Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംഎൽഎ സ്ഥാനം രാജിവച്ചാൽ ഉപതെരഞ്ഞെടുപ്പ് കടമ്പ കഠിനമാകും; കാലം തെറ്റി ചെങ്ങന്നൂരിൽ തോറ്റാൽ തുടർ ഭരണ പ്രതിച്ഛായ തകരും; തൃക്കാക്കരയിലെ വിജയത്തിനൊപ്പം സിപിഎം സിറ്റിങ് സീറ്റ് കൂടി കോൺഗ്രസ് പിടിച്ചാൽ ലോക്സഭയിൽ വീണ്ടും അടി തെറ്റുമെന്ന് യെച്ചൂരിയോട് വിശദീകരിച്ച് കേരള ഘടകം; സജി ചെറിയാൻ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല; പ്രതിഷേധങ്ങളെ അവഗണിക്കാൻ പിണറായി

എംഎൽഎ സ്ഥാനം രാജിവച്ചാൽ ഉപതെരഞ്ഞെടുപ്പ് കടമ്പ കഠിനമാകും; കാലം തെറ്റി ചെങ്ങന്നൂരിൽ തോറ്റാൽ തുടർ ഭരണ പ്രതിച്ഛായ തകരും; തൃക്കാക്കരയിലെ വിജയത്തിനൊപ്പം സിപിഎം സിറ്റിങ് സീറ്റ് കൂടി കോൺഗ്രസ് പിടിച്ചാൽ ലോക്സഭയിൽ വീണ്ടും അടി തെറ്റുമെന്ന് യെച്ചൂരിയോട് വിശദീകരിച്ച് കേരള ഘടകം; സജി ചെറിയാൻ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല; പ്രതിഷേധങ്ങളെ അവഗണിക്കാൻ പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എംഎൽഎ സ്ഥാനം സജി ചെറിയാൻ സ്വയം രാജിവയ്ക്കില്ല. എന്തു സമ്മർദ്ദം ഉണ്ടെങ്കിലും നിയമസഭാ പ്രതിനിധിയായി സജി ചെറിയാൻ തുടരും. ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പുണ്ടാകുന്നത് ഈ ഘട്ടത്തിൽ പ്രതിസന്ധിയാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിലയിരുത്തലാണ് ഇതിന് കാരണം. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. തുടർഭരണത്തിന്റെ അനുകൂല സാഹചര്യം ചെങ്ങന്നൂരിൽ തോൽവിയുണ്ടായാൽ സിപിഎമ്മിന് നഷ്ടമാകും. ഇത് ലോക്സഭാ തെരഞ്ഞെടുപ്പിൽ അടക്കം പ്രതിഫലിക്കും. അതുകൊണ്ട് സജി ചെറിയാന്റെ നിയമസഭാ അംഗത്വ രാജിക്ക് വേണ്ടി പിടിവാശി പിടിക്കരുതെന്നാണ് യെച്ചൂരിയോട് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ സിപിഎം കേന്ദ്ര നേതൃത്വവും സജി ചെറിയാന് മേൽ സമ്മർദ്ദം ചെലുത്തില്ല.

മന്ത്രിസ്ഥാനത്തും സജി ചെറിയാനെ നിലനിർത്തണമെന്ന ആഗ്രഹം പിണറായി വിജയനുണ്ടായിരുന്നു. എന്നാൽ യെച്ചൂരി ഇക്കാര്യത്തിൽ കടുത്ത നിലപാട് എടുത്തു. പ്രകാശ് കാരാട്ടും എംഎ ബേബിയും അടക്കം സജി ചെറിയാനെ തള്ളി പറഞ്ഞു. ഇതോടെയാണ് സജി ചെറിയാൻ രാജിവച്ചത്. ഇതിന് ശേഷം എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഇതോടെയാണ് രാഷ്ട്രീയ സാഹചര്യങ്ങൾ കേന്ദ്ര നേതാക്കൾക്ക് മുമ്പിൽ സിപിഎം സംസ്ഥാന നേതൃത്വം അവതരിപ്പിച്ചത്. ഭരണ ഘടനയെ തള്ളി പറഞ്ഞാലും ആർക്കും നിയമസഭാ അംഗത്വം നഷ്ടമാകില്ല. ഈ സാഹചര്യത്തിൽ സജി ചെറിയാനെതിരായ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാണ് സിപിഎം തീരുമാനം. ഭരണഘടനയെ അനുകൂലിക്കാത്തവരും നിയമസഭാ അംഗങ്ങളായി എന്ന ഇന്ത്യൻ രാഷ്ട്രീയ ചരിത്രവും അവതരിപ്പിക്കും. അതിനാണ് സിപിഎം തയ്യാറെടുക്കുന്നത്.

ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പു വന്നാൽ തിരിച്ചടിയുണ്ടാകുമെന്ന് സിപിഎം കരുതുന്നതിന് കാരണങ്ങൾ പലതാണ്. രാഹുൽ മാങ്കൂട്ടത്തിൽ, ചാണ്ടി ഉമ്മൻ, ജ്യോതി വിജയകുമാർ തുടങ്ങിയ യുവനിര ചെങ്ങന്നൂരിൽ മത്സരിച്ചാൽ എന്തും സംഭവിക്കും. ഓർത്തഡോക്സ് സഭയ്ക്ക് നിർണ്ണായക സ്വാധീനം ഈ മേഖലയിലുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ക്രൈസ്തവ സഭകളുടെ പിന്തുണ സിപിഎമ്മിന് കിട്ടിയില്ല. ചെങ്ങന്നൂരിലും ഈ സ്ഥിതി തുടരാം. ഇതിനൊപ്പം കെ റെയിൽ സമര മേഖല കൂടിയാണ് ചെങ്ങന്നൂർ. ഈ പ്രതിഷേധവും ഇടതിന് വിനയാണ്. അതിനാൽ ചെങ്ങന്നൂരിൽ സിപിഎം ഉപതെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ സജി ചെറിയാൻ എംഎൽഎയായി തുടരട്ടേ എന്നതാണ് സിപിഎം നിലപാട്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ 20ൽ 19ഉം യുഡിഎഫാണ് ജയിച്ചത്. ആലപ്പുഴ മാത്രമാണ് സിപിഎം ജയിച്ചത്. ഇതോടെ ലോക്സഭയിൽ സിപിഎം അംഗ ബലം കുറഞ്ഞു. ഇത്തവണ ഇത് രണ്ടക്കം കടക്കണമെന്നതാണ് സിപിഎം ദേശീയ നേതൃത്വത്തിന്റേയും ആഗ്രഹം. അതിന് കേരളത്തിലാണ് പ്രധാന പ്രതീക്ഷ. ബംഗാളിലും ത്രിപുരയിലും പാർട്ടി ഇന്ന് തകർന്നടിഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തിൽ കേരളത്തിൽ കോൺഗ്രസിന് അനുകൂല രാഷ്ട്രീയ സാഹചര്യം ഉണ്ടാകുന്നതിനെ യെച്ചൂരിയും ഭയക്കുമെന്നാണ് സിപിഎം സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തൽ. അതുകൊണ്ടാണ് ഉപതെരഞ്ഞെടുപ്പ് പാടില്ലെന്ന വാദവുമായി സജി ചെറിയാനെ എംഎൽഎയായി നിലനിർത്താനുള്ള ശ്രമം.

മന്ത്രിയെ പരമാവധി സംരക്ഷിക്കാൻ പാർട്ടിയും മുഖ്യമന്ത്രിയും ശ്രമിച്ചെങ്കിലും സിപിഎം കേന്ദ്ര നേതൃത്വം കർശന നിലപാട് എടുത്തതോടെ മന്ത്രി രാജിവച്ചന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം. ഭരണഘടനയ്ക്കുവേണ്ടിയാണ് താനും തന്റെ പാർട്ടിയും നിലകൊള്ളുന്നതെന്നു പറയുമ്പോഴും മല്ലപ്പള്ളിയിലെ പ്രസംഗത്തെ തള്ളിപ്പറയാൻ പത്രസമ്മേളനത്തിലും മന്ത്രി തയാറായില്ല. എംഎൽഎസ്ഥാനം രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് സജി ചെറിയാൻ ഉത്തരം പറഞ്ഞില്ല. ഒന്നര മണിക്കൂർ ഉണ്ടായിരുന്ന തന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം മാധ്യമങ്ങൾ പ്രചരിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയെന്ന നിലയിൽ തുടർന്നാൽ സ്വതന്ത്രമായ അന്വേഷണത്തിനു തടസം ഉണ്ടാകും. അതിനാലാണ് രാജി വയ്ക്കുന്നത്. തന്റെ പ്രസംഗം ഭരണഘടനയ്ക്കെതിരെയുള്ള ഒന്നായി ചിത്രീകരിക്കപ്പെടുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പരാമർശത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിഷയത്തിലെ നിലപാട് വ്യക്തമാക്കാൻ തയാറായില്ല. സംസ്ഥാനത്തെ നേതാക്കൾ യോഗം ചേർന്ന് തീരുമാനമെടുക്കട്ടെയെന്നാണ് യെച്ചൂരി പ്രതികരിച്ചത്. സംസ്ഥാന നേതാക്കളുമായി താൻ സംസാരിച്ചെന്നും ഉചിതമായ തീരുമാനം ഉടൻ ഉണ്ടാകും എന്നും യെച്ചൂരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സജി ചെറിയാൻ രാജി പ്രഖ്യാപിച്ചത്. ഇതിന് മുമ്പ് തന്നെ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന പിടിവാശി പാടില്ലെന്ന് കേന്ദ്ര നേതൃത്വത്തെ സിപിഎം സംസ്ഥാന നേതാക്കൾ തന്നെ അറിയിച്ചിരുന്നു. ഇത് കേന്ദ്ര നേതാക്കളും ഉൾക്കൊണ്ടിട്ടുണ്ട്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മൂന്ന് മന്ത്രിമാർക്കാണ് രാജിവെക്കേണ്ടിവന്നത്. ബന്ധുനിയമന വിവാദത്തിൽ കുടുങ്ങി ജയരാജനും ഫോൺവിളി വിവാദത്തിൽ കുടുങ്ങിയ എ.കെ. ശശീന്ദ്രനും മന്ത്രിസ്ഥാനം പോയി. ബന്ധുനിയമനവിവാദത്തിലെ ലോകായുക്ത ഉത്തരവിനെ തുടർന്ന് കെ.ടി. ജലീലും രാജിവെച്ചിരുന്നു. ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ രണ്ടാം പിണറായി സർക്കാരിലെ ആദ്യരാജിയാണ് സജി ചെറിയാന്റേത്. വിവാദത്തിൽ സിപിഎമ്മിന് പോലും പ്രതിരോധം തീർക്കാൻ വാദങ്ങളുണ്ടായിരുന്നില്ല. മന്ത്രി സ്ഥാനത്ത് കടിച്ചുതൂങ്ങാൻ സജി ചെറിയാന് മുന്നിൽ മറ്റുവഴികളൊന്നും ഉണ്ടായിരുന്നില്ല. നിയമപരമായി അനിവാര്യമായ രാജി ഒന്നര ദിവസത്തിനുള്ളിൽ തന്നെ സംഭവിച്ചു. ബുധനാഴ്ച രാവിലെ മാധ്യമങ്ങളുടെ ചോദ്യത്തോട് താൻ എന്തിന് രാജിവയ്ക്കണമെന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. എന്നാൽ മണിക്കൂറുകൾക്കകം തന്നെ സാഹചര്യം മാറിമറിഞ്ഞു.

സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളും കേന്ദ്ര നേതൃത്വവും കൈയൊഴിഞ്ഞതോടെ മന്ത്രി ഒറ്റപ്പെട്ടു. വിവാദത്തിൽ മുഖ്യമന്ത്രി എ.ജിയുടെ നിയമോപദേശം കൂടി തേടിയതോടെ സജി ചെറിയാന് മുന്നിലുള്ള അവസാന വഴിയും അടഞ്ഞു. നിയമോപദേശം തേടിയ സാഹചര്യത്തിൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന ധാർമികവശം ചൂണ്ടിക്കാണിച്ച് രാജിവയ്ക്കുകയാണെന്നാണ് സജി ചെറിയാൻ ബുധനാഴ്ച വൈകീട്ട് നടത്തിയ രാജി പ്രഖ്യാപനത്തിൽ അറിയിച്ചത്. എന്നാൽ, ഈ ധാർമികത മന്ത്രിസ്ഥാനത്ത് തുടരുന്ന കാര്യത്തിൽ മാത്രം മതിയോ എന്നതാണ് ഇനിയുള്ള ചോദ്യം. ഭരണഘടനയെ അവഹേളിച്ച സജി ചെറിയാൻ എംഎൽഎ സ്ഥാനത്ത് തുടരുന്നതും ശരിയല്ലെന്ന വിമർശനവും ഉയരുന്നുണ്ട്. പ്രതിപക്ഷം എംഎൽഎ സ്ഥാനത്തു നിന്നുള്ള രാജി ആവശ്യപ്പെട്ട് പ്രതിഷേധവും തുടങ്ങി.

നിയമപ്രകാരം സ്ഥാപിതമായ ഇന്ത്യൻ ഭരണഘടനയോട് സത്യസന്ധമായ കൂറും വിശ്വസ്തതയും പുലർത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎയായ ആൾ അതേ ഭരണഘടനയെ തന്നെയാണ് അവഹേളിച്ചതെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. ഭരണഘടനയുടെ സ്ഥാപനങ്ങൾ വഴി, പ്രക്രിയകൾ വഴി എംഎൽഎ ആയ ഒരുജനപ്രതിനിധിക്ക് ആ സ്ഥനത്തിരുന്നുകൊണ്ട് ഭരണഘടനയെ തള്ളിപ്പറയാൻ ധാർമികാവകാശമില്ലെന്ന് പ്രതിപക്ഷം പറയുന്നു. സജി ചെറിയാൻ എംഎൽഎ സ്ഥാനം കൂടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടു. സിപിഎമ്മിനെതിരേ വീണുകിട്ടിയ അവസരമായതിനാൽ സജി ചെറിയാൻ എംഎൽഎ സ്ഥാനംകൂടി രാജിവയ്ക്കുന്നതുവരെ പ്രതിപക്ഷം പ്രതിഷേധം തുടർന്നേക്കും. എന്നാൽ ഇത് സിപിഎം കാര്യമാക്കില്ല. സിപിഐയേയും രാഷ്ട്രീയ സാഹചര്യം പറഞ്ഞു മനസ്സിലാക്കി പരസ്യ പ്രതികരണങ്ങളിൽ നിന്ന് അകറ്റി നിർത്തും.

നിലവിലെ സാഹചര്യത്തിൽ പുതിയൊരാൾ മന്ത്രിസഭയിലേക്ക് വരാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. സജി ചെറിയാൻ രാജിവച്ചതോടെ സ്വാഭാവികമായും അദ്ദേഹത്തിന്റെ വകുപ്പുകൾ മുഖ്യമന്ത്രിയിലേക്ക് വന്നുചേർന്നു. ഈ വകുപ്പുകൾ ആർക്ക് നൽകണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഒഴിച്ചുകൂടാനാകാത്ത സാഹചര്യത്തിൽ മാത്രമേ ഇനിയൊരു പുതിയ മന്ത്രി രണ്ടാം പിണറായി സർക്കാരിലേക്ക് വരുകയുള്ളുവെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അങ്ങനെ വന്നാൽ ആലപ്പുഴയിൽ നിന്നുതന്നെയുള്ള മറ്റൊരു എംഎൽഎയെ മന്ത്രിയാകണമെന്ന നിർദ്ദേശം പാർട്ടി മുന്നോട്ടുവയ്ക്കാനാണ് സാധ്യത. സാംസ്‌കാരിക, ഫിഷറീസ് വകുപ്പുകൾ കൈകാര്യം ചെയ്യാനാകുന്ന ഒരു നേതാവിനെ തന്നെ കണ്ടെത്തുകയും വേണം. വിവിധ ഘടകങ്ങൾ കണക്കിലെടുത്ത് മാത്രമേ സിപിഎം ഒരു മന്ത്രിയെ തീരുമാനിക്കുകയുള്ളു. സിപിഎം സംസ്ഥാന സമിതിയും സെക്രട്ടറിയേറ്റും ചേർന്നായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

ഭരണഘടനയ്‌ക്കെതിരേയുള്ള വിവാദ പരാമർശത്തിൽ പ്രതിഷേധവും വിമർശനവും ശക്തമായ സാഹചര്യത്തിലാണ് സജി ചെറിയാൻ രാജിവച്ച് ഒഴിഞ്ഞത്. ആരെങ്കിലും കോടതിയെ സമീപിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം സിപിഐ തന്നെ വ്യക്തമാക്കിയിരുന്നു. കോടതിയിൽ നിന്ന് സജി ചെറിയാന് അനുകൂലമായ ഒരു വിധിയുണ്ടായാൽ അദ്ദേഹം മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുമോ എന്നതും വലിയൊരു ചോദ്യമാണ്. കോടതിയിൽ നിന്ന് ഇത്തരത്തിൽ ഒരു നിയമപരമായ പരിരക്ഷ കിട്ടിയാൽ സജി ചെറിയാൻ മടങ്ങിവരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് ഇത്തരത്തിൽ രാജിവച്ച മന്ത്രിമാർ തിരിച്ചെത്തിയ സാഹചര്യവുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP