Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'തന്റേത് സ്വഭാവ ദൂഷ്യമല്ല; അസുഖം; 2016 മുതൽ സ്വഭാവ വൈകല്യത്തിനു ചികിത്സയിൽ; തുടർച്ചയായ ജയിൽവാസം ആരോഗ്യം മോശമാക്കും'; പോക്‌സോ കേസിൽ ജാമ്യം തേടി നടൻ ശ്രീജിത്ത് രവി ഹൈക്കോടതിയിൽ

'തന്റേത് സ്വഭാവ ദൂഷ്യമല്ല; അസുഖം; 2016 മുതൽ സ്വഭാവ വൈകല്യത്തിനു ചികിത്സയിൽ; തുടർച്ചയായ ജയിൽവാസം ആരോഗ്യം മോശമാക്കും'; പോക്‌സോ കേസിൽ ജാമ്യം തേടി നടൻ ശ്രീജിത്ത് രവി ഹൈക്കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ ജാമ്യം തേടി നടൻ ശ്രീജിത്ത് രവി ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞദിവസം തൃശ്ശൂർ അഡീഷണൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ശ്രീജിത്ത് രവി ഹൈക്കോടതിയിൽ ജാമ്യഹർജി നൽകിയത്. പോക്‌സോ കേസിൽ കഴിഞ്ഞദിവസമാണ് ശ്രീജിത്ത് രവിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നടനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു.

തന്റേത് സ്വഭാവ ദൂഷ്യമല്ല, അസുഖമാണെന്നും 2016 മുതൽ സ്വഭാവ വൈകല്യത്തിനു ചികിത്സയിലാണെന്നുമാണ് ശ്രീജിത് രവി ഹർജിയിൽ പറയുന്നത്. തുടർച്ചയായ ജയിൽവാസം ആരോഗ്യം മോശമാക്കുമെന്നും ഹർജിയിൽ പറയുന്നു. പ്രതി മുൻപും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം തെറ്റായ സന്ദേശം നൽകുമെന്നുമുള്ള പൊലീസ് വാദം അംഗീകരിച്ചാണ് തൃശൂർ സിജെഎം കോടതി ഇന്നലെ ശ്രീജിത്ത് രവിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തത്.

തൃശ്ശൂർ അയ്യന്തോളിൽവെച്ച് ശ്രീജിത്ത് രവി കുട്ടികൾക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയെന്നാണ് കേസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് കേസിലെ പ്രതി നടൻ ശ്രീജിത്ത് രവിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് വ്യാഴാഴ്ച രാവിലെ വീട്ടിലെത്തി പിടികൂടുകയായിരുന്നു.

ജൂലായ് നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇതിന് തലേദിവസവും ശ്രീജിത്ത് രവി കുട്ടികൾക്ക് നേരേ നഗ്‌നതാപ്രദർശനം നടത്തിയിരുന്നു. അന്ന് കുട്ടികൾ വീട്ടുകാരോട് കാര്യം പറഞ്ഞെങ്കിലും പരാതി നൽകിയിരുന്നില്ല. തൊട്ടടുത്തദിവസവും പ്രതി ഇത് ആവർത്തിച്ചതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.

കാറിലെത്തിയാണ് ശ്രീജിത്ത് രവി നടന്നുവരികയായിരുന്ന രണ്ട് പെൺകുട്ടികൾക്ക് നേരേ നഗ്‌നതാപ്രദർശനം നടത്തിയത്. കുട്ടികൾ സ്‌കൂൾ വിട്ട് വരുന്നതിന് മുമ്പ് തന്നെ ഇയാൾ ഇവിടേക്ക് കാറിലെത്തിയിരുന്നു. തുടർന്ന് കുട്ടികൾ വന്നപ്പോൾ കാറിൽനിന്നിറങ്ങി അവരെ വിളിച്ച് നഗ്‌നതാപ്രദർശനം നടത്തുകയായിരുന്നു.

നഗ്‌നതാപ്രദർശനം നടത്തിയത് സിനിമാ നടനാണെന്ന് കുട്ടികളോ ഇവരുടെ വീട്ടുകാരോ തിരിച്ചറിഞ്ഞിരുന്നില്ല. കറുത്ത കാറിലെത്തിയ ആളാണെന്നും സംഭവം നടന്ന സമയവും മാത്രമാണ് കുട്ടികൾ പൊലീസിനോട് പറഞ്ഞത്. തുടർന്ന് പൊലീസ് ഈ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം തിരിച്ചറിഞ്ഞു. ഇതോടെയാണ് കാറിൽ വന്നത് നടൻ ശ്രീജിത്ത് രവിയാണെന്ന് വ്യക്തമായത്. തുടർന്ന് വ്യാഴാഴ്ച രാവിലെ തൃശ്ശൂരിലെ വീട്ടിൽനിന്ന് നടനെ തൃശ്ശൂർ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ പരാതി നൽകിയ കുട്ടികളും തിരിച്ചറിഞ്ഞു.

അതേസമയം, തനിക്ക് മനോവൈകല്യമുണ്ടെന്നും ഇതിന് ചികിത്സ തേടുന്നതായും നടൻ പൊലീസിനോട് പറഞ്ഞു. മരുന്ന് കഴിക്കാത്തതിനാലാണ് ഈ തെറ്റ് പറ്റിപ്പോയതെന്നും ശ്രീജിത്ത് രവി പൊലീസിനോട് പറഞ്ഞിരുന്നു. കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയപ്പോളും പ്രതിഭാഗവും ഇതുതന്നെയാണ് ആവർത്തിച്ചത്.

എക്സിബിഷനിസം എന്ന മനോവൈകല്യത്തിന് അടിമയാണെന്നും അതിനുള്ള ചികിത്സയിലാണെന്നുമാണ് ശ്രീജിത്ത് രവിയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റിൽ പറഞ്ഞിരുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും മുന്നിൽ നഗ്നതാപ്രദർശനം നടത്തുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. കഴിക്കുന്ന മരുന്നുകളുടെ കുറിപ്പടിയും ഹാജരാക്കി.കഴിഞ്ഞ നവംബറിൽ പരിയാരം മെഡിക്കൽ കോളേജിൽനിന്നുള്ളതാണിത്.

എന്നാൽ, അറസ്റ്റിലായ വ്യാഴാഴ്ചത്തെ തീയതിയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയത് കോടതി പരിഗണിച്ചില്ല. ഈ റിപ്പോർട്ടിൽ 2020-നുശേഷം കൃത്യമായി മെഡിക്കൽ പരിശോധനകൾ നടക്കുന്നില്ലെന്ന് പറയുന്നുണ്ട്. പ്രതി ജാമ്യത്തിലിറങ്ങിയാൽ അന്വേഷണത്തെ ബാധിക്കുമെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ഉത്തരവിൽ പറഞ്ഞിരുന്നു.

ഇതാദ്യമായല്ല ശ്രീജിത്ത് രവിക്കെതിരെ സമാനമായ കേസ് വരുന്നത്. 2016 ഓഗസ്റ്റിൽ ആയിരുന്നു ആ സംഭവം നടന്നത്. അന്ന് പാലക്കാട് പത്തിരിപ്പാലയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരേയാണ് ശ്രീജിത്ത് നഗ്‌നതാ പ്രദർശനം നടത്തിയത്. അന്ന് ശ്രീജിത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുകയായിരുന്നു. പോക്സോ പ്രകാരം തന്നെ ആയിരുന്നു അന്നും കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ശ്രീജിത്ത് രവി മാപ്പ് പറഞ്ഞതായും കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പാക്കിയതുമായാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP