Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിമാനത്തിലെ പ്രതിഷേധം: മർദ്ദിച്ചെന്ന് യൂത്ത് കോൺഗ്രസുകാർ പരാതി പറഞ്ഞിട്ടില്ല; ഇ.പിക്കെതിരെ കേസെടുക്കില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി; വലിയതുറ സ്റ്റേഷനിൽ പരാതി നൽകി; മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഫർസീൻ മജീദ്; പൊലീസിന് മൊഴി നൽകി ഇപി ജയരാജൻ

വിമാനത്തിലെ പ്രതിഷേധം: മർദ്ദിച്ചെന്ന് യൂത്ത് കോൺഗ്രസുകാർ പരാതി പറഞ്ഞിട്ടില്ല; ഇ.പിക്കെതിരെ കേസെടുക്കില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി; വലിയതുറ സ്റ്റേഷനിൽ പരാതി നൽകി; മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഫർസീൻ മജീദ്; പൊലീസിന് മൊഴി നൽകി ഇപി ജയരാജൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന ആരോപണത്തിൽ ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജനെതിരേ കേസെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ രേഖാമൂലമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പരാതി നൽകിയിരുന്നെന്നും മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഫർസീൻ മജീദ് ആരോപിച്ചു.

പൊലീസിൽ നൽകിയ പരാതിയിലോ കോടതിയിലോ യൂത്ത് കോൺഗ്രസുകാർ ഇത്തരമൊരു കാര്യം പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഇ.പി ജയരാജൻ അവരെ തടയുകയായിരുന്നുവെന്നുമാണ് മുഖ്യമന്ത്രി  രേഖാമൂലം സഭയെ അറിയിച്ചത്.

യുവജന സംഘടനാ പ്രവർത്തകരെ മർദിച്ചതിൽ ഇ.പിക്കെതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംഎൽഎമാരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തങ്ങൾ ചെയ്ത പ്രവൃത്തിയുടെ ഗൗരവം കുറയ്ക്കുന്നതിന് വേണ്ടിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അത്തരമൊരു ആരോപണം ഉന്നയിച്ചത്. ഇ.പി ജയരാജനെതിരെ കേസെടുക്കുന്ന കാര്യത്തിൽ നിയമോപദേശം തേടിയിട്ടുണ്ടോയെന്ന ചോദ്യവും പ്രതിപക്ഷം ഉന്നയിച്ചു. നിയമോപദേശം തേടിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി നൽകിയ മറുപടി. കേസെടുക്കേണ്ട കാര്യമില്ലെന്ന നിലപാടാണ് സർക്കാരിനുമുള്ളത്.

ഇ.പി.ജയരാജനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതി പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുക്കാത്തത്. ജയരാജൻ മർദ്ദിച്ചെന്ന പരാതി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുറ്റകൃത്യം ലഘൂകരിക്കാനാണെന്നുമാണ് വിശദീകരണം.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചപ്പോൾ ഇ.പി.ജയരാജൻ തടയാൻ ശ്രമിച്ചു. ഈ സംഭവത്തെ മർദനമായി കാണിച്ച് രണ്ടുപേർ ജയരാജനെതിരെ ഇ മെയിലിൽ പരാതി നൽകി. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചു വരികയാണ്. കേസിലെ ഒന്നും രണ്ടും പ്രതികൾ കോടതിയിലോ പൊലീസിലോ ഇ.പി.ജയരാജൻ മർദിച്ചതായി ആരോപണം ഉന്നയിച്ചിട്ടില്ല. പ്രതികൾ നടത്തിയ കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കുന്നതിനാണ് ഇ.പി.ജയരാജനെതിരെ പരാതി നൽകിയതെന്ന് ബോധ്യമായതിനാൽ പ്രത്യേകം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധാരണ പൗരന് ലഭിക്കേണ്ട നീതി നിഷേധിക്കുകയാണ് മുഖ്യമന്ത്രിയെന്ന് കേസിലെ പ്രതിയായ ഫർസീൻ മജീദ് പറഞ്ഞു. പൊലീസിൽ ഇക്കാര്യം പറഞ്ഞ് പരാതി നൽകിയിരുന്നു. വലിയതുറ സ്റ്റേഷനിൽ ഇ.പി ജയരാജനെതിരെ പരാതി നൽകിയതാണ്. ഇത് നിഷേധിക്കുന്നതിലൂടെ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഫർസീൻ മജീദ് പറഞ്ഞു. ഇ.പി ജയരാജൻ തടയുകയായിരുന്നില്ല തങ്ങൾക്ക് നേരെ വരികയായിരുന്നുവെന്നും ഫർസീൻ പറഞ്ഞു.

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനമൊട്ടാകെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് അദ്ദേഹം സഞ്ചരിച്ച വിമാനത്തിനുള്ളിലും രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. കണ്ണൂരിൽനിന്നു തിരുവനന്തപുരത്തെത്തിയ ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ.നവീൻകുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവരാണ് 'മുഖ്യമന്ത്രി രാജിവയ്ക്കുക' എന്ന മുദ്രാവാക്യവുമായി പ്രതിഷേധിച്ചത്. ഇവരെ ഇ.പി.ജയരാജൻ സീറ്റുകൾക്കിടയിലേക്കു തള്ളിയിട്ടതും വിവാദമായിരുന്നു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ, സുനിത് നാരായണൻ എന്നിവർ വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചു. ഇപി ജയരാജൻ ആക്രമണം തടയാൻ ശ്രമിച്ചു. നിത്യാനന്ദ കെ.യു,ദിൽജിത്ത് എന്നിവർ ഈ വിഷയത്തിൽ ഇ-മെയിൽ വഴി പരാതി നൽകിയെന്നും മുഖ്യമന്ത്രി സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചതിന് ഫർസീൻ മജീദ്,നവീൻകുമാർ, സുനിത് നാരായണൻ എന്നിവരെ പ്രതികളാക്കി വലിയതുറ പൊലീസ് കേസെടുത്തിട്ടുണ്ട്. സിവിൽ ഏവിയേഷൻ നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ അനുസരിച്ചും ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. കേസിലെ ഒന്നും രണ്ടും പ്രതികൾ കോടതിയിലോ പൊലീസ് കസ്റ്റഡിയിലോ ഉണ്ടായിരുന്നപ്പോഴോ ഇപി ജയരാജനെതിരേ പരാതി പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ അല്ല, ജയരാജനെതിരേ കേസ് എടുക്കേണ്ടെന്നു തീരുമാനിച്ചതെന്നും മുഖ്യമന്ത്രിയുടെ മറുപടിയിൽ ഉണ്ട്.

അതേ സമയം വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ ഇപി ജയരാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ അതിക്രമം തടയാൻ മാത്രമാണ് താൻ ശ്രമിച്ചതെന്നാണ് ജയരാജൻ പൊലീസിന് നൽകിയ മൊഴി. ജയരാജനെതിരെ യൂത്ത് കോൺഗ്രസ് ഉൾപ്പെടെ നൽകിയ പരാതികൾ തള്ളിയ പൊലീസ് അത്തരം പരാതികൾ നിലനിൽക്കില്ലെന്ന നിലപാടിലാണ്. മുഖ്യമന്ത്രിക്കെതിരെ അതിക്രമം നടത്തിയ പ്രതികളെ തടഞ്ഞതിന് കേസെടുക്കാനാവില്ലെന്നാണ് പ്രത്യേക സംഘം എഡിജിപിക്ക് നൽകിയ റിപ്പോർട്ടിലുള്ളത്.

എന്നാൽ പൊലീസ് നിലപാടിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയതിന് ഇ പി ജയരാജനെതിരെ കേസെടുക്കില്ലെന്ന നിലപാട് രണ്ട് നീതിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇക്കാര്യത്തിൽ നിയമപരമായ വഴി തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP