Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'പി.പരമേശ്വരനും ഭാരതീയ വിചാരകേന്ദ്രവും സംഘപരിവാറും വിവേകാനന്ദനെ ഒരു സങ്കുചിത അറയിൽ അടയ്ക്കാനാണ് ശ്രമിച്ചുപോന്നിട്ടുള്ളത്; ഇപ്പോൾ സംഘപരിവാർ, ഹിന്ദുത്വത്തിന്റെ ആചാര്യനാണ് സ്വാമി എന്ന സങ്കുചിത അവകാശവാദം ഉന്നയിക്കുന്നു': ഭാരതീയ വിചാരകേന്ദ്രം വേദിയിൽ വി എസ് എത്തിയത് സംഘാടകരെ പ്രകോപിപ്പിക്കാൻ കൂടി ലക്ഷ്യമിട്ട്; പഴയ പ്രസംഗത്തിന്റെ പൂർണ രൂപം പുറത്ത്

'പി.പരമേശ്വരനും ഭാരതീയ വിചാരകേന്ദ്രവും സംഘപരിവാറും വിവേകാനന്ദനെ ഒരു സങ്കുചിത അറയിൽ അടയ്ക്കാനാണ് ശ്രമിച്ചുപോന്നിട്ടുള്ളത്;  ഇപ്പോൾ സംഘപരിവാർ, ഹിന്ദുത്വത്തിന്റെ ആചാര്യനാണ് സ്വാമി എന്ന സങ്കുചിത അവകാശവാദം ഉന്നയിക്കുന്നു': ഭാരതീയ വിചാരകേന്ദ്രം വേദിയിൽ വി എസ് എത്തിയത് സംഘാടകരെ പ്രകോപിപ്പിക്കാൻ കൂടി ലക്ഷ്യമിട്ട്; പഴയ പ്രസംഗത്തിന്റെ പൂർണ രൂപം പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: പ്രതിപക്ഷ നേതാവ വി ഡി സതീശൻ ആർഎസ്എസ് വേദിയിൽ പുസ്തക പ്രകാശനത്തിന് എത്തിയത് വിവാദമായിരിക്കയാണ്. സജി ചെറിയാന്റെ ഭരണഘടനാ പരാമർശ വിഷയത്തിൽ ആർഎസ്എസിനെ കൂട്ടുപിടിച്ച് വിമർശിച്ചതാണ് പുതിയ വിവാദങ്ങൾക്ക് കാരണം. ഈ വിഷയത്തിൽ അവസരം മുതലെടുക്കാനാണ് സിപിഎം രംഗത്തുവന്നത്. ഇതോടെ സിപിഎം സതീശനെതിരെ വിമർശനവുമായി രംഗത്തുവന്നിരുന്നു. എന്നാൽ, ഭാരതീയ വിചാരകേന്ദ്രം വേദിയിൽ വി എസ് അച്യുതാനന്ദൻ എത്തിയതിന് പിന്നാലെയാണ് സതീശനും എത്തിയതെന്നാണ് ശ്രദ്ധേയം.

ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറായിരുന്ന പി.പരമേശ്വരൻ എഴുതിയ സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകപ്രകാശന ചടങ്ങിലാണ് വി എസ് അച്യുതാനന്ദൻ പങ്കെടുത്തത്. 2013 മാർച്ച് 13ന് തിരുവനന്തപുരം ഭാരതീയ വിചാര കേന്ദ്രം ഓഫിസിൽ സംഘടിപ്പിച്ച ചടങ്ങിലാണ് വി എസ് അച്യുതാനന്ദൻ പങ്കെടുത്തത്. ചടങ്ങിൽ പി.പരമേശ്വരനും ഉണ്ടായിരുന്നു.

വി എസ് അച്യുതാനന്ദൻ പ്രകാശന ചടങ്ങിൽ പങ്കെടുത്തതിന്റെ സാഹചര്യം വിവരിക്കുകയാണ്, അദ്ദേഹത്തിന്റെ പേഴ്സനൽ സ്റ്റാഫ് അംഗമായിരുന്ന വികെ ശശിധരൻ. സുഗതകുമാരിയാണ് വിഎസിനെ പ്രസിദ്ധീകരണ ചടങ്ങിലേക്കു ക്ഷണിച്ചതെന്നും പുസ്തകത്തിന്റെ കോപ്പി മുൻകൂർ നൽകിയിരുന്നുവെന്നും ശശിധരൻ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നു. സംഘാടകരെ പ്രകോപ്പിക്കാൻ പോന്നത് എന്നു വി എസ് തന്നെ വിലയിരുത്തിയ അന്നത്തെ പ്രസംഗത്തിന്റെ പൂർണ രൂപവും ശശിധരൻ പോസ്റ്റ് ചെയ്തിട്ടുണ്ട്

വി.കെ.ശശിധരന്റെ കുറിപ്പിന്റെ പൂർണ രൂപം:

ആനുകാലിക രാഷ്ട്രീയം അങ്ങനെയാണ്. രാഷ്ട്രത്തെ സംബന്ധിക്കുന്നതല്ല, രാഷ്ട്രീയക്കാരെ സംബന്ധിക്കുന്നതാണ് രാഷ്ട്രീയം. 2017ൽ ഫേസ്‌ബുക്ക് ഉപേക്ഷിച്ച് വനവാസത്തിനിറങ്ങിയ ആളാണ് ഞാൻ. ഉള്ളത് പറഞ്ഞാൽ വലിയ പ്രശ്‌നമാണെന്ന് എന്നോട് പറഞ്ഞത് എന്നെ സ്‌നേഹിക്കുന്ന എന്റെ സഖാക്കൾ തന്നെയാണ്.

പക്ഷെ, ഇപ്പോൾ എന്തിനായിട്ടാണ് വീണ്ടും ഫേസ് ബുക്കിൽ പ്രത്യക്ഷപ്പെടുന്നതെന്ന ചോദ്യം വരാം. എനിക്ക് പറയാൻ ഒരുപാട് വിഷയങ്ങളുണ്ട്. അതിൽ രാഷ്ട്രീയം പരമാവധി ഒഴിവാക്കി, ബാക്കി പറയണമെന്ന് കുറച്ചു നാളായി ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇന്ന് അതിന് നിമിത്തമായത് ഭാരതീയ വിചാരധാരയും വിഡി സതീശനും വിവേകാനന്ദനും വി എസ് അച്യുതാനന്ദനുമായി എന്നു മാത്രം.

സംഭവം നടക്കുന്നത് 2013 മാർച്ച് 13നാണ്. വിവേകാനന്ദനെക്കുറിച്ച് ഡോ. പൽപ്പു അടക്കം നിരവധി പ്രമുഖർ എഴുതിയതെല്ലാം ക്രോഡീകരിച്ച് ആയിരത്തിൽ പരം പേജുകളുള്ള ഒരു പുസ്തകം പ്രകാശനം ചെയ്യുന്നുവെന്നും, അത് പ്രകാശനം ചെയ്യാൻ വി എസ് വരണമെന്നും സുഗതകുമാരി ടീച്ചർ വി എസ്സിനോടപേക്ഷിക്കുന്നു. വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്നാണ് പുസ്തകത്തിന്റെ തലക്കെട്ട്. പുസ്തകത്തിന്റെ ഒരു കോപ്പിയും അവർ വി എസ്സിന് നൽകുന്നു. പതിവുപോലെ, 'നോക്കട്ടെ, പറയാം' എന്ന മറുപടിയുമായി വി എസ് അവരെ തിരിച്ചയക്കുന്നു.

പുസ്തകം ഓടിച്ചു വായിച്ച വി എസ്സിന് തോന്നി, ആ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കുന്നത് പ്രബുദ്ധ കേരളത്തെക്കുറിച്ചും വിവേകാനന്ദനെക്കുറിച്ചും ഹിന്ദുത്വ അജണ്ടകളെക്കുറിച്ചുമെല്ലാമുള്ള തന്റെ നിലപാടുകൾ പറയാനുള്ള അവസരങ്ങളിലൊന്നായിരിക്കും എന്ന്. ഇക്കാര്യം വി എസ് എന്നോടും ബാലകൃഷ്ണനോടും പറയുകയും ചെയ്തു. (ബാലകൃഷ്ണനായിരുന്നു, അന്ന് വി എസ്സിന്റെ പ്രസ് സെക്രട്ടറി. ഇന്നദ്ദേഹം മാതൃഭൂമിയിൽ ജോലി ചെയ്യുന്നു.)

വി എസ്സിന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിച്ച് ബാലകൃഷ്ണൻ പ്രസംഗം തയ്യാറാക്കി വി എസ്സിനെ കേൾപ്പിക്കുന്നു. 'കൊള്ളാം, സംഘാടകരെ പ്രകോപിപ്പിക്കാൻ ഇത് മതിയാവും' എന്നായിരുന്നു, വി എസ്സിന്റെ പ്രതികരണം. ഞാൻതന്നെയാണ് പ്രസംഗം ടൈപ്പ്‌ചെയ്‌തെടുത്തത്.

അന്നത്തെ ആ പ്രസംഗത്തിന്റെ പൂർണരൂപം താഴെ കൊടുക്കുന്നു. സംസാരിക്കുന്ന വാക്കുകൾക്കുപരി, ദൃശ്യങ്ങൾ വൈറലാവുന്ന കാലത്ത് ആർക്കെങ്കിലും പ്രയോജനപ്പെടുന്നെങ്കിൽ ആവട്ടെ എന്നു മാത്രം.

(വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് വി എസ്. അച്യുതാനന്ദൻ നടത്തിയ പ്രസംഗം.)

തിരുവനന്തപുരം

13-03-2013
വിവേകാനന്ദനും പ്രബുദ്ധകേരളവും

സ്വാമി വിവേകാനന്ദനും പ്രബുദ്ധകേരളവും എന്ന ഗ്രന്ഥം ഏറെ സന്തോഷത്തോടെ ഏറ്റുവാങ്ങിയതായി അറിയിക്കുന്നു. വിവേകാനന്ദനെക്കുറിച്ച് പല കാലഘട്ട ങ്ങളിലായി മലയാളത്തിൽ എഴുതപ്പെട്ട ലേഖനങ്ങളും കവിതകളും മലയാളികൾ എഴുതിയ ഇംഗ്ലീഷ് ലേഖനങ്ങളുമെല്ലാം സംഘടിപ്പിച്ച് ഈ പുസ്തകം ഒരുക്കിയ ശ്രീ. പി.പരമേശ്വരനെ ഞാൻ അഭിനന്ദിക്കുന്നു. വിവേകാനന്ദനെക്കുറിച്ചുള്ള വ്യത്യസ്ത വീക്ഷണങ്ങൾക്ക് ഇതിൽ സ്ഥാനം നൽകിയിട്ടുണ്ടെന്നത് സ്വാഗതാർഹമാണ്. ഭാരതീയ വിചാരകേന്ദ്രത്തിന്റെയും ശ്രീ. പി.പരമേശ്വരന്റെയും വീക്ഷണത്തിലു ള്ള വിവേകാനന്ദനെ മാത്രമല്ല, മറിച്ചുള്ള വീക്ഷണത്തിലുള്ള വിവേകാനന്ദനെയും ഈ പുസ്തകത്തിൽ കാണാം.

സ്വാമി വിവേകാനന്ദന്റെ നൂറ്റമ്പതാം ജന്മവാർഷികവും അദ്ദേഹത്തിന്റെ കേരള സന്ദർശനത്തിന്റെ നൂറ്റിരുപത്തൊന്നാം വാർഷികവുമാണിത്. ജാതിവിവേചനത്തി ന്റെയും അനാചാരങ്ങളുടെയും ഒരു ഭ്രാന്താലയമാണ് കേരളം എന്ന് സ്വന്തം അനുഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് 121 വർഷം മുമ്പ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വെറുതെ അഭിപ്രായം പറയുകയല്ല, നിശിതമായി ആക്ഷേപിക്കുകയും ഈ അവസ്ഥയിൽ നിന്ന് മലബാറുകാർ അഥവാ കേരളീയർ മാറാൻ തയ്യാറാകുന്നില്ലെങ്കിൽ ഇതര ഇന്ത്യക്കാർ അവരെ വെറുപ്പോടെയേ കാണാവൂ എന്നുവരെ അദ്ദേഹം പറയുകയുണ്ടായി. മൈസൂരിൽ ഡോക്ടർ പവിൽപ്പുവിന്റെ വീട്ടിൽ സന്ദർശനത്തി നെത്തിയ സ്വാമിയോട് പൽപ്പു കേരളത്തിന്റെ സാമൂഹ്യ ദുരവസ്ഥ ബോധ്യപ്പെടു ത്തുകയുണ്ടായി. പിന്നീട് കന്യാകുമാരിയിലേക്കുള്ള യാത്രാമധ്യേ കൊടുങ്ങല്ലൂർ ദേവീക്ഷേത്രത്തിലെത്തിയ വിവേകാനന്ദന് ജാതി പറയാൻ തയ്യാറല്ലാത്തതിനാൽ അവിടെ പ്രവേശനം ലഭിച്ചില്ല. ജാതിരാക്ഷസന്റെ ക്രൂരത നേരിട്ട് മനസ്സിലാക്കാൻ അദ്ദേഹ ത്തിന് സാധിച്ചു.

ഈ ദുരവസ്ഥയിൽ നിന്ന് രക്ഷനേടാൻ സംഘടിത ശ്രമം വേണമെന്നും അതിന് ഒരു ആധ്യാത്മിക ഉള്ളടക്കം വേണമെന്നും ഡോക്ടർ പല്പുവിനെ ഉപദേശിച്ചത് സ്വാമി വിവേകാനന്ദനാണ്. ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിന് തുടക്കംകുറിക്കാൻ നേതൃത്വം നൽകുന്നതിന് ഡോക്ടർ പൽപ്പുവിന്റെ പ്രചോദനം അതാണ്. ബംഗാളിൽ വിദ്യാഭ്യാസം നടത്തിയ കുമാരനാശാനാകട്ടെ, വിവേകാനന്ദ തത്വങ്ങളിൽ ഏറെ ആകൃഷ്ടനായിരുന്നു. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന സന്ദേശം നൽകി ക്കൊണ്ട് ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തി നാലാണ്ടിനുശേഷമാണ് വിവേകാനന്ദൻ കേരളത്തിൽ വരുന്നത്. ശ്രീനാരായണ ഗുരുവിന്റെ ഉത്തമ ശിഷ്യനായ ഡോക്ടർ പൽപ്പുവും കുമാരനാശാനും ചേർന്ന് എസ്.എൻ.ഡി.പി യോഗം എന്ന മഹാപ്രസ്ഥാനത്തിന് രൂപംനൽകിയതിൽ വിവേകാനന്ദന്റെ പ്രചോദനം വളരെ വലുതാണെന്നാണ് സൂചിപ്പിക്കുന്നത്. യോഗത്തിന്റെ മുഖപത്രത്തിന്റെ പേര് വിവേകോദയം എന്നായതും യാദൃഛികമല്ല. ഇവിടെ പ്രകാശനം ചെയ്ത പുസ്തക ത്തിൽ കവിതകളും ലേഖനവുമായി കുമാരനാശാന്റെ നാലോ അഞ്ചോ സൃഷ്ടികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

ശ്രീ. പി.പരമേശ്വരനും ഭാരതീയവിചാരകേന്ദ്രവും സംഘപരിവാറും വിവേകാനന്ദനെ ഒരു സങ്കുചിത അറയിൽ അടക്കാനാണ് ശ്രമിച്ചുപോന്നിട്ടുള്ളത്. ഇപ്പോൾ സംഘപരിവാർ, ഹിന്ദുത്വത്തിന്റെ ആചാര്യനാണ് സ്വാമി എന്ന സങ്കുചിത അവകാശവാദം ഉന്നയിക്കുന്നു. സംശയമില്ല, ഹിന്ദുമതത്തിന്റെ ഏകോപനത്തിനും നവീകരണത്തിനും വേണ്ടി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ജീവിത നിഷേധിയായ ആത്മീയവാദത്തിനും ഹിന്ദുമതത്തിലെ വർണാശ്രമചൂഷണത്തിനും അനീതിക്കുമെതിരെ ആഞ്ഞടിക്കാൻ തയ്യാറായി എന്നതാണ് സ്വാമി വിവേകാനന്ദന്റെ മഹത്വം.

ഈശ്വരനല്ല, മനുഷ്യനായിരുന്നു വിവേകാനന്ദന്റെ പ്രഥമ പരിഗണാവിഷയം. പട്ടിണി കിടക്കുന്ന മനുഷ്യരുടെ നേർക്ക് മതം നീട്ടി കാണിക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വിവേകാനന്ദൻ ചൂണ്ടിക്കാട്ടി. ആത്മാവിന്റെ ദാരിദ്ര്യ ത്തെക്കുറിച്ച് പ്രസംഗിക്കുന്ന സന്യാസിമാരോട് അദ്ദേഹം ചോദിച്ചത് അവരുടെ യഥാർഥ വിശപ്പ് മാറ്റാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയുമെന്നാണ്.

പാവങ്ങൾക്ക് ഭക്ഷണം നൽകാനും അവരെ അഭ്യസ്തവിദ്യരാക്കാനും അങ്ങനെ നമ്മുടെ ചുറ്റുപാടുമുള്ള കഷ്ടപ്പാടുകളെ ദുരീകരിക്കാനുമുള്ള ശക്തി ഉണ്ടാക്കിത്തരുന്ന ഒരു മതമാണ് നമുക്ക് വേണ്ടത്. നിങ്ങൾക്ക് ദൈവത്തെ കാണണമെന്നുണ്ടെങ്കിൽ മനുഷ്യനെ സേവിക്കുക - അതായിരുന്നു വിവേകാനന്ദന്റെ തത്വം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യകാലത്ത് യൂറോപ്പിൽ പ്രചാരം സിദ്ധിച്ചുവന്ന നൂതനാശയങ്ങൾ സ്വാംശീകരിക്കാനും വിവേകാനന്ദന് കഴിഞ്ഞു. സോഷ്യലിസ്റ്റ് ആശയങ്ങളെക്കുറിച്ച് അദ്ദേഹം ആഴത്തിൽ മനസ്സിലാക്കുകയും ചെയ്തു. ''ശൂദ്രന് പ്രാധാന്യം ലഭിക്കുന്ന ഒരുകാലം വരും. ശൂദ്രന്റെതായ ധർമ്മ കർമങ്ങളോടൊപ്പം എല്ലായിടത്തും ശൂദ്രന്മാർ സമൂദായത്തിൽ മേധാവിത്വം നേടും. അതിന്റെ പ്രാരംഭങ്ങളാണ് പാശ്ചാത്യലോകത്തിൽ മെല്ലെ മെല്ലെ ഉദിച്ചുയർന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഫലാഫലങ്ങളെക്കുറിച്ച് എല്ലാവരും വ്യാകുലരാണ്. ഈ വിപ്ലവത്തിന്റെ കൊടിയടയാളങ്ങളിലൊന്നാണ് സോഷ്യലിസം''- എന്ന് വിവേകാന്ദൻ ചൂണ്ടിക്കാട്ടിയത് സോഷ്യലിസത്തെക്കുറിച്ച് ഇന്ത്യയിൽ മറ്റാരും സംസാരിക്കുന്നതിനു മുമ്പാണ്. വിവിധ ജാതി-മത വിശ്വാസികളായ പാവങ്ങളെ, പ്രോലിറ്റേറിയറ്റി നെയാണ് ശൂദ്രന്മാർ എന്ന് അദ്ദേഹം വിവക്ഷിച്ചത്.

തൊഴിലാളികൾ പ്രവൃത്തി നിർത്തുകയാണെങ്കിൽ നിങ്ങൾക്ക് ഭക്ഷണം, തുണി മുതലായതു കിട്ടുന്നത് നിൽക്കും. എന്നിട്ടും നിങ്ങൾ അവരെ താണവരായി കണക്കാക്കുകയും നിങ്ങളുടെ സംസ്‌ക്കാരം ഉന്നതമെന്നവകാശപ്പെട്ട് അഹങ്കരിക്കു കയും ചെയ്യുന്നു എന്ന് സവർണരും ധനികരുമായ ചൂഷകരെ കുറ്റപ്പെടുത്തുകയും ചൂഷണത്തിനിരയാകുന്ന താണവർഗക്കാർ യാഥാർഥ്യം തിരിച്ചറിഞ്ഞുകൊണ്ട് അവകാശങ്ങൾ പിടിച്ചുവാങ്ങാൻ ഐക്യമുന്നണി രൂപീകരിച്ചുകൊണ്ടിരിക്കുക യാണെന്നും, ഉയർന്ന വർഗക്കാർക്ക് ഇനിമേലിൽ എത്ര തന്നെ ശ്രമിച്ചാലും താഴ്ന്ന വർഗക്കാരെ അമർത്തിവെക്കാൻ സാധിക്കുകയില്ലെന്നും വിവേകാനന്ദൻ മുന്നറിയിപ്പ് നൽകുകയുണ്ടായി.

ഇന്ത്യയിൽ തൊഴിലാളി പ്രസ്ഥാനങ്ങൾ രൂപപ്പെടുക പോലും ചെയ്യുന്നതിന് മുൻപാണ് സ്വാമി വിവേകാനന്ദൻ തൊഴിലാളിവർഗത്തിന്റെ അജയ്യതയെ ക്കുറിച്ച് പ്രഖ്യാപനം ചെയ്തത്. മതപരമായ സങ്കുചിത അറയിൽ തളച്ചിടാവുന്ന വ്യക്തിത്വമല്ല വിവേകാനന്ദന്റേത്. മനുഷ്യസ്നേഹത്തിന്റെയും മാനവ ഐക്യത്തി ന്റെയും സ്ഥിതി സമത്വത്തിന്റെയും അജയ്യമായ മനുഷ്യമുന്നേറ്റത്തിന്റെയും പ്രതീകങ്ങ ളിലൊന്നാ ണ് വിവേകാനന്ദൻ. വിവേകാനന്ദനെ സാംസ്‌കാരിക ദേശീയതയു ടെയും ഇപ്പോഴത്തെ അർഥ ത്തിലുള്ള ഹിന്ദുത്വത്തിന്റെയും പ്രതീകമായി ഉയർത്തി ക്കാ ട്ടാനുള്ള ശ്രമത്തെ പരാജയപ്പെടുത്തുന്നതിന് ഈ പുസ്തകത്തിന്റെ ശരിയായ പഠനം സഹായകമാകുമെന്ന് കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP