Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രസിഡന്റിന്റെ വസതി പിടിച്ചെടുത്ത് പ്രതിഷേധക്കാർ; സുരക്ഷാ സേനയെ കാഴ്ചക്കാരാക്കി ജനം തെരുവിൽ; കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പ്രതിസന്ധി രൂക്ഷമാക്കി കലാപം; ലങ്കൻ പ്രസിഡന്റ് ഗോത്തബയ രജപക്‌സെ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്ന് സൂചന; രാജ്യം വിട്ടെന്നും റിപ്പോർട്ടുകൾ; ശ്രീലങ്കയിൽ അസാധാരണ സാഹചര്യങ്ങൾ

പ്രസിഡന്റിന്റെ വസതി പിടിച്ചെടുത്ത് പ്രതിഷേധക്കാർ; സുരക്ഷാ സേനയെ കാഴ്ചക്കാരാക്കി ജനം തെരുവിൽ; കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പ്രതിസന്ധി രൂക്ഷമാക്കി കലാപം; ലങ്കൻ പ്രസിഡന്റ് ഗോത്തബയ രജപക്‌സെ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്ന് സൂചന; രാജ്യം വിട്ടെന്നും റിപ്പോർട്ടുകൾ; ശ്രീലങ്കയിൽ അസാധാരണ സാഹചര്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിൽ കലാപം. ലങ്കൻ പ്രസിഡന്റ് ഗോത്തബയ രജപക്‌സെയുടെ വസതി കയ്യേറി പ്രക്ഷോഭകർ പ്രതിഷേധത്തെ പുതിയ തലത്തിൽ എത്തിച്ചു. സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് വസതി വളഞ്ഞത്. ഇതോടെ ഗോത്തബയ രജപക്‌സെ വസതി വിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതീവ ഗുരുതര സ്ഥിതിയാണ് ശ്രീലങ്കയിലുള്ളത്. രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രജപക്‌സെ സൈന്യത്തിന്റെ കാവലിലാണെന്നാണ് സൂചന. എന്നാൽ ചില മാധ്യമങ്ങൾ പ്രസിഡന്റ് രാജ്യം വിട്ടതായും റിപ്പോർട്ട് ചെയ്യുന്നു.

പണപ്പെരുപ്പം കാരണം കടുത്ത ഭക്ഷ്യക്ഷാമം നേരിട്ട് ശ്രീലങ്ക വല്ലാത്ത പ്രതിസന്ധിയിലാണ്. 6.26 ദശലക്ഷം പൗരന്മാർ ഭക്ഷണം എവിടെ നിന്ന് കണ്ടെത്തുമെന്നതിൽ അനിശ്ചിതത്വം നേരിടുന്നുവെന്ന് വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ (ഡബ്ല്യു.എഫ്.പി) റിപ്പോർട്ട് വ്യക്തമാക്കി. ഭക്ഷ്യധാന്യത്തിന്റെയും ഇന്ധനത്തിന്റെയും വിലക്കയറ്റം കാരണം ജനങ്ങൾ ഭക്ഷണം കഴിക്കുന്നത് ചുരുക്കുകയാണെന്നും 61 ശതമാനം കുടുംബങ്ങളിൽ ഈ അവസ്ഥ തുടരുന്നുണ്ടെന്നും ഡബ്ല്യു.എഫ്.പി അറിയിച്ചു. ഇതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. എല്ലാത്തിനും കാരണം പ്രസിഡന്റാണെന്നാണ് പ്രതിഷേധക്കാർ പറയുന്നു

അഞ്ച് അംഗങ്ങളുള്ള വീടുകളിൽ മൂന്നുപേർക്ക് പോഷകാഹാരം ലഭിക്കുന്നില്ല. ഗർഭിണികളുൾപ്പെടെ ഭക്ഷണം ചുരുക്കിയാണ് കഴിയുന്നത്. ഇത് വരും തലമുറയുടെ ആരോഗ്യ സ്ഥിതി വഷളാക്കുമെന്ന് ഡബ്ല്യു.എഫ്.പിന്റെ ഏഷ്യ-പസഫിക് ഡെപ്യൂട്ടി ഡയറക്ടർ ആന്തിയ വെബ് പറഞ്ഞു. സ്വാതന്ത്ര്യം നേടിയതിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണിത്. ശ്രീലങ്കയുടെ സമ്പദ്വ്യവസ്ഥ പൂർണമായും തകർന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ വ്യക്തമാക്കിയിരുന്നു.

സമ്പദ്വ്യവസ്ഥ പൂർണമായി തകർന്ന ഒരു രാജ്യത്തെ പുനർനിർമ്മാണം നടത്തുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും വിദേശ കരുതൽ ശേഖരം അപകടകരമാംവിധം കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പം 57.4 ശതമാനമായി ഉയർന്നിരുന്നു. സമ്പദ്വ്യവസ്ഥയുടെ തകർച്ച പരിഹരിക്കണമെങ്കിൽ നിലവിലെ വിദേശ കരുതൽ പ്രതിസന്ധി പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും ഏക വഴി അന്താരാഷ്ട്ര നാണയ നിധിയുമായി ചർച്ച നടത്തുക മാത്രമാണെന്നും വിക്രമസിംഗെ കൂട്ടിച്ചേർത്തിരുന്നു.

ഒരു കാലത്ത് താരതമ്യേന സമ്പന്നമായിരുന്ന രാജ്യമായിരുന്നു ശ്രീലങ്ക. എന്നാൽ ഇന്ന് മരുന്നുകൾ മുതൽ പാകചവാതകം വരെയുള്ള എല്ലാത്തിനും ക്ഷാമം നേരിടുന്ന, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ശ്രീലങ്കയിലെ അടുക്കളകൾ ഗ്യാസ് അടുപ്പ് ഉപേക്ഷിച്ച് വിറകിലേക്ക് മാറുന്ന അവസ്ഥയിലേക്ക് വരെ എത്തിയിരിക്കുകയാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ, ഗ്യാസ് പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ വർധിച്ചതും വിറക് തിരഞ്ഞെടുക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ.

ഈ വർഷത്തിന്റെ തുടക്കത്തിൽ രാജ്യത്തുടനീളം 1,000-ലധികം ഗ്യാസ് പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ ഉണ്ടാകുകയും ഏഴ് പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചെലവ് ചുരുക്കാനായി വിതരണക്കാർ പ്രൊപ്പെയ്‌നിന്റെ അനുപാതം വർധിപ്പിച്ചത് ഗ്യാസ് സിലണ്ടറിന്റെ സമ്മർദ്ദം ഉയരാൻ കാരണമാകുകയും, ഇത് അപാകത്തിലേക്ക് നയിച്ചെന്നുമാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP