Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത് എന്റെ ബുദ്ധി; എന്നെ ഉപമുഖ്യമന്ത്രിയാക്കിയത് മോദിയും അമിത് ഷായും നദ്ദയും; തന്റെ പാർട്ടിയും ശിവസേനയിലെ വിമത വിഭാഗവും ഒരു പൊതു പ്രത്യയശാസ്ത്രത്തിനും; മഹാരാഷ്ട്രയിൽ 'താമര' വിരിഞ്ഞിട്ടും രണ്ടാമനായ ഫഡ്‌നാവീസ്; സത്യപ്രതിജ്ഞാ ദിവസം സംഭവിച്ചത് ബിജെപി നേതാവ് പറയുമ്പോൾ

ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത് എന്റെ ബുദ്ധി; എന്നെ ഉപമുഖ്യമന്ത്രിയാക്കിയത് മോദിയും അമിത് ഷായും നദ്ദയും; തന്റെ പാർട്ടിയും ശിവസേനയിലെ വിമത വിഭാഗവും ഒരു പൊതു പ്രത്യയശാസ്ത്രത്തിനും; മഹാരാഷ്ട്രയിൽ 'താമര' വിരിഞ്ഞിട്ടും രണ്ടാമനായ ഫഡ്‌നാവീസ്; സത്യപ്രതിജ്ഞാ ദിവസം സംഭവിച്ചത് ബിജെപി നേതാവ് പറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

നാഗ്പുർ: മഹാരാഷ്ട്രയിൽ ശിവസേനാ വിമതൻ ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കാനാുള്ള ആശയം തന്റേതാണെന്ന അവകാശവാദവുമായി ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്ത്. ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയതോടെ മന്ത്രിസഭയിലെ രണ്ടാമനാകേണ്ടി വന്നതിൽ അതൃപ്തനല്ലെന്ന വാദം ചർച്ചയാക്കാനാണ് ശ്രമം. അതിനിടെ ഉപമുഖ്യമന്ത്രിയായത് പ്രധാനമന്ത്രി അടക്കമുള്ളവരുടെ നിർദ്ദേശ പ്രകാരമാണെന്നും ഫഡ്‌നാവീസ് പറഞ്ഞു. ഇതു നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

ഉപമുഖ്യമന്ത്രിയാകാൻ മാനസികമായി തയാറായിരുന്നില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ആ ഉത്തരവാദിത്തം ഏറ്റതെന്നും ഫഡ്‌നാവിസ് വെളിപ്പെടുത്തി. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിശിവസേനാ സഖ്യമാണ് വിജയിച്ചതെങ്കിലും, ജനവിധി മോഷ്ടിക്കപ്പെട്ടതായി ഫഡ്‌നാവിസ് ആരോപിച്ചു. ഈ സാഹചര്യത്തിൽ തന്റെ പാർട്ടിയും ശിവസേനയിലെ വിമത വിഭാഗവും ഒരു പൊതു പ്രത്യയശാസ്ത്രത്തിനായിട്ടാണ് ഒന്നിച്ചതെന്നും അല്ലാതെ അധികാരത്തിനായിട്ടല്ലെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി.

വിശ്വാസ വോട്ടെടുപ്പിനു മുന്നോടിയായി ഉദ്ധവ് താക്കറെ രാജിവച്ചതോടെ, ജൂൺ 30നാണ് ഏക്‌നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭയിലേക്കില്ലെന്ന് നിലപാടെടുത്ത ഫഡ്‌നാവിസ് പിന്നീട് ബിജെപി കേന്ദ്രനേത്വത്തിന്റെ ഇടപെടലിലൂടെ ഉപമുഖ്യമന്ത്രിയായി. ഏകനാഥ ഷിൻഡയാണ് മുഖ്യമന്ത്രി എന്ന് പ്രഖ്യാപിച്ചത് ദേവേന്ദ്ര ഫഡ്‌നാവീസായിരുന്നു. താൻ ആ മന്ത്രിസഭയിൽ ഉണ്ടാകില്ലെന്നും ചിരിച്ച മുഖത്തോടെ ഫഡ്‌നാവീസ് മാധ്യമങ്ങളോട് പറഞ്ഞു. അവസാന നിമിഷമാണ് ഓപ്പറേഷൻ ലോട്ടസിലൂടെ മഹാരാഷ്ട്രയിൽ ബിജെപി ലക്ഷ്യം ശിവസേന മുഖ്യമന്ത്രിയാണെന്ന് ഫഡ്‌നാവീസ് പോലും അറിഞ്ഞത് എന്ന് റിപ്പോർട്ടുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നൽകിയ നിർദ്ദേശം അക്ഷരം പ്രതി ഫഡ്‌നാവീസ് അംഗീകരിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതാണ് ഫഡ്‌നാവീസ് തള്ളുന്നത്. ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത് തന്റെ ഐഡിയയാണെന്ന് ഫഡ്‌നാവീസ് പറയുന്നു.

മുൻ മുഖ്യമന്ത്രിയായ താൻ വെറുമൊരു മന്ത്രിയാകാനില്ലെന്ന പരസ്യ പ്രതികരണം ഫഡ്‌നാവീസ് നടത്തി. കേന്ദ്ര നേതൃത്വം ഇത് കേട്ട് തന്റെ തീരുമാനം അംഗീകരിക്കുമെന്ന് ഫഡ്‌നാവീസ് കരുതി. പക്ഷേ മഹാരാഷ്ട്രയിലെ ബിജെപി നേതാവിന് എല്ലാ ആർത്ഥത്തിലും തെറ്റി. വാർത്താ സമ്മേളനത്തിൽ പറഞ്ഞത് വിഴുങ്ങി മഹാരാഷ്ട്രയിലെ ഉപമഖ്യമന്ത്രിയായി ഫഡ്‌നാവീസ് എത്തി. അമിത് ഷായുടെ തീരുമാനം എല്ലാ അർത്ഥത്തിലും അങ്ങനെ നടപ്പായി എന്നും വിലയിരുത്തൽ എത്തി. മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി മോദിയും അമിത് ഷായും മാത്രമേ തീരുമാനങ്ങളിൽ പങ്കാളിയായിരുന്നുള്ളൂവെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. അതിന്റെ മറ്റൊരു തെളിവായിരുന്നു ഫഡ്‌നാവിന്റെ ഉപമുഖ്യമന്ത്രി സ്ഥാനം.

മന്ത്രിയാകാനില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ദേശീയ മാധ്യമങ്ങൾ അത് റിപ്പോർട്ടാക്കി. ബിജെപി മന്ത്രിസഭയിൽ ഉണ്ടാകില്ലെന്നും ഷിൻഡേയും ശിവസേനക്കാരും മാത്രം മഹാരാഷ്ട്ര ഭരിക്കുമെന്നും വിലയിരുത്തലെത്തി. ഇതിനെല്ലാം കാരണം ഫഡ്‌നാവിന്റെ മന്ത്രിയാകില്ലെന്ന പ്രഖ്യാപനമാണ്. എന്നാൽ ഇത് നടത്തി മണിക്കൂറിനകം ഡൽഹിയിൽ നിന്ന് ഫഡ്‌നാവിസിനും നിർദ്ദേശം കിട്ടി. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ നേരിട്ടാണ് ഇത് ഫഡ്‌നാവിസിനെ അറിയിച്ചതെന്നാണ് സൂചന. ഷിൻഡെ മന്ത്രിസഭയിൽ ബിജെപി ഉണ്ടാകുമെന്നും ഫഡ്‌നാവിസ് ഉടനെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യണമെന്നും ആവശ്യപ്പെട്ടു. അത് അംഗീകരിക്കാതിരിക്കാൻ ഫഡ്‌നാവിസിന് കഴിയുമായിരുന്നില്ല. മോദിയും ഷായും നോട്ടപ്പുള്ളി ആക്കാതിരിക്കാൻ ഷിൻഡെയ്ക്ക് പിന്നിലെ ഫഡ്‌നാവിസും സത്യപ്രതിജ്ഞ ചെയ്തു.

എൻസിപിയെ പിളർത്തി മഹാരാഷ്ട്രയിൽ ബിജെപി സർക്കാരുണ്ടാക്കാൻ 2019ൽ ശ്രമം നടന്നിരുന്നു. എന്നാൽ സത്യപ്രതിജ്ഞയ്ക്ക് അപ്പുറം ആ സർക്കാരിന് ആയുസുണ്ടായിരുന്നില്ല. അന്ന് ഫഡ്‌നാവീസായിരുന്നു എല്ലാ കരുക്കളും നീക്കിയത്. അത് പാളിയ സാഹചര്യത്തിലാണ് പുതിയ ഓപ്പറേഷൻ അമിത് ഷാ ഏറ്റെടുത്തത്. ബാൽതാക്കറെയുടെ മരുമകനായ രാജ് താക്കറയേയും എല്ലാം അറിയിച്ചിരുന്നു. ശിവസൈനികർ അക്രമത്തിലേക്ക് നീങ്ങിയാൽ നേരിടാനൊരു ബദൽ പദ്ധതി. എന്നാൽ അമിത് ഷായുടെ ഓരോ നീക്കത്തിലും ഉദ്ധവ് താക്കറെയുടെ ചിറകൊടിഞ്ഞു. ശരത് പവാറിന്റെ കൂർമ്മ ബുദ്ധിക്കു പോലും സർക്കാരിനെ രക്ഷിക്കാനായില്ല. ഇരു ചെവി അറിയാതെ ശിവസേന വിമതരെ സുറത്തിലും പിന്നിട് അസമിലേക്കും കൊണ്ടു പോയതാണ് നിർണ്ണായകമായത്. ഷിൻഡെ കൊണ്ടു പോയ ആരും ശിവസേനയുടെ തലവനെ തേടി പിന്നീട് പോയില്ല. ഇവിടെയാണ് ഓപ്പറേഷൻ ലോട്ടസ് വിജയമായത്.

ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേനയിൽ നടത്തിയ വിമതനീക്കത്തിനൊടുവിലാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എത്തുന്നത്. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു അവസാനനിമിഷം വരെയുള്ള സൂചനയെങ്കിലും ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടാകുകയായിരുന്നു. അതുവരെ ഒരു സൂചന പോലും പുറത്തുവിടാതെയായിരുന്നു ബിജെപി നീക്കം. മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിയെ സന്ദർശിച്ച് പുറത്തിറങ്ങുമ്പോഴും ദേശീയ, പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയും ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയും എന്നായിരുന്നു. എന്നാൽ, ഇരുനേതാക്കളും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഫഡ്നാവിസ് നാടകീയമായി ആ പ്രഖ്യാപനം നടത്തിയത്.

ഉദ്ദവ് താക്കറെയ്ക്കും ശിവസേനയ്ക്കും നൽകിയ മധുരപ്രതികാരമാണ് ഷിൻഡെയുടെ മുഖ്യമന്ത്രിപദം കൊണ്ട് ബിജെപിയും ഫഡ്നാവിസും ലക്ഷ്യമിട്ടത്. പാർട്ടികൾ പിന്തുടരുന്ന കുടുംബആധിപത്യം തകർക്കുക എന്നാണ് ബിജെപി നിർണായക നീക്കത്തിലൂടെ ലക്ഷ്യമിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP