Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എട്ടു വയസ്സുകാരന്റെ മടിയിൽ തലവെച്ച് കുഞ്ഞനുജന്റെ എന്നെന്നേക്കുമായുള്ള മയക്കം; ശരീരത്തിൽ ഈച്ച പൊതിഞ്ഞതോടെ വെള്ളത്തുണി പുതപ്പിച്ച് ഇച്ചയെ ഓടിച്ചും ആ കുരുന്ന്; ഇടയ്ക്കിടെ ഒലിച്ചു വന്ന കണ്ണീർ തുടച്ചും വണ്ടിയുമായി വരുന്ന അച്ഛനായുള്ള കാത്തിരിപ്പ്

എട്ടു വയസ്സുകാരന്റെ മടിയിൽ തലവെച്ച് കുഞ്ഞനുജന്റെ എന്നെന്നേക്കുമായുള്ള മയക്കം; ശരീരത്തിൽ ഈച്ച പൊതിഞ്ഞതോടെ വെള്ളത്തുണി പുതപ്പിച്ച് ഇച്ചയെ ഓടിച്ചും ആ കുരുന്ന്; ഇടയ്ക്കിടെ ഒലിച്ചു വന്ന കണ്ണീർ തുടച്ചും വണ്ടിയുമായി വരുന്ന അച്ഛനായുള്ള കാത്തിരിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: അഴുക്കും മാലിന്യങ്ങളും നിറഞ്ഞ വെറും നിലത്ത് ഇരിക്കുന്ന ആ എട്ടു വയസ്സുകാരനെ കണ്ട് വഴിയിലൂടെ പോയവരെല്ലാം നോക്കി. പിന്നീട് ആ നോട്ടം എത്തി നിന്നത് അവന്റെ മടിയിൽ വെള്ള പുതച്ച് കിടന്ന ഒരു കുഞ്ഞു ശരീരത്തിലേക്ക് ആയിരുന്നു. അസുഖത്തെ തുടർന്ന് മരിച്ചു പോയ അനുജന്റെ മൃതദേഹം മടിയിലേന്തിയായിരുന്നു ആ കുഞ്ഞിന്റെ ഇരുപ്പ്. നിശ്ചലമായ ആ ശരീരത്തിൽ ഈച്ച പൊതിഞ്ഞതോടെ അവൻ ആ ശരീരത്തിലേക്ക് വെള്ളത്തുണി അൽപ്പം കൂടി കയറ്റിയിട്ടു. തുണിക്കുള്ളിൽ നിന്ന് നിശ്ചലമായ ഒരു കൈ പുറത്തേക്ക് നീണ്ടുകിടപ്പുണ്ട്. മരിച്ചു പോയ തന്റെ അനുജനെ ഓർത്ത് ആ കുഞ്ഞ് ബാലൻ ഇടയ്ക്കിടെ കണ്ണീർ തുടയ്ക്കുന്നു. നിസ്സഹായതയുടെ, ദയനീയതയുടെ നേർക്കാഴ്ചയായിരുന്നു ആ ബാലൻ.

മധ്യപ്രദേശിലെ മുരേനയിൽ നിന്ന് ഒരു പ്രാദേശികലേഖകൻ ശനിയാഴ്ച പകർത്തിയ ചിത്രമായിരുന്നു മനുഷ്യ മനസാക്ഷിയെ പിടിച്ചുലച്ചത്. രണ്ടു വയസ്സുകാരനായ രാജയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ എട്ടുവയസ്സുകാരനായ ഗുൽഷന്റേയും അച്ഛൻ പൂജാറാമിന്റേയും ഒരു വാഹനത്തിനായുള്ള കാത്തിരിപ്പായിരുന്നു അത്. മരിച്ചു പോയ മകന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ പണം ആ അച്ഛന്റെ പക്കൽ ഉണ്ടായിരുന്നില്ല. തുടർന്ന് മകന്റെ കയ്യിൽ ആ കുഞ്ഞ് ശരീരം ഏൽപ്പിച്ച് പിതാവ് ഒരു വാഹനത്തിനായി എങ്ങോട്ടെന്നില്ലാതെ ഓടി.

അംബയിലെ ബദ്ഫ്ര ഗ്രാമത്തിലാണ് ഈ കുടുംബത്തിന്റെ വീട്. അവിടത്തെ പ്രാദേശിക ചികിത്സാകേന്ദ്രത്തിൽ നിന്നാണ് രോഗം വഷളായതിനെ തുടർന്ന് മുരേനയിലെ ജില്ലാ ആശുപത്രിയിലേക്ക് രാജയെ കൊണ്ടുവന്നത്. അവനെ കൊണ്ടുവന്ന ആംബുലൻസ് ഗ്രാമത്തിലേക്ക് മടങ്ങിപ്പോയിരുന്നു. അമിതവിളർച്ചയായിരുന്നു രാജയ്ക്ക്. അതിന്റെ ഭാഗമായി വയറിൽ വെള്ളം കെട്ടി, വയർ വീർത്തുവന്നു. കരൾരോഗമുണ്ടാകുമ്പോഴാണ് സാധാരണയായി ഈ അവസ്ഥയുണ്ടാകുന്നത്. ചികിത്സക്കിടെ രാജ മരിച്ചു. മകന്റെ ചികിത്സയ്ക്ക് പോലും ആവശ്യത്തിന് പണം കണ്ടെത്താനാകാതിരുന്ന പൂജാറാം ആശുപത്രിയിലെ ഡോക്ടർമാരുൾപ്പെടെയുള്ള ജീവനക്കാരോട് മകന്റെ ശരീരം മുപ്പത് കിലോമീറ്റർ അകലെയുള്ള നാട്ടിലെത്തിക്കാനുള്ള വാഹനം തേടി യാചിച്ചു.

ആശുപത്രിയിൽ വാഹനം ലഭ്യമായിരുന്നില്ല. സ്വകാര്യവാഹനത്തിന് നൽകാൻ ആ പാവപ്പെട്ട മനുഷ്യന്റെ കയ്യിൽ പണമുണ്ടായിരുന്നില്ല. ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തിരുന്ന ആംബുലൻസിന്റെ ഡ്രൈവർ 1,500 രൂപയാണ് പൂജാറാമിനോട് ആവശ്യപ്പെട്ടത്. അത് നൽകാൻ പൂജാറാമിന് കഴിയുമായിരുന്നില്ല. രാജയുടെ മൃതദേഹവുമായി ഗുൽഷനോടൊപ്പം പൂജാറാം ആശുപത്രിയിക്ക് പുറത്തിറങ്ങി.

നെഹ്റു പാർക്കിന് മുന്നിലുള്ള സ്ഥലത്ത് ഗുൽഷനെ ഇരുത്തി ഒരു വാഹനം തേടി പൂജാറാം നടന്നു. അച്ഛൻ മടങ്ങിയെത്തുന്നതും കാത്ത് ഗുൽഷൻ അവിടെയിരുന്നു. കണ്ണീർത്തുള്ളികൾ തുടച്ചുള്ള അവന്റെ ഇരിപ്പ് കണ്ട് നാട്ടുകാർ ചുറ്റും കൂടി. അവർ അധികൃതരെ വിവരമറിയിച്ചു. ഒടുവിൽ പൊലീസ് ഉദ്യോഗസ്ഥനായ യോഗേന്ദ്ര സിങ് രാജയുടെ മൃതദേഹം ചുമന്ന് ഗുൽഷനേയും കൂട്ടി ആശുപത്രിയിലേക്ക് മടങ്ങി. അവിടെ നിന്ന് അദ്ദേഹം പൂജാറാമിനും ഗുൽഷനും രാജയുടെ മൃതദേഹവുമായി മടങ്ങാനുള്ള ആംബുലൻസ് ഏർപ്പാടാക്കി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP