Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിംബിൾഡൺ: രണ്ട് സെറ്റ് കൈവിട്ടിട്ടും തിരിച്ചടിച്ച് ജോക്കോവിച്ച്; യാനിക് സിന്നറെ കീഴടക്കി സെമിയിൽ; മിക്സഡ് ഡബിൾസിൽ സെമി ഉറപ്പിച്ച് സാനിയ-പാവിച്ച് സഖ്യം

വിംബിൾഡൺ: രണ്ട് സെറ്റ് കൈവിട്ടിട്ടും തിരിച്ചടിച്ച് ജോക്കോവിച്ച്; യാനിക് സിന്നറെ കീഴടക്കി സെമിയിൽ; മിക്സഡ് ഡബിൾസിൽ സെമി ഉറപ്പിച്ച് സാനിയ-പാവിച്ച് സഖ്യം

സ്പോർട്സ് ഡെസ്ക്

ലണ്ടൻ: വിംബിൾഡൺ പുരുഷ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻ സെർബിയയുടെ നൊവാക് ജോക്കോവിച്ച് സെമി ഫൈനലിൽ. ക്വാർട്ടർ ഫൈനലിൽ ആദ്യ രണ്ട് സെറ്റുകൾ കൈവിട്ടിട്ടും തിരിച്ചടിച്ചാണ് ഇറ്റലിയുടെ യാനിക് സിന്നറെ കീഴടക്കിയത്. അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ജോക്കോവിച്ച് സെമി ബർത്ത് ഉറപ്പിക്കുകയായിരുന്നു.

ആദ്യ രണ്ട് സെറ്റ് നഷ്ടപ്പെട്ട് തോൽവിയെ അഭിമുഖീകരിച്ച ജോക്കോവിച്ച് പിന്നീടുള്ള മൂന്ന് സെറ്റുകളും വിജയിച്ച് അവിശ്വസനീയ പ്രകടനം കാഴ്ചവച്ചാണ് സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. സ്‌കോർ: 5-7, 2-6, 6-3, 6-2,6-2. മത്സരം മൂന്ന് മണിക്കൂറും 35 മിനിറ്റും നീണ്ടുനിന്നു.

ജോക്കോവിച്ചിനെ വിറപ്പിച്ചാണ് ലോക പത്താം നമ്പർ താരമായ സിന്നർ മടങ്ങുന്നത്. ആദ്യ രണ്ട് സെറ്റുകളിൽ ജോക്കോവിച്ചിനെ ഞെട്ടിക്കാൻ സിന്നർക്ക് സാധിച്ചു.

2022 വിംബിൾഡൺ പുരുഷ സിംഗിൾസ് വിഭാഗം സെമിയിലെത്തുന്ന ആദ്യ താരമാണ് ജോക്കോവിച്ച്. ജോക്കോവിച്ചിന്റെ 11-ാം വിംബിൾഡൺ സെമി ഫൈനൽ പ്രവേശനമാണിത്. ആറുതവണ താരം കിരീടത്തിൽ മുത്തമിട്ടു.

ജോക്കോവിച്ചിന് വിംബിൾഡൺ നേടിയേ മതിയാകൂ. ഈയിടെയായി ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ജോക്കോവിച്ചിന് ലോക ഒന്നാം റാങ്ക് നഷ്ടമായിരുന്നു. നിലവിൽ ലോക റാങ്കിങ്ങിൽ മൂന്നാമതാണ് ഈ സെർബിയൻ താരം. കോവിഡ് വാക്സിൻ എടുക്കാത്തതിനെത്തുടർന്ന് പല ടൂർണമെന്റുകളും താരത്തിന് നഷ്ടമാകുകയും ചെയ്തിരുന്നു.

വനിതാ വിഭാഗത്തിൽ ജർമനിയുടെ സീഡില്ലാതാരം തത്യാന മരിയ സെമി ഫൈനലിൽ പ്രവേശിച്ചു. നാട്ടുകാരിയായ യൂലെ നിയെമെയെറിനെ കീഴടക്കിയാണ് തത്യാന അവസാന നാലിൽ ഇടം നേടിയത്.

34 കാരിയായ തത്യാന മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് വിജയം നേടിയത്. സ്‌കോർ: 4-6, 6-2, 7-5. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം തുടർച്ചയായി രണ്ട് സെറ്റുകൾ വിജയിച്ച് തത്യാന സെമിഫൈനലിലിടം നേടി. ലോകറാങ്കിങ്ങിൽ 103-ാം സ്ഥാനത്താണ് തത്യാന.

രണ്ട് കുട്ടികളുടെ അമ്മ കൂടിയായ തത്യാന കഴിഞ്ഞ വർഷമാണ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. താരത്തിന്റെ ആദ്യ ഗ്രാൻഡ്സ്ലാം സെമി ഫൈനൽ കൂടിയാണിത്.

മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ-ക്രൊയേഷ്യയുടെ മേറ്റ് പാവിച്ച് സഖ്യം സെമിയിൽ പ്രവേശിച്ചു. ടൂർണമെന്റിലെ ആറാം സീഡായ ഇന്തോ-ക്രൊയേഷ്യൻ സഖ്യം ക്വാർട്ടറിൽ ഓസ്ട്രേലിയയുടെ ജോൺ പിയേഴ്സ്-കാനഡയുടെ ഗബ്രിയേല ഡബ്രോവ്സ്‌കി സഖ്യത്തെയാണ് കീഴടക്കിയത്.

മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സാനിയ-പാവിച്ച് സഖ്യം വിജയം നേടിയത്. സ്‌കോർ: 6-4, 3-6, 7-5. സെമിയിൽ രണ്ടാം സീഡായ ഡിസൈറേ ക്രോസിക്ക്- നീൽ സ്‌കുപ്സ്‌കി സഖ്യമോ ഏഴാം സീഡായ യെലേന ഒസ്റ്റപെങ്കോ-റോബർട്ട് ഫറ സഖ്യമോ ആയിരിക്കും ഇന്തോ-ക്രൊയേഷ്യൻ സഖ്യത്തിന്റെ എതിരാളി.

സാനിയയുടെ കരിയറിലെ അവസാന വിംബിൾഡൺ ടൂർണമെന്റാണിത്. ആദ്യമായാണ് സാനിയ വിംബിൾഡൺ മിക്സഡ് ഡബിൾസിന്റെ സെമി ഫൈനലിൽ പ്രവേശിക്കുന്നത്. പക്ഷേ വനിതാ ഡബിൾസിൽ പങ്കെടുത്ത സാനിയ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP