Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നദീം സഹാവിയെ ചാൻസലറായും സ്റ്റീവ് ബാർക്ലിയെ ഹെൽത്ത് സെക്രട്ടറിയായും നിയമിച്ച് കടിച്ചു തൂങ്ങി ബോറിസ് ജോൺസൺ; 10-ൽ ഏഴു ബ്രിട്ടീഷുകാരും പറയുന്നു ബോറിസ് രാജി വയ്ക്കണം; വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ ഏറിയിട്ടും വഴാൻ ഭാഗ്യമില്ലാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി

നദീം സഹാവിയെ ചാൻസലറായും സ്റ്റീവ് ബാർക്ലിയെ ഹെൽത്ത് സെക്രട്ടറിയായും നിയമിച്ച് കടിച്ചു തൂങ്ങി ബോറിസ് ജോൺസൺ; 10-ൽ ഏഴു ബ്രിട്ടീഷുകാരും പറയുന്നു ബോറിസ് രാജി വയ്ക്കണം; വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ ഏറിയിട്ടും വഴാൻ ഭാഗ്യമില്ലാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന ഭാവമാണ് ബോറിസ് ജോൺസന്. മന്ത്രി സഭയിലെ രണ്ടു കരുത്തന്മാർ രാജിവെച്ചൊഴിഞ്ഞിട്ടും പ്രധാനമന്ത്രി കസേരയിൽ കുത്തിയിരിക്കാൻ തന്നെയാണ് ബോറിസ് തീരുമാനിച്ചിരിക്കുന്നത്. മുൻ ചാൻസലറും ഹെൽത്ത് സെക്രട്ടറിയും അവരുടെ രാജിക്കത്തിലൂടെ നടത്തിയ ആക്രമണം ചില്ലറയൊന്നുമല്ല, അതിന്റെ ആഘാതം കുറയ്ക്കുവാനുള്ള ശ്രമത്തിലാണ് ബോറിസ് ജോൺസൻ ഇപ്പോൾ.

ഋഷി സുനാകും, സാജിദ് ജാവിദും രാജി വച്ചതോടെ മന്ത്രിസഭയിൽ ഇനിയും രാജികൾ ഉണ്ടാകുമോ എന്ന ആശങ്കയും ബോറിസ് ജോൺസനുണ്ട്. അതുകൊണ്ടു തന്നെയാണ് രാജിവിവരം പുറത്തു വന്ന ഉടനെതന്നെ ഇപ്പോഴത്തെ ചീഫ് ഓഫ് സ്റ്റാഫായ സ്റ്റീവ് ബാർക്ലേയെ ജാവിദിനു പകരമായി ഹെൽത്ത് സെക്രട്ടറി ആക്കിയത്. അതേസമയം, എഡ്യുക്കേഷൻ സെക്രട്ടറി ആയിരുന്ന നദീം സഹാവിയെ ഋഷിയുടെ ഒഴിവിൽ ചാൻസലറായും നിയമിച്ചു. മിഷേൽ ഡോണെലാന് സ്ഥാനക്കയറ്റം നൽകിഎഡ്യുക്കേഷൻ സെക്രട്ടറി ആക്കുകയും ചെയ്തു.

യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ വിശ്വസ്തരെ സുപ്രധാന പോസ്റ്റുകളിൽ നിയമിച്ച് ഒരു പ്രതിസന്ധി ഒഴിവാക്കിയ ബോറിസ് ജോൺസന് അല്പമെങ്കിലും ആശ്വാസം നൽകുന്നത് മന്ത്രിസഭയിലെ മറ്റ് മുതിർന്ന മന്ത്രിമാരുടെ സമീപനമാണ്. ഉപ പ്രധാനമന്ത്രി ഡൊമിനിക് റാബും, വിദേശ സെക്രട്ടറി ലിസ് ട്രസ്സും. ഹോം സെക്രട്ടറി പ്രീതി പട്ടേലും ഡിഫൻസ് സെക്രട്ടറി ബെൻ വാൽസും എല്ലാം തങ്ങൾ രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2016- ബോറിസ് ജോൺസനെ കാലുവാരിയ മൈക്കൽ ഗോവും ജോൺസനെതിരെ പരസ്യമായി ഇപ്പോൾ രംഗത്തില്ല.

അതേസമയം നിരവധി ജൂനിയർ മന്ത്രിമാർ ഉൾപ്പടെയുള്ള രണ്ടാം നിര നേതാക്കൾ രാജിവയ്ക്കുകയാണ്. ബിം അഫോലാമി പാർട്ടി വൈസ് ചെയർ പദവി ഒഴിഞ്ഞപ്പോൾ ബോറിസിന്റെ ഉറ്റ അനുയായി ആയിരുന്ന ജോനാഥൻ ഗള്ളിസ്, സാക്വിബ് ഭാട്ടി, നിക്കോളറിച്ചാർഡ്സ്, വെർജീനിയ ക്രോസ്ബി തുടങ്ങിയവർ പി പി എസ് പദവികൾ രാജിവെച്ചു. കെനിയൻ വ്യാപാര പ്രതിനിധിയായിരുന്ന തിയോ ക്ലാർക്കും, മൊറോക്കൻവ്യാപാര പ്രതിനിധിയായിരുന്ന ആൻഡ്രൂ മുറിസണും അവരവരുടെ സ്ഥാനങ്ങൾ രാജിവെച്ചു.

ഒരുകാലത്ത് ബോറിസ് ജോൺസന്റെ വിശ്വസ്തനായ ബ്രെക്സിറ്റ് പ്രതിനിധിയായിരുന്ന ലോർഡ് ഫ്രോസ്റ്റ് രാജിവെച്ച നടപടിയിൽ ഋഷിയേയും ജാവിദിനേയും അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് മാറാൻ കഴിയില്ലെന്നും, അതിനാൽ അവർ ചെയ്തത് തികച്ചും അനുയോജ്യമായ നടപടിയാണെന്നുമായിരുന്നു ലോർഡ് ഫ്രോസ്റ്റ് പറഞ്ഞത്. അതേസമയം, പരസ്യമായി പ്രധാനമന്ത്രിക്കൊപ്പം നിൽക്കുന്ന പല മുതിർന്ന മന്ത്രിമാരും യഥാർത്ഥത്തിൽ ബോറിസിന്റെ പ്രകടനത്തിൽ നിരാശരാണെന്ന് ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതിനിടയിൽ, കൺസർവേറ്റീവ് പാർട്ടിയിൽ അച്ചടക്കം കൊണ്ടുവരാൻ രൂപീകരിച്ച 1922 കമ്മിറ്റിയിലും ബോറിസിനെതിരെ രോഷം ശക്തമാവുകയാണ്. നിയമ പ്രകാരം, ഒരു അവിശ്വാസംപരാജയപ്പെട്ടാൽ ഒരു വർഷത്തിനു ശേഷം മാത്രമേ മറ്റൊന്നു കൊണ്ടു വരാവൂ എന്നുണ്ട്. അതിൽ ഭേദഗതി വരുത്തി ഉടൻ തന്നെ ഒരു അവിശ്വാസം കൊണ്ടുവരാൻ ബോറിസ് ജോൺസന്റെ എതിരാളികൾ ശ്രമം തുടങ്ങിയിട്ടുണ്ട്.

ബോറിസിനെതിരെ ജനരോഷം ഉയരുന്നതായി അഭിപ്രായ സർവേഫലം

ഋഷി സുനാകിന്റെയും സാജിദ് ജാവിദിന്റെയും രാജിക്ക് പുറകെ നടത്തിയ ഒരു യൂ ഗവ് പോളിൽ പങ്കെടുത്ത പത്ത് ബ്രിട്ടീഷുകാരിൽ ഏഴുപേരും പറഞ്ഞത് ബോറിസ് ജോൺസൺ രാജിവയ്ക്കണം എന്നതായിരുന്നു. 2019-ൽ കൺസർവേറ്റീവ് പാർട്ടിക്ക് വോട്ടു നൽകിയവരിൽ ഭൂരിപക്ഷവും ഇപ്പോൾ ഇതേ അഭിപ്രായക്കാരാൺ'. ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ നടത്തിയ സമാനമായ സർവേയിൽ 58 ശതമാനം പേരായിരുന്നു ബോറിസ് ജോൺസൺ രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ടിരുന്നതെങ്കിൽ ഇപ്പോഴത് 69 ശതമാനമായി വർദ്ധിച്ചിരിക്കുന്നു.

അതുമാത്രമല്ല, 2019-ലെ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിക്ക് വോട്ടുചെയ്തവരിൽ 54 ശതമാനം പേരും ഈ അഭിപ്രായക്കാരാണെന്നത് ബോറിസ് ജോൺസൻ എത്രമാത്രം അനഭിമതനായി എന്നതിന്റെ തെളിവാണ്. അവിശ്വസ പ്രമേയം കഷ്ടിച്ച് അതിജീവിച്ചതിന്റെ തൊട്ടടുത്ത ദിവസം , ജൂൺ 9 ന് നടത്തിയ സർവ്വേയിൽ കൺസർവേറ്റീവ് വോട്ടർമാരിൽ 34 ശതമാനം മാത്രമായിരുന്നു ബോറിസ് ജോൺസൺ രാജിവയ്ക്കണം എന്ന ആവശ്യമുയർത്തിയത്.

അതേസമയം, ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായി തുടരണമെന്ന് വെറും 18 ശതമാനം പേർ മാത്രമാണ് ആഗ്രഹിക്കുന്നത്. എന്നാൽ എന്തൊക്കെ പ്രതിസന്ധിയുണ്ടായാലും, ബോറിസ് ജോൺസൺ കാലാവധി പൂർത്തിയാക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടരും എന്നാണ് 20 ശതമാനം പേർ വിശ്വസിക്കുന്നത്. അത് ശരിവയ്ക്കും വിധം 10 ഡൗണിങ് സ്ട്രീറ്റിൽ നിന്നും ഇറങ്ങാതിരിക്കാൻ ഇപ്പോൾ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് ബോറിസ് ജോൺസൺ. വിശ്വസ്തനായ സ്റ്റീവ് ബാർക്ലേയെ മന്ത്രിസഭയിൽ കൊണ്ടുവന്നതും നദീം സഹാവിയെ ചാൻസലറാക്കിയതുമെല്ലാം അതിന്റെ ഭാഗമാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP