Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വാതന്ത്ര്യ സമര സേനാനി ഗാന്ധിയൻ പി ഗോപിനാഥൻ നായർ അന്തരിച്ചു; വിടവാങ്ങിയത് ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് ജയിൽ വാസം അനുഷ്ഠിച്ച ധീരദേശാഭിമാനി; ആദരമായി പത്മശ്രീ അടക്കം നിരവധി ബഹുമതികൾ; വിരാമമാകുന്നത്, നൂറ്റാണ്ട് തികഞ്ഞ കർമനിരത ജീവിതത്തിന്

സ്വാതന്ത്ര്യ സമര സേനാനി ഗാന്ധിയൻ പി ഗോപിനാഥൻ നായർ അന്തരിച്ചു; വിടവാങ്ങിയത് ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് ജയിൽ വാസം അനുഷ്ഠിച്ച ധീരദേശാഭിമാനി; ആദരമായി പത്മശ്രീ അടക്കം നിരവധി ബഹുമതികൾ; വിരാമമാകുന്നത്, നൂറ്റാണ്ട് തികഞ്ഞ കർമനിരത ജീവിതത്തിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനി ഗാന്ധിയൻ പി ഗോപിനാഥൻ നായർ അന്തരിച്ചു. 100 വയസായിരുന്നു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. 

നൂറ്റാണ്ട് തികഞ്ഞ കർമനിരത ജീവിതത്തിനാണ് അവസാനമായത്. 1922 ജൂലൈ ഏഴിന് നെയ്യാറ്റിൻകരയിലായിരുന്നു ജനനം. വിദ്യാഭ്യാസ കാലത്തു തന്നെ ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടനായി. പിന്നീട് കേരളത്തിലെത്തിയ ഗാന്ധിജിയെ നേരിൽ കണ്ടത് ഗോപിനാഥൻ നായരുടെ ജീവിതത്തെ മാറ്റിമറിച്ചു. കോളേജ് കാലം മുതൽക്ക് സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു.  ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു ജയിൽ വാസം അനുഷ്ഠിച്ചു. പത്മശ്രീ അടക്കം നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.

ഗാന്ധിയൻ സന്ദേശവുമായി രാജ്യത്തുടനീളം സഞ്ചരിച്ചിട്ടുണ്ട് അദ്ദേഹം. പഞ്ചാബിൽ സിഖ് ഹിന്ദു സംഘർഷ സമയത്ത് ശാന്തി സന്ദേശവുമായി സന്ദർശിച്ചിരുന്നു. ഭൂദാനയജ്ഞത്തിന് നേതൃത്വം നൽകിയ വിനോബ ഭാവെയുടെ പദയാത്രയിൽ പങ്കെടുത്തിരുന്നു. ബംഗ്‌ളാദേശ് കലാപ കാലത്ത് ഇന്ത്യയിലേക്ക് പ്രവഹിച്ച അഭയാർഥികളുടെ ക്യാമ്പുകളിലെത്തി സന്നദ്ധ പ്രവർത്തനം നടത്തി.

ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമത്തിൽ പ്രസിഡന്റായി പ്രവർത്തിച്ചു. അവസാന കാലത്തും പൊതുപ്രവർത്തനത്തിൽ സജീവമായിരുന്നു. മാറാട് കലാപ കാലത്ത് പ്രദേശത്ത് സമാധാന ശ്രമങ്ങൾക്ക് മുൻകൈ എടുത്തിരുന്നു. സമാധാന ദൂതൻ ആയ ഗാന്ധിയനായിരുന്നു ജീവിതാവസാനം വരെയും അദ്ദേഹം.

ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയത് ശാന്തിനികേതനിലെ പഠനമാണ്. 1946-48 കാലത്ത് ചീനാഭവനിൽ വിശ്വഭാരതി സർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയായി. 1951ൽ കെ. കേളപ്പന്റെ അധ്യക്ഷതയിൽ രൂപംകൊണ്ട ഗാന്ധി സ്മാരകനിധിയിൽ പ്രവർത്തിച്ചുകൊണ്ടാണ് കേരളത്തിലെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് അതിന്റെ അധ്യക്ഷ സ്ഥാനത്തെത്തി.

സംസ്ഥാനത്ത് മാറാട് കലാപത്തിലും ദേശീയ തലത്തിൽ സിഖ്ഹിന്ദു സംഘർഷത്തിലും ശാന്തിയുടെ സന്ദേശവുമായി അദ്ദേഹമെത്തി. മാറാട് കലാപത്തിൽ സർക്കാരിന്റെ മീഡിയേറ്ററായി പ്രവർത്തിച്ചതും ഗോപിനാഥൻ നായരാണ്. 2016ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

മുൻ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷനായി ദേശീയ നേതാക്കൾ സംഘടിപ്പിച്ച 'അഖിലേന്ത്യാ ഗാന്ധി സ്മാരക നിധി'യുടെ പ്രാരംഭം മുതൽ കഴിഞ്ഞ ആറു ദശാബ്ദമായി സേവനം അനുഷ്ഠിച്ചവരിൽ ഏറ്റവും മുതിർന്ന പ്രവർത്തകനായിരുന്നു ഗോപിനാഥൻ നായർ. ഗാന്ധിജിയുടെ വേർപാടിനു ശേഷം സർവ സേവാ സംഘത്തിലും അഖിലേന്ത്യാ സർവോദയ സംഘടനയിലും അദ്ദേഹം കർമസമിതി അംഗമായി. കെ. കേളപ്പൻ അധ്യക്ഷനും ഗോപിനാഥൻ നായർ സെക്രട്ടറിയുമായാണ് ആദ്യകാല പ്രവർത്തനങ്ങൾ നടത്തിയത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP