Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്ന് വർഷത്തിനു മേലെയുള്ള ഒരു യാത്രയായിരുന്നു 'ഗാർഗി'; പ്രൊമോഷണൽ വേദിയിൽ വിങ്ങിപ്പൊട്ടി ഐശ്വര്യ ലക്ഷ്മി; ഇത് ആനന്ദക്കണ്ണീരാണ്; ചേർത്തുനിർത്തി ആശ്വസിപ്പിച്ച് സായ് പല്ലവി

മൂന്ന് വർഷത്തിനു മേലെയുള്ള ഒരു യാത്രയായിരുന്നു 'ഗാർഗി'; പ്രൊമോഷണൽ വേദിയിൽ വിങ്ങിപ്പൊട്ടി ഐശ്വര്യ ലക്ഷ്മി; ഇത് ആനന്ദക്കണ്ണീരാണ്; ചേർത്തുനിർത്തി ആശ്വസിപ്പിച്ച് സായ് പല്ലവി

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: സായ് പല്ലവി നായികയാവുന്ന ഗാർഗി സിനിമയുടെ പ്രൊമോഷണൽ വേദിയിൽ ചിത്രത്തെക്കുറിച്ച് സംസാരിക്കവെ വിങ്ങിപ്പൊട്ടി ഐശ്വര്യ ലക്ഷ്മി . സായ് പല്ലവിയും സംവിധായകൻ ഗൗതം രാമചന്ദ്രനും അടക്കമുള്ളവർ വേദിയിൽ ഇരിക്കവെയാണ് ഐശ്വര്യ വൈകാരികമായി പ്രതികരിച്ചത്. പിന്നാലെ ഉറ്റ സുഹൃത്തിനെ ആശ്വസിപ്പിക്കാനെത്തി സായ് പല്ലയിവും സംവിധായകൻ ഗൗതവും. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കൂടാതെ സഹനിർമ്മാതാവുമാണ് ഐശ്വര്യ.

തനിക്ക് ഏറെ വൈകാരികമായ ഒരു ദിനമാണ് ഇതെന്നും മൂന്ന് വർഷത്തിനു മേലെയുള്ള ഒരു യാത്രയായിരുന്നു ഗാർഗിയെന്നും പറഞ്ഞ് തുടങ്ങിയതിനു പിന്നാലെ ഐശ്വര്യ ലക്ഷ്മി വിങ്ങിപ്പൊട്ടുകയായിരുന്നു. തുടർന്ന് ഐശ്വര്യയെ ആശ്വസിപ്പിക്കാനെത്തിയ സായ് പല്ലവി ഇത് ആനന്ദക്കണ്ണീരാണെന്ന് പറഞ്ഞു. ഈ സിനിമയുടെ രചനാഘട്ടം മുതൽ സംവിധായകനൊപ്പം സഞ്ചരിച്ച ആളാണ് ഐഷു. ഒരു സുഹൃത്ത് എന്ന നിലയിൽ സംവിധായകൻ ഗൗതം രാമചന്ദ്രന് സാമ്പത്തികവും വൈകാരികവുമായ പിന്തുണയൊക്കെ അവൾ നൽകി, സായ് പല്ലവി പറഞ്ഞു.

സിനിമ നീണ്ടുപോകുന്നത് വലിയ മാനസിക സംഘർഷം നൽകുന്ന ഒന്നായിരുന്നു. ആ സമയത്ത് എന്റെ ചില സുഹൃത്തുക്കളാണ് എന്നെ സഹായിച്ചത്. അതിൽ ആദ്യം പറയേണ്ട പേര് ഐശ്വര്യ ലക്ഷ്മിയുടേതാണ്. ഐശ്വര്യ ഇല്ലായിരുന്നുവെങ്കിൽ ഈ സിനിമ എനിക്ക് ഇത്ര ധൈര്യത്തോടെ പൂർത്തിയാക്കാനാവുമായിരുന്നില്ല. അതിന് ഈ സിനിമയുടെ മുഴുവൻ ടീമും കടപ്പെട്ടിരിക്കുന്നു, എന്നായിരുന്നു സംവിധായകന്റെ വാക്കുകൾ. തുടർന്ന് ഐശ്വര്യയും സംസാരിച്ചു.



ഗാർഗി എന്നെ സംബന്ധിച്ച് ഏറെ വൈകാരികതയുള്ള ഒരു സിനിമയാണ്. അത് ഈ ചിത്രത്തിന്റെ ഉള്ളടക്കം കൊണ്ട് മാത്രമല്ല, മറിച്ച് ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച ആളുകൾ കാരണവുമാണ്. ഒരുകൂട്ടം മികച്ച സാങ്കേതിക പ്രവർത്തകരാണ് ഈ ചിത്രത്തെ പിന്തുണച്ചത്. സായ് പല്ലവി ഇല്ലെങ്കിൽ ഗാർഗി ഇല്ല. സിനിമ ഞാൻ കണ്ടിരുന്നു. ഇവിടെ നിന്ന് സംസാരിക്കുമ്പോൾ ചിത്രത്തിലെ ഓരോ രംഗവും എന്റെ മനസിലൂടെ ഓടുന്നുണ്ട്.

കഥാപാത്രത്തിന്റെ വൈകാരികമായ തുടർച്ചയടക്കം ഒരു അഭിനേത്രി എന്ന നിലയിൽ എന്നെ വിസ്മയിപ്പിച്ചുകളഞ്ഞു സായ്. മറ്റൊരാളെയും ഈ കഥാപാത്രമായി എനിക്കിപ്പോൾ സങ്കൽപ്പിക്കാനാവില്ല. നാല് വർഷങ്ങളാണ് ഗൗതം ഈ തിരക്കഥയുമായി സഞ്ചരിച്ചത്. പല കാരണങ്ങളാൽ ആ തിരക്കഥ ഏറ്റവും ചുരുങ്ങിയത് നൂറ് തവണയെങ്കിലും പുതുക്കപ്പെട്ടു. അവസാന ഉൽപ്പന്നം ഒരു സംവിധായകനെന്ന നിലയിൽ തനിക്കും ഈ ചിത്രവുമായി സഹകരിച്ച ഓരോരുത്തർക്കും അഭിമാനമുണ്ടാക്കണമെന്ന കാര്യം ഗൗതം ഉറപ്പിച്ചിരുന്നു, ഐശ്വര്യ ലക്ഷ്മി പറഞ്ഞുനിർത്തി.

രവിചന്ദ്രൻ രാമചന്ദ്രൻ, ഐശ്വര്യ ലക്ഷ്മി, തോമസ് ജോർജ്, ഗൗതം രാമചന്ദ്രൻ എന്നിവർ ചേർന്നാണ് ഗാർഗി നിർമ്മിച്ചിരിക്കുന്നത്. മൂന്നുവർഷത്തോളം നീണ്ട ചിത്രത്തിന്റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയുമായി നിന്ന ഒരാൾ ഐശ്വര്യ ലക്ഷ്മിയായിരുന്നുവെന്ന് ഗാർഗിയുടെ സംവിധായകൻ ഗൗതം രാമചന്ദ്രൻ പറഞ്ഞു. തമിഴിലും തെലുങ്കിലും ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രമാണ് ഗാർഗി. ജൂലൈ 15 നാണ് ചിത്രത്തിന്റെ റിലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP