Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ധോണിയുടെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ചില്ല; ഇൻസ്റ്റഗ്രാമിൽ സിഎസ്‌കെയുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും നീക്കി; മഞ്ഞപ്പടയോട് വിടപറയാൻ രവീന്ദ്ര ജഡേജ; 'അകൽച്ച' ചർച്ചയാക്കി ചെന്നൈ ആരാധകർ

ധോണിയുടെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ചില്ല; ഇൻസ്റ്റഗ്രാമിൽ സിഎസ്‌കെയുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും നീക്കി; മഞ്ഞപ്പടയോട് വിടപറയാൻ രവീന്ദ്ര ജഡേജ; 'അകൽച്ച' ചർച്ചയാക്കി ചെന്നൈ ആരാധകർ

സ്പോർട്സ് ഡെസ്ക്

ചെന്നൈ: ഐപിഎല്ലിൽ കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ മുൻ നായകൻ രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പർ കിങ്സും കൂടുതൽ അകൽച്ചയിലെന്ന് റിപ്പോർട്ട്. ചെന്നൈ സൂപ്പർ കിങ്‌സുമായി ബന്ധപ്പെട്ട 2021, 2022 സീസണുകളിലെ എല്ലാ പോസ്റ്റുകളും രവീന്ദ്ര ജഡേജ നീക്കം ചെയ്തതോടെയാണ് വിഷയം വീണ്ടും ചർച്ചയാകുന്നത്.

ചെന്നൈ ടീമുമായി താരം അത്ര രസത്തിലല്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. അത് ഉറപ്പിക്കുന്നതാണ് ഇപ്പോഴത്തെ നടപടി. സീസണിന്റെ തുടക്കത്തിൽ അപ്രതീക്ഷിതമായി എം എസ് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയും ജഡേജയെ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയുമായിരുന്നു. എന്നാൽ ചെന്നൈ തുടർ തോൽവികൾ നേരിട്ടപ്പോൾ ജഡേജയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കി ധോണി നായകനായി നിയോഗിച്ചു.

തൊട്ടുപിന്നാലെ, വാരിയെല്ലിന് പരുക്കേറ്റ ജഡേജ ടീമിനു പുറത്തുപോയി. എന്നാൽ ചെന്നൈ മനേജ്‌മെന്റ് ജഡേജയെ പുറത്താക്കിയതാണെന്ന് അന്നുതന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ചെന്നൈ 'തല' എം.എസ്.ധോണിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ജഡേജ, ചെന്നൈയുമായി ബന്ധപ്പെട്ടതും, മഞ്ഞ ജഴ്‌സിയിലുമുള്ളതായ പോസ്റ്റുകൾ നീക്കിയതായി ആരാധകർ കണ്ടെത്തിയത്. നേരത്തെ, രവീന്ദ്ര ജഡേജയും സിഎസ്‌കെയും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ പരസ്പരം അൺഫോളോ ചെയ്തിരുന്നു.

ജഡേജ നായകനായിരിക്കുമ്പോളും കളിക്കളത്തിൽ പല നിർണായക തീരുമാനങ്ങളും കൈക്കൊള്ളുന്നത് ധോണിയായിരുന്നു. ധോണിക്കും സുരേഷ് റെയ്നക്കും ശേഷം ചെന്നൈയുടെ നായകനാകുന്ന മൂന്നാമത്തെ മാത്രം കളിക്കാരനായിരുന്നു രവീന്ദ്ര ജഡേജ. 2010ൽ ധോണിയുടെ അഭാവത്തിൽ ചെന്നൈയെ റെയ്ന നാലു മത്സരങ്ങളിൽ നയിച്ചിരുന്നു.

'ഈ വർഷം ധോണിയുടെ ജന്മദിനത്തിൽ ജഡേജ ആശംസകൾ അറിയിച്ചില്ല. അദ്ദേഹം എല്ലാ വർഷവും അത് ചെയ്യുന്നതാണ്. ഇൻസ്റ്റഗ്രാമിൽ സിഎസ്‌കെയുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും അദ്ദേഹം നീക്കി. എന്തോ ശരിയല്ല.' ഒരു ആരാധകൻ എഴുതി. ജൂലൈ 7നായിരുന്നു ധോണിയുടെ ജന്മദിനം.

2023 സീസണിൽ രവീന്ദ്ര ജഡേജ സിഎസ്‌കെ വിട്ടേക്കും. ചെന്നൈയുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ പോസ്റ്റുകളും നീക്കി. ദീപക് ചാഹർ അമ്പാട്ടി റായിഡു എന്നിവരും ടീം വിടുമെന്ന കേട്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. സിഎസ്‌കെ ആരാധകർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള കാര്യം.' മറ്റൊരു ആരാധകൻ കുറിച്ചു.

ഐപിഎലിൽ നിറംമങ്ങിയെങ്കിലും ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ രവീന്ദ്ര ജഡേജ ഉജ്വല തിരിച്ചുവരവ് നടത്തിയിരുന്നു. ആദ്യ ഇന്നിങ്‌സിൽ സെഞ്ചറി നേടിയ ജഡേജ, ഋഷഭ് പന്തിനൊപ്പം 222 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു. പന്തും സെഞ്ചറി നേടിയിരുന്നു.

മത്സരശേഷം ഐപിഎലിനെക്കുറിച്ച് താരത്തോട് ചോദ്യമുയരുകയും ചെയ്തു. 'സംഭവിച്ചത്, സംഭവിച്ചു. ഐപിഎൽ എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോൾ, മുഴുവൻ ശ്രദ്ധയും അതിലായിരിക്കണം. എനിക്കും അതുതന്നെയായിരുന്നു, ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തുന്നതിനേക്കാൾ സംതൃപ്തി മറ്റൊന്നിനുമില്ല.' ജഡേജ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP