Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടിയേരിയുടെ വേദിക്കരികിൽ ബോംബ് പൊട്ടിയ കേസിലെ പ്രതിയെവിടെ? ഭാരതപ്പുഴയിൽ സൈനിക വെടിക്കോപ്പുകൾ കൊണ്ടിട്ടതാര്? സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതാര്? സിപിഎം കോഴിക്കോട് ഓഫീസ് ആക്രമണം തൊട്ട് എകെജി സെന്റർ പടക്കമേറ് വരെ; ഐസ്‌ക്രീം തൊട്ട് അഭയകേസിനു വരെ സമാന വഴി; കേരളത്തെ ഞെട്ടിച്ച തെളിയാക്കേസുകളുടെ കഥ!

കോടിയേരിയുടെ വേദിക്കരികിൽ ബോംബ് പൊട്ടിയ കേസിലെ പ്രതിയെവിടെ? ഭാരതപ്പുഴയിൽ സൈനിക വെടിക്കോപ്പുകൾ കൊണ്ടിട്ടതാര്? സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതാര്? സിപിഎം കോഴിക്കോട് ഓഫീസ് ആക്രമണം തൊട്ട് എകെജി സെന്റർ പടക്കമേറ് വരെ; ഐസ്‌ക്രീം തൊട്ട് അഭയകേസിനു വരെ സമാന വഴി; കേരളത്തെ ഞെട്ടിച്ച തെളിയാക്കേസുകളുടെ കഥ!

എം റിജു

തെളിയാക്കേസുകൾ! സിബിഐ സിനിമയിൽ മമ്മൂട്ടിയുടെ സേതുരാമയ്യർ പറയുന്നതുപോലെ ലോകത്തിൽ എല്ലായിടത്തുമുണ്ട്, ഒരു രീതിയിലും തെളിയിക്കാൻ കഴിയാതെ പ്രഹേളികയായിപ്പോയ കേസുകൾ. പക്ഷേ കേരളത്തിലും ഇത്തരം കേസുകളുടെ എണ്ണം കൂടുകയാണ്. മലപോലെ വന്ന് എലിപോലെ ആയതുപോലെയാണ് സമീപകാലത്തെ പല സംഭവങ്ങളും. ഇവ വൻ കോളിളക്കങ്ങൾ സൃഷ്ടിക്കും, ചാനലുകളിൽ ചർച്ചകൾ നടക്കും. ഹർത്താലും ധർണ്ണയും ഉണ്ടാവും. പക്ഷേ കാലങ്ങൾ നീണ്ട അന്വേഷണത്തിലും പ്രതിയാരെന്ന സൂചനപോലുമുണ്ടാകില്ല. ഏറ്റവും ഒടുവിലായി മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന എകെജി സെന്റർ ആക്രമണം നോക്കുക. കോളിളക്കം സൃഷ്ടിച്ച ഈ കേസിന്റെ ഒരു തുമ്പും 12 ദിവസം കഴിഞ്ഞിട്ടുമില്ല.

പക്ഷേ ലോകത്തിലെ തെളിയാക്കേസുകളും കേരളത്തിൽ സംഭവിക്കുന്നതും തമ്മിൽ ഒരു പ്രകടമായ വ്യത്യാസമുണ്ട്. ഇവിടെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് കേസുകൾ വിരൽചൂണ്ടുമ്പോഴാണ് അത് തെളിയാതെ ആവുന്നത്. ഇതിലും റെക്കാർഡ് ഇട്ടിരിക്കുന്നത് സിപിഎം തന്നെയാണ്. സ്വന്തം പാർട്ടി പ്രവർത്തകരുടെ കൈയിൽനിന്ന് പൊട്ടിയ ബോംബിനെ എതിരാളികളുടെ ബോംബാക്രമണമാക്കി പൊലീസിനെ കൊണ്ട് എഫ്ഐആർ ഇടീക്കുകയും, സ്വന്തം പാർട്ടി ഓഫീസ് അഗ്നിക്കിരയാക്കി എതിരാളികളുടെ പിരടിക്കിടാനും സിപിഎം ശ്രമിച്ച സംഭവങ്ങൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. പണ്ട് ജോസഫ് സ്റ്റാലിൻ വളരെ കൃത്യമായി ഉപയോഗിച്ച ഒരു രീതിയായിരുന്നു അത്. ആളുകളെവിട്ട് എതിരാളികളെ കൊല്ലിച്ചിട്ട് യാതൊരു കുറ്റബോധവുമില്ലാതെ സ്റ്റാലിൻ ആ ഡെഡ്ബോഡിയുടെ ഒരു തല പിടിക്കാൻ എത്തുമായിരുന്നു. അതുപോലെ പാർട്ടിയുടെയും സർക്കാറിന്റെയും സ്ഥാപനങ്ങൾക്ക്, സ്വന്തം ആളുകളെവിട്ട് ആക്രമിപ്പിച്ചിട്ട് അത് എതിരാളികളുടെ പിരിടിക്ക് ഇടാനും സ്റ്റാലിൻ മിടുക്കനായിരുന്നു.

പൊലീസും കോടതിയുമൊക്കെ സ്വതന്ത്രമായ ഒരു രാജ്യത്ത് സ്റ്റാലിൻ കാലത്തെപ്പോലെ തോന്നിയത് ചെയ്യാൻ കഴിയില്ല. പക്ഷേ കേരളാ പൊലീസ് ഇനിയും തെളിയാത്ത കേസുകൾ എന്ന് ഫ്രീസറിൽ വെച്ചതും, പ്രതികൾ രക്ഷപ്പെട്ടതുമായ കേസുകൾ പരിശോധിക്കുമ്പോൾ അതിൽ ഭൂരിഭാഗത്തിലും രാഷ്ട്രീയ ബന്ധം പ്രകടമാണ്.


വിവാദമായ ജയൻ വധശ്രമക്കേസ്

ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സിപിഎം. വിട്ട് ആർഎംപി രൂപവത്കരിച്ചകാലം. ആർഎംപിഐയുടെ യുവജനവിഭാഗമായ റവലൂഷണറി യൂത്തിന്റെ ബ്ലോക്ക് പ്രസിഡന്റായിരുന്ന കെകെ ജയനെ ഏറാമാല തുരുത്തിമുക്കിൽവെച്ച് ഒരുവിഭാഗം വധിക്കാൻ ശ്രമിച്ചു. ദിവസങ്ങളോളം ആശുപത്രിയിൽ കിടന്നു ജയൻ. 2010 മാർച്ച് 19നായിരുന്നു സംഭവം.

ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. ഒരാളെപ്പോലും പ്രതി ചേർക്കാനോ അറസ്റ്റുചെയ്യാനോ സാധിച്ചില്ല. തുമ്പുണ്ടാക്കാൻ സാധിച്ചില്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ചു. കണ്ണൂരിൽ നിന്നെത്തിയ സിപിഎം. ക്വട്ടേഷൻ സംഘമാണ് അക്രമം നടത്തിയതെന്നായിരുന്നു ആർ.എംപി.ഐ. ആരോപണം. കേസുകൾ സിപിഎമ്മിലെ പൊലീസ് വിങ്ങ് തന്നെയാണ് അട്ടിമറിച്ചത് എന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്. ഇപ്പോഴും ഈ കേസ് ആർഎംപിക്കാർ തങ്ങളുടെ വേദികളിൽ ഉന്നയിക്കാറുണ്ട്.


കോടിയേരിയുടെ വേദിക്കരികിൽ സ്ഫോടനം

2017 ജനുവരി 26 തലശ്ശേരി, നങ്ങാറത്ത് പീടികയിലാണ് മറ്റൊരു അഴിയാക്കുരുക്കായ ബോംബ് കേസിന്റെ കഥ നടക്കുന്നത്. കെപി. ജിജേഷ് ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണയോഗത്തിൽ അന്ന് പങ്കെടുക്കുന്നത് സിപിഎം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. രാത്രി ഏഴരയോടെ പ്രസംഗവേദിക്കു സമീപം ബോംബുപൊട്ടി. ശരത് ശശിയെന്ന ഡിവൈഎഫ്ഐ. പ്രവർത്തകന് പരിക്കേറ്റു. നിമിഷങ്ങൾക്കുള്ളിൽ വാർത്ത പ്രചരിച്ചത് ഇത് കോടിയേരിക്കെതിരായ ആക്രമണം എന്നായിരുന്നു. കോടിയേരിയെ വധിക്കാനായി ആർഎസ്എസിന്റെ പദ്ധതിയാണ് ഇതെന്ന് വിമർശിക്കപ്പെട്ടു.

പക്ഷേ പൊലീസ് അന്വേഷണം തുടങ്ങിയിട്ട് അഞ്ചുവർഷമായി. ആറ് ബിജെപി പ്രവർത്തകരുടെപേരിൽ കേസെടുത്തു. മൂന്നു ബൈക്കുകളിലെത്തിയവർ ബോംബെറിഞ്ഞെന്നായിരുന്നു കേസ്. ഒരു ബിജെപി പ്രവർത്തകനെമാത്രമാണ് കസ്റ്റഡിയിലെടുത്തത്. അയാളെയും വിട്ടയച്ചു. സംസ്ഥാന സെക്രട്ടറി പങ്കെടുത്ത പരിപാടിക്കിടെ സ്ഫോടനമുണ്ടായ കേസായിട്ടുപോലും തുടർ നടപടിയുണ്ടായില്ല.
സംഭവത്തിനുപിന്നിൽ ബിജെപി. ആണെന്നായിരുന്നു സിപിഎം പറയുന്നത്. എന്നാൽ, സിപിഎം. പ്രവർത്തകരുടെ കൈയിൽനിന്ന് ബോംബ് പൊട്ടുകയും അത് തങ്ങളുടെ തലയിൽ കെട്ടിവെക്കുകയുമാണെന്നാണ് ബിജെപി.യുടെ ആരോപണം.


കൃഷ്ണപിള്ള സ്മാരകം കത്തിച്ചതാര്?

വാദിയെ പ്രതിയാക്കുന്ന കേരളത്തിലെ പൊളിറ്റിക്കൽ ക്രിമിനലിസത്തിന്റെ ആഴം നമുക്ക് ബോധ്യപ്പെടുത്തി തന്ന കൃത്യമായിരുന്നു, 2013 ഒക്ടോബർ 31ന് ആലപ്പുഴ കണ്ണർകാടിൽ കൃഷ്ണപിള്ള സ്മാരകത്തിന് തീവെച്ച കേസ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ സ്ഥാപക നേതാവ് പി. കൃഷ്ണപിള്ള പാർട്ടി അണികളുടെ വികാരമാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ എമ്പാടും ഇതിനെതിരെ പ്രതിഷേധയോഗങ്ങൾ ചേർന്നു. മാധ്യമങ്ങളിൽ വലിയ വാർത്തയായി. അന്ന് സിപിഎം. പ്രതിപക്ഷത്തായിരുന്നു. പൊലീസിന്റെ അനാസ്ഥക്കെതിരെ വലിയ പ്രതിഷേധമാണ് പാർട്ടി ഉയർത്തിയത്. ഭാഗ്യത്തിനാണ് ഇതിന്റെ തിരിച്ചടിയെന്നോണം, രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ ഉണ്ടാവാത്തത് എന്നാണ് മുതിർന്ന പൊലീസ് ഉദ്യോസ്ഥർ പ്രതികരിച്ചത്.

ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. വൈകാതെ പ്രതികളെ പിടികൂടി. അതെല്ലാം പാർട്ടിയിൽപ്പെട്ടവരായിരുന്നു. വി എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന ഡിവൈഎഫ്ഐ. കഞ്ഞിക്കുഴി മുൻ ഏരിയാ സെക്രട്ടറി ലതീഷ് ബി ചന്ദ്രൻ, കണ്ണർകാട് മുൻ ലോക്കൽ സെക്രട്ടറി പി സാബു, സിപിഎം. ഡിവൈഎഫ്ഐ പ്രവർത്തകരായ പി ദീപു, സിഎം രാജേഷ്, പി പ്രമോദ് എന്നിവരായിരുന്നു പ്രതികൾ. എന്നാൽ, 2020 ജൂലായ് 30-ന് കോടതി ഇവരെ കുറ്റക്കാരല്ലെന്നുകണ്ട് വെറുതെ വിട്ടു.

വി.എസിനൊപ്പം നിൽക്കുന്നവരെ കുടുക്കുകയെന്ന ലക്ഷ്യത്തോടെ ആരോ ആസൂത്രണം ചെയ്താണ് ആക്രമണമെന്ന സംശയമായിരുന്നു തുടക്കംമുതൽ. സിപിഎമ്മിലെ വിഭാഗീയതയാണ് കുറ്റകൃത്യത്തിനു കാരണമായി അന്വേഷണസംഘം കണ്ടെത്തിയത്. ഇതു തെളിയിക്കാനായില്ല. പ്രതിചേർത്തവരെ വെറുതെവിട്ടതിനെതിരേ അപ്പീൽ പോകാൻ സിപിഎം. തയ്യാറായില്ല. സംഭവത്തെക്കുറിച്ച് പാർട്ടിയും അന്വേഷിച്ചില്ല. ആരാണ് യഥാർഥ പ്രതികൾ എന്ന് ഇപ്പോഴും അറിയില്ല. കള്ളൻ കപ്പലിൽ തന്നെ ആയതിനാണ് ഈ വിഷയത്തിൽ സിപിഎം ആഭ്യന്തര അന്വേഷണം നടത്താത്തത് എന്നാണ് കോൺഗ്രസ്- ബിജെപി നേതാക്കാൾ ആരോപിക്കുന്നത്.


ഭാരതപ്പുഴയിലെ വെടിക്കോപ്പുകൾ

2018 ജനുവരി നാലിനാണ് കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽനിന്ന് സൈനിക വെടിക്കോപ്പുകൾ കണ്ടുകിട്ടുന്നത്. വൈകീട്ട് ഭാരതപ്പുഴയിലൂടെ നടക്കുന്നതിനിടെ വളാഞ്ചേരി സ്വദേശിയായ യുവാവിന് ഏതാനും ലോഹനിർമ്മിത വസ്തുക്കൾ ലഭിക്കുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ കുഴിബോംബുകളാണ് അവയെന്ന് മനസ്സിലായി. ദിവസങ്ങൾക്കുശേഷം ഭാരതപ്പുഴ ഇളക്കിമറിച്ച് പരിശോധന. പൊലീസിനു ലഭിച്ചത് അഞ്ഞൂറിലധികം വെടിയുണ്ടകളുൾപ്പെടുന്ന സൈനിക വെടിക്കോപ്പുകളും മൈനുകളും.

മഹാരാഷ്ട്രയിലെ ചന്ദ്രാപ്പുരിലുള്ള സൈനിക ബോംബ് നിർമ്മാണശാലയിൽ നിർമ്മിച്ച് മഹാരാഷ്ട്രയിലെ പുൽഗാവിലെയും ദഹുറോഡിലെയും ആയുധപ്പുരയിലേക്ക് കൈമാറിയതാണ് പുഴയിൽനിന്ന് ലഭിച്ച മൈനുകളെന്ന് തിരൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തി. കേസ് സിബിഐക്ക് വിട്ടു. 2019 ജൂലായ് അഞ്ചിന് കേസിൽ സിബിഐ. പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തെങ്കിലും സൈനിക വെടിക്കോപ്പുകൾ എങ്ങനെ കുറ്റിപ്പുറം പാലത്തിനുചുവട്ടിലെത്തി എന്നതിന് ഉത്തരമായിട്ടില്ല.

സൈന്യത്തിന്റെ കൈവശമുള്ള ആയുധശേഖരം കണ്ടെത്തിയത് ശബരിമല തീർത്ഥാടകരുടെ ഇടത്താവളമായ മിനിപമ്പയ്ക്ക് സമീപമാണ്. ശബരിമല തീർത്ഥാടനകാലത്തായിരുന്നു സംഭവമെന്നത് ഗൗരവം വർധിപ്പിച്ചു. മാവോവാദി ബന്ധവും തീവ്രവാദബന്ധവും ആരോപിക്കപ്പെട്ടു. പക്ഷേ എന്താണ് സംഭവിച്ചത് എന്ന് ഇനിയും പടികിട്ടിയിട്ടില്ല.

കോഴിക്കോട് സിപിഎം ഓഫീസ് ആക്രമണം

അതുപോലെ അഞ്ചുവർഷം മുമ്പ്, സിപിഎം കോഴിക്കോട് ജില്ലാകമ്മിറ്റി ഓഫീസായ സിഎച്ച് കണാരൻ സ്മാരക മന്ദിരത്തിനുനേരെ ബോംബേറുണ്ടായതും കോളിളക്കം സൃഷ്ടിച്ചിരുന്നു. 2017 ജൂൺ ഒമ്പതിനായിരുന്നു സംഭവം. ജില്ലാ സെക്രട്ടറി പി. മോഹനൻ കാറിൽ വന്നിറങ്ങി വരാന്തയിലേക്ക് കയറുന്നതിനിടെയായിരുന്നു ആക്രമണം. വധശ്രമം ഉൾപ്പെടെ ഒൻപതുവകുപ്പുകൾ ചേർത്ത് കേസുണ്ടായി. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം. ഹർത്താൽ നടത്തി. പക്ഷേ അപ്പോഴോന്നും ആരെയും പിടികിട്ടിയില്ല.

പക്ഷേ ഒന്നരവർഷത്തിനുശേഷം കേസിൽ രണ്ട് ആർഎസ്എസ്. പ്രവർത്തകരെ പിടികൂടി. ഇവർ ജാമ്യത്തിലിറങ്ങി. തങ്ങൾക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നാണ് ഇവർ പറയുന്നത്. മുഖ്യപ്രതി ആർഎസ്എസ്. പ്രവർത്തകനായ പുറമേരി സ്വദേശി നജീഷ് ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ദുബായിയിലുള്ള നജീഷിനെ നാട്ടിലെത്തിക്കാനായിട്ടില്ല. വർഷങ്ങൾ കഴിഞ്ഞ് കുറ്റപത്രം തയ്യാറാക്കിയെങ്കിലും കളക്ടറുടെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. കുറ്റപത്രത്തിന് അനുമതി ലഭിക്കുന്നത് വൈകുന്നത് പലചോദ്യങ്ങളുമുയർത്തുന്നുണ്ട്. അന്ന് ബോംബേറിനുപിന്നാലെ സിറ്റിപൊലീസ് മേധാവി ജെ. ജയ്നാഥിനെ മാറ്റിയത് തെളിവുകൾ സിപിഎമ്മിന് എതിരാവുമെന്നത് കെണ്ടാണെന്ന് ബിജെപി. ആരോപിച്ചിരുന്നു. അത് സാധൂകരിക്കുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്.


ആ ആശ്രമം കത്തിച്ചതാര്?

അതുപോലെ കേരളം മൊത്തത്തിൽ ചർച്ചയായ ഒരു സംഭവമാണ്, 2018 ഒക്ടോബർ 27ന് നടന്ന സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ തീവെപ്പ്. തിരുവനന്തപുരം കുണ്ടമൺകടവിലെ സ്‌കൂൾ ഓഫ് ഭഗവദ്ഗീതയുടെ സാളഗ്രാമം ആശ്രമത്തിൽ പുലർച്ചെ തീപിടിച്ചത്. മൂന്ന് വാഹനങ്ങൾ കത്തിനശിച്ചു. ആശ്രമത്തിന് ഭാഗികമായ കേടുപാടുകളുണ്ടായി. ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വെച്ചു.

തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശ്രമം സന്ദർശിച്ചിരുന്നു. സംഭവം വൻ വിവാദമായി. ശബരിമലയിലെ യുവതീപ്രവേശനവിധിയോട് അനുകൂല നിലപാടായിരുന്നു സ്വാമി സന്ദീപാനന്ദഗിരിക്ക്. അതിനാൽ, സംഘപരിവാർ സംഘടനകളാണ് ആക്രമണത്തിനു പിന്നിലെന്നായിരുന്നു ഒരു ആരോപണം. സിറ്റിപൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. സിസിടിവി കേടായിരുന്നു. ( നോക്കുക, അടുത്ത കാലത്ത് ഉണ്ടാകുന്ന മിക്ക കേസുകളിലും സി.സി.ടി.വി. കേടായിരിക്കും എന്ന് ഉറപ്പാണ്)
പ്രതികളുടെ ഒരാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയെങ്കിലും പുറത്തുവിട്ടില്ല. ഇതുവരെ പ്രതികളെക്കുറിച്ച് സൂചനകൾ ഇല്ല. എന്നാൽ തീവെപ്പിന് പിന്നിൽ സന്ദീപാനന്ദഗിരിതന്നെയാണ് സംഘപരിവാറുകാർ പറയുന്നത്.

പോപ്പുലർ ഫ്രണ്ടുകാരന്റെ വീടിന് ബോംബേറ്

2022 മെയ്‌ രണ്ടിന് പാലക്കാട്, കാവിൽപ്പാട് ഉണ്ടായ ഒരു കേസും തുമ്പില്ലാതെ കിടക്കയാണ്.ആർഎസ്എസ്. മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് എ. ശ്രീനിവാസനെ വധിച്ച കേസിൽ റിമാൻഡിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഫിറോസിന്റെ വീടിനുനേരെ ബോംബേറുണ്ടായ സംഭവമാണ് അത്. വീട്ടിൽ വാപ്പയും ഉമ്മയുംമാത്രമേ ഉണ്ടായിരുന്നുള്ളൂ. അർധരാത്രിയുണ്ടായ സ്ഫോടനത്തിൽ തീപടർന്നു പിടിക്കാത്തതിനാലാണ് അപകടമൊഴിവായത്. ഹേമാംബിക നഗർ പൊലീസ് കേസന്വേഷണം തുടങ്ങി. കാര്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെങ്കിലും കേസന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ ഇനിയും പ്രതികളെ കിട്ടിയിട്ടില്ല.

ആക്രമണത്തിനുപിന്നിൽ ആർഎസ്എസ്. ആണെന്ന് പോപ്പുലർഫ്രണ്ട് ആരോപിച്ചിരുന്നു. എന്നാൽ നേതാക്കളിലേക്കുവരെ നീണ്ട അന്വേഷണ നടപടികൾക്ക് തടയിടാനും മുഖംരക്ഷിക്കാനും പോപ്പുലർ ഫ്രണ്ടുകാർതന്നെ ആസൂത്രിതമായി ചെയ്തതാണെന്നാണ് ആർ.എസ്.എസുകാരുടെ ആരോപണം.

ഐസ്‌ക്രീം മുതൽ അഭയവരെ

മേൽപ്പറഞ്ഞ് ലോക്കൽ പൊലീസും, കൈംബ്രാഞ്ചും അന്വേഷിച്ചത് ആണെങ്കിൽ ഇനി പറയുന്നത് സാക്ഷൽ സിബിഐ തന്നെ അന്വേഷിച്ചിട്ടും ഒന്നും ആകാത്തതാണ്.
പണവും അധികാരവും ഉണ്ടെങ്കിൽ എന്തുമാകാമെന്നതിന്റെ തെളിവുകൾ കേരളത്തിൽ നിരവധിയാണ്. പ്രമുഖരായ രാഷ്ട്രീയ നേതാക്കൾക്കുനേരെ ആരോപണം ഉയരുന്ന കേസുകളിൽ അവർ ഊരിപ്പോരുന്ന കാഴ്ചയാണ് പതിവായി ഉള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഐസ്‌ക്രീം പാർലർ കേസ്. മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രതിസ്ഥാനത്തുള്ള പെൺവാണിഭക്കേസ് എങ്ങനെ അട്ടിമറിക്കപ്പെട്ടു എന്നതിന്റെ വിവരങ്ങളാണ് കെ എ റൗഫ് എന്ന അദ്ദേഹത്തിന്റെ ബന്ധു നൽകിയത്. ഐസ്‌ക്രീം പെൺവാണിഭക്കേസ് നടക്കുമ്പോഴും കേസ് അട്ടിമറിക്കപ്പെടുമ്പോഴും പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായിരുന്ന, അദ്ദേഹത്തിന്റെ ഭാര്യാസഹോദരീ ഭർത്താവും ബിസിനസ് പങ്കാളിയുമായിരുന്ന കെ എ റൗഫ് നടത്തിയ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്.

കേസ് അട്ടിമറിക്കാൻ എഫ് ഐ ആർ തിരുത്തിയതും, ഹൈക്കോടതി ജഡ്ജിമാർക്ക് പണം കൊടുത്ത് സ്വാധീനിച്ചതും, പീഡനം നടന്ന കെട്ടിടം തന്നെ തെളിവ് നശിപ്പിക്കാൻ ഇടിച്ചുനിരത്തി കൃഷിയിടമാക്കിയതും, കേസൊതുക്കാൻ കോടികൾ ചെലവഴിച്ചതും, എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഇ കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി നടത്തിയ ഇടപെടലുമൊക്കെ റൗഫ് വെളിപ്പെടുത്തിയിട്ടും കേസിന്റെ സ്ഥിതി പഴയതു തന്നെ. റൗഫിന്റെ വെളിപ്പെടുത്തലുകളെ തുടർന്നുള്ള അന്വേഷണവും എങ്ങുമെത്താതെ പോയി.

സിസ്റ്റർ അഭയ കേസ്, കിളിരൂർ-കവിയൂർ, സൂര്യനെല്ലി പെൺവാണിഭക്കേസുകൾ, പാലക്കാട് സമ്പത്തിന്റെ കസ്റ്റഡിമരണം തുടങ്ങി സി ബി ഐ അന്വേഷണം ഉണ്ടായിട്ടും അതിലെ ഇരകൾക്ക് നീതി നൽകാൻ കഴിഞ്ഞിട്ടില്ല. അഭയകേസിൽ ഫാദർ തോമസ് കോട്ടുർ രക്ഷപ്പെട്ടു. ബാക്കിയുള്ള പ്രതികൾക്ക് ഹൈക്കോടതി ജാമ്യവും അനുവദിച്ച്. ജസ്റ്റിക്ക് സിറിയക്ക് തോമസ് തൊട്ട് സോണിയാഗാന്ധിവരെ ഈ കേസിൽ ഇടപെട്ടുവെന്നാണ് പറയുന്നത്. അതുപോലെ തന്നെ പിജെ കുര്യന്റെ പേരിൽ വന്ന സൂര്യനെല്ലികേസും, ജഗതി ശ്രീകുമാറിന്റെ പേരിൽ വന്ന വിതുര കേസിലും ഇരുവരും രക്ഷപ്പെട്ടു. സൂര്യനെല്ലിക്കേസിലെ സ്വാധീനമുള്ള പ്രതികളെല്ലാം രക്ഷപ്പെട്ടപ്പോൾ ചില ചെറുമീനുകൾ മാത്രം അന്വേഷണസംഘത്തിന്റെ വലയിൽ കുടുങ്ങി.

കിളിരൂർ-കവിയൂർ പെൺവാണിഭക്കേസിൽ വിചിത്രമായ ചില കണ്ടെത്തലുകൾ നടത്തി സിബിഐ അപഹാസ്യരായതും നാം കണ്ടു. അനഘയെ പീഡിപ്പിച്ചവരിൽ കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കൾ വരെ ഉണ്ടെന്ന ആക്ഷേപം ഉയർന്നിട്ടും സ്വന്തം പിതാവ് പീഡിപ്പിച്ചിരിക്കാം എന്ന സാധ്യതയിലേക്കാണ് അന്വേഷണം അവസാനം എത്തിയത്. പാലക്കാട് സമ്പത്തിന്റെ കസ്റ്റഡി മരണക്കേസിലെ പ്രധാനപ്രതികൾ സംസ്ഥാന പൊലീസിലെ ഉന്നതരായ ഐ പി എസുകാരാണെന്ന് വെളിപ്പെട്ടിട്ടും അവരെ അറസ്റ്റ് ചെയ്യാനും നീതിപീഠത്തിന് മുന്നിലെത്തിക്കാനും സി ബി ഐയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

അതുപോലെ വിവാദമായ കേസ് ആണ് ഫാദർ ജോബ് ചിറ്റിലപ്പള്ളിയുടേത്.ഫാദർ ജോബ് ചിറ്റിലപ്പിള്ളിയെ കുത്തിക്കൊന്ന കേസിലെ പ്രതി രഘു കുമാറിനെ ഹൈക്കോടതി വെറുതെ വിട്ടു. രഘു കുമാറിന് ഇരട്ട ജീവപര്യന്തം വിധിച്ച സിബിഐ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. ഇയാൾ കേസിലെ പ്രതി അല്ലെന്നും യാഥാർഥ പ്രതികൾ വേറെയാണെന്നും തുടക്കം മുതൽ പരാതി ഉയർന്നിരുന്നു. അതുപോലെ ഇന്നും ദുരൂഹമാണ് സ്വാമി ശാശ്വതീകാനന്ദയുടെ മരണം. 2002 ജൂലൈ 1-ന് തിരുവനന്തപുരത്ത് നിന്ന് ആലുവ അദ്വൈതാശ്രമത്തിൽ ശിവഗിരിയുടെ ഡയറക്ടർബോർഡ് യോഗത്തിൽ പങ്കെടുക്കാൻ വന്ന സ്വാമി ശാശ്വതീകാനന്ദ പെരിയാറിൽ കുളിക്കാൻ ഇറങ്ങി. ഏറെ നേരം കഴിഞ്ഞിട്ടും അദ്ദേഹത്തെ കാണാതായതിനെത്തുടർന്ന് അന്വേഷിച്ചപ്പോൾ അദ്ദേഹത്തെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്നും വെള്ളാപ്പള്ളി നടേശൻ നിർദ്ദേശിച്ചത് പ്രകാരം പ്രിയൻ എന്ന് പേരായ ആളാണ് കൊല നടത്തിയതെന്നും ഡോ.ബിജു രമേശ് പ്രസ്താവിച്ചത് വീണ്ടും മരണത്തെ കുറിച്ചുള്ള ദുരൂഹത വീണ്ടും ചർച്ചയായി. പക്ഷേ അന്വേഷണം എങ്ങുമെത്തയില്ലെന്ന് മാത്രം.

ചേകന്നൂർ മുതൽ ജെസ്‌ന വരെ

അതുപോലെ തുമ്പില്ലാത്ത മിസ്സിങ്ങ് കേസുകളും കേരളത്തിൽ ഒരുപാടുണ്ട്.
കേരളത്തിൽ സംഭവിച്ച ഏറ്റവും വലിയ മിസ്സിങ്ങ് കേസായി വിലയിരുത്തപ്പെടുന്നത് എം വി കൈരളി എന്ന കപ്പലിന്റെതാണ്. 1979 ജൂൺ 30ന് 20, 583 ടൺ ഇരുമ്പയിരുമായി കിഴക്കൻ ജർമനിയിലേക്ക് പുറപ്പെട്ട 'കേരളത്തിന്റെ സ്വന്തം' എം വി കൈരളി എന്ന ചരക്കുകപ്പൽ ലക്ഷ്യത്തിലെത്തിയില്ല. ക്യാപ്റ്റൻ എം വി മരിയാദാസും 50 ജീവനക്കാരും അപ്രത്യക്ഷരായി. 40 വർഷത്തിനുശേഷവും കപ്പൽ എങ്ങനെ, എവിടെ മുങ്ങി എന്നതിനു സൂചനയില്ല.

കേരളത്തിന്റെ മിസ്സിങ്ങ് കേസുകൾ പഠിക്കുമ്പോൾ ആദ്യം മനസ്സിൽവരിക അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് ഉരുട്ടിക്കൊന്ന എൻജിനിയറിങ് വിദ്യാർത്ഥി പി. രാജന്റെ മുഖമാണ്. മൃതദേഹം പൊലീസ് എന്തുചെയ്തു എന്ന് ഇന്നും വ്യക്തമല്ല.
അതുപോലെ ചേകന്നൂർ മൗലവിയുടെ കാണാതാവലിനും ഇന്നും വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല. 1993 ജൂലായ് 29-ന് എടപ്പാളിലെ വീട്ടിൽനിന്ന് രണ്ടുപേർ കൂട്ടിക്കൊണ്ടുപോയ മൗലവിയെ പിന്നെ ആരും കണ്ടിട്ടില്ല. മതഗ്രന്ഥങ്ങൾക്ക് സ്വന്തം വ്യാഖ്യാനമുണ്ടാക്കിയതാണ് പ്രകോപനമെന്ന് കണക്കുകൂട്ടുന്നു. 30 വർഷമാകുന്നു. ഇരട്ടജീവപര്യന്തം തടവുശിക്ഷ കിട്ടിയ പ്രതിയെ 2018-ൽ ഹൈക്കോടതി വെറുതേവിട്ടു. മറ്റ് മൂന്നുപേർ ശിക്ഷ അനുഭവിക്കുന്നുണ്ട്. സുകുമാരക്കുറുപ്പിന്റെ തിരോധാനവും നമ്മൾ എഴുതിയും ചർച്ചചെയ്തും സിനിമയെടുത്തും ഒരു നാടോടിക്കഥപോലെ ആയിട്ടുണ്ട്. ചാക്കോ വധക്കേസ് ആസൂത്രണംചെയ്ത സുകുമാരക്കുറുപ്പ് എവിടെ എന്നത് ഇന്നും പ്രഹേളികയാണ്.

നിൽനിൽപ്പിൽ ആളുകളെ കണാതായ രണ്ടു സംഭവങ്ങളാണ് കേരളത്തിൽ ഉണ്ടായത്. 2005 മെയ് 18നാണ് ആലപ്പുഴ ആശ്രമം വാർഡിൽ രാഹുൽ നിവാസിൽ രാജു മിനി ദമ്പതികളുടെ മകനായ രാഹുൽ എന്ന മൂന്നാം ക്ലാസ്സുകാരനെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നത്. ഇതുവരെ ഒരുവിവരവുമില്ല. സിബിഐ അന്വേഷിച്ചിട്ടുപോലും കാര്യമുണ്ടായില്ല. അതുപോലെ നിന്ന നിൽപ്പിൽ കണാതായവർ ആണ് കോട്ടയം ദമ്പതികളും. കോട്ടയം താഴത്തങ്ങാടിയിൽനിന്ന് ഒരു ഹർത്താൽ ദിവസം 2017 ഏപ്രിൽ ആറിന് രാത്രി കുട്ടികൾക്കു ഭക്ഷണം വാങ്ങാൻ, രജിസ്ട്രേഷൻ നമ്പർ കിട്ടാത്ത പുത്തൻ കാറിൽ പുറത്തേക്കുപോയ ദമ്പതിമാരായ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ പിന്നീട് ആരും കണ്ടിട്ടില്ല.

ചാനലുകളിൽ കത്തിനിൽക്കുന്ന ഒരു അവതാരകനെ ഒരു സുപ്രഭാതത്തിൽ കാണാതാൽ എന്തുസംഭവിക്കും. അതാണ് ഇന്ത്യാവിഷന്റെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ ആയിരുന്ന സോണി എം ഭട്ടതിരിപ്പാടിന് സംഭവിച്ചത്. 2008 ഡിസംബറിൽ ഗോവൻ ചലച്ചിത്രമേള റിപ്പോർട്ടുചെയ്തു മടങ്ങിയ ഇദ്ദേഹം, അപ്രത്യക്ഷനായി. ട്രെയിനിലുള്ള മടക്കയാത്രക്കിടയിൽ കാസർഗോഡിനും നീലേശ്വരത്തിനുമിടയ്ക്ക് വച്ചാണ് ഭാര്യാപിതാവു മൊന്നിച്ചു യാത്ര ചെയ്തിരുന്ന സോണിയെ കാണാതാകുന്നത്. 15 വർഷമായിട്ടും യാതൊരു വിവരവുമല്ല.

ഇതുവരെ കാണാതായവരെക്കുറിച്ച് നമുക്ക് ആരാണ് എന്ന് അറിയാമായിരുന്നു. എന്നാൽ ഐഡന്റിറ്റി വ്യക്തമല്ലാത്ത ദുരൂഹതകളിൽ റിക്കോർഡിട്ട ഒരു കേസാണ് രത്നവ്യാപാരി ഹരിഹരവർമയുടേത്. 2012 ഡിസംബർ 24-ന് തിരുവനന്തപുരത്ത് ഹരിഹരവർമ്മ കൊല്ലപ്പെടുന്നു. കേസ് തെളിഞ്ഞു. പക്ഷേ, കൊല്ലപ്പെട്ടത് ആരെന്ന് തെളിഞ്ഞില്ല. ഹരിഹരവർമയെന്ന പേര് വ്യാജം. മാവേലിക്കര കോവിലകം അംഗമെന്നു പറഞ്ഞു. അങ്ങനെയൊരു അംഗം ഇല്ലെന്ന് കോവിലകം. രണ്ട് ഭാര്യമാരുണ്ട്. അവർക്കുപോലും അറിയില്ല, യഥാർഥ പേര്. മൂന്നുകൊല്ലത്തെ ഫോൺ റെക്കോഡ്‌സ് പൊലീസ് പരിശോധിച്ചു. ഒന്നും വ്യക്തമായില്ല. പാസ്‌പോർട്ട്, ഐ.ഡി. ഒക്കെ വ്യാജം. 'വർമ' കേരളത്തിൽ 15 വർഷത്തെ പൊതുജീവിതം നയിച്ചു. വരേണ്യമലയാളത്തിൽ സംസാരിച്ചു. പക്ഷേ ആര്, എവിടെ ജനിച്ചു, ബന്ധുക്കൾ ആര് മരിച്ച് ഒരു ദശകമായിട്ടും വർമയെ തിരിച്ചറിയുന്ന ഒരു അജ്ഞാതസന്ദേശംപോലും പൊലീസിന് കിട്ടിയിട്ടില്ല.

ഇത്തരം തിരോധാന പരമ്പരകളുടെ ഒടുവിലത്തെ കണ്ണിയാണ് ജെസ്നയെന്ന പെൺകുട്ടി. 2018 മാർച്ച് 22 ന് രാവിലെ 9.30 നാണ് ജെസ്‌നയെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിൽ രണ്ടാം വർഷ ബി കോം വിദ്യാർത്ഥിനിയാണ് ജെസ്‌ന. കാണാതാവുമ്പോൾ വെറും 20 വയസ്സ്. ഇപ്പോഴും സിറിയയിൽ ഉണ്ട് ഇറാഖിലുണ്ട് മതപഠന കേന്ദ്രത്തിലുണ്ട് എന്നൊക്കെ പറയുന്നുണ്ടെങ്കിലും കൃത്യമായ യാതൊരു വിവരവുമില്ല.

സൈബർ കേസുകൾ കെട്ടിക്കിടക്കുന്നു

ഇതൊക്കെ തെളിയാത്ത കേസുകൾ ആണെങ്കിൽ അന്വേഷിക്കാൻ പോലും കഴിയാത്ത രീതിയിൽ ആയിരക്കണക്കിന് സൈബർ കേസുകൾ ആണ് കേരളത്തിൽ കെട്ടിക്കിടക്കുന്നത്. ഇന്റർനെറ്റ് വ്യാപനത്തോടെ സൈബർ കുറ്റകൃത്യങ്ങൾ ക്രമാതീതമായി പെരുകുമ്പോഴും ഒട്ടുമിക്ക കേസുകളിലും പ്രതികളെ പിടികൂടാനോ അന്വേഷണം പൂർത്തിയാക്കാനോ കഴിയാതെ പാതിവഴിയിൽ നിൽക്കുകയാണ്. ഇതിൽ പല കേസുകളും എഴുതിത്ത്ത്തള്ളിയ മട്ടിലാണ്. കൊവിഡും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും വന്നശേഷം കഴിഞ്ഞ രണ്ടുവർഷത്തിനിടെ മാത്രം ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടി കണക്കിലെടുക്കുമ്പോൾ അന്വേഷണം പൂർത്തിയാകാനുള്ള കേസുകളുടെ എണ്ണം അയ്യായിരം കവിയും.

സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ സെൽ രൂപീകരിച്ചിട്ടുണ്ട്. എന്നിട്ടും കേസുകൾ തെളിയിക്കുന്നതിൽ ഒരു പുരോഗതിയുമില്ല. പ്രമാദവും മുകളിൽ നിന്നുള്ള സമ്മർദ്ദവും ഏറുന്ന കേസുകളിൽ മാത്രമാണ് കാര്യക്ഷമമായി അന്വേഷണം നടക്കുന്നതെന്നാണ് ആക്ഷേപം. എ.ടി.എം,ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ, ബ്ളാക്ക് മെയിലിങ്, ചീറ്റിങ് തുടങ്ങിയ കേസുകളാണ് തെളിയിക്കപ്പെടാതെ കിടക്കുന്നവയിൽ അധികവും. ബാങ്കിങ് തട്ടിപ്പ്, സാമൂഹ മാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യങ്ങൾ, ഇ-മെയിൽ ചീറ്റിങ് എന്നിവയിൽ പലതിലും അന്വേഷണം കാര്യക്ഷമമല്ല. തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടതിന്റെ തെളിവുകളും സ്‌ക്രീൻഷോട്ടും സഹിതമാണ് മിക്കവരും പൊലീസിൽ പരാതി നൽകുന്നത്. എന്നാൽ, സൈബർ പൊലീസിനോടുള്ള വിശ്വാസം നഷ്ടപ്പെടുന്ന രീതിയിലാണ് ഈ കേസുകളുടെ അന്വേഷണം ഇഴയുന്നത്.

സംസ്ഥാനത്ത് ഏറ്റവുമധികം സൈബർ കേസുകൾ തിരുവനന്തപുരം നഗരത്തിലാണ്. 1854 കേസുകൾ. സൈബർ പൊലീസ് സ്റ്റേഷനിൽമാത്രം കെട്ടിക്കിടക്കുന്നതാകട്ടെ 736 കേസുകളാണ്. സംസ്ഥാനത്ത് സൈബർ പൊലീസ് രൂപീകരിച്ചശേഷം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് 901 കേസുകളിലാണ്.

കേരളത്തിന് പുറത്തും വിദേശത്തുമുള്ള സെർവറുകളിൽ നിന്ന് യഥാസമയം വിവരങ്ങൾ ലഭിക്കാത്തതാണ് പ്രധാനമായും പല കേസുകളുടേയും അന്വേഷണം വൈകാൻ കാരണമെന്നാണ് സൈബർ പൊലീസ് വിശദീകരിക്കുന്നത്. പലപ്പോഴും സർവീസ് പ്രൊവൈഡർമാർ ഒരു വർഷത്തിനുള്ളിലുള്ള വിവരങ്ങൾ മാത്രമാണ് സൂക്ഷിക്കുന്നത്. ഇതും കേസുകളുടെ തെളിവിലേക്കാവശ്യമായ വിവരങ്ങൾ ലഭിക്കാത്തതിന് കാരണമാകുന്നു. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണ് കേരളത്തിലെ ഒട്ടുമിക്ക എ.ടി.എം തട്ടിപ്പുകൾക്കും പിന്നിൽ. പ്രതികൾ, വാദികൾ, സാക്ഷികൾ തുടങ്ങിയവർ വിദേശ രാജ്യങ്ങളിലാകുന്നതും കൃത്യസമയത്ത് മൊഴി നൽകാത്തതും കേസുകൾ വൈകാനിടയാകുന്നുവെന്നും പൊലീസ് പറയുന്നു. അതേസമയം, സൈബർ പൊലീസ് സ്റ്റേഷനുകളിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും കോവിഡ് നിയന്ത്രണങ്ങൾ കാരണം സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണത്തിന് പോകാൻ കഴിയാത്തതും പലകേസുകളെയും ബാധിച്ചിട്ടുണ്ട്.

അതേസമയം വലിയ സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കാനായി, രാജ്യാന്തര അന്വേഷണ ഏജൻസികളുടെയും സ്വകാര്യ,പൊതുമേഖല കമ്പനികളുടെയും സഹകരണത്തോടെ കേരള പൊലീസിന് കീഴിൽ ആരംഭിച്ച സൈബർ ഡോമിൽ മാത്രമാണ് സൈബർ കുറ്റകൃത്യങ്ങളിൽ കാര്യക്ഷമമായ അന്വേഷണം നടക്കുന്നത്. രാജ്യാന്തര ബന്ധമുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് സംഘങ്ങളെ പിടികൂടിയതടക്കമുള്ള ചില കേസുകൾക്ക് തുമ്പുണ്ടാക്കാനും സൈബർ ക്രൈമുകളെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കാനും സൈബർ ഡോമിന് കഴിഞ്ഞു. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ ആശയത്തിൽ തുടങ്ങിയതാണ് സൈബർ ഡോം. രാജ്യാന്തര തലത്തിൽ മികച്ച കുറ്റാന്വേഷണത്തിന് പേരുകേട്ട സൈബർ ഡോമുമായി ഇന്റർപോളും സഹകരിക്കുന്നുണ്ട്. സൈബർ കുറ്റകൃത്യങ്ങളിലെ സ്തുത്യർഹ സേവനം കണക്കിലെടുത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ ആറ് ദേശീയ, രാജ്യാന്തര പുരസ്‌കാരങ്ങൾ സൈബർ ഡോം നേടിയിട്ടുണ്ട്.

ഒരു ജനാധിപത്യസമൂഹത്തിന്റെ നിലനിൽപ്പിന്റെ ഏറ്റുവും അടിസ്ഥാനമാണ് ക്രമസമാധാനപാലനം. അതിൽ നാം പിറകോട്ട്പോകുന്നത് ഗുരതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക.

വാൽക്കഷ്ണം: തിരുവനന്തപുരം എകെജി സെന്ററിന് നേരയുള്ള ആക്രമണം, മുൻ മന്ത്രി പി കെ ശ്രീമതിയൊക്കെ വിശദീകരിക്കുന്നത് കേട്ടാൽ നടുങ്ങിപ്പോകും. ആറ്റം ബോംബ് വീണമാതിരി പർവതീകരിക്കയാണ്. ഇപ്പോൾ പറയുന്നത്, എറിഞ്ഞത് ബോംബല്ല, പടക്കമാണെന്നാണ്! പ്രതികളെ കിട്ടാനുമില്ല. സ്റ്റാലിന്റെ കാലം തിരിച്ചുവരുന്നു എന്ന് ആരോപിക്കുന്നവരെ കുറ്റപ്പെടുത്താൻ കഴിയില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP