്നത്. സംഭവം അറിഞ്ഞ് സ്ഥലത്ത് ജീപ്പിൽ വന്നിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണമാണ് മാതൃകയാകുന്നത്.

ആദ്യം തന്നെ നിവർന്ന് നിന്ന് കൈമടക്കി ഒരു സല്യൂട്ട്. പിന്നെ മാലിന്യത്തിൽ നിന്നും പതാകകൾ എടുത്ത് മാറ്റാൻ തുടങ്ങി. ഇങ്ങനെ എടുത്ത പതാകകൾ മടക്കുന്നതിനിടയിൽ കൗൺസിലർ വരട്ടെ, കോസ്റ്റ്ഗാർഡ് ടീം വന്നിട്ട് എടുക്കാം എന്നൊക്കെ പറഞ്ഞവരോട് 'ഇല്ല...ഇത് ഇങ്ങനെയിടാൻ പറ്റില്ല.. രാജ്യത്തിന്റെ ദേശീയപതാക ഇങ്ങനെ കിടന്നാൽ തന്നെ നമുക്ക് അപമാനമാണ്' എന്നിങ്ങനെ പറഞ്ഞിട്ട് ആദരവോടെ ദേശീയപതാകകൾ വൃത്തിയായി മടക്കി എടുത്ത് വാഹനത്തിനുള്ളിലേക്ക് വച്ചു.

കൊച്ചി ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെ അമൽ എന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥനാണ് ദേശീയപതാക മാലിന്യത്തിൽ കിടന്നു എന്ന രാജ്യത്തിന് അപമാനകരമായ വാർത്തക്കിടയിലും ദേശീയപതാകയുടെ അഭിമാനമുയർത്തി തന്റെ വാക്കുകളിലൂടെയും പ്രവൃത്തിയിലുടെയും മാതൃകയായത്. രാജ്യസ്നേഹിയായ, രാജ്യത്തിന്റെ അഭിമാനമായ ചിഹ്നങ്ങളെ ആദരിക്കുന്ന ഏത് ഒരു ഭാരതീയനും ഈ ദൃശ്യങ്ങൾ കണ്ടാൽ മനസ് കൊണ്ട് ഒരു സല്യൂട്ട് അമലിന് നൽകും.

ചൊവ്വാഴ്ച രാവിലെ മുതൽ നാട്ടുകാരും മാധ്യമപ്രവർത്തകരും അടക്കമുള്ള ആളുകൾ ഈ വിവരം അറിഞ്ഞ് എത്തി എങ്കിലും അമൽ എന്ന ഈ പൊലീസുകാരൻ എത്തുന്ന വരെ രാജ്യത്തിന്റെ യശസ്സിന്റെ പ്രതീകമായ പതാകകൾ മാലിന്യകൂമ്പാരത്തിൽ തന്നെ ആയിരുന്നു. അങ്ങനെ ഒരു വശം അവിടെ നിന്നവർ ആരും ചിന്തിച്ചില്ല. അമൽ അടക്കം മൂന്ന് പേരാണ് പൊലീസ് വാഹനത്തിൽ ആദ്യം എത്തിയത്. മറ്റ് രണ്ട് പേർ ഇറങ്ങും മുൻപേ വാഹനത്തിൽ നിന്നും ഇറങ്ങിയ അമൽ കൈയിലുണ്ടായിരുന്ന ഫോൺ മാറ്റി വെച്ച് അറ്റൻഷനിൽ നിന്ന് പതാകയേ സല്യൂട്ട് ചെയ്യുക ആയിരുന്നു. പിന്നാലെ ഹിൽപ്പാലസ് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച് ഒയും മറ്റൊരു സബ്ബ് ഇൻസ്പെക്ടറും വരുന്നുണ്ടായിരുന്നു എന്നാൽ അവർ വരുന്നത് വരെ കാക്കാതെ ഒരു നിമിഷം പോലും വൈകാതെ രാജ്യത്തോടും ദേശീയപതാക എന്ന വികാരത്തോടും തന്റെ ആദരവ് പ്രകടിച്ച് മാതൃക കാട്ടിയ ഈ പൊലീസുകാരൻ കേരളാപൊലീസിന് തന്നെ അഭിമാനമാണ്.

ചൊവ്വാഴ്ച പുലർച്ചെയാണ് ഇരുമ്പനം കടത്തു കടവ് റോഡിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നിന്നുള്ള മാലിന്യക്കൂമ്പാരത്തിനിടയിൽ ദേശീയപതാകൾ കണ്ടെത്തിയത്. കോസ്റ്റ് ഗാർഡ് യൂണിഫോമുകളും സുരക്ഷാ കവചകങ്ങളും പഴകിയ മറ്റ് സാധന സാമഗ്രികളുമായിരുന്നു മാലിന്യത്തിലുണ്ടിയരുന്നത്. സമീപവാസികൾ വിവരം കോസ്റ്റ്ഗാർഡിനെയും പൊലീസിനെയും അറിയിച്ചു. തൊട്ടു പിന്നാലെ ഹിൽപാലസ് പൊലീസ് സ്ഥലത്തെത്തുകയും പതാകകൾ മാലിന്യത്തിൽ നിന്നും പൊലീസ് വാഹനത്തിലേക്ക് മാറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ദേശീയ പതാകയോട് അനാദരവ് കാട്ടിയ സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കോസ്റ്റ്ഗാർഡ് അധികാരികളോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും നിർദ്ദേശം നൽകി. കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ചയാണ് ഇത്തരം ഒരു സംഭവത്തിനിടയായതെന്ന് പൊലീസ് പറയുന്നു.

കൊച്ചിയിലെ കോസ്റ്റ്ഗാർഡ് ടീമിന്റെ അലംഭാവം കൊണ്ട് മാലിന്യത്തിൽ കിടക്കേണ്ടി വന്നു എങ്കിലും അങ്ങനെ അപമാനപ്പെട്ട് പട്ട് പോകുന്നതല്ല ഭാരതത്തിന്റെ ഈ മൂവർണ്ണകൊടിയുടെ അന്തസും ആഭിജാത്യവും. സ്വാമി വിനേകാന്ദന്റെ ഷിക്കാഗോ പ്രസംഗത്തിൽ ആകൃഷ്ടയായി ശിഷ്യത്വം സ്വീകരിച്ച് ഭാരതത്തിൽ എത്തിയ 1904 ൽ സിസ്റ്റർ നിവേദിതയാണ് ആദ്യമായി രാജ്യത്തിന് വേണ്ടി ഒരു പതാക വിഭാവനം ചെയ്ത്. ബംഗാളി ഭാഷയിൽ വന്ദേമാതരം എന്ന് മധ്യഭാഗത്ത് രേഖപ്പെടുത്തിയിരുന്ന ആ പതാകയ്ക്ക് പക്ഷേ ദേശീയമായി അംഗീകാരം കിട്ടിയില്ല. 1906 ഓഗസ്റ്റ് 7 ന് സുരേന്ദ്രനാഥ ബാനർജി കൊൽക്കത്തയിലെ പാഴ്സി ബാഗൻ സ്വയറിൽ വെച്ച് ഉയർത്തിയ പതാകയാണ് നാം രാജ്യത്തിന്റെ ആദ്യ പതാകയായി അംഗീകരിക്കുന്നത്. പച്ച,മഞ്ഞ,കുങ്കുമം എന്നിങ്ങനെ മൂന്ന് നിറങ്ങൾ ഉള്ളതായിരുന്നു ആദ്യ പതാക. പതാകയുടെ മുകളിൽ പച്ച നിറത്തിൽ വെളുത്ത എട്ട് താമര അടയാളങ്ങൾ ഉണ്ടായിരുന്നു. താഴത്തെ മഞ്ഞ നിറത്തിൽ ഹിന്ദിയിൽ വന്ദേമാതരം എന്ന് ആലേഖനം ചെയ്യപ്പെട്ടിരുന്നു. അവസാനത്തെ കുങ്കുമവർണ്ണത്തിൽ ഒരു ചന്ദ്രകലയും സൂര്യനും ഉണ്ടായിരുന്നു. ഇന്ത്യൻ പതാക ആദ്യമായി വിദേശമണ്ണിൽ ഉയർത്തിയത് ഭാരതത്തിലെ വിപ്ലവങ്ങളുടെ അമ്മ എന്നും ഭാരതത്തിന്റെ മകൾ എന്നും അറിയപ്പെടുന്ന മാഡം ബിക്കാജി കാമയാണ്. വന്ദേമാതരം എന്ന മാസിക പാരീസിൽ നിന്നും പുറത്തിറക്കിയ ഈ ധീരവനിതയാണ് 1907 ൽ ജർമ്മനിയിൽ ഭാരതത്തിന്റെ കൊടി ഉയർത്തി അഭിമാനപൊരാട്ടങ്ങൾക്ക് ചുക്കാൻ പിടിച്ചത്.

1921 ൽ കൃഷ്ണാനദിക്കരയിലെ വിജയവാഡയിലെ ആൾ ഇന്ത്യാകോൺഗ്രസ് സമ്മേളനത്തിൽ പിംഗലീ വെങ്കയ്യ എന്ന സ്വാതന്ത്യസമരപോരാളി രൂപ കൽപ്പന ചെയ്ത ഒരു പതാക അവതരിപ്പിച്ചു. ആ പതാകയിൽ രണ്ട് നിറങ്ങളേ ഉണ്ടായിരുന്നുള്ളു. പച്ചയും കുങ്കുമവും. ഭാരതത്തിലെ പ്രധാന മതങ്ങളായിരുന്ന മുസ്ലിംഹിന്ദുമതങ്ങളെ സൂചിപ്പിക്കുന്നു എന്ന അർത്ഥത്തിലാണ് പീംഗലീ വെങ്കയ്യ ഈ നിറങ്ങളെ അടയാളപ്പെടുത്തിത് എന്ന് പറയപ്പെടുന്നു. എന്നാൽ ഗാന്ധിജിയുടെ അഭിപ്രായപ്രകാരം വെള്ള നിറവും പുരോഗതിയുടെ അടയാളമായി ചർക്കയും കൂടെ പതാകയിൽ രേഖപ്പെടുത്താൻ നിർദ്ദേശിച്ചു. 1929 ൽ രവിനദിയുടെ കരയിൽ നടന്ന ലാഹോർ കോൺഗ്രസ് സമ്മേളനത്തിൽ ജവഹർലാൽ നെഹ്റു മറ്റൊരു പതാക ഉയർത്തി. ആ പതാകയിൽ യഥാക്രമം കുങ്കുമം,വെള്ള,പച്ച എന്നീ വർണ്ണങ്ങൾ ഉണ്ടായിരുന്നു. നടുവിലെ വെള്ളനിറത്തിൽ ഒരു ചർക്കയുടെ അടയാളവും.

1931 ൽ കോൺഗ്രസ് ഈ പതാകയെ രാജ്യത്തിന്റെ പതാകയായി അംഗീകരിച്ചു. 1931 മുതൽ 1947 വരെ ദേശീയപതാകയായി അംഗീകരിച്ചിരുന്നത് ചർക്ക നടുവിൽ വരുന്ന ഈ പതാകയാണ്. 1947 ജൂലൈ 22 നാണ് അശോകചക്രം മധ്യത്തിലായുള്ള പതാകയെ ദേശീയപതാകയായി ഭരണഘടനാ നിർമ്മാണസഭ അംഗീകരിച്ചത്. 1947 ഓഗസ്റ്റ് 15 ന് നെഹ്റു ചെങ്കോട്ടയിൽ ഉയർത്തിയതോടെ രാജ്യം സ്വതന്ത്രമായി. ഭാരതത്തിന്റെ വീരപുത്രൻ സുഭാഷ് ചന്ദ്രബോസിന്റെ ആഗ്രഹമായിരുന്നു ചെങ്കോട്ടയിൽ സ്വാതന്ത്രത്തിന്റെ കൊടി അടയാളമായി ഈ മൂവർണ്ണകൊടി പാറിക്കണം എന്നുള്ളത്. സ്വാതന്ത്രദിനത്തിൽ പ്രധാനമന്ത്രിയാണ് ചെങ്കോട്ടയിൽ പതാക ഉയർത്തുന്നു എങ്കിൽ റിപ്പബ്ളിക്ക് ദിനമായ ജനുവരി 26 ന് രാജ്പഥ് മൈതാാനത്തുകൊടി ഉയർത്തുന്നത് സർവ്വസൈന്യാധിപനായ രാഷ്ട്രപതിയാണ്. 3:2 ആണ് പതാകയുടെ നീളവും വീതി. കൈത്തറി, ഖാദി തുണി കൊണ്ടാണ് പതാക നിർമ്മിക്കുവാൻ നിയമം അനുശാസിക്കുന്നത്. കർണ്ണാടകയിലെ ഹൂബ്ലിയിലെ ഖാദിഗ്രാമോദ്യോഗസംയുക്തസംഘത്തിന് മാത്രമാണ് പതാക ഉണ്ടാക്കാനുള്ള ഔദ്യേഗിക ചുമതല. ധീരതയും ത്യാഗവും കുങ്കുമവും സമാധാനത്തെ വെള്ളയും സമൃദ്ധിയേയും പ്രകൃതിയെയും പച്ചയും യഥാക്രമം പ്രതിനിധാനം ചെയ്യുന്നു. നടുക്കുള്ള അശോകചക്രം പുരോഗതിയെ സൂചിപ്പിക്കുന്നു. അശോകസ്തംഭത്തിൽ നിന്നാണ് അശോകചക്രത്തെ പതാകയിലെക്ക് സ്വീകരിച്ചത്. 24 ആരക്കാലുകൾ ഉള്ള അശോകചക്രത്തിന്റെ നിറം നാവികനീലയാണ്.

ഭാരതീയ നിയമം ദേശീയപതാകയുടെ ബഹുമാന്യതയും വിശ്വസ്തതയും അന്തസ്സും കാത്തു സൂക്ഷിക്കാൻ അനുശാസിക്കുന്നുണ്ട്. ചിഹ്നങ്ങളുടേയും പേരുകളുടേയും അനുചിത ഉപയോഗം തടയുന്ന നിയമത്തിനു പകരമായി 2002-ൽ ഉണ്ടാക്കിയ 'ഇന്ത്യൻ പതാകാ നിയമം' ദേശീയപതാകയുടെ പ്രദർശനത്തേയും ഉപയോഗത്തേയും നിയന്ത്രിക്കുന്നു. ഔദ്യോഗിക നിയമം അനുശാസിക്കുന്നത് ദേശീയപതാക ഭൂമിയോ ജലമോ സ്പർശിക്കരുതെന്നാണ്. അതുപോലെ തന്നെ പതാക, മേശവിരിയായോ, വേദിക്കു മുൻപിൽ തൂക്കുകയോ, പ്രതിമകളേയോ ഫലകങ്ങളേയോ മൂലക്കല്ലുകളേയോ മൂടുന്നതിനായോ ഉപയോഗിക്കാൻ പാടില്ലെന്നും വ്യക്തമാക്കുന്നു. 2005 വരെ ദേശീയപതാക ആടയാഭരണങ്ങളുടെ ഭാഗമായോ യൂണിഫോമുകളുടെ ഭാഗമായോ ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല.

എന്നാൽ 2005-ൽ പാസാക്കിയ ഒരു ഭരണഘടനാഭേദഗതി ഇതിനു മാറ്റം വരുത്തി. എന്നിരുന്നാലും അരയ്ക്കു താഴേയ്ക്കുള്ള വസ്ത്രങ്ങളുടെ ഭാഗമായോ അടിവസ്ത്രമായോ ഉപയോഗിക്കുന്നതും തലയിണയുറയിലോ കൈതൂവാലകളിലോ ദേശീയപതാക തുന്നി ചേർക്കുന്നതും വിലക്കുന്നു. ദേശീയപതാകയുമായി ബന്ധപ്പെട്ട അനാദരവുകൾക്ക് ശിക്ഷയായി മൂന്നു വർഷം വരെയുള്ള തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP