Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ട് ഇന്നിങ്‌സിലും സെഞ്ചുറിയുമായി ബെയർസ്റ്റോ; മിന്നും സെഞ്ചുറിയ്‌ക്കൊപ്പം 269 റൺസിന്റെ കൂട്ടുകെട്ടുമായി ജോ റൂട്ടും; എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിന് അവിസ്മരണീയ ജയം ഒരുക്കി ജോ ജോ സഖ്യം; അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് തോൽവി; പരമ്പര സമനിലയിൽ

രണ്ട് ഇന്നിങ്‌സിലും സെഞ്ചുറിയുമായി ബെയർസ്റ്റോ; മിന്നും സെഞ്ചുറിയ്‌ക്കൊപ്പം 269 റൺസിന്റെ കൂട്ടുകെട്ടുമായി ജോ റൂട്ടും; എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിന് അവിസ്മരണീയ ജയം ഒരുക്കി ജോ ജോ സഖ്യം; അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് തോൽവി; പരമ്പര സമനിലയിൽ

സ്പോർട്സ് ഡെസ്ക്

എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ തോൽവി. ഇതോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പര സമനിലയിൽ കലാശിച്ചു. ഇന്ത്യ ഉയർത്തിയ 378 റൺസ് വിജയലക്ഷ്യം സെഞ്ചുറി നേടി അപരാജിതരായി നിന്ന ജോ റൂട്ടിന്റെയും ജോണി ബെയർസ്റ്റോയുടേയും പോരാട്ട മികവിൽ ഇംഗ്ലണ്ട് വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

റൂട്ട് 173 പന്തുകളിൽ നിന്ന് 19 ബൗണ്ടറിയുടെയും ഒരു സിക്സിന്റെയും സഹായത്തോടെ 142 റൺസെടുത്തും ബെയർസ്റ്റോ 145 പന്തുകളിൽ നിന്ന് 15 ബൗണ്ടറിയുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 114 റൺസെടുത്തും പുറത്താവാതെ നിന്നു.

ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലായി. ഇരുടീമുകളും രണ്ട് മത്സരങ്ങൾ വീതം വിജയിച്ചു. 2007-ന് ശേഷം ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര നേടാനുള്ള സുവർണാവസരം ഇന്ത്യയ്ക്ക് നഷ്ടമായി. അഞ്ചാം ടെസ്റ്റിൽ സമനില നേടിയാൽപ്പോലും ഇന്ത്യയ്ക്ക് പരമ്പര നേടാമായിരുന്നു. എന്നാൽ അവസരത്തിനൊത്തുയർന്ന ഇംഗ്ലീഷ് ബാറ്റർമാർ ഇന്ത്യയിൽ നിന്ന് വിജയം തട്ടിയെടുത്തു. സ്‌കോർ: ഇന്ത്യ 416, 245. ഇംഗ്ലണ്ട്: 284, മൂന്ന് വിക്കറ്റിന് 378.

378 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ആതിഥേയർ ആദ്യ സെഷനിൽ വിജയം കണ്ടെത്തി. നാലാംദിനം സ്റ്റംപെടുക്കുമ്പോൾ മൂന്നിന് 259 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. അറ്റാക്കിങ് ക്രിക്കറ്റ് തുടർന്ന ബെൻ സ്റ്റോക്സും സംഘവും അനായാസം വിജയം കണ്ടെത്തി. 269 റൺസാണ് ഇരുവരും കൂട്ടിചേർത്തത്. വിജയത്തിൽ നിർണായകമായതും ഈ കൂട്ടുകെട്ട് തന്നെയായിരുന്നു.

എഡ്ജ്ബാസ്റ്റണിൽ ചേസ് ചെയ്യുന്ന ഒരു ടീമിന്റെ ഏറ്റവും വലിയ വിജയമാണിത്. 281 റൺസ് പിന്തുടർന്ന് ജയിച്ച ദക്ഷിണാഫ്രിക്കയുടെ റെക്കോഡ് ഇതോടെ പഴങ്കഥയായി. രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ ജോണി ബെയർസ്റ്റോയാണ് ഇംഗ്ലണ്ടിന്റെ ഹീറോ.

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 259 റൺസ് എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ടും ജോണി ബെയർസ്റ്റോയും അനായാസം ബാറ്റുവീശി. ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും ഈ കൂട്ടുകെട്ട് പൊളിക്കാൻ ഇന്ത്യൻ നായകൻ ജസ്പ്രീത് ബുംറയ്ക്ക് സാധിച്ചില്ല. 65-ാം ഓവറിലെ മൂന്നാം പന്തിൽ ബൗണ്ടറി നേടിക്കൊണ്ട് റൂട്ട് ബെയർസ്റ്റോയ്ക്കൊപ്പം 200 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.

പിന്നാലെ റൂട്ട് സെഞ്ചുറിയും നേടി. മുഹമ്മദ് സിറാജിന്റെ പന്തിൽ ബൗണ്ടറി നേടിക്കൊണ്ട് റൂട്ട് കരിയറിലെ 28-ാം സെഞ്ചുറി കുറിച്ചു. 136 പന്തുകളിൽ നിന്നാണ് താരം ശതകത്തിലെത്തിയത്. ബെയർസ്റ്റോയും റൂട്ടും ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. പിന്നാലെ ബെയർസ്റ്റോയും സെഞ്ചുറി നേടി. 138 പന്തുകളിൽ നിന്നാണ് ബെയർസ്റ്റോ സെഞ്ചുറി നേടിയത്. ആദ്യ ഇന്നിങ്സിൽ താരം 106 റൺസെടുത്തിരുന്നു. സെഞ്ചുറി നേടിയ ശേഷം റൂട്ടും ബെയർസ്റ്റോയും ട്വന്റി 20 ശൈലിയിൽ ബാറ്റ് വീശി. ഇതോടെ ഇംഗ്ലണ്ട് 76.4 ഓവറിൽ വിജയത്തിലെത്തി.

ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് തുടങ്ങുമ്പോഴേ ഇന്ത്യ ബാക്ക്ഫൂട്ടിലായി. ഇംഗ്ലണ്ടിനെ തളക്കാമെന്ന ഇന്ത്യൻ മോഹങ്ങൾ അലക്സ് ലീസും (56) സാക് ക്രോളിയും (46) ചേർന്ന് അടിച്ചുപറത്തി. തകർത്തടിച്ച ലീസാണ് കൂടുതൽ ആക്രമിച്ചു കളിച്ചത്. 44 പന്തിൽ അർധസെഞ്ചുറി തികച്ച ലീസിന് ക്രോളി മികച്ച പിന്തുണ നൽകി.

ഏകദിന ശൈലിയിൽ ബാറ്റുവീശിയ ഇംഗ്ലീഷ് ഓപ്പണർമാരെ മെരുക്കാൻ പിച്ചിൽ നിന്ന് യായൊരു സഹായവും ലഭിക്കാഞ്ഞതോടെ ഒമ്പതാം ഓവറിൽ തന്നെ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര രവീന്ദ്ര ജഡേജയെ പന്തേൽപ്പിച്ചു. എന്നാൽ ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഇംഗ്ലീഷ് ഓപ്പണർമാരെ വീഴ്‌ത്താൻ ജഡേജക്കുമായില്ല. 23 ഓവറിലാണ് 4.65 ശരാശരിയിൽ ഇംഗ്ലണ്ട് 107 റൺസടിച്ചത്.

ചായക്ക് തൊട്ടു മുമ്പ് ക്രോളിയെ(46) മടക്കി ജസ്പ്രീത് ബുമ്ര ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. ചായക്കുശേഷമുള്ള ആദ്യ പന്തിൽ ഒലി പോപ്പിനെ പൂജ്യനായി മടക്കിയ ബുമ്ര ഇംഗ്ലണ്ടിന് ഇരട്ടപ്രഹരമേൽപ്പിച്ചു. തൊട്ടുപിന്നാലെ മികച്ച രീതിയിൽ ബാറ്റു ചെയ്യുകയായിരുന്ന അലക്സ് ലീസ്(56) റണ്ണൗട്ടായി. രണ്ട് റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടടമായതോടെ ഇംഗ്ലണ്ട് ഒന്നുലഞ്ഞു. എന്നാൽ ജോ റൂട്ടും കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ള ജോണി ബെയർസ്റ്റോയും ചേർന്ന് തിരിച്ചടിച്ചതോടെ ഇംഗ്ലണ്ട് അനായാസം വിജയതീരമണഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP