Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിക്ഷേപകർ ഇടഞ്ഞു ; മറ്റു വഴിയില്ലാതെ ടി.വി.ന്യൂ ചെയർമാൻ സ്ഥാനം രാജി വച്ച് കൊളംബോ കുട മുതലാളി കെ.എൻ.മർസൂക്ക് ; ഡയറക്ടർ ബോർഡ് പുറത്താക്കാനിരിക്കെയാണ് രാജി സമർപ്പിച്ച് തടിയൂരിയത് ; ഇതുവരെ ചെയ്ത 'സഹായ'ങ്ങൾക്ക് നന്ദി അറിയിച്ച് ഡയറക്ടർ ബോർഡ്

നിക്ഷേപകർ ഇടഞ്ഞു ; മറ്റു വഴിയില്ലാതെ ടി.വി.ന്യൂ ചെയർമാൻ സ്ഥാനം രാജി വച്ച് കൊളംബോ കുട മുതലാളി കെ.എൻ.മർസൂക്ക് ; ഡയറക്ടർ ബോർഡ് പുറത്താക്കാനിരിക്കെയാണ് രാജി സമർപ്പിച്ച് തടിയൂരിയത് ; ഇതുവരെ ചെയ്ത 'സഹായ'ങ്ങൾക്ക് നന്ദി അറിയിച്ച്  ഡയറക്ടർ ബോർഡ്

കൊച്ചി: കേരള ചേമ്പർ ഓഫ് കൊമോഴ്‌സ് ആൻഡ് ഇൻഡസ്ട്രീസിന്റെ ഫണ്ട് ഡയറക്ടർ ബോർഡ് അനുമതിയില്ലെതെ ഇന്ത്യാ മിഡിൽ ഈസ്റ്റ് ബ്രോഡ് കാസ്റ്റിങ് ലിമിറ്റഡ് എന്ന കമ്പനിയിലേക്ക് വഴിമാറ്റി ചെലവഴിച്ച കേസിൽ ഒന്നാം പ്രതിയായ കെ.എൻ.മർസൂക്ക് ചാനൽ ചെയർമാനായി തുടരുന്നതിനെതിരെ ചാനൽ നിക്ഷേപകർ ഒന്നടങ്കം രംഗത്ത് വന്നതോടെയാണ് ഗതിയില്ലാതെ ചാനൽ ചെയർമാൻ സ്ഥാനം രാജി വച്ചത്. കഴിഞ്ഞ വർഷം ജൂലൈയിൽ പ്രമുഖ മാദ്ധ്യമപ്രവർത്തകൻ ഭഗത് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച ചാനൽ തുടങ്ങി മൂന്നു മാസങ്ങൾക്കകം ചാനൽ ചെയർമാൻ ആയിരുന്ന കെ.എൻ.മർസൂക്കിന്റെ ഏകാധിപത്യഭരണം മൂലം സാമ്പത്തിക കടക്കെണിയിലാകവുകയുകയും മാസങ്ങളോളം ചാനൽ പ്രവർത്തനം അവതാളത്തിലാവുകയും ചെയ്തിരുന്നു. കെസിസിഐയുടെ അനുമതിയില്ലാതെ രണ്ടു കോടി നാൽപത്തി അഞ്ചുലക്ഷം രൂപ സ്വകാര്യ ആവശ്യത്തിനായി ഇന്ത്യാ മിഡിൽ ഈസ്റ്റ് ബ്രോഡ്കാസ്റ്റിങ് കമ്പനിയിലേക്ക് വഴിമാറ്റി ചെലവഴിച്ചതിന് കെ.എൻ.മർസൂക്ക് അടക്കം അഞ്ചു പേർ പ്രതികളാണ്. സാമ്പത്തിക തിരിമിറി കേസിൽ ഒന്നാം പ്രതിയായ കെ.എൻ.മർസൂക്കടക്കം മറ്റ് അഞ്ച് പേർക്കും കഠിന വ്യവസ്ഥകളോടെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ചാനലിന്റെ ഇപ്പോഴുള്ള പ്രവർത്തനങ്ങളിൽ നേരത്തെ തന്നെ നിക്ഷേപകർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

പണം മുടക്കിയിട്ടും ചാനലിനെ നേരാംവണ്ണം കൊണ്ടു പോകുന്നതിൽ പരാജയപ്പെട്ടതും കെ.എൻ.മർസൂക്കിന്റെ ഏകാധിപത്യ ഭരണവും സഹിക്കവയ്യാതെയാണ് ഡയറക്ടർ ബോർഡിൽ നിന്ന് കെ.എൻ.മർസൂക്കിനെ പുറത്താക്കാൻ തീരുമാനിച്ചത്. ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കുമെന്ന് അറിഞ്ഞതു മുതൽ രാജി വയ്ക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് ബോർഡ് അംഗങ്ങളോട് രേഖാമൂലം അപേക്ഷിച്ചിരുന്നു. തുടർന്ന് അടിയന്തരമായി രാജി സമർപ്പിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ചെയർമാൻ സ്ഥാനം കൈവിട്ടുപോകാതിരിക്കാൻ ചാനലിൽ പണം നിക്ഷേപിച്ചിട്ടുള്ള പ്രമുഖ വ്യവസായികളെ സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും മറ്റു ഡയറക്ടർമാരുടെ എതിർപ്പിനെ തുടർന്ന് അവരും കൈമലർത്തുകയായിരുന്നു. ഗത്യന്തരമില്ലാതെ വ്യക്തിപരമായ കാരണങ്ങളാൽ ചാനലിന്റെ ചെയർമാൻ സ്ഥാനവും ഡയറ്ടകർ സ്ഥാനവും രാജി വച്ചു കൊണ്ട് ഡയറകടർ ബോർഡിന് കത്തു നൽകുകയായിരുന്നു. കഴിഞ്ഞ മാസം 30നാണ് കെ.എൻ.മർസൂക്ക് രാജി കത്ത് ബോർഡിന് നൽകിയത്.

കെ.എൻ.മർസൂക്കിന്റെ രാജി അടിയന്തിരമായി സ്വീകരിക്കാൻ ഡയറക്ടർ ബോർഡ് മീറ്റിങിൽ തീരുമാനിച്ചു. കൂടാതെ ചാനലിന്റെ 'പുരോഗമന'ത്തിനു വേണ്ടി ചെയർമാൻ എന്ന നിലയിലുള്ള കെ.എൻ.മർസൂക്കിന്റെ സേവനങ്ങളെ ഡയറക്ടർ ബോർഡ് അഭിനന്ദിക്കുകയും ചെയ്തു. ടിവി ന്യൂ ചാനലിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുയും ചാനലിനെ യാഥാർഥമാക്കുകയും ചെയ്ത ഭഗത് ചന്ദ്രശേഖറിനെ ഒഴിവാക്കാൻ മുൻകൈയെടുത്തത് കെ.എൻ.മർസൂക്കായിരുന്നു. ശമ്പളവും ന്യൂസ് ബ്യൂറോകളുടെ പ്രവർത്തനവും നിലച്ചതോടെ ഓഫീസിൽ കഞ്ഞിവെയ്പ് സമരം നടത്താൻ ജീവനക്കാർ നിർബന്ധിതരാകുകയും ചെയ്തു. തുടർന്ന് പ്രമുഖ മാദ്ധ്യമപ്രവർത്തകയായ വീണ ജോർജ് നേതൃത്വം ഏറ്റെടുത്തിരുന്നു. എന്നാൽ വാർത്തകളിലെ അനാവശ്യ ഇടപെടലുകൾ സഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വീണ ജോർജും ചാനലിൽ നിന്ന് പടിയിറങ്ങി. ചാനലിന്റെ തുടക്കം മുതൽ തന്നെ ടെലിവിഷൻ ചേമ്പർ നേതൃസ്ഥാനവും പ്രസ്‌കൗൺസിൽ അംഗത്വവും സ്വപ്‌നം കണ്ടിരുന്ന കെ.എൻ.മർസൂക്കിന് കനത്ത തിരിച്ചടിയാണ് ഡയറക്ടർ ബോർഡ് നൽകിയത്. സാമ്പത്തിക തിരിമറി കേസിൽ അന്വേഷണം നേരിടുന്ന വ്യക്തി തന്നെ ചാനൽ ചെയർമാനായി തുടരുന്നത് ഭാവിയിൽ ചാനലിന്റെ സംപ്രേഷണാവകാശം വാർത്താവിതരണമന്ത്രാലയം നിർത്തലാക്കുമോ എന്ന ഭയവും നിക്ഷേപകർക്കുണ്ട്.

സാമ്പത്തിക തിരിമറി കേസാണ് ചാനൽ ഡയറക്ടർമാർക്ക് തിരിച്ചടിയായിരിക്കുന്നത്. കേരള ചേമ്പർ ഓഫ് കൊമേഴ്‌സിലെ ഡയറക്ടർമാരായ പ്രതികളിൽ നാലുപേരും ( ഒന്നാം പ്രതി കെ.എൻ. മർസൂക്ക്, കൊളംബോ കുട, ഇ.പി.ജോർജ്, നോവൽറ്റി ടെക്‌സറ്റയിൽസ്, മാത്യൂ കുരുവിത്തടം, കുരുവിത്തടം ഏജൻസീസ്, ബിജു സി ചെറിയാൻ, ചെറിയാൻ ആൻഡ് വർക്കി കൺസ്ട്രക്ഷൻസ് ) അഞ്ചാം പ്രതി എ.ജെ. രാജൻ എന്നിവർ ചേർന്ന് ഡയറക്ടർ ബോർഡിന്റെ അനുമതി ഇല്ലാതെ 2 കോടി നാൽപത്തി അഞ്ചു ലക്ഷത്തി അറുപത്തി എണ്ണായിരത്തി അറുനൂറ് രൂപ സ്വകാര്യആവശ്യത്തിന് വകമാറ്റി ചെലവഴിച്ചെന്നാണ് കേസ്. മർസൂക്ക് ചെയർമാനായിരിക്കെ ചാരിറ്റബിൾ ട്രസ്റ്റായി രജിസ്റ്റർ ചെയ്തിരിക്കുന്ന ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഫണ്ടിൽനിന്നാണ് ഈ തുക വകമാറ്റിയത്. കെ.എൻ.മർസൂക്കും മറ്റു പ്രതികളും ഡയറക്ടർമാരായ സ്വകാര്യ കമ്പനി ഇന്ത്യ മിഡിൽ ഈസ്റ്റ് ന്യൂസ് ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് എന്ന കമ്പനിയുടെ ആവശ്യത്തിനായി പണം ചെലവാക്കിയെന്നാണ് കേസ്.

ചേംബർ ഓഫ് കൊമേഴ്‌സിന്റെ മുൻ വൈസ് ചെയർമാൻ ആയ അൻസാരിയാണ് കേസ് ഫയൽ ചെയ്തത്. ഇന്ത്യ മിഡിൽ ഈസ്റ്റ് ന്യൂസ് ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടി വി ന്യൂ ചാനൽ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ചാനലാണെന്നു പ്രചരിപ്പിച്ച് വിദേശ മലയാളികളിൽനിന്ന് വ്യാപക പണപ്പിരിവും മർസൂക്ക് നടത്തിയിരുന്നു. 2012 ൽ ചേംബർ ഓഫ് കൊമേഴ്‌സ് ഒരു ചാനൽ തുടങ്ങാൻ ആലോചന നടത്തിയിരുന്നുവെങ്കിലും പിന്നീട് ഇതുമായി മുന്നോട്ടുപോയില്ല. ഇതേ തുടർന്നാണ് മർസൂക്കിന്റെ നേതൃത്വത്തിൽ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ചാനൽ എന്നു തെറ്റിദ്ധരിപ്പിച്ച് പ്രമുഖരായ പലരേയും പങ്കാളികളാക്കി ടി വി ന്യൂ ചാനൽ തുടങ്ങിയത്.

ഇയാളുടെ തട്ടിപ്പുകൾ മനസ്സിലാക്കിയ പലരും പിന്നീട് ടി വി ന്യൂവിന്റെ പങ്കാളിത്തത്തിൽനിന്ന് ഒഴിവായി. ചേംബർ ഓഫ് കൊമേഴ്‌സിന്റെ ചെക്കുകൾ ഒപ്പിടാനുള്ള അവകാശം ചെയർമാനാണ്. ഈ അവകാശം ഉപയോഗിച്ചാണ് മർസൂക്ക് പണം തട്ടിയെടുത്തത്. മാത്രമല്ല മർസൂക്ക് ചെയർമാൻ ആയിരുന്ന കാലയളവിൽ ചേംബർ ഓഫ് കൊമേഴ്‌സിന്റെ കണക്കുകൾ ഒന്നും ഓഡിറ്റ് ചെയ്തിട്ടുമില്ല. ഇതു ചോദ്യം ചെയ്ത ഡയറക്ടർ ബോർഡ് അംഗങ്ങളെ പല തന്ത്രങ്ങൾ ഉപയോഗിച്ച് ഡയറക്ടർ ബോർഡിൽനിന്ന് പുറത്താക്കുകയായിരുന്നു പതിവ്. തട്ടിപ്പുകൾ പുറത്താകുമെന്ന് ഭയന്ന് 2014ൽ ചേംബറിന്റെ തെരഞ്ഞെടുപ്പും ഇയാൾ നടത്തിയില്ല. മറൈൻഡ്രൈവിൽ മർസൂക്കിന്റെ നേതൃത്വത്തിൽ കേരളാ ട്രേഡ് സെന്റർ അനുമതിയില്ലാതെ പണിത ഫ്‌ളാറ്റ് നൽകാമെന്നു പറഞ്ഞു കബളിപ്പിച്ച് 59 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും മർസൂക്കിനെതിരെ പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

കേരള ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ്ഇൻഡസ്ട്രിയുടെ പേരിൽ ജിം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ട്രേഡ് സെന്ററിന് അനുമതി വാങ്ങിയത്. എന്നാൽ ഇതിൽ പതിമൂന്നാം നിലയിൽ ഫ്‌ളാറ്റ് പണിയാൻ കോർപറേഷൻ അനുമതി ഇല്ലാതിരിക്കെ ഈ നിലയിൽ ഫ്‌ളാറ്റു നൽകാമെന്നു പറഞ്ഞ് കബളിപ്പിച്ച് 59 ലക്ഷം രൂപ ബാംഗ്ലൂർ മലയാളിയായ റിട്ടയേഡ് മേജർ പി.എം.മാത്യുസിൽനിന്ന് വാങ്ങിയിരുന്നു.2010 സെപ്റ്റംബറിലാണ് മാത്യൂസിൽനിന്ന് മർസൂക്ക് പണം കൈപ്പറ്റിയത്. ഇത്തരത്തിൽ തട്ടിയെടുത്ത പണവും മർസൂക്കും സംഘവും ടിവി ന്യൂ ചാനലിനായി ഉപയോഗിക്കുകയായിരുന്നുവത്രേ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP