Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദേശകാര്യമന്ത്രി എന്നാൽ വിദേശത്ത് താമസിക്കുന്ന മന്ത്രിയല്ല; പിണറായി ധാരണ മാറ്റണം; എസ്.ജയ്ശങ്കറിന്റെ തിരുവനന്തപുരം സന്ദർശനത്തിൽ മുഖ്യമന്ത്രി എന്തിനാണ് ഇത്ര അസ്വസ്ഥത; ജനക്ഷേമം അന്വേഷിക്കാൻ കേന്ദ്ര മന്ത്രി പോകുന്നതിൽ അത്ഭുതമുണ്ടാകും; പിണറായിക്ക് മറുപടിയുമായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

വിദേശകാര്യമന്ത്രി എന്നാൽ വിദേശത്ത് താമസിക്കുന്ന മന്ത്രിയല്ല; പിണറായി ധാരണ മാറ്റണം; എസ്.ജയ്ശങ്കറിന്റെ തിരുവനന്തപുരം സന്ദർശനത്തിൽ മുഖ്യമന്ത്രി എന്തിനാണ് ഇത്ര അസ്വസ്ഥത; ജനക്ഷേമം അന്വേഷിക്കാൻ കേന്ദ്ര മന്ത്രി പോകുന്നതിൽ അത്ഭുതമുണ്ടാകും; പിണറായിക്ക് മറുപടിയുമായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറിന്റെ തിരുവനന്തപുരം സന്ദർശനത്തെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി എന്തിനാണ് ഇത്ര അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്ന് മുരളീധരൻ ചോദിച്ചു. വിദേശകാര്യമന്ത്രി എന്നാൽ വിദേശത്ത് സ്ഥിരമായി താമസിക്കുന്ന മന്ത്രിയല്ലെന്നും അത്തരം ധാരണ മുഖ്യമന്ത്രി മാറ്റണമെന്നും മുരളീധരൻ പറഞ്ഞു. കഴക്കൂട്ടം ഫ്ളൈ ഓവർ സന്ദർശിച്ച ജയ്ശങ്കറിനെ മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി വി.മുരളീധരൻ. ലോകകാര്യങ്ങൾ നോക്കേണ്ട വിദേശകാര്യ മന്ത്രി കഴക്കൂട്ടത്തെ ഫ്ളൈ ഓവർ നോക്കാൻ വന്നിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി.

'ജനങ്ങളുമായി സംവദിക്കാനും വികസനപ്രവർത്തനങ്ങൾ വിലയിരുത്താനുമുള്ള അധികാരം ഈ രാജ്യത്തെ എല്ലാ മന്ത്രിമാർക്കുമുണ്ട്. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിചെന്ന് പ്രവർത്തിക്കുന്ന സമീപനമാണ് മോദി സർക്കാരിന്റേത്. ഓഖി ചുഴലിക്കാറ്റുണ്ടായപ്പോൾ സെക്രട്ടേറിയറ്റിന്റെ വിളിപ്പാടകലെ പോലും പോകാത്ത കേരളത്തിന്റെ മുഖ്യമന്ത്രിക്ക് കേന്ദ്ര ജയ്ശങ്കർ ഇത്തരത്തിൽ പെരുമാറുമ്പോൾ അസ്വസ്ഥതയും അത്ഭുതവും ഉണ്ടാകും' മുരളീധരൻ പറഞ്ഞു.

ജനങ്ങൾ ഇത്രയും ദുരിതത്തിലായിരിക്കുമ്പോൾ പോലും തിരിഞ്ഞ് നോൽക്കാത്ത ഒരു മുഖ്യമന്ത്രിക്ക് ജനക്ഷേമം അന്വേഷിക്കാൻ കേന്ദ്ര മന്ത്രി പോകുന്നതിൽ അത്ഭുതമുണ്ടാകുന്നതിൽ കൗതുകമില്ലെന്നും അദ്ദേഹം പറഞ്ഞു. 'വിദേശകാര്യ മന്ത്രി എന്നു പറഞ്ഞാൽ വിദേശത്ത് സ്ഥിരമായി താമസിക്കുന്ന മന്ത്രി എന്നാണ് നമ്മുടെ മുഖ്യമന്ത്രി ധരിച്ചിട്ടുള്ളതെങ്കിൽ ആ ധാരണയൊന്ന് തിരുത്തണം. വകുപ്പുകൾക്കപ്പുറത്ത് കേന്ദ്ര മന്ത്രിമാർക്ക് ഈ സർക്കാറിന്റെ പദ്ധതികളിൽ മേൽനോട്ടം വഹിക്കുന്നതിനും നിരീക്ഷിക്കാനുമുള്ള ചുമതലയുണ്ട്. പദ്ധതികൾ കാണാൻ പോകുന്നതിൽ എന്തിനാണ് ഇത്ര അസ്വസ്ഥത എന്ന് തനിക്ക് മനസ്സിലാകുന്നില്ല' വി.മുരളീധരൻ കൂട്ടിച്ചേർത്തു.

നേരത്തെ തിരക്കുള്ള ലോകകാര്യങ്ങൾ നോക്കുന്ന കേന്ദ്രമന്ത്രി, കഴക്കൂട്ടത്തെ ഫ്ളൈ ഓവർ കാണാൻ വന്നതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് മനസ്സിലാകുമെന്നായിരുന്നു പിണറായി സഭയിൽ പറഞ്ഞത്. കഴക്കൂട്ടം മണ്ഡലത്തിൽ ബിജെപിയെ ജയിപ്പിച്ചു കൊടുക്കാനുള്ള ഉത്തരവാദിത്തം ജയ്ശങ്കറിനെ ഏൽപിച്ചുവെന്നാണ് കേൾക്കുന്നത്. ദേശീയപാതാവികസനത്തിന്റെ അവകാശവാദവുമായി ചിലർ രംഗത്തുവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ എന്ന ലക്ഷ്യത്തോടെ തന്നെയാണ് കേരളത്തിന്റെ വിവിധഭാഗങ്ങളിൽ കേന്ദ്രമന്ത്രിമാരുടെ സന്ദർശനം നടന്നുകൊണ്ടിരിക്കുന്നത്. ബിജെപി. വൃത്തങ്ങൾ തുറന്നുപറയുന്നില്ലെങ്കിലും വിദേശകാര്യമന്ത്രി ജയശങ്കറും തിരുവനന്തപുരത്ത് എത്തിയത് ഇതിന് തന്നെയാണ്. കഴിഞ്ഞദിവസം എത്തിയ ജയശങ്കർ മൂന്നുദിവസമാണ് തിരുവനന്തപുരത്ത് പര്യടനം നടത്തുക. ആദ്യദിവസം യുവാക്കളും വിദ്യാർത്ഥികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ജയ്ശങ്കറിന്റെ സന്ദർശനത്തിലെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിഞ്ഞ് അത് തുറന്നുകാട്ടുന്ന സമീപനമാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ദേശീയപാതാ വികസനത്തിൽ അവകാശവാദവുമായി ചിലർ വരുന്നുണ്ടെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. കഴക്കൂട്ടം ഫ്ളൈ ഓവറിൽ ജയശങ്കർ സന്ദർശനം നടത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു പിണറായിയുടെ വിമർശനം.

തിങ്കളാഴ്ചയാണ് കഴക്കൂട്ടം ഫ്ളൈ ഓവറിന്റെ നിർമ്മാണപ്പുരോഗതി ജയ്ശങ്കർ വിലയിരുത്തിയത്. ഫ്ളൈ ഓവർ സന്ദർശിച്ച മന്ത്രി ദേശീയപാത പ്രോജക്ട് ഡയറക്ടർ പ്രദീപ്കുമാർ, റീജണൽ ഓഫീസർ ബി.എൽ.മീണ എന്നിവരോട് പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ ഭാഗമായാണ് 2.7 കിലോമീറ്റർ ദൂരമുള്ള ഫ്ളൈ ഓവർ നിർമ്മിക്കുന്നത്. ഫ്ളൈ ഓവർ പൂർത്തിയാകുന്നതോടെ ദേശീയപാതയിൽ കഴക്കൂട്ടം ജങ്ഷനിലെ ഗതാഗതക്കുരുക്കിന് ശമനമാകും. 90 ശതമാനവും പണി പൂർത്തിയായ ഫ്ളൈ ഓവർ ഉടൻതന്നെ ഗതാഗതത്തിനു തുറന്നുകൊടുക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ. ടെക്‌നോപാർക്ക് ഭാഗത്ത് അപ്രോച്ച്‌റോഡിന്റെ പണി അവസാനഘട്ടത്തിലാണ്. ചന്തവിളഭാഗത്ത് അപ്രോച്ച്‌റോഡിന്റെ പണിയാണ് ഇപ്പോൾ നടക്കുന്നത്. ബിജെപി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, നേതാക്കളായ വി. ശിവൻകുട്ടി, എസ്.സുരേഷ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP