Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മല്ലപ്പള്ളി പ്രസംഗം ആരുചോർത്തി? മന്ത്രി വെട്ടിൽ വീണതോടെ ചാരന്മാരെ പിടിക്കാൻ സിപിഎം; ചോർച്ചയ്ക്ക് എതിരെ സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ പോര്; വിഭാഗീയ പ്രവർത്തനം നടത്തുന്നവർ പിന്നിലെന്നും അന്വേഷണം വേണമെന്നും മുറവിളി

മല്ലപ്പള്ളി പ്രസംഗം ആരുചോർത്തി? മന്ത്രി വെട്ടിൽ വീണതോടെ ചാരന്മാരെ പിടിക്കാൻ സിപിഎം; ചോർച്ചയ്ക്ക് എതിരെ സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ പോര്; വിഭാഗീയ പ്രവർത്തനം നടത്തുന്നവർ പിന്നിലെന്നും അന്വേഷണം വേണമെന്നും മുറവിളി

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: മന്ത്രി സജി ചെറിയാന്റെ രാജിക്കായി പ്രതിപക്ഷം മുറവിളി ശക്തമാക്കിയിരിക്കെ, മല്ലപ്പള്ളിയിലെ പ്രസംഗം ചോർന്നത് പാർട്ടി അന്വേഷിക്കണമെന്ന് സിപിഎം ഏരിയാ കമ്മിറ്റി യോഗത്തിൽ ആവശ്യം ഉയർന്നു. യോഗത്തിൽ പ്രസംഗം ചോർന്നതിനെതിരെ രൂക്ഷവിമർശനം ഉയർന്നു. പ്രസംഗം ചോർന്നതിനു പിന്നിൽ വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരെന്നാണ് ആരോപണം. പ്രസംഗം ചോർന്നത് സംബന്ധിച്ച് പാർട്ടി അന്വേഷിച്ച് നടപടിയടുക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ സിപിഎം ഏരിയ കമ്മിറ്റിയുടെ പരിപാടിയിൽ ഞായറാഴ്ചയായിരുന്നു മന്ത്രിയുടെ വിവാദപ്രസംഗം. ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേത് എന്നാണ് മന്ത്രി പറഞ്ഞത്. മല്ലപ്പള്ളി സിപിഎം ഏരിയ കമ്മിറ്റിയുടെ ഫേസ്‌ബുക് പേജിൽ പ്രസംഗത്തിന്റെ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. പ്രസംഗം വിവാദമായതോടെ ഇതു നീക്കി.

സജി ചെറിയാൻ തല്ക്കാലം രാജി വയ്‌ക്കേണ്ടെന്നാണ് സിപിഎം അവെയ്‌ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിലെ ധാരണ. കേസ് കോടതിയിൽ എത്താത്തത് കണക്കിലെടുത്താണ് തീരുമാനം. സിപിഎം അവെയ്‌ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ, എന്തിന് രാജി വയ്ക്കണമെന്ന മറുചോദ്യമാണ് സജി ചെറിയാനും ഉന്നയിച്ചത്. എല്ലാം ഇന്നലെ പറഞ്ഞതല്ലേ എന്നും സജി ചെറിയാൻ ചോദിച്ചു. എകെജി സെന്ററിൽ ചേർന്ന സിപിഎം അവെയ്‌ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് മന്ത്രി വി എൻ വാസവന് ഒപ്പമാണ് സജി ചെറിയാൻ എത്തിയത്.

സംഭവിച്ചത് നാക്ക്പിഴയെന്ന് യോഗത്തിൽ സജി ചെറിയാൻ വിശദീകരിച്ചു. വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തെയാണ്. ഭരണഘടനയെന്നത് നാക്കുപിഴ ആണെന്നും സജി ചെറിയാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് മുമ്പാകെ വ്യക്തമാക്കി. ഭരണഘടനയ്‌ക്കെതിരായ ചെറിയാന്റെ പ്രസംഗം വിവാദമായതോടെ പരുങ്ങലിലായ സർക്കാർ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. നാക്ക് പിഴയാകാമെന്നും രാജി വേണ്ടെന്നും ആയിരുന്നു സിപിഎം നിലപാട്. പിന്നീട് പ്രസംഗത്തെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ തന്നെ രംഗത്തെത്തി. നിയമസഭയിൽ വിശദീകരണം നടത്തിയ സജി ചെറിയാൻ പറഞ്ഞത് തന്റെ പ്രസംഗത്തെ വളച്ചൊടിച്ചു എന്നാണ്. ഭരണകൂടത്തെ ആണ് വിമർശിച്ചത്. ഭരണഘടനയെ അല്ല. തെറ്റിദ്ധാരണ ഉണ്ടാക്കും വിധം തന്റെ പ്രസംഗം വ്യാഖ്യാനിക്കാനിടയായതിൽ ഖേദവും ദുഃഖവും രേഖപ്പെടുത്തുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഭരണഘടനയ്ക്കെതിരായ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ കോടതിയിൽ ഹർജി സമർപ്പിച്ചു. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. മറ്റന്നാൾ വിശദമായി പരിശോധിക്കുമെന്ന് കോടതി അറിയിച്ചു. രാജ്യദ്രോഹപരമായ പരാമർശങ്ങളാണ് പ്രസംഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ഭരണഘടനയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമം ഉണ്ടായിട്ടുണ്ടെന്നും ഹർജിക്കാരൻ ഹർജിയിൽ ആരോപിക്കുന്നു.

ഈ വിഷയത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കീഴ്‌വായ്പൂർ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹർജിയിൽ സൂചിപ്പിച്ചിട്ടുണ്ട്. അതിനാൽ വിവാദ പ്രസംഗത്തിൽ മന്ത്രിക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP