Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അണ്ണാ ഡിഎംകെയിലെ അധികാരത്തർക്കം; പാർട്ടി പിടിച്ച് പളനിസ്വാമി പക്ഷം; പനീർശെൽവത്തെ പുറത്താക്കി; ഇനി ഇരട്ട നേതൃത്വ പദവിയില്ല; ഭരണഘടന ഭേദഗതി ചെയ്ത് ജനറൽ കൗൺസിൽ; പാർട്ടി ആസ്ഥാന പരിസരത്ത് നിരോധനാജ്ഞ

അണ്ണാ ഡിഎംകെയിലെ അധികാരത്തർക്കം; പാർട്ടി പിടിച്ച് പളനിസ്വാമി പക്ഷം; പനീർശെൽവത്തെ പുറത്താക്കി; ഇനി ഇരട്ട നേതൃത്വ പദവിയില്ല; ഭരണഘടന ഭേദഗതി ചെയ്ത് ജനറൽ കൗൺസിൽ; പാർട്ടി ആസ്ഥാന പരിസരത്ത് നിരോധനാജ്ഞ

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷിയായ അണ്ണാ ഡിഎംകെയിലെ അധികാരത്തർക്കം ചേരിതിരിഞ്ഞ് ഏറ്റുമുട്ടലിന് വഴിമാറിയതിന് പിന്നാലെ പാർട്ടി പിടിച്ചെടുത്ത് പളനിസ്വാമി പക്ഷം. പാർട്ടിയുടെ കടിഞ്ഞാണിന് വേണ്ടിയുള്ള പോരാട്ടത്തിനിടെ മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവത്തെ അണ്ണാ ഡിഎംകെ പുറത്താക്കി. ജനറൽ സെക്രട്ടറിയായി എടപ്പാടി പളനിസാമിയെ തിരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയാണ് പ്രത്യേക പ്രമേയത്തിലൂടെയാണ് പനീർശെൽവത്തെ പുറത്താക്കിയ നടപടിയുണ്ടായത്. പനീർശെൽവത്തെ പിന്തുണക്കുന്നവരേയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.

ചെന്നൈ വാനഗരത്തിൽ ചേർന്ന പാർട്ടി ജനറൽ കൗൺസിൽ താൽക്കാലിക ജനറൽ സെക്രട്ടറിയായി എടപ്പാടി കെ.പളനിസ്വാമിയെ തെരഞ്ഞെടുത്തു. ഇതോടെ പാർട്ടിയിലെ പൂർണ അധികാരം പളനിസ്വാമി വിഭാഗം പിടിച്ചെടുത്തു.

പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് പുറത്താക്കൽ. 2500 പേർ വരുന്ന ജനറൽ കൗൺസിൽ പാർട്ടിയിൽ തുടർന്നുവന്ന ഇരട്ട നേതൃത്വം തള്ളി ഇപിഎസ്‌സിനെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു. ഇതുവരെ പാർട്ടി കോഡിനേറ്ററായി പനീർശെൽവവും ജോയന്റ് കോർഡിനേറ്ററായി പളനിസ്വാമിയും തുടർന്നുവരുകയായിരുന്നു. പളനിസ്വാമി പക്ഷം വിളിച്ച യോഗം സ്റ്റേ ചെയ്യണമെന്ന പനീർശെൽവത്തിന്റെ ഹർജി കോടതി അംഗീകരിച്ചിരുന്നില്ല.

ജനറൽ കൗൺസിൽ യോഗം ചേരുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള പനീർശെൽവത്തിന്റെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പാർട്ടിയുടെ നിയന്ത്രണം പളനിസ്വാമി പിടിച്ചെടുത്തത്. ജനറൽ കൗൺസിലിലെ ആധിപത്യത്തിന്റെ പിൻബലത്തിൽ, ഒത്തുതീർപ്പിന്റെ ഭാഗമായി കൊണ്ടുവന്ന ഇരട്ട നേതൃത്വം എടപ്പാടി വിഭാഗം ചവറ്റുകുട്ടയിലേക്ക് എറിഞ്ഞു.

പാർട്ടി ഭരണഘടന ഭേദഗതി ചെയ്ത്, ഇരട്ടനേതൃത്വം ഒഴിവാക്കി. പളനിസ്വാമിയെ താൽക്കാലിക ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു, ഒപിഎസിനെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കി. പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ ഒപിഎസിനെ പുറത്താക്കണമെന്ന് കെ.പി.മുനുസ്വാമി അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും കൂടുതൽ നടപടികൾ പിന്നീട് ആലോചിക്കാമെന്നായിരുന്നു ഈ ഘട്ടത്തിലെ തീരുമാനം.

എന്നാൽ ഉച്ചയ്ക്ക് ശേഷം നിർണായക തീരുമാനം എത്തി. ഒപിഎസിനെ അണ്ണാ ഡിഎംകെയിൽ നിന്ന് തന്നെ പുറത്താക്കി. പാർട്ടി അംഗത്വത്തിൽ നിന്നുൾപ്പെടെ പനീർശെൽവത്തെ നീക്കും. ഒപിഎസിനൊപ്പം, അദ്ദേഹത്തിന്റെ വിശ്വസ്തരായ പി.എച്ച്.മനോജ് പാണ്ഡ്യൻ, ജെ.സി.ടി.പ്രഭാകരൻ, ആർ.വൈദ്യലിംഗം എന്നിവരെയും പുറത്താക്കിയിട്ടുണ്ട്. ഒപിഎസ് വഹിച്ചിക്കുന്ന പാർട്ടി ട്രഷറർ സ്ഥാനം ദിണ്ടിക്കൽ ശ്രീനിവാസന് കൈമാറിയിട്ടുണ്ട്. പാർട്ടി കോർഡിനേറ്റർ പദവിക്ക് ഒപ്പമായിരുന്നു ട്രഷറർ സ്ഥാനവും പനീർശെൽവം കൈകാര്യം ചെയ്തിരുന്നത്.

സംഘർഷ സാധ്യത കണക്കിലെടുത്ത്, അണ്ണാ ഡിഎംകെ ഓഫീസ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. എഐഎഡിഎംകെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആർഡിഒ പൂട്ടി മുദ്രവച്ചു. രാവിലെ റോയപേട്ടിലെ പാർട്ടി ആസ്ഥാനത്തിന് മുന്നിൽ ഇപിഎസ്-ഒപിഎസ് അനുകൂലികൾ ഏറ്റുമുട്ടിയിരുന്നു. കുറുവടിയും കത്തിയും അടക്കം ആയുധങ്ങളുമായാണ് അണികൾ എത്തിയത്. നിരവധി പേർക്ക് പരിക്കേറ്റു. ഓഫീസിന്റെ മുൻവാതിൽ തകർത്ത് അണികൾ പനീർശെൽവത്തെ അകത്തേക്ക് കൊണ്ടുപോയി. സംഘർഷം നടക്കുന്നതിനിടെ ഓഫീസിന്റെ മട്ടുപ്പാവിൽ നിന്ന് ഒപിഎസ് അണികളെ അഭിവാദ്യം ചെയ്തു.

നാല് മാസത്തിനുള്ളിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തി പാർട്ടി ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. യോഗം തുടങ്ങിയതുതന്നെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള കയ്യാങ്കളിയോടെയായിരുന്നു. ചേരിതിരിഞ്ഞ് നടന്ന ഏറ്റുമുട്ടലിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പനീർശെൽവത്തിന്റെ അടുത്ത നീക്കം നിർണായകമായിരിക്കും. നിലവിലെ സാഹചര്യത്തിൽ അദ്ദേഹം വീണ്ടും കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP