Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഇതു നമ്മളുടെ ഭാവിക്കു വേണ്ടി'യെന്ന് പ്രക്ഷോഭകർക്കൊപ്പം നിന്ന് വിശദീകരിച്ച് ജയസൂര്യയും സംഗക്കാരയും; രാജിവച്ചിട്ടും പ്രധാനമന്ത്രിയുടെ വീടിന് തീവച്ചു; ജീവനും കൊണ്ട് ഓടിയ പ്രസിഡന്റ് എവിടെ എന്ന് ആർക്കും അറിയില്ല; രാജപക്‌സെ രാജിവയ്ക്കുമെന്ന് സ്പീക്കറുടെ ഉറപ്പ്

'ഇതു നമ്മളുടെ ഭാവിക്കു വേണ്ടി'യെന്ന് പ്രക്ഷോഭകർക്കൊപ്പം നിന്ന് വിശദീകരിച്ച് ജയസൂര്യയും സംഗക്കാരയും; രാജിവച്ചിട്ടും പ്രധാനമന്ത്രിയുടെ വീടിന് തീവച്ചു; ജീവനും കൊണ്ട് ഓടിയ പ്രസിഡന്റ് എവിടെ എന്ന് ആർക്കും അറിയില്ല; രാജപക്‌സെ രാജിവയ്ക്കുമെന്ന് സ്പീക്കറുടെ ഉറപ്പ്

മറുനാടൻ ഡെസ്‌ക്‌

കൊളംബോ: ശ്രീലങ്ക കലാപകലുഷിതം. പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവയ്്കും. അതിന് ശേഷം സർവ്വകക്ഷി സർക്കാർ അധികാരത്തിലെത്തും. സാമ്പത്തിക കെടുകാര്യസ്ഥതയാണ് ശ്രീലങ്കയെ തകർത്തത്. ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഉടലെടുത്ത ജനകീയ പ്രക്ഷോഭം എല്ലാ സീമകളും ലംഘിച്ചു. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് പ്രക്ഷോഭകാരികൾ തീയിട്ടു. വിക്രമസിംഗെയുടെ വസതിയിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ വസതിക്ക് തീയിടുകയായിരുന്നെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. പ്രതിഷേധം സർവകക്ഷി ഭരണകൂടത്തിന് നേരെയും തിരിയുമെന്ന് ഉറപ്പായതോടെയാണ് വിക്രമസിംഗെ രാജിവച്ചത്.

ഇന്ധനമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായ ജനം, ശനിയാഴ്ച ഉച്ചയോടെയാണ് പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. ആയിരക്കണക്കിന് പ്രക്ഷോഭകർ ഔദ്യോഗിക മന്ദിരത്തിലേക്ക് ഇരച്ചു കയറിയതോടെ പ്രസിഡന്റ് വസതി വിട്ടോടി. പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്ത പ്രക്ഷോഭകർ അതിനുമുകളിൽ പതാക ഉയർത്തി. പൗരാവകാശ സംഘടനകളും യുവജന വിദ്യാർത്ഥി സംഘടനകളും നേരത്തെ തന്നെ കൊളംബോയിൽ പ്രതിഷേധ ദിനം ആഹ്വനം ചെയ്തിരുന്നു. ഈ പ്രതിഷേധത്തിൽ അണിചേരാനായി ലങ്കയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും ദിവസങ്ങളായി ജനങ്ങൾ കൊളംബോയിലേക്ക് ഒഴുകുകയായിരുന്നു. സമരക്കാർ എത്തുന്നത് തടയാൻ പൊതുഗതാഗത സർവീസുകളിൽ ചിലത് നിർത്തിവെച്ചെങ്കിലും അതുകൊണ്ടൊന്നും ജനപ്രവാഹം തടയാനായില്ല.

കഴിഞ്ഞ ദിവസം സൈന്യവും പൊലീസും പ്രക്ഷോഭകരെ തടഞ്ഞില്ല. റോഡ്, റെയിൽ ഗതാഗത നിയന്ത്രണം പ്രക്ഷോഭകർ ഏറ്റെടുത്തു. കൊളംബയിലേക്ക് പതിനായിരങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു. പരുക്കേറ്റ 33 പ്രക്ഷോഭകർ ആശുപത്രിയിലാണ്. രണ്ടുപേരുടെ നില ഗുരുതരമാണ്. വസതി വിട്ട പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ എവിടെയെന്നതു സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പ്രതിഷേധം രൂക്ഷമായതിനു പിന്നാലെ ശനിയാഴ്ചയാണു രാജിവച്ചത്. പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ ബുധനാഴ്ച രാജിവച്ചേക്കുമെന്നു റിപ്പോർട്ടുണ്ട്. 30 ദിവസത്തേക്ക് സ്പീക്കർ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും. അതിനിടെ പാർലമെന്റ് കൂടി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും.

പ്രതിഷേധക്കാരെ ഓടിക്കാൻ കണ്ണീർവാതകം പ്രയോഗിച്ചെങ്കിലും അതൊന്നും വകവയ്ക്കാതെ അവർ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കയറുകയായിരുന്നു. അവിടെയുണ്ടായിരുന്ന വാഹനങ്ങളും നശിപ്പിച്ചു. പ്രക്ഷോഭകരും സേനയും സംയമനം പാലിക്കണമെന്ന് വിക്രമസിംഗെ ആവശ്യപ്പെട്ടു. ഈ വർഷം മേയിൽ പ്രധാനമന്ത്രിയായി അധികാരമേറ്റ റനിൽ വിക്രമസിംഗെ,

ഗോട്ടബയ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് പ്രസിഡന്റിന്റെ ഔദ്യോഗിക വസതി വളഞ്ഞ പ്രതിഷേധക്കാർ പിരിഞ്ഞു പോയില്ല. രാജപക്‌സെ വസതി വിട്ടിരുന്നു. കൊളംബോയിൽ കടൽത്തീരത്തെ പ്രസിഡന്റിന്റെ വസതിയിലേക്ക് മാർച്ച് ചെയ്ത പതിനായിരങ്ങൾ എല്ലാം കൈയേറുകയായിരുന്നു.

സർവ്വകക്ഷി യോഗ തീരുമാന പ്രകാരം പ്രധാനമന്ത്രിയുടെ രാജി

സർവകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരമാണ് പ്രധാനമന്ത്രിയുടെ രാജി. ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ ഔദ്യോഗിക വസതിയിലേക്കു ഓഫിസിലേക്കും പ്രതിഷേധക്കാർ ഇടിച്ചുകയറി രാജ്യതലസ്ഥാനം കലാപഭൂമിയായതിനു പിന്നാലെയാണ് വിക്രമസിംഗെയുടെ രാജി.

'സർക്കാരിന്റെ തുടർച്ചയ്ക്കും രാജ്യത്തെ പൗരന്മാരുടെ സുരക്ഷയ്ക്കും പാർട്ടി നേതാക്കൾ മുന്നോട്ടുവച്ച നിർദ്ദേശം അംഗീകരിച്ച് ഒരു സർവകക്ഷി പാർട്ടിക്ക് വഴിയൊരുക്കുന്നു. ഇതിനായി ഞാൻ പ്രധാനമന്ത്രിപദത്തിൽനിന്നു രാജിവയ്ക്കുന്നു' റനിൽ വിക്രമസിംഗെ ട്വീറ്റു ചെയ്തു. സർവകക്ഷി സർക്കാർ രൂപീകരിക്കാൻ തായാറാണെങ്കിൽ താൻ രാജിവയ്ക്കാമെന്ന് വിക്രമസിംഗെ പ്രതിഷേധം രൂക്ഷമായപ്പോൾത്തന്നെ പറഞ്ഞിരുന്നു.

സാമ്പത്തിക പ്രതിസന്ധിയിൽ പ്രയാസപ്പെടുന്ന ശ്രീലങ്കയിൽ ആഭ്യന്തര കലാപം അതിരൂക്ഷമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബസുകളിലും ട്രെയിനുകളിലും ട്രക്കുകളിലുമായാണ് പ്രക്ഷോഭകർ തലസ്ഥാന നഗരത്തിലേക്ക് എത്തുന്നത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിൽ ഒട്ടേറെ സൈനികരും പങ്കുചേരുന്നതായാണ് റിപ്പോർട്ട്.

നിയന്ത്രണം ഏറ്റെടുക്കാൻ സ്പീക്കർ

സാമ്പത്തിക പ്രതിസന്ധിമൂലം മാസങ്ങളായി അരാജകത്വം നിലനിൽക്കുന്ന ശ്രീലങ്കയിൽ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ കൊട്ടാരവും ഓഫിസും ജനങ്ങൾ കയ്യേറി പിടിച്ചെടുത്തു. ബുധനാഴ്ച രാജിവയ്ക്കുമെന്ന് ഗോട്ടബയ തന്നെ അറിയിച്ചതായി സ്പീക്കർ മഹിന്ദ അഭിവർധന രാത്രി വൈകി വിഡിയോ പ്രസ്താവനയിൽ പറഞ്ഞു. സമാധാനപരമായ അധികാരക്കൈമാറ്റം ഉറപ്പാക്കാനാണു പ്രസിഡന്റിന്റെ രാജി തീരുമാനമെന്നും ജനങ്ങൾ ശാന്തരാകണമെന്നും സ്പീക്കർ അഭ്യർത്ഥിച്ചു.

'രാജ്യമൊന്നാകെ കൊളംബോയിലേക്ക്' എന്നു പേരിട്ട ബഹുജന കൂട്ടായ്മ ആഹ്വാനം ചെയ്ത റാലിയിൽ പതിനായിരങ്ങളാണ് ഇന്നലെ പകൽ രാജപക്‌സെയുടെ വസതിയിലേക്ക് ഇരച്ചെത്തിയത്. രാജിവയ്ക്കാൻ തയാറാണെന്നും സർവകക്ഷി സർക്കാർ രൂപീകരിക്കാമെന്നും പ്രധാനമന്ത്രി റനിൽ പ്രഖ്യാപിച്ചെങ്കിലും വൈകുന്നേരത്തോടെ അദ്ദേഹത്തിന്റെ വസതിയിലേക്കും ജനങ്ങൾ കയറിത്തുടങ്ങി. റനിലിനെയും നേരത്തെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിരുന്നു. രാത്രിയോടെയാണു റനിലിന്റെ സ്വകാര്യ വസതിക്കു പ്രക്ഷോഭകർ തീയിട്ടത്.

രാജപക്‌സെ രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു സമരം ചെയ്യുകയാണ് 2 മാസത്തോളമായി പ്രക്ഷോഭകർ. ഏപ്രിൽ മുതൽ ഓഫിസിനു മുന്നിൽ പ്രക്ഷോഭം നടക്കുന്നതിനാൽ വസതി തന്നെയാണ് രാജപക്‌സെ പ്രവർത്തനകേന്ദ്രമാക്കിയിരുന്നത്. ശ്രീലങ്കൻ പതാക കയ്യിലേന്തിയ പ്രക്ഷോഭകർ കൊട്ടാരത്തിന്റെ വാതിലുകൾ തകർത്ത് ഉള്ളിൽ കയറുന്നതിന്റെ വിഡിയോകൾ ശ്രീലങ്കൻ മാധ്യമങ്ങൾ സംപ്രേഷണം ചെയ്തു. കൊട്ടാരത്തിലെ നീന്തൽക്കുളത്തിൽ ജനങ്ങൾ കുളിക്കുന്നതും അടുക്കളയിൽ പാചകം ചെയ്യുന്നതുമെല്ലാം ഫേസ്‌ബുക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ തൽസമയം വന്നിരുന്നു. ജനങ്ങൾ രാത്രിയും കൊട്ടാരത്തിൽ തുടരുകയാണ്.

ആളുകളെത്തുന്നതു തടയാൻ 7 ജില്ലകളിൽ വെള്ളിയാഴ്ച കർഫ്യൂ പ്രഖ്യാപിച്ചെങ്കിലും പാർട്ടികളുടെയും അഭിഭാഷക, മനുഷ്യാവകാശ സംഘടനകളുടെയും പ്രതിഷേധം കാരണം പിൻവലിച്ചിരുന്നു. സമാധാനപരമായ പ്രതിഷേധങ്ങൾ തടയരുതെന്നു ശ്രീലങ്കയിലെ യുഎസ് അംബാസഡർ ജൂലി ചങ് ആവശ്യപ്പെട്ടിരുന്നു.

പ്രസിഡന്റ് എവിടെയെന്നത് അവ്യക്തം

പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ രാജ്യം വിട്ടെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊളംബോ തുറമുഖത്തുനിന്നു 2 നാവിക കപ്പലുകളിലായി പുറപ്പെട്ടത് പ്രസിഡന്റും മറ്റുമാണെന്ന് അഭ്യൂഹമുണ്ട്. കപ്പലുകളിലേക്കു ബാഗുകൾ തിരക്കിട്ടു കയറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതേസമയം, കൊളംബോ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വിഐപി വാഹനങ്ങളുടെ നിര എത്തുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഏതു മാർഗത്തിലൂടെയാണു പ്രസിഡന്റ് സ്ഥലംവിട്ടതെന്നും എവിടേയ്ക്കാണു പോയതെന്നും വ്യക്തമായിട്ടില്ല.

പ്രക്ഷോഭകാരികൾക്കൊപ്പം ജയസൂര്യ

പ്രക്ഷോഭം നടത്തുന്നവരിൽ മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യയും. ഒരു പരാജയപ്പെട്ട ഭരണാധികാരിയെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ രാജ്യം ഇപ്പോൾ ഒന്നിച്ചതു പോലെ മുൻപൊരിക്കലും ഒന്നിച്ചു കണ്ടിട്ടില്ലെന്ന് ജയസൂര്യ പറഞ്ഞു. പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ജയസൂര്യ പ്രക്ഷോഭകർക്കൊപ്പമുള്ള ചിത്രങ്ങളും ട്വീറ്റ് ചെയ്തു.

''ഞാൻ എപ്പോഴും ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പമാണ്. അടുത്തുതന്നെ ഞങ്ങൾ വിജയം ആഘോഷിക്കും. എന്നാൽ ഈ ഒത്തൊരുമ ഒരു ലംഘനവും കൂടാതെ തുടരണം.'' ജയസൂര്യ ട്വീറ്റ് ചെയ്തു. ഉപരോധം അവസാനിച്ചിരിക്കുന്നുവെന്നും നിങ്ങളുടെ കോട്ടകൾ തകർന്നിരിക്കുന്നുവെന്നും ജനശക്തി വിജയിച്ചിരിക്കുന്നുവെന്നും മറ്റൊരു ട്വീറ്റിൽ അദ്ദേഹം പറഞ്ഞു. രാജിവയ്ക്കാനുള്ള മാന്യത നിങ്ങൾ കാണിക്കണമെന്നും ഗോട്ടബയയോട് ജയസൂര്യ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

ജയസൂര്യയ്ക്കു പുറമേ ശ്രീലങ്കയുടെ മുൻ താരങ്ങളായ കുമാർ സംഗക്കാര, മഹേള ജയവർധനെ എന്നിവർ പ്രതിഷേധക്കാർക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. 'ഇതു നമ്മളുടെ ഭാവിക്കു വേണ്ടി'യെന്ന് പ്രക്ഷോഭകർ പ്രസിഡന്റിന്റെ വസതി വളയുന്ന വിഡിയോ ട്വീറ്റു ചെയ്തു കൊണ്ട് സംഗക്കാര പറഞ്ഞു.

രാമേശ്വരത്തും ജാഗ്രത

അതേസമയം ഭരണ പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും മൂലം അരക്ഷിതാവസ്ഥയിലായ ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. തമിഴ്‌നാട് ക്യൂ ബ്രാഞ്ചാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ ശ്രീലങ്കയിലെ തലൈ മാന്നാറിൽ നിന്നും ധാരാളം അഭയാർത്ഥികൾ പ്രവഹിക്കുമെന്നാണ് റിപ്പോർട്ട്. തമിഴ്‌നാട്ടിലും കേരളത്തിലേക്കും ഇവർ എത്തുമെന്നാണ് കരുതുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാമേശ്വരം അടക്കമുള്ള സ്ഥലങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP