Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചിന്തൻ ശിബിറിലെ പീഡന ശ്രമത്തിൽ പരാതി ലഭിച്ചിട്ടില്ല; യൂത്ത് കോൺഗ്രസ്സിന് സ്വന്തമായി പൊലീസും കോടതിയുമില്ല; പരാതി ഉണ്ടെങ്കിൽ അത് പാർട്ടി കോടതിയിൽ തീർപ്പാക്കില്ല; സ്വയം വികസിപ്പിച്ചെടുത്ത തീവ്രത അളക്കുന്ന യന്ത്രം കൊണ്ട് നടക്കുന്ന ശീലവും യൂത്ത് കോൺഗ്രസിനില്ലെന്ന് സംസ്ഥാന കമ്മിറ്റി

ചിന്തൻ ശിബിറിലെ പീഡന ശ്രമത്തിൽ പരാതി ലഭിച്ചിട്ടില്ല; യൂത്ത് കോൺഗ്രസ്സിന് സ്വന്തമായി പൊലീസും കോടതിയുമില്ല; പരാതി ഉണ്ടെങ്കിൽ അത് പാർട്ടി കോടതിയിൽ തീർപ്പാക്കില്ല; സ്വയം വികസിപ്പിച്ചെടുത്ത തീവ്രത അളക്കുന്ന യന്ത്രം കൊണ്ട് നടക്കുന്ന ശീലവും യൂത്ത് കോൺഗ്രസിനില്ലെന്ന് സംസ്ഥാന കമ്മിറ്റി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ചിന്തൻ ശിബരത്തിൽ നടന്ന പീഡന ശ്രമത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് രംഗത്തുവന്നു. മാധ്യമങ്ങളിലൂടെ പുറത്തുവന്ന പരാതിയെ യൂത്ത് കോൺഗ്രസ് തള്ളിക്കളഞ്ഞു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗത്തിനെതിരായി പീഡന പരാതി കിട്ടിയിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റിക്ക് പരാതി കിട്ടിയിട്ടില്ലെന്നും പരാതി ഉണ്ടെങ്കിൽ കഴിയാവുന്ന എല്ലാ നിയമസഹായവും ചെയ്യുമെന്നും യൂത്ത് കോൺഗ്രസ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പരാതിയുടെ നിജസ്ഥിതിയെ കുറിച്ച് പറയേണ്ടത് പരാതിക്കാരിയാണ്. കുറ്റക്കാരനെങ്കിൽ ആരെയും സംരക്ഷിക്കില്ലെന്നും യൂത്ത് കോൺഗ്രസ് വിശദീകരണം.

എന്നാൽ പാലക്കാട് നടന്ന യൂത്ത് കോൺഗ്രസ് ചിന്തൻശിബിരിനിടെ പ്രതിനിധിയായ വനിതാ അംഗത്തോട് ശംഭു പാൽകുളങ്ങര എന്ന വിവേക് നായർ മോശമായി പെരുമാറിയെന്നാണ് പരാതി. മദ്യപിച്ചെത്തിയ വിവേക് നായർ കിടക്ക പങ്കിടാൻ നിർബന്ധിച്ചു, സ്വകാര്യ ഭാഗത്ത് സ്പർശിച്ചു, തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് വനിതാ അംഗത്തിന്റെ കത്തിലുള്ളത്. ദളിത് വിഭാഗത്തിൽ നിന്ന് വരുന്ന താൻ സംഘടനയിൽ നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ട്. അതിൽ ഒന്നാണ് ഇത്. നിരവധി വനിതാ പ്രവർത്തകർ സമാന പ്രശ്‌നം നേരിടുന്നുണ്ടെന്നും കേരളത്തിന്റെ ചുമതല ഉള്ള സെക്രട്ടറി പുഷ്പലതക്ക് നൽകിയ പരാതിയിൽ പരാതിക്കാരി പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ ശുപാർശ അനുസരിച്ചാണ് ദേശീയ സെക്രട്ടറി വിവേകിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. എന്നാൽ പരാതിയും നടപടിയും എല്ലാം സംഘടനയ്ക്ക് അകത്ത് മാത്രമാണ്. പരാതി കിട്ടി ദിവസങ്ങളായിട്ടും യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇത് പൊലീസിന് കൈമാറാൻ തയ്യാറായിട്ടില്ല. സംഘടനയ്ക്ക് അകത്ത് തന്നെ നടപടി സ്വീകരിച്ച് പ്രശ്‌നം ഒതുക്കി തീർക്കാനാണ് നീക്കമെന്നും വാർത്തകൾ വന്നിരുന്നു.

സിപിഎം നേതാവ് പി കെ ശശിക്കെതിരെ സമാനമായ പരാതി ഉയർന്നപ്പോൾ പാർട്ടിക്കകത്ത് തന്നെ ഒതുക്കി തീർത്തതിനെതിരെ വലിയ വിമർശനമാണ് കോൺഗ്രസ് അന്ന് ഉയർത്തിയത്. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് എന്തുകൊണ്ട് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഇടത് സംഘടനകളുടെ ചോദ്യം. രണ്ടാം തീയതിയായിരുന്നു ആദ്യ അപമാനിക്കൽ. വാഷ് റൂമിൽ വച്ച് മോശമായി പെരുമാറിയെന്നും സഹകരിക്കണമെന്നും ശംഭു ആവശ്യപ്പെട്ടു. കിടക്ക പങ്കിടണമെന്ന തരത്തിൽ അശ്ലീലം സംസാരിച്ചു. മദ്യപിച്ചായിരുന്നു ശംഭു എത്തിയത്. യൂത്ത് കോൺഗ്രസിലെ എല്ലാ വനിതാ നേതാക്കളേയും അവഹേളിച്ചു സംസാരിച്ചെന്നും പരാതിയിൽ പറയുന്നു. അടുത്ത ദിവസം വീണ്ടും മദ്യപിച്ച് യോഗത്തിന് ശംഭു എത്തി. ഇതിനെ നേതാക്കൾ ചോദ്യം ചെയ്തു. ഇതോടെ തന്റെ നേർക്ക് ശംഭു തിരിഞ്ഞുവെന്ന് വനിതാ നേതാവ് പറയുന്നു.

തലേ ദിവസം വാഷ് റൂമിൽ നടന്നത് നേതാക്കളോട് താൻ പറഞ്ഞു എന്ന തെറ്റിധാരണയിലായിരുന്നു ആക്രമണം. ഉച്ചഭക്ഷണ സമയത്തായിരുന്നു ഇതുണ്ടായത്. തന്റെ മാറിടത്തിൽ ബലമായി തള്ളുകയും ഇത് നിനക്കുള്ള അവസാന മുന്നറിയിപ്പാണെന്ന് പറയുകയും ചെയ്തു. യൂത്ത് കോൺഗ്രസാണ് എന്റെ കുടുംബം. തന്നോട് എന്നും ഇതേ മനോഭാവമാണ് ശംഭു പുലർത്തിയതെന്നും പരാതിയിൽ പറയുന്നു. ലൈംഗിക അധിക്ഷേപമെന്ന വാക്കും പരാതിയിലുണ്ട്. ഈ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് ശംഭു പാൽക്കുളങ്ങരയെ സംഘടനയിൽ നിന്ന് പുറത്താക്കി. തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പാൽക്കുളങ്ങരയിൽ മത്സരിച്ച് മൂന്നാം സ്ഥാനത്ത് പോയ നേതാവാണ് ശംഭു.

അതേസമയം യൂത്ത് കോൺഗ്രസ്സിന് സ്വന്തമായി പൊലീസും കോടതിയുമില്ല. അതുകൊണ്ട് തന്നെ ഏതെങ്കിലും പരാതി ലഭിച്ചാൽ നടപടിക്രമങ്ങൾ പാലിക്കുകയും നിയമം നടപ്പിലാക്കുകയും ചെയ്യുമെന്നാണ് യൂത്ത് കോൺഗ്രസ് വിശദീകരിക്കുന്നത്.

വിവാദത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി പുറത്തിരക്കിയ വാർത്താ കുറിപ്പിൽ പറയുന്നത് ഇങ്ങനെ:

യൂത്ത് കോൺഗ്രസ്സിന് സ്വന്തമായി പൊലീസും കോടതിയുമില്ല. അതുകൊണ്ട് തന്നെ ഏതെങ്കിലും പരാതി ലഭിച്ചാൽ നടപടിക്രമങ്ങൾ പാലിക്കുകയും നിയമം നടപ്പിലാക്കുകയും ചെയ്യും. ഇന്നലെ വരെ ദേശാഭിമാനിയിലും ചില ഇടത് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും പറയപ്പെടുന്ന പരാതി സംസ്ഥാന കമ്മിറ്റിക്ക് ഇത് വരെ ലഭിച്ചിട്ടില്ല.

ക്യാമ്പിൽ വിവേകിന്റെ ഭാഗത്ത് നിന്ന് സംഘടനാ മര്യാദക്ക് നിരക്കാത്ത പെരുമാറ്റം വന്നപ്പോഴുണ്ടായ വാക്കുതർക്കത്തെയും, സംസ്ഥാന യൂത്ത് കോൺഗ്രസ്സ് ഉപാധ്യക്ഷൻ ഉൾപ്പടെയുള്ളവർക്ക് എതിരെ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചതിനെ കുറിച്ചും അഖിലേന്ത്യാ നേതൃത്വത്തിന് ലഭിച്ച പരാതിയിൽ സംഘടനാപരമായി നടപടിയും എടുത്തു.
ഇന്നും ചില മാധ്യമങ്ങൾ സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ്സ് നേതൃത്വം പരാതി ലഭിച്ചിട്ടും പൊലീസിന് കൈമാറിയിട്ടില്ല എന്ന രീതിയിൽ വാർത്ത കൊടുത്തത് കണ്ടു.

അത് തീർത്തും അടിസ്ഥാനരഹിതമാണ്. വാർത്തയിൽ കാണിക്കുന്ന പരാതിയുടെ നിജസ്ഥിതിയെ കുറിച്ച് പറയേണ്ടത് പരാതിക്കാരിയാണ്. ഏതെങ്കിലും പെൺകുട്ടിക്ക് അത്തരമൊരു പരാതി ഉണ്ടെങ്കിൽ കഴിയാവുന്ന എല്ലാ നിയമസഹായവും നൽകും. പൊലീസിനെ സമീപിക്കുവാൻ പിന്തുണയും നൽകും. കുറ്റക്കാരനെങ്കിൽ ആരെയും സംരക്ഷിക്കില്ല. സ്വയം വികസിപ്പിച്ചെടുത്ത തീവ്രത അളക്കുന്ന യന്ത്രം കൊണ്ട് നടക്കുന്ന അന്വേഷണ കമ്മീഷനുകൾ ഉള്ള സിപിഎം, യൂത്ത് കോൺഗ്രസ്സിനെ സ്ത്രീ സംരക്ഷണം പഠിപ്പിക്കേണ്ട. പരാതി ഉണ്ടെങ്കിൽ അത് പാർട്ടി കോടതിയിൽ തീർപ്പാക്കില്ല.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP