Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബോറിസ് ജോൺസന് രാജി വയ്ക്കേണ്ടി വരുമോ ? ബ്രിട്ടണിൽ ഉടൻ മറ്റൊരു പൊതു തെരഞ്ഞെടുപ്പ് വരുമോ? ആരായിരിക്കും പുതിയ പ്രധാനമന്ത്രി സ്ഥാനാർത്ഥി ? ഋഷിയും സാജിദും രാജി വച്ചതുകൊണ്ട് സംഭവിക്കുന്നത് എന്ത് ?

ബോറിസ് ജോൺസന് രാജി വയ്ക്കേണ്ടി വരുമോ ? ബ്രിട്ടണിൽ ഉടൻ മറ്റൊരു പൊതു തെരഞ്ഞെടുപ്പ് വരുമോ? ആരായിരിക്കും പുതിയ പ്രധാനമന്ത്രി സ്ഥാനാർത്ഥി ? ഋഷിയും സാജിദും രാജി വച്ചതുകൊണ്ട് സംഭവിക്കുന്നത് എന്ത് ?

മറുനാടൻ മലയാളി ബ്യൂറോ

ഴിഞ്ഞ കുറച്ചു നാളുകളായി ഏറെ തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതിനേക്കാളേറെ വലിയ ആഘാതമാണ് ഇന്നലത്തെ ഇരട്ട രാജികൾ ബ്രിട്ടണിൽ ബോറിസ് ജോൺസനു നൽകുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മന്ത്രി സഭയിലെ രണ്ട് മുതിർന്ന മന്ത്രിമാർ രാജിവെച്ച് ഒഴിയുക മാതമല്ല ചെയ്തത്, അവരുടെ രാജിക്കത്തിലൂടെ ബോറിസ് ജോൺസനെ പൊളിച്ചുകാട്ടുകയും ചെയ്തു. ബോറിസിന്റെ ധാർമ്മികതയേയും വിശ്വാസ്യതയേയും, ഒരു കാലത്ത് ഏറ്റവും അടുത്ത് പ്രവർത്തിച്ചിരുന്നവർ ചോദ്യം ചെയ്യുമ്പോൾ ആർക്കും അത് തള്ളിക്കളയാനും ആകുന്നില്ല.

അതുകൊണ്ടു തന്നെയാണ് മറ്റ് മുതിർന്ന മന്ത്രിമാർ രാജിവയ്ക്കാൻ ഒരുക്കമല്ലെന്ന് പറയുമ്പോഴും, രണ്ടാം നിര നേതാക്കന്മാർ അവരുടെ സ്ഥാനങ്ങളിൽ നിന്നും കൂട്ടത്തോടെ രാജിവെച്ച് ഒഴിയുന്നത്. രാജിക്കത്തിലൂടെ ഭരണനിർവ്വഹണം നേരെചൊവ്വ കൊണ്ടുപോകാൻ കഴിയുന്നില്ല എന്ന് ഋഷി കുറ്റപ്പെടുത്തുമ്പോൾ, ബോറിസിന്റെ സത്യസന്ധതയേയും സുതാര്യതയേയും ചോദ്യം ചെയ്യുകയാണ് സാജിദ് ജാവിദ്. ഇത് തീർച്ചയായും പ്രധാനമന്ത്രിക്ക് വലിയൊരു തിരിച്ചടി തന്നെയാണ്.

മദ്യാസക്തിയിൽ ലൈംഗിക ചുവയോടെ രണ്ട് പുരുഷന്മരെ സ്പർശിച്ചു എന്ന ആരോപണം നിലനിൽക്കുന്ന ക്രിസ് പിചറിനെ ഡെപ്യുട്ടി ചീഫ് വിപ്പ് ആയി നിയമിക്കാൻ ബോറിസ് ജോൺസൺ എടുത്ത തീരുമാനമായിരുന്നു ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് കാരണമായത്. പിഞ്ചർ കഴിഞ്ഞയാഴ്‌ച്ച സ്ഥാനം രാജിവെച്ചെങ്കിലും, വിവാദം ഒഴിഞ്ഞുമാറിയില്ല. പിഞ്ചറിന്റെ ഭൂതകാലം പ്രധാനമന്ത്രിക്ക് അറിയാമായിരുന്നു എന്നും എന്നിട്ടും ഇത്തരത്തിൽ ഒരു കറുത്ത പശ്ചാത്തലമുള്ള വ്യക്തിയെ സുപ്രധാന തസ്തികയിൽ നിയമിച്ചെന്നുമായിരുന്നു പ്രധാനമായും ഉയർന്ന് ആരോപണം.

എന്നാൽ, ഇക്കാര്യത്തിൽ പരസ്പര വിരുദ്ധമായ അഭിപ്രായങ്ങളായിരുന്നു പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നും വന്നത്. ഇത് ബോറിസിനെ സംശയത്തിന്റെ നിഴലിലാക്കി. രാജിക്കത്തിൽ സാമ്പത്തിക നയത്തിന്റെ കാര്യത്തിൽ ഇരുവർക്കും ഇടയിലുള്ള അഭിപ്രായ ഭിന്നത ഋഷി ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും, രാജിവയ്ക്കുന്നതിനുള്ള പ്രധാന കാരണം, പിഞ്ചറുമായി ബന്ധപ്പെട്ട വിവാദം തന്നെയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, പ്രായോഗികമായി ഇപ്പോൾ ബോറിസ് ജോൺസൺ രാജിവയ്ക്കേണ്ട ഒരു സാഹചര്യം ഉയർന്നു വരുന്നില്ല, ഹോം സെക്രട്ടറി പ്രീതീ പട്ടേലും വിദേശ സെക്രട്ടറി ലിസ് ട്രസ്സും ഉൾപ്പടെ മന്ത്രിസഭയിലെ മുതിർന്ന മന്ത്രിമാരൊക്കെ ഇപ്പോഴും ബോറിസ് ജോൺസന്റെ പുറകിൽ ഉറച്ചു നിൽക്കുകയാണ്, പരസ്യമായിട്ടെങ്കിലും. മാത്രമല്ല, പാർട്ടി ഗെയ്റ്റ് വിവാദ സമയത്തും പ്രധാനമന്ത്രിയുടെ രാജി ആവശ്യം അതി ശക്തമായി വന്നുവെങ്കിലും ആ സമയത്ത് ബോറിസ് ജോൺസൺ അതിനു വഴങ്ങിയില്ല. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ ആവശ്യത്തിനും അദ്ദേഹം വഴങ്ങാനുള്ള ഒരു സാധ്യതയുമില്ല.

അതേസമയം കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ ബോറിസ് ജോൺസനെ പുറത്താക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്. കഴിഞ്ഞ മാസം പാർട്ടിക്ക് അകത്തുകൊണ്ടുവന്ന അവിശ്വാസ പ്രമേയം ബോറിസ് ജോൺസൺ കഷ്ടിച്ച് അതിജീവിച്ചതോടെ, പാർട്ടി നിയമപ്രകാരം ഇനി 12 മാസത്തേക്ക് മറ്റൊരു അവിശ്വാസപ്രമേയം കൊണ്ടുവരാൻസാധിക്കില്ല. അതുകൊണ്ടു തന്നെ പാർലമെന്ററി പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ തീരുമാനിക്കുന്ന 1922 കമ്മിറ്റിയിൽ സുപ്രധാന സ്ഥാനങ്ങളിൽ കയറികൂടുവാനാണ് ഇപ്പോൾ വിമതർ ശ്രമിക്കുന്നത്.

അതുവഴി നിയമഭേദഗതി കൊണ്ടു വന്ന് വീണ്ടും ഒരു അവിശ്വാസ പ്രമേയം ഉടനടി കൊണ്ടുവരാൻ അവർ ശ്രമിക്കുന്നു. കമ്മിറ്റിയുടെ 18 അംഗ എക്സിക്യുട്ടീവിൽ ഭൂരിപക്ഷം നേടാൻ ആയാൽ, അവർക്ക് രണ്ട് അവിശ്വാസ പ്രമേയങ്ങൾക്കിടയിൽ 12 മാസത്തെ ഇടവേള എന്ന നിബന്ധന ഇല്ലാതെയക്കാൻ സാധിച്ചേക്കും. എന്നാൽ, അടുത്ത ആഴ്‌ച്ചവരെ ഈ എക്സിക്യുട്ടീവ് കമ്മിറ്റി കൂടുന്നില്ല. മാത്രമല്ല, ഈ മാസത്തിന്റെ അവസാന പകുതി ആകുമ്പോഴേക്കും എം പിമാർ വേനലവധി ആഘോഷിക്കുവാൻ പോകും. അതായത്, പുതിയ തന്ത്രങ്ങൾ മെനയാൻ ബോറിസ് ജോൺസന് സാവകാശം ലഭിക്കും എന്നർത്ഥം.

മറ്റൊരു മാർഗ്ഗം ബോറിസ് ജോൺസനു മുൻപിലുള്ളത് പാർലമെന്റ് പിരിച്ചു വിട്ട് ഒരു പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക എന്നതാണ്. എന്നാൽ, അതിനുള്ള സാധ്യത തുലോം വിരളമാണ്. ഇന്നത്തെ സാഹചര്യത്തിൽ ബോറിസ് ജോൺസനെ മുൻനിർത്തി മത്സരിച്ചാൽ വൻ പരാജയമാകും ഉണ്ടാവുക എന്ന് മിക്ക പാർട്ടി നേതാക്കളും കരുതുന്നു.

മറ്റൊരു സാധ്യതയുള്ളത് പ്രധാന പ്രതിപക്ഷ പാർട്ടിയായ ലേബർ പാർട്ടി പാർലമെന്റിൽ ഒരു അവിശ്വാസ പ്രമേയം കൊണ്ടുവരിക എന്നതാണ്. അത്തരത്തിൽ ഒരു പ്രമേയം കൊണ്ടുവന്നാൽ, ജോൺസന്റെ ഭരണത്തിൽ മനം മടുത്ത ഭരണകക്ഷി എം പിമാർ അതിനെ പിന്തുണച്ചേക്കാം. നേരത്തേ 2019-ൽ അന്നത്തെ പ്രധാനമന്ത്രി തെരേസ മെയ്‌ക്ക് എതിരെ ലേബർ പാർട്ടി നേതാവ് ജെറെമി കോർബിൽ ഇത്തരത്തിൽ ഒരു അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാൽ, അത് പരാജയപ്പെടുകയായിരുന്നു.

ബോറിസ് ജോൺസനു ശേഷം ആര് ?

ബോറിസ് ജോൺസന്റെ നേതൃത്വം മുൻപെങ്ങും കണ്ടിട്ടില്ലാത്തവിധം കടുത്ത വെല്ലുവിളി നേരിടുകയാണിപ്പോൾ. ബോറിസിന്റെ പതനം ഉറപ്പാക്കി, നമ്പർ 10 ഡൗണിങ് സ്ട്രീറ്റിൽ കടന്നുകൂടാൻ കാത്തിരിക്കുന്ന നിരവധി നേതാക്കൾ പാർട്ടിക്കുള്ളിൽ ഉണ്ട്. എന്നിരുന്നാലും, ഇപ്പോൾ മുൻതൂക്കം ഉള്ളത് വിദേശ സെക്രട്ടറി ലിസ് ട്രസ്സിനും, മുൻ വിദേശ സെക്രട്ടറി ആയിരുന്ന ജെറെമി ഹണ്ടിനുമാണ്. ഇവർ രണ്ടുപേരും തങ്ങളുടെ ആഗ്രഹം രഹസ്യമാക്കി വച്ചിട്ടുമില്ല.

കൺസർവേറ്റീവ് പാർട്ടിയുടെ അടിത്തട്ടിലെ പ്രവർത്തകർക്കിടയിലെ സ്വാധീനമാണ് ലിസ് ട്രസ്സിന് തുണയാകുന്നതെങ്കിൽ, സമാനമായ രീതിയിൽ പ്രവർത്തകരുടെ പിന്തുണയുള്ള പ്രതിരോധ സെക്രട്ടറി ബെൻ വാലസും പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെട്ടേക്കാം. അടിത്തട്ടിലെ അണികളുടെ പിന്തുണക്കൊപ്പം, യുക്രെയിൻ യുദ്ധകാലത്ത് അദ്ദേഹം എടുത്ത കർശനമായ നിലപാടുകൾ ബ്രിട്ടീഷ് ജനതയെ തന്നെ ആകർഷിച്ചിട്ടുണ്ട്.

ഉടനെയായാലും പിന്നീടായാലും, ബോറിസ് ജോൺസന്റെ നേതൃത്വത്തിൽ ഇനിയൊരു തെരഞ്ഞെടുപ്പിനെ നേരിടാൻ ടോറികൾ ഒരുങ്ങുകയില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ, അണികളേയും നേതാക്കളേയും ഒറ്റക്കെട്ടാക്കി മുൻപോട്ട് പോകാൻ ബോറിസ് ജോൺസനെ പോലെ ഒരു പിൻഗാമിയെ കണ്ടെത്തേണ്ടതുണ്ട്. ഒരു സമയത്ത് ഋഷി സുനാക് ബോറിസിന്റെ പിൻഗാമിയാകുമെന്ന് വരെ കരുതിയിരുന്നെങ്കിലും ഇനി അതിനുള്ള സാധ്യത തുലോം വിരളമാണെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

കോവിഡ് കാലത്ത് സമ്പദ് വ്യവസ്ഥ പൂർണ്ണമായും തകരാതിരിക്കാൻ ഋഷി എടുത്ത തീരുമാനങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടു എങ്കിലും, പണപ്പെരുപ്പ നാളുകളിലെ നികുതി വർദ്ധനവും മറ്റും ഋഷിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോഴത്തെ രാജി ഒരുപക്ഷെ ഋഷിക്ക് ഒരു പുതുജീവൻ പകർന്നേക്കാം എന്നു കരുതുന്നവരും ഉണ്ട്.

ഇവർക്കൊപ്പം ബോറിസ് ജോൺസന്റെ പിൻഗാമിയായി ഉയർന്നു വരുന്ന മറ്റൊരു പേരാണ്, ഇന്ന് ബോറിസിനെ പിന്തുണക്കാൻ വിസമ്മതിച്ച ബ്രെക്സിറ്റ് ട്രേഡ് മിനിസ്റ്റർ പെന്നി മോർഡാന്റിന്റേത്. എന്നാൽ, ഇവർക്ക് തീരെ സാധ്യത ആരും കൽപിക്കുന്നില്ല. അതുപോലെ കുട്ടിയായിരിക്കുമ്പോൾ ബ്രിട്ടനിലേക്ക് ഒരു അഭയാർത്ഥിയായി വന്ന് ആധുനിക ബ്രിട്ടീഷ് ചരിത്രത്തിൽ സ്വന്തം പേര് എഴുതിച്ചേർത്ത നദീം സഹാവിക്കും സാധ്യത കൽപിക്കുന്നുണ്ടെങ്കിലും അതിനൊക്കെ വിദൂര സാധ്യതകൾ മാത്രമാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP