Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിട പറഞ്ഞത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഉറ്റചങ്ങാതി; ആബെക്ക് വെടിയേറ്റ കാര്യം അറിഞ്ഞതിന് പിന്നാലെ ജപ്പാൻ അംബാസിഡറെ വിളിച്ചു കാര്യങ്ങൾ തിരക്കി മോദി; പ്രിയസുഹൃത്തിന് നേരെയുണ്ടായ ആക്രമണം അഗാധവേദനയുണ്ടാക്കിയെന്ന് പ്രതികരണവും; വിട വാങ്ങുന്നത് 2021 പത്മവിഭൂഷൻ നൽകി ആദരിച്ച നേതാവ്

വിട പറഞ്ഞത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഉറ്റചങ്ങാതി; ആബെക്ക് വെടിയേറ്റ കാര്യം അറിഞ്ഞതിന് പിന്നാലെ ജപ്പാൻ അംബാസിഡറെ വിളിച്ചു കാര്യങ്ങൾ തിരക്കി മോദി; പ്രിയസുഹൃത്തിന് നേരെയുണ്ടായ ആക്രമണം അഗാധവേദനയുണ്ടാക്കിയെന്ന് പ്രതികരണവും; വിട വാങ്ങുന്നത് 2021 പത്മവിഭൂഷൻ നൽകി ആദരിച്ച നേതാവ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ജപ്പാൻ കണ്ട ഏറ്റവും ജനകീയരായ നേതാക്കളിൽ ഒരാളായിരുന്നു. ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹമെന്ന് പറയാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സവിശേഷമായ അടുപ്പം അദ്ദേഹം വച്ചുപുലർത്തിയിരുന്നു. ഇന്ന് രാവിലെ ആക്രമണ വാർത്ത പുറത്തുവന്നപ്പോൾ തന്നെ മോദി ജപ്പാനിലെ ഇന്ത്യൻ അംബാസിഡറെ വിളിച്ച് കാര്യങ്ങൾ തിരക്കിയിരുന്നു.

പ്രിയ സുഹൃത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അഗാധ വേദനയുണ്ടെന്ന് മോദി പ്രതികരിച്ചു. 2021 പത്മവിഭൂഷൻ നൽകി ആദരിച്ച നേതാവു കൂടിയാണ് ഷിൻസോ ആബെ. ജപ്പാനിൽ ഏറ്റവും ദീർഘകാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ച നേതാവായിരുന്നു ആബെ. 2006 ൽ ആണ് ആദ്യം അധികാരത്തിലെത്തിയത് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജനിച്ച് ജപ്പാൻ പ്രധാനമന്ത്രിപദത്തിലെത്തുന്ന ആദ്യ വ്യക്തി. 52ാം വയസ്സിൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) പ്രതിനിധിയായി അധികാരമേറ്റ അദ്ദേഹം ജപ്പാന്റെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന വിശേഷണവും നേടി.

ആദ്യം സ്ഥാനമേറ്റ് ഒരു വർഷം കഴിഞ്ഞപ്പോൾ ആരോഗ്യകാരണങ്ങളാൽ സ്ഥാനമൊഴിഞ്ഞു. 2012 ൽ വീണ്ടും അധികാരത്തിൽ എത്തി. തുടർന്ന് മൂന്നു തവണ കൂടി തുടർച്ചയായി അധികാരത്തിലെത്തി. വൻകുടലിലെ രോഗമാണ് 2020 ൽ പ്രധാനമന്ത്രി സ്ഥാനം വിട്ടിറങ്ങാൻ ആബെയെ പ്രേരിപ്പിച്ചത്. ഒടുവിൽ രാഷ്ട്രീയചൂടേറിയ ഒരു തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായിരിക്കെയാണ് അക്രമിയുടെ വെടിയേറ്റ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത അന്ത്യം. ജപ്പാനിലും ഒപ്പം ലോകത്തിലും ഏറെ തലപ്പൊക്കം നേടിയ ജനനേതാവാണ് ഇങ്ങനെ കാലയവനികയ്ക്കു പിന്നിൽ മറയുന്നത്.

ഇന്ത്യയിലും ഏറെ പരിചിതനായ നേതാവായിരുന്നു ആബെ. ഇന്ത്യയും ജപ്പാനുമായി ഉണ്ടായ നിരവധി വമ്പൻ സൗഹൃദകരാറുകളിലൂടെ ഇന്ത്യയിലെ മാധ്യമതലക്കെട്ടുകളിലെ സ്ഥിരം പേരുകാരൻ. രാജ്യാന്തര വേദികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റസുഹൃത്തു കൂടിയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരരംഗത്ത് ഊഷ്മളബന്ധം ഊട്ടിയുറപ്പിച്ച നിരവധി കരാറുകൾ ഇരുനേതാക്കളും ഒരുമിച്ച് ഒപ്പിട്ടു. 2017 ൽ അലഹാബാദ് മുംബൈ സ്പീഡ് റെയിലിന് തറക്കല്ലിട്ടതും ഇരുവരും ഒരുമിച്ചായിരുന്നു.

2021 പത്മവിഭൂഷൻ നൽകി ആദരിച്ച നേതാവു കൂടിയായിരുന്നു ആബെ. ഈ വർഷം ആദ്യം നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125ാം ജന്മവാർഷികത്തോടനുബന്ധിച്ച് നേതാജി റിസർച് ബ്യൂറോ ഏർപ്പെടുത്തിയ നേതാജി അവാർഡിന് അർഹനായതും ആബെയായിരുന്നു. ആരോഗ്യകാരണങ്ങളാൽ ഇന്ത്യയിലേക്കു വരാനാകാതെ പോയ ആബെയ്ക്കു വേണ്ടി ജപ്പാൻ കോൺസൽ ജനറൽ നകാമുറ യുതാകയാണ് ജനുവരിയിൽ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ജപ്പാൻ ജനസംഖ്യയിൽ മൂന്നിലൊന്ന് 65 വയസ്സ് പിന്നിട്ടവരാണെന്നതായിരുന്നു സമ്പദ്വ്യവസ്ഥയെ ഉദ്ദീപിപ്പിക്കുന്നതിൽ ആബെ നേരിട്ട വലിയ ഭീഷണി. കൂടാതെ, ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കും. പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ് വിശ്രമ ജീവിതം നയിക്കുമ്പോഴും രാഷ്ട്രീയം അദ്ദേഹത്തെ വിട്ടുപോയില്ല. ഇങ്ങനെ പ്രാദേശിക തലത്തിൽ തെരഞ്ഞെടുപ്പു പ്രചരണം നയിക്കവേയാണ് ആബെ കൊല്ലപ്പെട്ടതും.

വെടിയുതിർത്തതെന്ന് സംശയിക്കുന്ന 41കാരനെ പൊലീസ് പിടികൂടിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാരോ സ്വദേശിയായ തെത്സുയ യമഗാമി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. രണ്ടുതവണ വെടിയൊച്ച കേട്ടുവെന്ന് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തു. ആബെയുടെ പിന്നിലൂടെ എത്തിയ ആളാണ് വെടിവെച്ചത്. രണ്ടാമത്തെ വെടിയേറ്റതിന് പിന്നാലെ ആബെ നിലത്തു വീഴുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP